Wednesday, August 22, 2007

മാര്‍ക്കോ പോളോ കണ്ട കൊല്ലം

മാബാര്‍ രാജ്യത്തു നിന്നും അഞ്ഞൂറു മൈല്‍ തെക്കു പടിഞ്ഞാറേക്ക് സഞ്ചരിച്ചാല്‍ കോയിലം രാജ്യത്തെത്താം.

ഇവിടത്തെ ജനങ്ങള്‍ ഇന്ത്യാമതക്കാരാണ്‌, ചില ക്രിസ്ത്യാനികളും ജൂതന്മാരും കൂടി ഇവിടെ വസിക്കുന്നുണ്ട്. സ്വന്തമായൊരു ഭാഷയും രാജാവുമുള്ള ഈ രാജ്യക്കാര്‍ ആരുടെയും സാമന്തരല്ലാത്ത സ്വതന്ത്രജനതയാണ്‌.


കരിന്തകരമരങ്ങള്‍ സമൃദ്ധമായി ഇവിടെ വളരുന്നു. "ബ്രസീല്‍(വുഡ്)കോയിലം" എന്നു വിളിക്കപ്പെടുന്ന ഇവ ഒന്നാന്തരം നിലവാരമുള്ള തടിയാണ്‌. ഇഞ്ചിയും ധാരാളമായി വളരുന്നുണ്ട്, അവയും കരിന്തകരപോലെ കോയിലം രാജ്യത്തിന്റെ പേര്‍ ചേര്‍ത്താണ്‌ അറിയപ്പെടുന്നത്. കുരുമുളക് വളരെയധികമുണ്ട്, എങ്ങനെയെന്നറിയുമോ? മലഞ്ചരക്കായല്ല, ഇവിടെ കുരുമുളകു ചെടി കൃഷിയുണ്ട്, കൊടി നട്ട് വെള്ളമൊഴിച്ച് വളര്‍ത്തുന്ന കുരുമുളക് മേയ് ജൂണ്‍ ജൂലായ് മാസങ്ങളില്‍ വിളവെടുക്കുന്നു. വളരെ നല്ല ഗുണനിലവാരമുള്ള നീലവും ഇവിടെ കിട്ടും. ഒരു ചെടിയില്‍ നിന്നാണ്‌ നീലം എടുക്കുന്നത്. ചെടി ശേഖരിച്ച്, വേരു കളഞ്ഞ്, കൂറ്റന്‍ പാത്രങ്ങളില്‍ ഇട്ട് വെള്ളമൊഴിച്ചു വയ്ക്കും. ചെടി വെള്ളത്തില്‍ ലയിച്ചു ചേരും വരെ കാത്തശേഷം ആ വെള്ളം വെയിലത്തു വച്ച് വറ്റിച്ചെടുക്കുമ്പോള്‍ നമ്മള്‍ കാണുന്ന രീതിയിലുള്ള നീലം കിട്ടും. വെയിലിനു വലിയ ചൂടാണ്‌ ഈ രാജ്യത്ത്. ഇങ്ങനെ കിട്ടുന്ന നീലം നാല്‌ ഔണ്‍സ് വീതമുള്ള കട്ടകള്‍ ആക്കിയെടുത്ത് നമ്മുടെ ദേശങ്ങളിലേക്ക് ഇവര്‍ കയറ്റുമതി ചെയ്യുന്നു.

ഇവിടത്തെ ചൂട് താങ്ങാവുന്നതിലുമപ്പുറമാണെന്ന് ഞാന്‍ ഊന്നിപ്പറയട്ടെ. ഇവിടത്തെ പുഴകളില്‍ ഒരു മുട്ടയെടുത്തിട്ടാല്‍ അത് സൂര്യതാപമേറ്റ് പുഴുങ്ങിക്കിട്ടും!

മാന്‍സിയില്‍ നിന്നും അറേബ്യയില്‍ നിന്നും ലെവന്തില്‍ നിന്നും കച്ചവടക്കാര്‍ ഇവിടേക്ക് കപ്പലില്‍ വരുന്നു. അവര്‍ ഇവിടേക്കുള്ള ഇറക്കുമതിയിലും ഇവിടെ നിന്നുള്ള കയറ്റുമതിയിലും വന്‍ ലാഭം കൊയ്യുകയാണ്‌.

പലതരം വന്യമൃഗങ്ങള്‍ ഈ രാജ്യത്തുണ്ട്. ഇവിടെ കാണുന്ന സിംഹങ്ങള്‍ മറ്റുരാജ്യത്തെപ്പോലെയല്ല കറുത്ത നിറം ആണ്‌ മേലാസകലം. പലതരം തത്തകളുമുണ്ട്- ചിലവ ദേഹം മുഴുവന്‍ തൂവെള്ളയും ചുണ്ടും കാലും ചുവന്നിട്ടും, ചിലത് ചുവപ്പ്, ചിലതു നീല, പച്ചത്തത്തകളുമുണ്ട്- എന്തൊരു സുന്ദരമായ കാഴ്ച്ചയാണെന്നോ. ചില തത്തകള്‍ സാധാരണയിലും വലിപ്പമുള്ളവയാണ്‌. ഭംഗിയും നമ്മുടേതിനെക്കാള്‍ വലിപ്പവുമുള്ള മയിലുമുണ്ട്. ഈ നാട്ടിലെ കോഴികളും നമ്മുടേതില്‍ നിന്നും വ്യത്യാസമുള്ളവയാണ്‌. അവര്‍ക്കുള്ളതെല്ലാം നമ്മളില്‍ നിന്നും വ്യത്യസ്ഥവും കൂടുതല്‍ സുന്ദരവും, കൂടുതല്‍ നല്ലതുമാണെന്നല്ലാതെ ഞാന്‍ എന്തു പറയേണ്ടൂ. അവരുടെ പഴങ്ങളും മൃഗങ്ങളും പക്ഷികളുമൊന്നും നമ്മുടേതുപോലെ അല്ല, ചൂടു കാലാവസ്ഥമൂലം ആണത്.


അരിയാണ്‌ ഇവിടെയുള്ളത്, ചോളം തീരെയില്ല, അതുകൊണ്ട് അവര്‍ പനഞ്ചക്കര കൊണ്ടാണ്‌ മുഖ്യമായും വീഞ്ഞുണ്ടാക്കുന്നത്. കുടിച്ചാല്‍ ക്ഷണം ഇത് മത്തുപിടിപ്പിക്കും. മറ്റു അവശ്യസാധനങ്ങളും അവര്‍ക്ക് ധാരാളമായുണ്ട്, വിലയും തീരെ കുറവ്.

ഇന്നാട്ടുകാര്‍ ഒന്നാന്തരം ജ്യോത്സ്യന്മാരും വൈദ്യന്മാരുമാണ്‌. കറുത്തനിറക്കാരായ ഇവര്‍, ആണും പെണ്ണും, അരയില്‍ ചുറ്റിയ ഒരു തുണിയൊഴിച്ചാല്‍ നഗ്നരായി നടക്കുന്നു. ലൈംഗികമായ പാപം എന്ന സങ്കല്പ്പം തന്നെ ഇല്ലാത്ത ഇവര്‍ മുറച്ചെറുക്കന്മാരെയും മുറപ്പെണ്ണുങ്ങളെയും ഇണയാക്കുന്നു. അതുപോലെ തന്നെ സഹോദരന്റെ വിധവയെ വിവാഹം കഴിക്കുകയും ചെയ്യുന്നു- ഇന്ത്യയൊട്ടാകെ ഈ വിവാഹമുറകള്‍ നടപ്പിലുണ്ട്.

ഇവിടത്തെപറ്റി കൂടുതലൊന്നും പറയാനില്ല, ഇനി നമുക്ക് കൊമരി എന്ന രാജ്യത്തേക്കു കടക്കാം.

