Thursday, November 30, 2006

കൊല്ലം ചരിത്ര ശേഖരങ്ങളില്‍ നിന്നു്.

കൊല്ലം

കൊല്ലം കണ്ടവനില്ലം വേണ്ട.
_____________________________________

കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികള്‍ ഇന്‍ഡ്യയില്‍ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യ സഞ്ചാരികള്‍ രേഖപ്പെടുത്തിയിരുന്നു.ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു.ചൈനയുടെ ചക്രവര്‍ത്തി കുബ്ലൈഖാനുമായി കൊല്ലത്തിനു് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു.
മനോഹാരിതയിലും പ്രശസ്തിയിലും ഉയരങ്ങളില്‍ നില നിന്ന ആ കൊല്ലം കണ്ടവര്‍ക്കു് ഇല്ലം വേണ്ടെന്നു തോന്നിയതില്‍ അത്ഭുതപ്പെടെണ്ടതില്ല.


രാജകീയ സാന്നിധ്യമെന്നോ രാജവസതിയെന്നോ അര്‍ഥം വരുന്ന കൊലു എന്ന് ശബ്ദത്തില്‍ നിന്നാണു് കൊല്ലം ഉണ്ടായതു് എന്ന അഭിപ്രായമാണു് പരക്കെ സ്വീകാര്യമായിട്ടുള്ളതു്.


കൊല്ലം നഗരത്തിനു് കൊല്ല വര്‍ഷത്തേക്കള്‍ പഴക്കമുണ്ടു്.
എ.ഡി.825 ല്‍, ഉദയ മാര്‍ത്താണ്ടവര്‍മ്മ രാജാവു് കൊല്ലത്തു താമസിക്കുമ്പോള്‍ ഒരു പുതിയ സംവത്സരം ഏര്‍പ്പെടുത്തി എന്നും അതിനെ സൗരവര്‍ഷമായി പരിഗണിച്ചു എന്നും പറയുന്നു. എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവര്‍ഷം ആരംഭിച്ചു.


ഇന്‍ഡ്യയിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു.

ഉണ്ണു നീലി സന്ദേശത്തില്‍ പറയുന്നു."കൊല്ലം തൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ."
കൊല്ലം എത്ര പഴയതായിക്കൊള്ളട്ടെ,എന്നും അതു കൊല്ലമായി തന്നെ നില നില്‍ക്കും.

Sunday, November 26, 2006

ആരാണ്‌ അയ്യപ്പന്‍?

പല കഥകളും വിവാദങ്ങളും വീരവാദങ്ങളും ബൂലോഗത്ത്‌ കറങ്ങുന്നതുകാരണം മൈനാഗന്റെ ചരിത്രം സീരീസിന്റെ ഇടയില്‍ കയറി ഇതൊന്നു പോസ്റ്റ്‌ ചെയ്യുന്നു. മാപ്പ്‌. ഇതു ചരിത്രമല്ല, വാദവുമല്ല. ആര്‍ക്കെങ്കിലും ഇക്കഥയുടെ നേരും പതിരും തിരിക്കാനാവുമോ?

പന്തളം കൊട്ടാരത്തിലെ രാജശേഖരചോളന്‍ പെരുമാള്‍ ദത്തെടുത്ത പുത്രന്‍, അയ്യന്‍ അടികള്‍ തിരുവടികള്‍ കൊല്ലം ആസ്ഥാനമാക്കി യുവ ചേര രാജാവായ്‌ സ്ഥാനമേറ്റതു മുതല്‍ പന്തളത്തു റാണിയായ പെരുമാള്‍ സ്ത്രീ ചോള പാണ്ഡ്യരോട്‌ സന്ധിയായി പശ്ചിമഘട്ടം കടന്ന് വേണാടിനെ കീശ്പ്പെടുത്തി തനിക്കു പിറന്ന രാജകുമാരനെ അധികാരിയാക്കി ചോള സാമ്രാജ്യത്തില്‍ ലയിപ്പിക്കാന്‍ ശ്രമവും തുടങ്ങി.

