രണ്ട്:
കൊല്ലത്തിന്റെ സാംസ്‌കാരികവളര്‍ച്ചയെ ത്വരിതപ്പെടുത്തിയ ചരിത്രപരമായ നിരവധി ഘടകങ്ങളുണ്ട്. വിവിധ വിദേശരാജ്യങ്ങളുമായി നൂറ്റാണ്ടുകളിലൂടെ നിലനിര്‍ത്തിപ്പോന്ന വാണിജ്യസമ്പര്‍ക്കങ്ങള്‍. പ്രചാരം തേടിയ മതങ്ങള്‍ക്കെല്ലാം അനുയോജ്യവും ക്ഷമാപൂര്‍ണവുമായ പരിസരമൊരുക്കി പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ സദാ സന്നദ്ധമായിരുന്ന ജനസമൂഹം. നിരവധി യുദ്ധങ്ങളുടെ അരങ്ങായി മാറിയ കാരണത്താല്‍ സാമൂഹികാവസ്ഥയിലുണ്ടായ ഇളകിമറിയലുകള്‍. വിദേശശക്തികളുമായി നിലനിര്‍ത്തിയിരുന്ന തുടര്‍ബന്ധങ്ങള്‍. ദേശസ്‌നേഹത്താല്‍ പ്രചോദിതമായ കലാപങ്ങളുടെ കെട്ടടങ്ങാത്ത മുഴക്കങ്ങള്‍. രാഷ്ട്രീയ-സാമൂഹികമേഖലകളില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍. മത-സാമുദായികരംഗങ്ങളില്‍ അനാചാരങ്ങള്‍ക്കെതിരായ നവീകരണം ലക്ഷ്യംവെച്ചുകൊണ്ട് ഉല്‍പ്പതിഷ്‌ണുക്കള്‍ നടത്തിയ പോരാട്ടങ്ങള്‍. ഇങ്ങനെ നിരവധി കളങ്ങളിലായി ചിതറിക്കിടക്കുന്ന ഒട്ടനവധി ഉതിര്‍മണികളുടെ ഒരു കറ്റക്കതിരായി വേണം കൊല്ലത്തിന്റെ സാംസ്‌കാരികപാരമ്പര്യത്തെ വിലയിരുത്താന്‍.
കൊല്ലം എക്കാലത്തും മനോഹരമായ നഗരമായി വാഴ്‌ത്തപ്പെട്ടിട്ടുണ്ട്. കേന്ദ്രീകൃതമായ ഒരു ഭരണസമ്പ്രദായവും അത് നടപ്പിലാക്കാനുള്ള സംവിധാനങ്ങളും തികഞ്ഞ കൊല്ലം നഗരം ശുചിത്വത്തിനും സത്യസന്ധതയ്ക്കും പേരുകേട്ടിരുന്നതായി വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുരാതന സന്ദേശകാവ്യമായ 'ഉണ്ണൂനീലിസന്ദേശ'ത്തിലും, കേരളവര്‍മ്മ വലിയകൊയിത്തമ്പുരാന്റെ 'മയൂരസന്ദേശ'ത്തിലും കൊല്ലം നഗരത്തിന്റെയും ഭൂപ്രദേശങ്ങളുടെയും അത്യാകര്‍ഷകമായ വര്‍ണ്ണനകള്‍ ധാരാളമുണ്ട്. കൂടാതെ മാതൃകാവൈദ്യന്മാരും ജ്യോല്‍സ്യന്മാരും തച്ചുശാസ്ത്രവിദഗ്‌ദ്ധരും, തുറകളെയും കൂട്ടങ്ങളെയും അവരുടെ സാമര്‍ഥ്യത്താല്‍ നിയന്ത്രിച്ചിരുന്നതായും സഞ്ചാരികളുടെ വിവരണങ്ങളില്‍നിന്ന് മനസ്സിലാക്കാം.