(മാര്‍ക്കോ പോളോയുടെ യാത്രകള്‍- സമ്പൂര്‍ണ്ണ ഗ്രന്ഥം യൂള്‍ കോര്‍ഡിയര്‍ എഡിഷന്‍, രണ്ടാം വാല്യം അദ്ധ്യായം ഇരുപത്തിരണ്ട്. ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ഞാന്‍ ചെയ്തത്)

വിശദീകരണക്കുറിപ്പ്:
മാര്‍ക്കോ പോളോ ല്‍ ചൈനീസ് ചക്രവര്‍ത്തി കുബ്ലേ ഖാന്റെ ഔദ്യോഗിക യാത്രികനായി ഇന്ത്യയില്‍ സഞ്ചരിച്ചു വരവേ ക്രി വ. 1275ല്‍ കൊല്ലം സന്ദര്‍ശിച്ചു. അദ്ദേഹം മബാര്‍ (മലബാര്‍) രാജ്യത്തു നിന്നും കൊമരി (കന്യാകുമാരി) രാജ്യത്തേക്ക് പോകവേ ആണ്‌ കൊല്ലത്തെത്തിയത്. അദ്ദേഹം ഉണ്ടെന്ന് പറയുന്ന കറുത്ത സിംഹം കരിമ്പുലി ആയിരിക്കാനാണു സാദ്ധ്യത. അതുപോലെ തന്നെ നീലത്തത്തകള്‍ ഒരുപക്ഷേ നീല്‍ഗിരി ഫ്ലൈ ക്യാച്ചറോ ബ്ലൂ വിങ്ഡ് പാരകീറ്റോ ആയിരിക്കണം. അദ്ദേഹം പറയുന്ന ലെവന്ത് മെസപ്പട്ടേമിയയ്ക്കടുത്തുള്ള ഒരു നാടായിരുന്നു, മാന്‍സി എവിടെയെന്ന് മനസ്സിലായില്ല, സൈബീരിയന്‍ മാന്‍സി ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം)

Friday, July 06, 2007

സ്മരണാഞ്ജലി

ജൂലൈ 8 ബാഗലൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഐലന്റ്‌ എക്സ്പ്രസ് തീവണ്ടി കൊല്ലത്തിനടുത്ത പെരുമണില്‍ മറിഞ്ഞിട്ട്‌ 18 വര്‍ഷം തികയുന്നു

സ്മാരകശില
എല്ലാ ആത്മാക്കള്‍ക്കും തിത്യ ശാന്തി നേര്‍ന്നു കൊണ്ട്‌



ഇടതുവശത്തെ പാലത്തില്‍ നിന്നാണ്‌ ട്രെയിന്‍ മറിഞ്ഞത്





അന്ന് 105 ജീവനാണ്‌ പൊലിഞ്ഞത്‌, രെക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ പാരിതോഷികമായികേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക കുട്ടിസഖാക്കള്‍ വീതിച്ചെടുത്തതും ചരിത്രം.

കേരളീയര്‍ ഇന്നേവരെ കണ്ടീട്ടും കെട്ടിട്ടുംകൂടി ഇല്ലാത്ത ടൊര്‍ണാഡോ എന്ന ചുഴലി കാറ്റിനേക്കുറിച്ചു അന്നു സേഫ്റ്റി കമ്മിഷണര്‍ മനസിലാക്കിച്ചുതന്നു, തന്റെ എതിര്‍ വശതേക്കു തീവണ്ടി മറിയുന്നതിനു ദൃക്‌സാക്ഷി ആയ വ്യക്തി പോലും ഈ കാറ്റിനേക്കുറിച്ച്‌ കേള്‍ക്കുന്നത്‌ റെയില്വേ സേഫ്റ്റി കമ്മിഷണറുടെ റിപ്പൊര്‍ട്ട്‌ വന്നതിനു ശേഷവും

Wednesday, May 09, 2007

കൊല്ലം കാഴ്ച്ചകള്‍

ഒരു മീറ്റര്‍ഗേജിന്റെ മരണം



(തെന്മല 13 കണ്ണറ പാലം, 13 ആര്‍ച്ചുകളില്‍ 102 മീറ്റര്‍ നീളതില്‍ 5.18 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിചിരിക്കുന്ന ഈ പാലം സിമന്റും കംബിയും തൊടാതെ ആണ്‌ നിര്‍മ്മിചിരിക്കുന്നത്‌. തൊട്ടു താഴെക്കൂടി നാഷണല്‍ ഹൈവ്വെ 208, അതിനു താഴെ കഴുതുരുട്ടി ആറ്‌)

കൂടുതല്‍ ചിത്രങ്ങള്‍

സുഗന്ധദ്രവ്യങ്ങളുടെ കലവറയായ കൊല്ലം ദേശത്തുനിന്നുള്ള വ്യാപാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാരുടെ കാലത്ത്‌ 1873-ല്‍ ഉടലെടുത്ത ആശയമാണ്‌ കൊല്ലത്തുനിന്ന് ചെങ്കോട്ടയിലേക്കുള്ള തീവണ്ടിപ്പാത. 1888-ല്‍ ഇതിന്റെ സര്‍വ്വേ പൂര്‍ത്തിയായി. റെയില്വ്വേ ഇതിനായി 7 ലക്ഷം രൂപയും, മദ്രാസ്‌ ഗവണ്‍മന്റ്‌ 17 ലക്ഷം രൂപയും, തിരുവിതാംകൂര്‍ ദിവാന്‍ 6 ലക്ഷം രൂപയും നല്‍കി പണി ആരംഭിച്ചു. മലകളെ കീറിമുറിച്ച്‌ തുരങ്കങ്ങളും ചെറുമലകളെ ചേര്‍ത്ത്‌ ആര്‍ച്ച്‌ പാലങ്ങളും നിര്‍മ്മിക്കപ്പെട്ടു. അന്ന് 1,12,65,637/- രൂപാ ചിലവായി. 1902 മുതല്‍ കൊല്ലം മുതല്‍ പുനലൂര്‍ വരെ ചരക്ക്‌ തീവണ്ടികള്‍ ഒാടിത്തുടങ്ങി. 1904 ജൂണ്‍ മുതല്‍ കൊല്ലത്തുനിന്ന് പുനലൂര്‍ വരേയും നവംബര്‍ - 26 മുതല്‍ ചെങ്കോട്ട വരേയും പൂര്‍ണതോതില്‍ ഗതാഗതം ആരംഭിച്ചു.ഈ പാത പിന്നീട്‌ കൊല്ലം മദിരാശി പാതയായി.

ആദ്യ യാത്ര തുടങ്ങാന്‍ തീവണ്ടിയുടെ ഭാഗങ്ങള്‍ തൂത്തുക്കുടിയില്‍ നിന്നും പത്തേമാരിയില്‍ കടലിലൂടെ കൊല്ലത്ത്‌ കൊച്ചുപിലാമ്മൂട്ടില്‍ എത്തിച്ച്‌ അവിടെനിന്ന് കാളവണ്ടിയില്‍ റെയിള്‍വേസ്റ്റേഷനിലും എത്തിച്ചിട്ടാണ്‌ സര്‍വീസ്‌ തുടങ്ങിയത്‌.

ഈ പാത ഇപ്പോള്‍ വലുതാകലിന്റെ വക്കിലാണ്‌. തമിഴ്‌നാടിന്റെ റെയില്‍ വികസിക്കുന്തോറും മീറ്റര്‍ഗേജ്‌ പാത ചുരുങ്ങിച്ചുരുങ്ങി തിരുനെല്വ്വേലി വരെയായി. ഇപ്പോള്‍ അതു കേരളത്തിലേക്കും കടന്നിരിക്കുന്നു. അതിന്റെ മുന്നോടിയായി കൊല്ലം പുനലൂര്‍ സര്‍വീസ്‌ മേയ്‌ ഒന്നുമുതല്‍ നിര്‍ത്തി വച്ചിരിക്കുന്നു. ഇപ്പോള്‍ സര്‍വീസ്‌ പുനലൂര്‍ തെങ്കാശി മാത്രം.
നൂറ്റാണ്ട്‌ പഴക്കമുള്ള ഈ പാത ഹെറിറ്റേജ്‌ പാതയായി നിലനിര്‍ത്തണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ ഇതു വഴിയുള്ള മനം മയക്കുന്ന യാത്ര ഇനി ഒരു ഓര്‍മ്മ മാത്രമാകും.