അയ്യനു പൊതുജന പിന്തുണ ഏതാണ്ട്‌ മുഴുവനായും ഉണ്ടായിരുന്നു. വാവരെന്ന മുസ്ലീം യോദ്ധാവും കടുത്ത സ്വാമിയെന്ന ക്രിസ്ത്യാനി കര്‍ഷകപ്രഭുവും അടക്കം വലിയൊരു സൈന്യം ചോള പാണ്ട്യ മഹാസാമ്രാജ്യങ്ങളുടെ അധിനിവേശസേനക്കെതിരേ കോട്ടപ്പുറം, ഇഞ്ചിപ്പാറ, കരിമല, ശബരി, ശരംകുത്തി, നീലിമല കാളകെട്ടി എന്നീ എഴു മലകളില്‍ യുദ്ധം നടത്തി ആസുരഭീഷണിയെ ഇല്ലാതാക്കി.

അയ്യന്‍ അങ്ങനെ ആരാദ്ധ്യനായ ഒരു പുരുഷനായി വാഴ്ത്തപ്പെട്ടു. യുദ്ധത്തിന്റെ പ്രതീകമായ ധ്യാനം, വ്രതം, പടഹം, ഭേരി, സംഘയാത്ര,
ശരം എന്നിവയടങ്ങുന്ന തീര്‍ത്ഥയാത്രയായി അയ്യനപ്പന്റെ വിജയഭൂവിലേക്ക്‌ ഗമിച്ച്‌ ജനം എന്നും ആ രാജാവിനെ ഓര്‍ത്തു പോന്നു. ആ യാത്രയില്‍ സ്വപക്ഷ വിജയത്തിന്റെ ഓര്‍മ്മകളില്‍ അവര്‍ ആനന്ദം കൊണ്ട്‌ ഉറഞ്ഞു തുള്ളിയിരുന്നു.

കഥ ഇവിടെക്കൊണ്ട്‌ തട്ടാന്‍ എന്താ കാര്യമെന്നു വച്ചാല്‍:

ടി എ സി മുതലായ ഗ്രന്ഥങ്ങള്‍ കണ്ട്‌ പരിശോധിക്കാന്‍ അവസരമുള്ള ഭാഗ്യവാന്മാരും ഭാഗ്യവതികളും അയ്യനടികള്‍ തിരുവടികള്‍ പശ്ചിമഘട്ടത്തിലെ എതുഭാഗത്തിട്ടാണ്‌ ചോള പാണ്ഡ്യ സേനയെ ഒതുക്കിയതെന്ന് എന്തെങ്കിലും വിവരമുണ്ടോ;

അയ്യന്‍ രാജശേഖരന്‍ പെരുമാളിന്റെ ദത്തു പുത്രന്‍ ആണോ അതോ സ്വന്തം പുത്രനാണോ;

കുളത്തൂപ്പുഴ, അച്ചന്‍ കോവില്‍, ആര്യങ്കാവ്‌, തകഴി, ശാസ്താംകോട്ട, ചമ്രവട്ടം, ശബരിമല എന്ന ഏഴ്‌ വേണാട്ടമ്പലങ്ങളില്‍ അല്ലാതെയുള്ള അയ്യപ്പ ക്ഷേത്രങ്ങള്‍ക്ക്‌ എത്ര പഴക്കമുണ്ട്‌;

അയ്യനെ ശരിക്കും രാജശേഖരവര്‍മ്മന്‍ പെരുമാളിന്റെ പത്നി ചതിച്ചതുകൊണ്ടാണോ പാണ്ടികള്‍ മലമ്പാത കടന്ന് പടയെടുത്ത്‌ വന്നത്‌;

അയ്യന്‍ വിവാഹിതനായിരുന്നോ അതോ പട തീര്‍ന്ന ശേഷം കെട്ടാമെന്ന് ഏതെങ്കിലും രാജകുമാരിയോട്‌ പറഞ്ഞിരുന്നോ

എന്നിവയെക്കുറിച്ച്‌ എന്തെങ്കിലും ആര്‍ക്കിയോളജിക്കല്‍ രേഖകള്‍ കിട്ടുമോ എന്ന് ദയവായി പറഞ്ഞു തരിക.