അഞ്ചാംനൂറ്റാണ്ടില്‍ കൊല്ലം ഭരിച്ചിരുന്ന സംഗ്രാമധീരരവിവര്‍മ്മയുടെ ശ്രമഫലമായി സംസ്‌കൃതസാഹിത്യത്തിന് വളരെയേറെ നേട്ടങ്ങളുണ്ടായിട്ടുള്ളതായി 'ഉണ്ണൂനീലിസന്ദേശം' ചൂണ്ടിക്കാട്ടി ചരിത്രകാരന്മാര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. ആട്ടക്കഥാസാഹിത്യത്തിന് നാന്ദികുറിക്കുവാന്‍ കാരണമായ, കഥകളിയുടെ ഉപജ്ഞാതാവും ഒരു കൊല്ലത്തുകാരന്‍ തന്നെ. വേണാട്ടുവംശമഹിമയുടെ ഒരു ശാഖായായ ഇളയിടത്തു സ്വരൂപത്തിലെ അംഗമായിരുന്ന സാക്ഷാല്‍ കൊട്ടാരക്കരത്തമ്പുരാനാണ് ആ പ്രതിഭാധനന്‍. ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ജീവിച്ചിരുന്ന തമ്പുരാന്‍ അറിഞ്ഞോ അറിയാതെയോ കേരളത്തിന്റെ സ്വന്തമായ ഒരു കലാപദ്ധതിക്ക് വിളക്ക് തെളിക്കുകയായിരുന്നു, കൃഷ്‌ണനാട്ടത്തെ അസ്ഥിവാരമായി സ്വീകരിച്ച് കളിവിളക്കൊളിയില്‍ കച്ചമണികിലുക്കി ആരംഭിച്ച ആ കലാസമ്പ്രദായം നാട്യവിദ്യയുടെ കിരീടമായി മാറിയത് കലാത്മകമായ മറ്റൊരു വിസ്‌ഫോടനമായിത്തീര്‍ന്നു. ഇന്നും ലോകസാംസ്കാരികവേദികളില്‍ കേരളപ്പഴമയെ ഓര്‍മ്മിപ്പിക്കുന്നത് കഥകളിയും (മറ്റുചില ക്ഷേത്രകലാരൂപങ്ങളും) തെരഞ്ഞെടുക്കപ്പെട്ട ഒരു ചുവപ്പന്‍ സര്‍ക്കാരിന്റെ പഴങ്കഥയുമാണെന്നത് വാസ്തവം.
വിദ്യാഭ്യാസരംഗത്ത് അന്നും കൊല്ലത്തിന് തനതായ മാതൃകകള്‍ ഉണ്ടായിരുന്നു. നിലത്തെഴുത്ത് ആശാന്മാരുടെ കളരികള്‍ മുതല്‍, എഴുത്തോലകളില്‍ പകര്‍ത്തിയ പേരുകേട്ട കൃതികള്‍ കുട്ടികളെക്കൊണ്ട് ചൊല്ലിച്ചും മണലിലും പിന്നെ ഓലയിലും എഴുതിച്ചും ശീലിപ്പിക്കുന്ന വിദ്യാലയങ്ങള്‍ വരെ ധാരാളമുണ്ടായിരുന്നു. അക്ഷരവിദ്യയോടൊപ്പം ഗണിതവിദ്യയും പരിശീലിപ്പിച്ചിരുന്നു. സാധാരണക്കാരായ കുട്ടികള്‍ ഇത്രയുമായാല്‍ ജീവിതത്തിന്റെ പോര്‍ക്കളത്തിലിറങ്ങുകയാവും പതിവ്. ഉന്നതവിദ്യാഭ്യാസമെന്നാല്‍ 'സിദ്ധരൂപം' 'അമരകോശം' ചില ലഘുകാവ്യങ്ങള്‍ എന്നിവകൂടി സ്വായത്തമാക്കുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്. കുറെപ്പേര്‍ ആയുധപരിശീലനവും കളരിവഴക്കങ്ങളും പരിശീലിച്ചിരുന്നു. സ്വന്തംവീട്ടില്‍ ഗുരുക്കന്മാരെവെച്ച് സംസ്‌കൃതവും സാഹിത്യവും സ്വായത്തമാക്കുന്ന സമ്പന്നരും അന്നുണ്ടായിരുന്നു. കാവ്യം. അലങ്കാരം, തര്‍ക്കം, നാടകം, വ്യാകരണം തുടങ്ങിയ മേഖലകളില്‍ സംകൃതവിദ്യാഭ്യാസം വഴിതെളിച്ചിരുന്നു. ചികില്‍സ, ജ്യോതിഷം, ഗൃഹനിര്‍മ്മാണവിദ്യ എന്നിവയില്‍ സംസ്‌കൃതവിദ്യാഭ്യാസം കേന്ദ്രീകരിച്ചിരുന്നെങ്കിലും സാധാരണക്കാരായ പൌരന്മാര്‍ അറിവിന്റെ ലഭ്യതയില്‍നിന്നും അവകാശങ്ങളില്‍നിന്നും പുറത്താക്കപ്പെടുകയോ സ്വമേധയാ ഒഴിഞ്ഞുപോവുകയോ ചെയ്തിരുന്നു.