Monday, May 07, 2007

കടയ്ക്കല്‍ തിരുവാതിര




കൊല്ലം ജില്ലയില്‍ നിലമേലിനും ചിതറയ്ക്കും ഇടയിലുള്ള കടയ്ക്കല്‍ എന്ന കൊച്ച് ഗ്രാമം കേരള ചരിത്രത്തില്‍ തിളങ്ങുന്നത് കടയ്ക്കല്‍ വിപ്ലവം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരത്തിന്റെ പേരിലാണ്. സര്‍ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കല്‍ വിപ്ലവം സ്വാതന്ത്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. പ്രകൃതി സുന്ദരമാ‍യ ഈ മലയോരഗ്രാമത്തിന്റെ പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയും കാലിവളര്‍ത്തലുമാണ്. കടയ്ക്കല്‍ ചന്ത മലഞ്ചരക്കു വില്‍പ്പനയ്ക്ക് പ്രസിദ്ധമാണ്. അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കല്‍ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കടയ്ക്കല്‍ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നറിയപ്പെടുന്ന ഈ ദേവിയുടെ തൃപ്പാദത്തിന്‍ കടയ്ക്കല്‍ എന്ന അര്‍ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കല്‍ എന്ന പേരു കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു. കടയ്ക്കല്‍ ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കടയ്ക്കല്‍ തിരുവാതിര.

ഐതീഹ്യം

പാണ്ടി നാട്ടില്‍ നിന്നും രണ്ട് സ്ത്രീകള്‍ അഞ്ചലില്‍ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടായാറ്റുണ്ണിത്താന്‍ കുടിയ്ക്കാന്‍ ഇളനീ‍ര്‍ നല്‍കുകയും വിശ്രമിക്കാന്‍ തണലിനായി പാലകൊമ്പ് വയല്‍ വരമ്പില്‍ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാന്‍ ഒഴിഞ്ഞ് കിടന്നൊരു വീടും ഏര്‍പ്പാ‍ടാ‍ക്കി. പിറ്റേന്ന് ഉണ്ണിത്താന്‍ വന്ന് ന്നോക്കിയപ്പോള്‍ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടന്‍ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നില്‍ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയില്‍ നിന്നും ചരക്കുമായി വന്ന ആളുടെ കൂ‍ടെ കടയ്ക്കല്‍ എത്തുകയും അവിടേ സ്വയം ഭൂവാവുകയും ചെയ്തു എന്നാണ് ഐതീഹ്യം. കടയാറ്റില്‍ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരില്‍ അറിയപ്പെട്ടു. കടയ്ക്കല്‍ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. ഇവര്‍ രണ്ടും 12 വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്ന ചടങ്ങാണ് തിരുമുടി എഴുന്നുള്ളത്ത്. സ്വയംഭൂവായ കടയ്ക്കല്‍ ദേവിയുടെ ദര്‍ശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.കടയ്ക്കല്‍ ദേവിക്ഷേത്രം, ശിവക്ഷേത്ര, തളിയില്‍ ക്ഷേത്രം എന്നിവ കടയ്ക്കല്‍ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്നു.

തിരുവാതിര

അബ്രഹ്മണരാണ് പൂജാരികള്‍ എന്നതും കടയ്ക്കല്‍ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയില്‍ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ര്‍ കുറുപ്പിന്റെ പിന്‍‌തലമുറക്കാരാണ് ശാന്തിക്കാര്‍.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലര്‍, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കള്‍. കുങ്കുമവും അറപ്പൊടിയും പ്രസാദമായി ലഭിക്കുന്നു. കുംഭമാസത്തിലെ തിരുവാതിര കടയ്ക്കല്‍ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ‍ണ്ടു നില്‍ക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സ്ത്രീക്കള്‍ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കല്‍ പീടിക ക്ഷേത്രത്തിന് മുന്നില്‍ പ്രകൃതി ദത്ത നിറങ്ങള്‍ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തില്‍ പെടുന്നു. ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകള്‍. ശില്പസുന്ദരമായ എടുപ്പു കുതിരകള്‍ക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടന്‍ കലാരൂ‍പങ്ങളും അകമ്പടി സേവിക്കുന്നു.

(എടുപ്പുകുതിരയെ അനുഗമിക്കുന്ന കോലങ്ങള്‍)

40 മുതല്‍ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റന്‍ കുതിരകളെ തോ‍ളിലേറ്റി അമ്പലം പ്രദക്ഷണവും എഴുന്നുള്ളത്തും നടത്തുന്നത് വൃതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാര്‍ തോളില്‍ ചുമന്നാണ്.

(എടുപ്പ് കുതിരയെ തോളിലേറ്റി അമ്പലത്തിലേയ്ക്ക് കൊണ്ട് പോകുന്നു)

കടയ്ക്കല്‍ ക്ഷേത്രത്തില്‍ നിന്നും എഴുന്നുള്ളത്ത് പുറപ്പെട്ട് പീ‍ടിക ദേവി ക്ഷേത്രത്തിലെത്തി , അവിടെ നിന്നും മൂന്നാമത്തെ കുതിരയെ കെട്ടുന്ന കിളിമരം കാവിലെത്തി നാളികേരമുടച്ചതിനു ശേഷമാണ് കുതിരയെടുപ്പ് ആരംഭിക്കുന്നത്.

(എടുപ്പു കുതിരകള്‍)

പല ഭാഗങ്ങളില്‍ നിന്നും വരുന്ന കെട്ടു കാഴ്ചകള്‍ രാത്രിയോടെ അമ്പല മുറ്റത്തെത്തുന്നു.


(രാത്രിയിലെ കെട്ട് കാഴ്ച)

അവസാന ദിവസം, പണ്ട് നടന്നിരുന്ന മൃഗബലിയ്ക്ക് പ്രതീകമായി കുബളങ്ങ വെട്ടി അര്‍പ്പിക്കുന്ന ഗുരുസിയോടെ ഉത്സവം സമാ‍പിക്കുന്നു.

റെഫറന്‍സ്:
കേട്ടറിവകള്‍ക്ക് അടുക്കും ചിട്ടയും ഇല്ലാതിരുന്നതിനാല്‍ റെഫറന്‍സായി ഉപയോഗിച്ചത് ഈ സൈറ്റ്

Saturday, March 24, 2007

പുനലൂര്‍ തൂക്കുപാലം



കൊല്ലം ജില്ലയുടെ മലയോര പട്ടണപ്രദേശമായ പുനലൂരിനെ പുരാവസ്തു സ്മാരകപട്ടികയില്‍ പ്രമുഖസ്ഥാനത്തു പ്രതിഷ്ടിക്കുന്നു,ജില്ലയുടെ സുപ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം. 1871 ല്‍ ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദന്‍ ആല്‍ബെര്‍ട്‌ ഹെന്‍ട്രിയുടെ മേല്‍ നോട്ടത്തില്‍ രൂപല്‍പനയും നിര്‍മ്മാണവുമാരംഭിച്ച്‌ 1877 ല്‍ പണിപൂര്‍ത്തിയാക്കി 1880 ല്‍ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്ത തൂക്കുപാലം, തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു, ഏറെ ശ്രദ്ധേയവും.
കല്ലടയാറിന്റെ ഇരുകരകളിലുമായി വളര്‍ന്ന് വന്ന പുനലൂര്‍ പട്ടണത്തിന്റെ ചരിത്രനാള്‍വഴിയില്‍ സുപ്രധാനമായ പങ്ക്‌ വഹിക്കുന്ന തൂക്കുപാലത്തിന്റെ നിര്‍മ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിലും സഹായകരമായി. പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌, ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുന്ന കല്ലട. അതുകൊണ്ട്‌ തന്നെ നിരവധി തൂണുകളിലുറപ്പിക്കുന്ന തരം സാധാരണ പാലം കുറേയധികം ശ്രമങ്ങള്‍ക്ക്‌ ശേഷവും സാധ്യമല്ലാതായ സാഹചര്യത്തിലാണ്‌ തൂക്ക്‌ പാലമെന്ന ആശയമുടലെടുത്തത്‌. ഒപ്പം , കിഴക്കന്‍ മലനിരകളില്‍ നിന്നും പട്ടണത്തിലേക്കെത്താന്‍ സാധ്യതയുള്ള വന്യമൃഗ ഭീക്ഷണിയും ഒരു കാരണമാണന്ന് പറയപ്പെടുന്നു.



കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തില്‍ ഇരുവശത്തുമായി രണ്ട്‌ കൂറ്റന്‍ ചങ്ങലകളാല്‍ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകള്‍ പൂര്‍ണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകള്‍ക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയില്‍ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ ചട്ടകൂടുകളിലുറപ്പിച്ച തേക്ക്‌ തടി പാളങ്ങള്‍ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹനഗതാഗതമുള്‍പ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.

ദൂരെ കാണുന്നത് കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ് റെയില്‍ പാതയുടെ പാലം

20 അടിയോളം വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ തമിഴ്‌നാട്ടില്‍ നിന്നുമുള്ള കച്ചവടസംഘങ്ങള്‍ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതല്‍ ബലപ്പെടുകയും ചെയ്തു.

കാളവണ്ടികള്‍ക്കും, കുതിരവണ്ടികള്‍ക്കും ശേഷം ബസ്സുകളും ലോറികളും നിരവധി കടന്നു പോയിട്ടും പാലം ഒരു വിസ്മയമായിതന്നെ നിലകൊണ്ടു. പിന്നീട്‌ വര്‍ദ്ധിച്ച്‌ വന്ന ഗതാഗത ആവശ്യങ്ങളും പുത്തന്‍ സാങ്കേതികവിദ്യയുടെ വികാസവും വഴി സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നത്‌ ഏറെ ഭാരം വലിച്ച മുത്തശ്ശി പാലത്തിനു ആശ്വാസമായെങ്കിലും വാഹനഗതാഗതം നിലച്ചതോടെ , വാട്ടര്‍ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാന്‍ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റന്‍ ജലനിര്‍ഗമനകുഴല്‍ കൂനിമേല്‍കുരുവെന്നപോലെയായി. കുഴലുകള്‍ യോജിപ്പിക്കുന്ന ഭാഗത്ത്‌ കൂടിയും അല്ലാതെയും പൊട്ടിയൊലിച്ച്‌ സൃഷ്ടിക്കപെട്ട സൗജന്യ ക്ലോറിന്‍ ജലധാര കാണാന്‍ കൗതുകമായിരുന്നെങ്കിലും, തേക്ക്‌ തടി തട്ടിനെയും , എന്തിനു വര്‍ഷങ്ങള്‍ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന കൂറ്റന്‍ ചങ്ങലെയെപ്പോലും സാവധാനം കാര്‍ന്നുതിന്നു. പാലം കുലുങ്ങിയാലും കുലുങ്ങാത്ത ജല അതോറിട്ടി കൈയ്യും കെട്ടി മാറിനിന്നു.

യാതൊരു പ്രയോജനവുമില്ല്ലാത്ത രീതിയില്‍ പുനലൂര്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക്‌ വര്‍ഷാവര്‍ഷം നവീകരണ കരാറുകള്‍ ഒപ്പിടാനുള്ള മാര്‍ഗ്ഗമായി നിരവധി വര്‍ഷങ്ങള്‍ പിന്നെയും. ഓരോതവണയും പുനരുദ്ധാരണം നടത്തി കാല്‍നടക്കാര്‍ക്കായി കൊട്ടിഘോഷിച്ച്‌ തന്നെ കാഴ്ചവെക്കുമ്പോള്‍ , പാലത്തിനുതന്നെയറിയാം ഏറിയാല്‍ ഒന്നോ രണ്ടോ മാസം, അതില്‍കൂടുതല്‍ പുതുതായി സ്ഥാപിക്കുന്ന തടി ഭാഗങ്ങള്‍ക്ക്‌ ഉയര്‍ന്ന മര്‍ദ്ദത്തിലൊഴുകുന്ന ക്ലോറിന്‍ കലര്‍ന്ന വെള്ളത്തിന്റെ ആഘാതം താങ്ങാനാവില്ലന്ന്.


സംസ്കാരികപ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകള്‍ക്കും നിരവധി നിവേദനങ്ങള്‍ക്കുമൊക്കെ ഒടുവില്‍ ആര്‍ക്കിയോളജി വകുപ്പ്‌ പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തതോടെ വാട്ടര്‍ അതോറിറ്റിക്ക്‌ തൂക്ക്‌ പാലത്തിന്റെ നടുവിലൂടെ ഇട്ടിരുന്ന കുഴല്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നു. ആര്‍ക്കിയോളജിക്കാരുടെ മേല്‍നോട്ടത്തില്‍ കുറേകൂടി മെച്ചപ്പെട്ട രീതിയില്‍ നവീകരണവും ശക്തിപെടുത്തലുമൊക്കെ നടത്തിയത്‌ കാല്‍നടക്കാര്‍ക്ക്‌ ഒരനുഗ്രഹമെന്നതിലുപരി, തൂക്ക്‌ പാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം നാട്ടുകാര്‍ക്കുമുണ്ടായി. ചങ്ങലകളില്‍ തൂക്കിയിടാറുണ്ടായിരുന്ന പരസ്യ ബാനറുകള്‍ ഇപ്പോള്‍ കാണാനില്ല, കമാന തൂണുകളിലും മറ്റും പോസ്റ്ററുകളില്ല, നിര്‍മ്മാണരഹസ്യം ഒളിച്ചുവെച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന വശങ്ങളിലെ കിണറുകളിലും പരിസരത്തും സൗകര്യപൂര്‍വ്വം നടത്തിയിരുന്ന ചവറുമാലിന്യ നിക്ഷേപം ഒരു പരിധിവരെ കുറഞ്ഞിരിക്കുന്നു.

പക്ഷേ ആര്‍ക്കിയോളജിക്കാര്‍ ഏറ്റടുത്ത പുരാവസ്തു സ്മാരകങ്ങള്‍ പലതും ആദ്യ പൊടിയടിക്കലുകള്‍ക്ക്‌ ശേഷമുള്ള അവഗണനയിലും, പരിചരണമില്ലായ്മയിലും ആയുസ്സൊടുങ്ങാറായി ചരിത്രത്തിന്റെ തിരുശേഷിപ്പുകളാകുന്ന ഗതി ഈ മുത്തശ്ശിപ്പാലത്തിനുമുണ്ടാകുമോ എന്ന സംശയത്തിനടിവരയിടുന്നു, കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോളുള്ള (2006 ഡിസംബര്‍)പാലത്തിന്റെ അവസ്ഥ.