[ ഇതൊരു വാദമല്ല ലേഖനവുമല്ല. ഈ കഥയെക്കുറിച്ച്‌ എനിക്ക്‌ ഒരു പ്രത്യേക
താല്‍പ്പര്യമുള്ളതുകൊണ്ട്‌ ഇവിടെ ഇടുന്നു. എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാന്‍ മാത്രം]

Saturday, November 25, 2006

കൊല്ലം സാംസ്‌കാരികവികാസത്തിന്റെ നാള്‍വഴികളിലൂടെ

രണ്ട്‌:

കൊല്ലത്തിന്റെ സാംസ്‌കാരികവളര്‍ച്ചയെ ത്വരിതപ്പെടുത്തിയ ചരിത്രപരമായ നിരവധി ഘടകങ്ങളുണ്ട്‌. വിവിധ വിദേശരാജ്യങ്ങളുമായി നൂറ്റാണ്ടുകളിലൂടെ നിലനിര്‍ത്തിപ്പോന്ന വാണിജ്യസമ്പര്‍ക്കങ്ങള്‍. പ്രചാരം തേടിയ മതങ്ങള്‍ക്കെല്ലാം അനുയോജ്യവും ക്ഷമാപൂര്‍ണവുമായ പരിസരമൊരുക്കി പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ സദാ സന്നദ്ധമായിരുന്ന ജനസമൂഹം. നിരവധി യുദ്ധങ്ങളുടെ അരങ്ങായി മാറിയ കാരണത്താല്‍ സാമൂഹികാവസ്ഥയിലുണ്ടായ ഇളകിമറിയലുകള്‍. വിദേശശക്തികളുമായി നിലനിര്‍ത്തിയിരുന്ന തുടര്‍ബന്ധങ്ങള്‍. ദേശസ്‌നേഹത്താല്‍ പ്രചോദിതമായ കലാപങ്ങളുടെ കെട്ടടങ്ങാത്ത മുഴക്കങ്ങള്‍. രാഷ്ട്രീയ-സാമൂഹികമേഖലകളില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍. മത-സാമുദായികരംഗങ്ങളില്‍ അനാചാരങ്ങള്‍ക്കെതിരായ നവീകരണം ലക്ഷ്യംവെച്ചുകൊണ്ട്‌ ഉല്‍പ്പതിഷ്‌ണുക്കള്‍ നടത്തിയ പോരാട്ടങ്ങള്‍. ഇങ്ങനെ നിരവധി കളങ്ങളിലായി ചിതറിക്കിടക്കുന്ന ഒട്ടനവധി ഉതിര്‍മണികളുടെ ഒരു കറ്റക്കതിരായി വേണം കൊല്ലത്തിന്റെ സാംസ്‌കാരികപാരമ്പര്യത്തെ വിലയിരുത്താന്‍.

കൊല്ലം എക്കാലത്തും മനോഹരമായ നഗരമായി വാഴ്‌ത്തപ്പെട്ടിട്ടുണ്ട്‌. കേന്ദ്രീകൃതമായ ഒരു ഭരണസമ്പ്രദായവും അത്‌ നടപ്പിലാക്കാനുള്ള സംവിധാനങ്ങളും തികഞ്ഞ കൊല്ലം നഗരം ശുചിത്വത്തിനും സത്യസന്ധതയ്ക്കും പേരുകേട്ടിരുന്നതായി വിദേശസഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പുരാതന സന്ദേശകാവ്യമായ 'ഉണ്ണൂനീലിസന്ദേശ'ത്തിലും, കേരളവര്‍മ്മ വലിയകൊയിത്തമ്പുരാന്റെ 'മയൂരസന്ദേശ'ത്തിലും കൊല്ലം നഗരത്തിന്റെയും ഭൂപ്രദേശങ്ങളുടെയും അത്യാകര്‍ഷകമായ വര്‍ണ്ണനകള്‍ ധാരാളമുണ്ട്‌. കൂടാതെ മാതൃകാവൈദ്യന്മാരും ജ്യോല്‍സ്യന്മാരും തച്ചുശാസ്ത്രവിദഗ്‌ദ്ധരും, തുറകളെയും കൂട്ടങ്ങളെയും അവരുടെ സാമര്‍ഥ്യത്താല്‍ നിയന്ത്രിച്ചിരുന്നതായും സഞ്ചാരികളുടെ വിവരണങ്ങളില്‍നിന്ന്‌ മനസ്സിലാക്കാം.