ജസ്യൂട്ട് പാതിരിമാരായിരുന്നു കൊല്ലത്ത് ആധുനിക വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിച്ചതെന്ന് പറയാം. ക്രിസ്തീയത പ്രചരിപ്പിക്കുവാനും, ആ തത്വശാസ്ത്രം അഭ്യസിപ്പിക്കുവാനുമായി അവര്‍ പതിനാറാം നൂറ്റാണ്ടില്‍ത്തന്നെ കൊല്ലത്ത് ഒരു കോളേജ് സ്ഥാപിച്ചിരുന്നതായി ചില രേഖകളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും. പോര്‍ച്ചുഗീസ് വിദ്യാര്‍ത്ഥികളും അവരോട് സഹകരിച്ച ഇന്നാട്ടുകാരായ കത്തോലിക്ക കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളും അവിടെ ചേര്‍ന്നിരുന്നു. പിന്നീട്, കൊല്ലം ബിഷപ്പിന്റെ ചുമതലയിലുള്ള സെയ്ന്റ് ജോസഫ് കോണ്‍വെന്റ് 1875-ലും ലേഡി ഓഫ് മൌണ്ട് കാര്‍മെല്‍ കോണ്‍വെന്റ് (തങ്കശ്‌ശേരി) 1885-ലും ആരംഭിച്ചത് വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്‌പായി.
കൊല്ലത്തെ ആദ്യ ഇംഗ്ലീഷ് സ്‌കൂള്‍ തുടങ്ങിയത് 1893 കാലത്തായിരുന്നു. ഈ സ്കൂള്‍ സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ഇപ്പോഴത്തെ ഗവണ്‍മന്റ് ബോയ്‌സ് മോഡല്‍ ഹൈസ്കൂളായി. ഐറിഷ് ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് 1900-ത്തില്‍ കൊല്ലത്ത് ആരംഭിച്ച സെയ്ന്റ് അലോഷ്യസ് സ്കൂള്‍ ഏറെ പ്രശസ്തമാണ്.
കൊല്ലത്ത് ആദ്യത്തെ കലാശാല രൂപംകൊള്ളുന്നതിന് സ്വാതന്ത്ര്യം കിട്ടുംവരെ കാത്തിരിക്കേണ്ടിവന്നു. 1948 ജൂണ്‍ 15-ന് പ്രവര്‍ത്തനം ആരംഭിച്ച എസ്. എന്‍. കോളേജാണ് ആ പദവി നേടിയത്. 1951-ല്‍ എസ്. എന്‍. വനിതാ കോളേജും ഒപ്പംതന്നെ (അതേ വര്‍ഷത്തില്‍) പ്രശസ്തമായ ഫത്തിമാ മാതാ നാഷണല്‍ കോളേജും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. 1958-ല്‍ റ്റി. കെ. എം. എഞ്ചിനീയറിംഗ് കോളേജും 1965-ല്‍ റ്റി. കെ. എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും സ്ഥാപിക്കപ്പെട്ടു. 1960-ല്‍ കര്‍മ്മലറാണി ട്രെയിനിംഗ് കോളേജും നഗരത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലെ നാഴിക്കല്ലായി. നഗരത്തിനു പുറത്ത് ജില്ലയുടെ വിവിധഭാഗങ്ങളിലായി ഇതേ കാലയളവിലും തുടര്‍ന്നും നിരവധി വിദ്യാലയങ്ങളും കലാലയങ്ങളും നിലവില്‍ വരുകയുണ്ടായി. കൂടാതെ സര്‍ക്കാര്‍-സ്വകാര്യമേഖലകളിലായി നിരവധി പോളിടെക്‌നിക്കുകള്‍, ഐ. റ്റി. ഐ.-കള്‍ എന്നിവയും അറിവുകളുടെ കവാടം തുറന്നിട്ടു.
ഇതിനോടൊപ്പം, അച്ചടിയുടെ പ്രചാരം, വായനശാലകള്‍/ഗ്രന്ഥശാലകള്‍, പത്രമാധ്യമങ്ങളുടെ വളര്‍ച്ച, രാഷ്ട്രീയ-സാംസ്കാരിക വ്യക്തിത്വങ്ങളുടെ സ്വാധീനം തുടങ്ങിയ പലതും ചേര്‍ത്തുവെയ്ക്കുമ്പോള്‍ മാത്രമേ കൊല്ലത്തിന്റെ സാംസ്കാരിക നാള്‍വഴികളുടെ ഒരു പുറംകാഴ്ചയെങ്കിലും ബോധ്യപ്പെടുകയുള്ളു.