പുനലൂര്‍ തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ചങ്ങലകള്‍ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തില്‍ വന്യമൃഗങ്ങള്‍ കയറിയാല്‍ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ) ഇപ്പോള്‍ തീരെ ഇല്ലാതായിരിക്കുന്നു, തടി തട്ടില്‍ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റന്‍ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌, പാലത്തിലൂടെ കടന്നാല്‍ സെപ്റ്റിക്ക്‌ ആവുന്ന അവസ്ഥയാക്കിയിരിക്കുന്നു. ഉറപ്പിച്ചിരുന്ന തടിതട്ടില്‍ പലതും ഇളകി പോയതിനാല്‍ സര്‍ക്കസിലെ ട്രപ്പീസ്‌ കളിക്ക്‌ തുല്യം മെയ്‌വഴക്കമില്ലാതെ പാലത്തിലൂടെ കടന്ന് പോകണമെങ്കില്‍ ഭാഗ്യം കൂടി കനിയണം. കമാന തൂണുകളിലും ചങ്ങലകളിലുമൊക്കെ അടിച്ചിരുന്ന വിവിധവര്‍ണ്ണ ചായകൂട്ടുകള്‍ രണ്ട്‌ മഴകഴിഞ്ഞപ്പോഴേക്കും കല്ലടയാറിലൂടെ താഴോട്ട്‌ ഒഴുകിപ്പോയി. ആസിഡ്‌ പോലുള്ള ശക്തിയാര്‍ന്ന ലായനികളില്‍ കരിച്ചുകളഞ്ഞുവെന്ന് എഴുതി ടെന്‍ഡര്‍ കാശുമാറിയ കരിങ്കല്‍ തൂണുകളിലെ വിടവുകളിലുള്ള ആല്‍മരകുഞ്ഞുങ്ങള്‍, പോഷകാഹാരം കഴിച്ചമാതിരി പൂര്‍വാധികം ശക്തിയോടെ വളര്‍ന്ന് പന്തലിക്കുന്നു. വശങ്ങളില്‍ പിടിപ്പിച്ച്‌ പുല്‍തകിടിയും മറ്റ്‌ ഉദ്യാന സസ്യങ്ങളും പരിചരണമില്ലാതെ കാട്‌പിടിച്ചപോലെയായി.

പഴയപ്രതാപമില്ലെങ്കിലും , ആ വലിയ ജലനിര്‍ഗമനകുഴല്‍ എടുത്ത്‌ മാറ്റിയതോടെ ഭാരം വലിച്ച്‌ നടുവൊടിഞ്ഞ മുത്തശ്ശിപാലത്തിനു ഒരു പുതുജീവന്‍ വന്നത്‌ പോലെയുണ്ട്‌ എന്ന് പറയാതിരിക്കാനാവില്ല, അതിനു പുരാവസ്തു വകുപ്പിനോട്‌ നന്ദി രേഖപ്പെടുത്താതിരിക്കുന്നതിനുമാവില്ല.

കൃത്യമായ വാര്‍ഷികപരിചരണമില്ലെങ്കില്‍ ഈ ചരിത്ര വിസ്മയം ഒരോര്‍മ്മയായിതീരുന്ന കാലം വിദൂരമാകില്ലന്ന് തന്നെ തോന്നുന്നു.



വിക്കി പീഡിയയില്‍ ഈ ലേഖനം

Sunday, February 04, 2007

ചരിത്രത്തിന്റെ നാള്‍വഴിപ്പുസ്തകത്തില്‍ നിന്ന് - 1

അറബികളുടെയും ഈഴവരുടെയും അന്താരാഷ്ട്ര വാണിജ്യത്തിന്റെ
അന്ത്യകാലവും പോര്‍ച്ചുഗീസ്‌ ആധിപത്യവും.


അള്‍മൈദ കൊല്ലത്തേക്ക്‌ നിയോഗിച്ച ഹൊമാന്‍ കപ്പിത്താന്‍ അറവി പടകുകളുടെ പായും ചുക്കാനും എല്ലാം വാങ്ങിച്ചു പാണ്ടികശാലയില്‍ വച്ച്‌ ഓടിപ്പോയ പ്രകാരം പറഞ്ഞുവല്ലൊ ആ അപമാനം മാപ്പിള്ളമാര്‍ സഹിയാഞ്ഞു അങ്ങാടിയിലും പള്ളിയിലും ജനങ്ങളെ ഇളക്കിച്ചപ്പോള്‍, രാജാവിന്റെ മന്ത്രികളെ ചെന്നു കണ്ടു "ഇതു ഞങ്ങള്‍ക്കല്ല കുറവാകുന്നതു, വേണാട്ടടികള്‍ക്കു പരദേശികളെ രക്ഷിപ്പാന്‍ മനസ്സും പ്രാപ്തിയുമില്ലാതെ വന്നുപോയതുപ്രകാരം ലോകര്‍ പറയുമല്ലൊ എന്നാല്‍ ഇനിയു ഇവിടെ കച്ചവടം ചെയ്‌വാന്‍ ആര്‍ തുനിയും" എന്നും മറ്റും മുറയിട്ടു സങ്കടം ബോധിപ്പിച്ചു. അതുകൊണ്ട്‌ ഒരു മന്ത്രി പാണ്ടികശാലയില്‍ ചെന്ന് ദസാവെ കണ്ടു "കപ്പിത്താന്‍ എടുപ്പിച്ചത്‌ ഉടനെ ഏല്‍പ്പിക്കേണം" എന്ന രാജാവിന്‍ കല്‍പ്പന അറിയിച്ചു. ദസാ മുന്‍പെ വിനയമുള്ളവന്‍ എങ്കിലും അള്‍മൈദയുടെ വരവു വിചാരിച്ചു ഞെളിഞ്ഞു വായിഷ്ഠാനം തുടങ്ങി മന്ത്രിയോടു പിണങ്ങി അടിയും കൂടിയപ്പോള്‍, ചോനകരും നായന്മാരും വാള്‍ ഊരി വെട്ടുവാന്‍ ഒരുമ്പെട്ടു; ഉടനേ ദസാ 12 പറങ്കികളോടും കൂടെ ആയുധങ്ങളെ എടുത്തു ഭഗവതിക്ഷേത്രത്തിലേക്ക്‌ മണ്ടിക്കയറി കുറെ നേരം തടുത്തു നിന്നശേഷം കൊല്ലക്കാര്‍ വിറകു ചുറ്റും കുന്നിച്ചു തീ കൊളുത്തുകയാല്‍ 13 പോര്‍ത്തുഗീസുകാരും ദഹിച്ചു മരിക്കുകയും ചെയ്തു.

അന്ന് തുറമുഖത്ത്‌ ഒരു ചെറിയ പറങ്കിക്കപ്പല്‍ ഉണ്ടു. അതിലുള്ള കപ്പിത്താന്‍ വിവരം അറിഞ്ഞപ്പോള്‍, ചില പടകുകളെ തീ കൊടുത്തു നശിപ്പിച്ചു മടിയാതെ കൊച്ചിക്ക്‌ ഓടുകയും ചെയ്തു (1505 അക്ത. 31)

ആ തൂക്കില്‍ എത്തിയ നേരം തന്നെ കണ്ണന്നൂരില്‍ നിന്നും അള്‍മൈദ കപ്പല്‍ ബലത്തോടും കൂട വന്നു ചേര്‍ന്നു.ആയവന്‍ കൊല്ലത്തെ വൃത്താന്തം കേട്ടാറെ, താമസം കൂടാതെ പുത്രനായ ലോരഞ്ചെ നിയോഗിച്ചയച്ചു. അവന്‍ കൊല്ലത്തിന്റെ നേരേ വന്നു, അവിടെ കണ്ട 27 പടകുകളെ വെടിവച്ചു ഭസ്മമാക്കി മുഴുകിക്കയും ചെയ്തു.

അതിനു ശേഷം ലോരഞ്ചെ അള്‍മൈദ മാലിലെ ദ്വീപുകളോളം ഓടി അറവിക്കപ്പലുകളെ പിടിപ്പാന്‍ നോക്കുന്നേരം വെള്ളത്തിന്റെ വേഗതയാല്‍ സിംഹള ദ്വീപിനു അണഞ്ഞു.

നല്ല കറുപ്പ്‌ പണ്ടെ തന്നെ മുളച്ചുണ്ടാകുന്ന ഭൂമി പറങ്കികള്‍ വന്നകാലം 6 രാജാക്കന്മാരും രാജധാനികളും ഉണ്ടെന്നു കേട്ടു. കൊളമ്പിലെ രാജാവെ കണ്ടപ്പോള്‍ അവന്‍ സന്തോഷിച്ചു. "ചോനകരുടെ കപ്പലോട്ടത്തിനു ഭംഗം വരുത്തിയാല്‍ കൊള്ളാം" എന്നു പറഞ്ഞു പോര്‍ത്തുഗലെ തനിക്കു നിഴലാക്കാന്‍ ആഗ്രഹിച്ചു "ആണ്ടുതോറും 5000 കണ്ടി കറുപ്പ്‌ കപ്പം തരാം" എന്നു കയ്യേറ്റു സത്യം ചെയ്തു. അനന്തരം ആ ശീതകാലം മുഴുവന്‍ റൊന്തയായി കടല്‍ സഞ്ചരിച്ചു കൊല്ലത്തെ കലഹത്തില്‍ കൂടിയ ചോനകര്‍ പിരിഞ്ചത്തില്‍ ഉണ്ടെന്നു കേട്ടു ആ ഊരെ ഭസ്മമാക്കി കന്യാകുമാരി മുതല്‍ കണ്ണന്നൂര്‍ വരെ മലയാളത്തിലെ മാപ്പിള്ളമാര്‍ക്ക്‌ കടല്‍ക്കച്ചവടത്തെ മുടക്കിക്കൊണ്ടിരുന്നു.
(ഡാക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമ എന്ന പുസ്തകത്തിലെ ഒരദ്ധ്യായം)

Wednesday, January 24, 2007

ജനാര്‍ദ്ദനന്‍ (എന്ന മനുഷ്യന്‍) എന്ന ശില്‌പി



ഒരു ശില്‌പി എന്ന് കേള്‍ക്കുമ്പോഴുണ്ടാകുന്ന ആദ്യപ്രതീതിക്ക്‌ നേരെ വിരുദ്ധമായ ഒന്നാണ്‌ ജനാര്‍ദ്ദനനെ കണ്ടപ്പോഴുണ്ടായത്‌.

പ്രസന്നമായ മുഖം, നിഷ്കളങ്കമായ ഇടപെടല്‍, ഗൗരവത്തോടെ സംസാരിക്കുമ്പോഴും ഔദ്ധത്യത്തിന്റെ അംശം തീണ്ടാത്ത ഒരു സാധാരണ മനുഷ്യന്‍. പൊതുവേ വ്യവസ്ഥാപിത കലാകാരന്മാരില്‍ ഇപ്പറഞ്ഞതില്‍ ഏതെങ്കിലുമൊന്നിന്റെയെങ്കിലും അഭാവമുണ്ടാകാറുണ്ട്‌, വളരെ പ്രകടമായിത്തന്നെ. ജനാര്‍ദ്ദനന്‍ അങ്ങനെയല്ലാത്തതിന്‌ കാരണം അദ്ദേഹം ഒരു വ്യവസ്ഥാപിതകലാകാരനല്ല എന്നത്‌ തന്നെ.

കൊല്ലം ജില്ല ചുരുക്കം ചില ശില്‌പികള്‍ക്കും ചിത്രകാരന്മാര്‍ക്കും ജന്മം നല്‌കിയിട്ടുണ്ട്‌. അവരില്‍ പലരും പേരു കേട്ട കലാപഠനകേന്ദ്രങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരും ചോളമണ്ഡലത്തിലും വിദേശത്തുമൊക്കെയായി കലാസപര്യ തുടര്‍ന്നവരുമാണ്‌. ജനാര്‍ദ്ദനന്‍ എന്ന ശില്‌പി അക്കാദമിക്‌ കലാപഠനം നടത്തിയിട്ടില്ല. വിദ്യാഭ്യാസം തന്നെ സ്കൂള്‍ തലത്തിനപ്പുറം പോയിട്ടില്ല. ഉപജീവനത്തിനായി ചെയ്യുന്ന തൊഴിലാകട്ടെ മുടിവെട്ടലും. ഇതെല്ലാം ഒരു കലാകാരന്‌ മേന്മ ചാര്‍ത്തിക്കൊടുക്കുന്ന സംഗതികളല്ല, തീര്‍ച്ചയായും. എന്നാല്‍ ജനാര്‍ദ്ദനന്റെ കലയ്ക്ക്‌ ചില മേന്മകളുണ്ട്‌ താനും.



അസാമാന്യമായ കരവിരുതാണ്‌ അതില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത്‌. ശില്‌പകലയില്‍ (ഒരു പക്ഷേ, ഏതൊരു കലയിലും) ക്രാഫ്റ്റിനുള്ള പ്രാധാന്യം അദ്വിതീയമാണല്ലോ. ഏറെ വര്‍ഷങ്ങള്‍ സമര്‍പ്പണബുദ്ധിയോടെ നിരന്തരപരിശ്രമം നടത്തി ആര്‍ജ്ജിച്ച കൈത്തഴക്കം കൃത്യതയോടെ പ്രതിഫലിക്കുന്നു, ജനാര്‍ദ്ദനന്റെ ശില്‌പങ്ങളില്‍. രൂപങ്ങളുടെ അനുപാതങ്ങളില്‍ ആധുനികമെന്നു വിളിക്കാവുന്ന രീതിയിലുള്ള സ്ഥൂലീകരണം പല ശില്‌പങ്ങളിലും കാണാമെങ്കിലും നൂതനചിന്തകള്‍ക്കും വ്യത്യസ്തമായ ആവിഷ്കാരരീതികള്‍ക്കും വേണ്ടി നിലകൊള്ളുന്ന നവീനകലാകാരന്മാരെക്കാള്‍ ജനാര്‍ദ്ദനന്‌ സാമ്യമുള്ളത്‌ പരമ്പരകളായി ശില്‌പനിര്‍മ്മാണം നടത്തുന്നവരോടാണ്‌. ഇത്‌ ഒരു പക്ഷേ എന്റെ വ്യക്തിപരമായ ചിന്തയായിരിക്കാം. എങ്കിലും, ജനാര്‍ദ്ദനന്‍ മുളയില്‍ കൊത്തിയെടുത്ത മുഖങ്ങളിലേക്കു നോക്കി നിന്നപ്പോള്‍ ഒരു ഗോത്രകലയുടെ അനന്യതയാണ്‌ അനുഭവപ്പെട്ടത്‌; ആധുനിക വിവക്ഷകളല്ല.



ജനാര്‍ദ്ദനന്‍ ജനിച്ചത്‌ കൊല്ലത്ത്‌ തേവള്ളിയിലാണ്‌. 1947 ആഗസ്റ്റ്‌ 15 ന്‌. ജന്മദിനത്തെപ്പറ്റി പറയുമ്പോള്‍ അത്‌ സ്വാതന്ത്ര്യദിനം തന്നെയായതിലുള്ള യാദൃശ്ചികത ജനാര്‍ദ്ദനന്റെ മുഖത്ത്‌ ഒരു നിഷ്കളങ്ക കൗതുകമായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ നീലകണ്ഠന്‌ മിലിറ്ററിയിലായിരുന്നു ജോലി. അദ്ദേഹം ജനാര്‍ദ്ദനന്റെ കുട്ടിക്കാലത്തു തന്നെ മരണമടഞ്ഞു. അതിനു ശേഷമാണ്‌ ജനാര്‍ദ്ദനന്‍ ഒരു ബാര്‍ബറുടെ സഹായിയായി കൂടിയത്‌. പതിനെട്ടാം വയസ്സില്‍ മറ്റൊരാളുടെ സഹായത്തോടു കൂടി ഒരു ബാര്‍ബര്‍ ഷോപ്പ്‌ തുടങ്ങി. അക്കാലത്ത്‌ തന്നെ കിട്ടുന്ന മരക്കഷണങ്ങളിലൊക്കെ രൂപങ്ങള്‍ കൊത്തുകയെന്ന വിനോദവുമുണ്ടായിരുന്നു.