(തുടരും)
Subscribe to:
Post Comments (Atom)
4 comments:
വിദ്യാഭ്യാസരംഗത്ത് അന്നും കൊല്ലത്തിന് തനതായ മാതൃകകള്‍ ഉണ്ടായിരുന്നു. നിലത്തെഴുത്ത് ആശാന്മാരുടെ കളരികള്‍ മുതല്‍, എഴുത്തോലകളില്‍ പകര്‍ത്തിയ പേരുകേട്ട കൃതികള്‍ കുട്ടികളെക്കൊണ്ട് ചൊല്ലിച്ചും മണലിലും പിന്നെ ഓലയിലും എഴുതിച്ചും ശീലിപ്പിക്കുന്ന വിദ്യാലയങ്ങള്‍ വരെ ധാരാളമുണ്ടായിരുന്നു. അക്ഷരവിദ്യയോടൊപ്പം ഗണിതവിദ്യയും പരിശീലിപ്പിച്ചിരുന്നു. സാധാരണക്കാരായ കുട്ടികള്‍ ഇത്രയുമായാല്‍ ജീവിതത്തിന്റെ പോര്‍ക്കളത്തിലിറങ്ങുകയാവും പതിവ്. ഉന്നതവിദ്യാഭ്യാസമെന്നാല്‍ 'സിദ്ധരൂപം' 'അമരകോശം' ചില ലഘുകാവ്യങ്ങള്‍ എന്നിവകൂടി സ്വായത്തമാക്കുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്. കുറെപ്പേര്‍ ആയുധപരിശീലനവും കളരിവഴക്കങ്ങളും പരിശീലിച്ചിരുന്നു.
"കൊല്ലം നഗരം ശുചിത്വത്തിനും സത്യസന്ധതയ്ക്കും പേരുകേട്ടിരുന്നതായി ......" ഇത് എവിടെയാണ് വായിച്ചതെന്ന് ഒന്നു പറഞ്ഞു തരുമോ.
കൊല്ലം പബ്ലിക് ലൈബ്രറിയുടെ ശ്രമഫലമായി നഗരത്തിന്റെ ചരിത്രം സംബന്ധിച്ച് ഒരു പുസ്തകം തയ്യാറാക്കാന്‍ അന്തരിച്ച ചരിത്രപണ്ഡിതന്‍ ശ്രീ. പി. ഭാസ്കരനുണ്ണിയെ ചുമതലപ്പെടുത്തുകയുണ്ടായി.1990 കാലത്തെ കഥയാണ്. അന്ന് ചേര്‍ന്ന ഒരു ചര്‍ച്ചായോഗത്തില്‍ സാര്‍ തന്നെയാണ് കൊല്ലം നഗരവാസികളുടെ ശുചിത്വം, സത്യസന്ധത എന്നിവയെ പുകഴ്‌ത്തുന്ന തെളിവുകളായി ചില വിദേശസഞ്ചാരികളുടെ കത്തുകള്‍ ഉദ്ധരിച്ച് സമര്‍ത്ഥിച്ചത്. കൊല്ലം പബ്ലിക് ലൈബ്രറിയിലോ, കാര്യവട്ടം കാമ്പസ്സിനോടനുബന്ധിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ സെന്ററിലൊ വിശദാംശങ്ങള്‍ കണ്ടേക്കാം. (ക്ഷമിക്കണം... ഈയുള്ളവന്‍ ഒരു ചരിത്ര ഗവേഷകനല്ല. അറിയാവുന്നത് പറയുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.)
തനിമ,
അറബ് സഞ്ചാരിയായ സുലൈമാന്‍ ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫ് എന്നിവര്‍ പരാമര്‍ശിച്ച കാര്യമാണ് കൊല്ലം പട്ടണത്തിന്റെ ശുചിത്വവും ആധുനികതയും. പുസ്തകങ്ങള്‍ കയ്യിലില്ലാത്തതുകൊണ്ട് ക്വോട്ടാന്‍ പറ്റുന്നില്ല.
ഉണ്ണുനീലി സന്ദേശത്തില്‍ ഈ കണ്ട നിര്‍മ്മലതയും പരിഷ്കാരവുമെല്ലാം രവിവര്‍മ്മ കുലശേഖരന്റെ ശ്രമഫലമാണെന്ന് പറയുന്നു (പൂര്‍വശ്ലോകം 69 RW 75-79) . അതിനാല്‍ അദ്ദേഹത്തിനു "കോലംബരപുര പരിഷ്കാരന്‍" [കൊല്ലത്തെ പരിഷ്കരിച്ചവന്‍] എന്ന് ബിരുദം കിട്ടിയത്രേ. സംഘകാല വീരഗാഥയായ പതിറ്റുപ്പത്തിലും സുന്ദരവും നിര്‍മ്മലവുമായൊരു കൊല്ലത്തെപ്പറ്റി സൂചനയുണ്ട് (അതിന്റെ ഒരു പകര്‍പ്പ് 2007 ഫെബ്രുവരി ആദ്യം ഈ ബ്ലോഗില്‍ റിലീസ് ഉണ്ടാകുമെന്ന് ആശിക്കുന്നു!)
Post a Comment