യൗവനത്തില്‍ ശില്‌പകലയോടുള്ള ആഭിമുഖ്യത്തോടൊപ്പം തന്റെ മനസ്സില്‍ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിയും വേരുറച്ചത്‌ തികച്ചും സ്വാഭാവികമായിരുന്നുവെന്ന് ജനാര്‍ദ്ദനന്‍ കരുതുന്നു. തീവ്ര ഇടതുപക്ഷപ്രവര്‍ത്തനത്തില്‍ ഒട്ടൊക്കെ സജീവമായിത്തന്നെ പ്രവര്‍ത്തിച്ചിരുന്ന അക്കാലത്തെപ്പറ്റി ആവേശവും ഗൃഹാതുരത്വവും നിറഞ്ഞ ഓര്‍മ്മകള്‍ മാത്രമേയുള്ളൂ, അദ്ദേഹത്തിന്‌. കോസലരാമദാസിനെപ്പോലുള്ളവരുമായുണ്ടായിരുന്ന അടുപ്പവും അവരില്‍ നിന്ന് പകര്‍ന്നു കിട്ടിയ പല തിരിച്ചറിവുകളുമൊക്കെ ജനാര്‍ദ്ദനന്റെ ഹൃദയച്ചുമരിലെ മങ്ങാത്ത ശില്‌പങ്ങളായി നിലകൊള്ളുന്നു.

ജനാര്‍ദ്ദനന്റെ കമ്മ്യൂണിസ്റ്റ്‌ അനുഭാവത്തിന്‌ കര്‍ക്കശസ്വഭാവമില്ല. വ്യക്തിസ്വാതന്ത്ര്യത്തെ താന്‍ അങ്ങേയറ്റം വിലമതിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. സംവാദങ്ങളിലും സംഭാഷണങ്ങളിലുമാണ്‌ മനുഷ്യകുലത്തിന്റെ ജീവനമന്ത്രം കുടിയിരിക്കുന്നതെന്ന് ഉറച്ചുവിശ്വസിക്കുന്നു ഈ ശില്‌പി. അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു സൗഹൃദം, ഏതെങ്കിലുമൊരു സുഹൃത്ത്‌ "ഇതൊന്നു നോക്കൂ ചേട്ടാ." എന്നു പറഞ്ഞുകൊണ്ട്‌ നല്‌കുന്ന ഒരു പുസ്തകം, ഇതൊക്കെ നല്‌കുന്ന ആനന്ദം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അളവറ്റതാണ്‌. "പൊതുവേ കലകള്‍ക്ക്‌ പ്രോത്സാഹനകരമായത്‌ നാടുവാഴിത്തവും മുതലാളിത്തവുമൊക്കെയാണല്ലോ?" എന്ന ചോദ്യത്തിന്‌ "ശരിയാണ്‌. ഒരു പക്ഷേ കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥിതിയില്‍ കലയുടെ ധര്‍മ്മം പൊലീസുകാര്‍ക്ക്‌ പ്രചോദനം നല്‌കുക എന്നത്‌ മാത്രമായേക്കാം!" എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം, ഒരു ചിരിയുടെ അകമ്പടിയോടെ.



അതേ സമയം തന്നെ കലാകാരന്‌ സമൂഹത്തോട്‌ പ്രതിബദ്ധത വേണമെന്ന് ഉറച്ചു വിശ്വസിക്കുന്നു, ജനാര്‍ദ്ദനന്‍. എന്നാല്‍ ആ പ്രതിബദ്ധത പ്രചാരണസ്വഭാവമുള്ളതായിരിക്കണമെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലോ ശില്‌പങ്ങളിലോ ഇല്ല. തന്റെ ഏതൊരു ശില്‌പവും നിര്‍ജ്ജീവത പേറുന്ന ഒരു ദാരുസാന്നിദ്ധ്യം എന്ന നിലയിലല്ല കാഴ്ചക്കാരനുമായി സംവേദിക്കുന്നതെങ്കില്‍ അതിന്റെ അര്‍ത്ഥം തന്റെ കല പ്രതിബദ്ധത എന്ന ധര്‍മ്മം നിറവേറ്റുന്നുവെന്നതാണെന്ന് അദ്ദേഹം കരുതുന്നു. പ്രതിബദ്ധത എന്ന വാക്കിനെ ഇങ്ങനെ വളരെ വിശാലമായ ഒരു ക്യാന്‍വാസില്‍ കാണുകയെന്നത്‌ മുന്‍വിധികളില്ലാത്ത കലാകാരന്മാര്‍ക്കു മാത്രം വഴങ്ങുന്ന ഒരു കലയാണ്‌. (ജനാര്‍ദ്ദനന്റെ ശില്‌പങ്ങളെല്ലാം തന്നെ മനുഷ്യരൂപങ്ങളാണ്‌. അവയില്‍ മുഖത്തിന്‌ നല്‌കുന്ന 'അമിതപ്രാധാന്യ'ത്തെക്കുറിച്ച്‌ ചോദിച്ച ചിത്രകാരനായ സുഹൃത്തിനോട്‌ 'മുഖമില്ലാതെ എന്തു മനുഷ്യന്‍?' എന്നൊരു മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.)

ജനാര്‍ദ്ദനനോട്‌ ഏറെ നേരം സംസാരിച്ചപ്പോള്‍ ബൗദ്ധികമായ കാര്‍ക്കശ്യം പേറുന്ന നിരീക്ഷണങ്ങള്‍ അദ്ദേഹത്തിന്‌ ഏറെ പരിചിതമല്ല എന്ന തോന്നലാണെനിക്കുണ്ടായത്‌. "ഇംഗ്ലീഷ്‌ വായിക്കാനറിയില്ല ," എന്ന് പറയുന്നതിന്‌ യാതൊരു ജാള്യതയുമില്ല ഈ ശില്‌പിക്ക്‌. ഏതൊരു കാര്‍ക്കശ്യത്തിനും വിജ്ഞാനത്തിനും അവഗണിക്കാന്‍ കഴിയാത്ത വിധം നൈസര്‍ഗ്ഗികമാണ്‌ തന്റെ ഉളിയുടെ ചലനങ്ങളെന്ന തിരിച്ചറിവ്‌ അദ്ദേഹത്തിന്‌ തീര്‍ച്ചയായും ഉണ്ടായിരിക്കണം.

അതുപോലെ തന്നെ, 'ബാങ്ക്‌ ബാലന്‍സ്‌' എന്ന വാക്ക്‌ ചിന്തയില്‍ പോലും വരാത്ത വിധം നിസ്വനാണ്‌ ജനാര്‍ദ്ദനന്‍. പക്ഷേ ദാരിദ്ര്യം എന്ന അവസ്ഥയെ തീരെ അപകര്‍ഷതയില്ലാതെ കാണാന്‍ സഹായിക്കുന്ന എന്തോ ഒന്നിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട്‌ അദ്ദേഹത്തിന്റെ ജീനുകളില്‍.

ജനാര്‍ദ്ദനന്റെ ശില്‌പങ്ങള്‍, ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞതു പോലെ, ആധുനിക കലാസ്വാദനത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ കാണുകയെന്നത്‌ പ്രയാസം തന്നെ. ഹെന്റി മൂറിന്റെയോ രാം കിങ്കറിന്റെയോ ശില്‌പങ്ങള്‍ക്ക്‌ വിലയിടുന്ന കണ്ണുകൊണ്ട്‌ ജനാര്‍ദ്ദനന്റെ ശില്‌പങ്ങള്‍ക്ക്‌ വിലയിടാനാവില്ല. പക്ഷേ തീര്‍ച്ചയായും അവയ്ക്കൊരു വിലയുണ്ട്‌. ശില്‌പകലയോടുള്ള സ്നേഹം രക്തത്തില്‍ പേറുന്ന, തന്നാലാവുന്ന വിധം നിഷ്കളങ്കമായി ഈ ലോകത്തെ നോക്കിക്കാണുന്ന ഒരു മനുഷ്യന്റെ ജീവിതസപര്യയുടെ വില.

Saturday, January 13, 2007

തേവള്ളി കൊട്ടാരം


കൊല്ലം നഗരത്തിന്റെ വാസ്തുശില്‍പ പൈതൃകത്തിന്റെ ഉത്തമ ഉദാഹരണ ങ്ങളിലൊന്നാണ്‌ തേവള്ളികൊട്ടാരം. അഷ്ടമുടിക്കായലിന്റെ മനോഹാരിത കൊണ്ട്‌ ആകര്‍ഷകമായ തേവള്ളി പ്രദേശത്തെ, ഒന്നുകൂടി പ്രശോഭിപ്പിക്കുന്നു, തിരുവിതാംകൂറിന്റെ അധികാര പരിധിയില്‍ പെട്ട പ്രധാനസ്ഥലങ്ങളെ ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായി 1840 ല്‍ പണികഴിപ്പിക്കപ്പെട്ട ഈ കൊട്ടാരം.

അക്കാലത്ത്‌ രാജകുടുംബാംഗങ്ങള്‍ അവധിക്കാലം ചിലവഴിക്കാനും ഒപ്പം അധികാരം നടത്താനും ഉപയോഗിച്ചിരുന്ന ഈ കൊട്ടാര സമുച്ചയത്തിന്‌ ഏതാണ്ട്‌ 63800 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്‌. രാജകൊട്ടാരം, അന്തപ്പുരം, ഊട്ടുപുര, ഒപ്പം വളരെയധികം ആകര്‍ഷകവും കൊത്തുപണി കളാലംകൃതമായ കായല്‍ കടവും. കായല്‍മുഖത്തുനിന്നുമാണ്‌ പ്രധാന പ്രവേശനമാര്‍ഗമെന്നതിനാല്‍ തന്നെ അഷ്ടമുടിയെ അഭിമുഖീകരിച്ചു നില്‍ക്കും വിധമാണ്‌ പ്രധാനകെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കാണാം.

കടവില്‍ നിന്നും മുകളിലേക്ക്‌ ആനയിക്കുന്ന പടികെട്ടുകള്‍ രണ്ടായി വഴിപിരിഞ്ഞ്‌ ഇടതുഭാഗത്ത്‌ പ്രാധാനകെട്ടിടമായ കൊട്ടാരത്തിലേക്കും, വലത്‌ ഭാഗത്തുകൂടിയുള്ളത്‌ ചൈനീസ്‌ വാസ്തുശില്‍പരീതിയുടെ സ്വാധീനം നിഴലിക്കുന്ന ഒരു മണ്ഡപത്തിലേക്കുമാണ്‌. രാജാവിന്റെ വാദ്യോപകരണ സംഘം ഉപയോഗിച്ചിരുന്ന ഈ മണ്ഡപത്തിന്റെ ശില്‍പവേലകളും ശ്രദ്ധേയം. പ്രാധാനകൊട്ടാരത്തിന്റെ രാജാവുപയോഗിച്ചിരുന്ന വിശാലമായ മുറി, നൃത്ത മണ്ഡപവുമായും ബന്ധപ്പെടുത്തിയിരിക്കുന്നു. ഇതിനോട്‌ ചേര്‍ന്നുള്ള ഏകദേശം 22മീറ്ററോളം ഉയരമുള്ള വലിയ ഗോപുരം വൃത്താകൃതിയിലുള്ള മരഗോവണിയെ ഉള്‍ക്കൊള്ളുന്നു.ഈ ഗോവണിയുടെ ചെമ്പ്‌ തകിടിനാല്‍ പൊതിഞ്ഞ കൈവരികള്‍ സാധാരണ കേരളീയ വാസ്തുരീതിയില്‍ കാണാത്ത തരമാണ്‌.

പ്രധാനകെട്ടിടത്തിന്റെ വരാന്തയിലുള്ള കമാനങ്ങളും ശില്‍പവേലകളും ചെങ്കല്ലില്‍ കടഞ്ഞെടുത്ത്‌ കുമ്മായചാന്തുപൂശിയ തൂണുകളും , ടെറാകോട്ടയില്‍ തീര്‍ത്ത കൈവരികളും ആകര്‍ഷകമാണ്‌. മുന്‍ഭാഗത്തുള്ള സൂചിസ്തംഭാകൃതിയിലുള്ള മേല്‍പ്പുരയുടെ കൊത്തുപണികളാലംകൃതമായ കഴുക്കോലുകള്‍, തച്ചുശാസ്ത്രവിദ്യയുടെ മഹത്വം സൂചിപ്പിക്കുമാറ്‌ ഒരൊറ്റ ബിന്ദുവിലേക്ക്‌ സംയോജിപ്പിച്ചിരിക്കുന്നു.

കൃത്യമായ അനുപാതവും, യോജിപ്പാര്‍ന്ന അളവുകളും, താളക്രമമുള്ള ഘടനയും തുലനാവസ്ഥയിലുള്ള ശൈലിയും പിന്തുടര്‍ന്നുള്ള രൂപകല്‍പ്പനയില്‍ കായലിന്റെ സാമീപ്യം വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. കായലില്‍ നിന്നുമുള്ള വീക്ഷണത്തിന്‌ മാറ്റ്‌ കൂട്ടുമാറ്‌ കായലിനഭിമുഖമായുള്ള വശങ്ങള്‍ ശില്‍പവേലയാല്‍ സമൃദ്ധമാക്കുന്നതിനും, ഒപ്പം കായലിലേക്കുള്ള നോട്ടത്തിനെന്നോണം ആ വശത്ത്‌ ജാലകങ്ങളുടെ നീണ്ടനിരയൊപ്പിക്കാനും വരാന്തകള്‍ വിന്യസിക്കുന്നതിനും ശ്രമിച്ചിരിക്കുന്നു.

പാരമ്പര്യ തച്ചുശാസ്ത്രത്തിനടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും വൈദേശിക രീതികള്‍ കടംകൊണ്ടിട്ടുമുണ്ട്‌, പക്ഷേ അവയുടെ ശരിയായ അളവിലുള്ള സമന്വയം തേവള്ളികൊട്ടാരത്തിന്‌ വ്യക്തവും വിരളവുമായ താളക്രമം പകര്‍ന്നുനല്‍കുന്നുമുണ്ട്‌.

കുറേക്കാലം ബ്രിട്ടീഷ്‌ അധികാരികളുടെ അതിഥിമന്ദിരാമായൊക്കെ ഉപയോഗിച്ചിരുന്ന കൊട്ടാരം ഇപ്പോള്‍ എന്‍.സി.സി യുടെ ഡിവിഷണല്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ ആയി ഉപയോഗിച്ച്‌ വരുന്നു. ഇതിലേക്കായി കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരകൊണ്ട്‌ ചില കൂട്ടിയോജിപ്പിക്കല്‍ ഒക്കെ നടത്തിയിരിക്കുന്നത്‌ ആകയുള്ള രൂപഭംഗിക്ക്‌ അല്‍പമെങ്കിലും കോട്ടമായിട്ടുണ്ട്‌, അതുപോലെ തന്നെ സംരക്ഷണ ത്തിനെന്നോണം വാദ്യ മണ്ഡപത്തിനുമുകളില്‍ തകര ഷീറ്റിട്ടിരിക്കുന്നത്‌ കണ്ണിലെ കരടാവുന്നു.
മറഞ്ഞ്‌ പോയൊരു കാലഘട്ടത്തിന്റെ പ്രൗഢിയുടെ അവസാന കണ്ണികളിലൊന്നായ കൊട്ടാരകെട്ടും പരിസരവും കൂടുതല്‍ സംരക്ഷണമര്‍ഹിക്കുന്നു.

ഫോട്ടോ: കണ്ണന്‍ ഷണ്മുഖം