അഞ്ചാംനൂറ്റാണ്ടില്‍ കൊല്ലം ഭരിച്ചിരുന്ന സംഗ്രാമധീരരവിവര്‍മ്മയുടെ ശ്രമഫലമായി സംസ്‌കൃതസാഹിത്യത്തിന്‌ വളരെയേറെ നേട്ടങ്ങളുണ്ടായിട്ടുള്ളതായി 'ഉണ്ണൂനീലിസന്ദേശം' ചൂണ്ടിക്കാട്ടി ചരിത്രകാരന്മാര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്‌. ആട്ടക്കഥാസാഹിത്യത്തിന്‌ നാന്ദികുറിക്കുവാന്‍ കാരണമായ, കഥകളിയുടെ ഉപജ്ഞാതാവും ഒരു കൊല്ലത്തുകാരന്‍ തന്നെ. വേണാട്ടുവംശമഹിമയുടെ ഒരു ശാഖായായ ഇളയിടത്തു സ്വരൂപത്തിലെ അംഗമായിരുന്ന സാക്ഷാല്‍ കൊട്ടാരക്കരത്തമ്പുരാനാണ്‌ ആ പ്രതിഭാധനന്‍. ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ജീവിച്ചിരുന്ന തമ്പുരാന്‍ അറിഞ്ഞോ അറിയാതെയോ കേരളത്തിന്റെ സ്വന്തമായ ഒരു കലാപദ്ധതിക്ക്‌ വിളക്ക്‌ തെളിക്കുകയായിരുന്നു, കൃഷ്‌ണനാട്ടത്തെ അസ്ഥിവാരമായി സ്വീകരിച്ച്‌ കളിവിളക്കൊളിയില്‍ കച്ചമണികിലുക്കി ആരംഭിച്ച ആ കലാസമ്പ്രദായം നാട്യവിദ്യയുടെ കിരീടമായി മാറിയത്‌ കലാത്മകമായ മറ്റൊരു വിസ്‌ഫോടനമായിത്തീര്‍ന്നു. ഇന്നും ലോകസാംസ്കാരികവേദികളില്‍ കേരളപ്പഴമയെ ഓര്‍മ്മിപ്പിക്കുന്നത്‌ കഥകളിയും (മറ്റുചില ക്ഷേത്രകലാരൂപങ്ങളും) തെരഞ്ഞെടുക്കപ്പെട്ട ഒരു ചുവപ്പന്‍ സര്‍ക്കാരിന്റെ പഴങ്കഥയുമാണെന്നത്‌ വാസ്തവം.

വിദ്യാഭ്യാസരംഗത്ത്‌ അന്നും കൊല്ലത്തിന്‌ തനതായ മാതൃകകള്‍ ഉണ്ടായിരുന്നു. നിലത്തെഴുത്ത്‌ ആശാന്മാരുടെ കളരികള്‍ മുതല്‍, എഴുത്തോലകളില്‍ പകര്‍ത്തിയ പേരുകേട്ട കൃതികള്‍ കുട്ടികളെക്കൊണ്ട്‌ ചൊല്ലിച്ചും മണലിലും പിന്നെ ഓലയിലും എഴുതിച്ചും ശീലിപ്പിക്കുന്ന വിദ്യാലയങ്ങള്‍ വരെ ധാരാളമുണ്ടായിരുന്നു. അക്ഷരവിദ്യയോടൊപ്പം ഗണിതവിദ്യയും പരിശീലിപ്പിച്ചിരുന്നു. സാധാരണക്കാരായ കുട്ടികള്‍ ഇത്രയുമായാല്‍ ജീവിതത്തിന്റെ പോര്‍ക്കളത്തിലിറങ്ങുകയാവും പതിവ്‌. ഉന്നതവിദ്യാഭ്യാസമെന്നാല്‍ 'സിദ്ധരൂപം' 'അമരകോശം' ചില ലഘുകാവ്യങ്ങള്‍ എന്നിവകൂടി സ്വായത്തമാക്കുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്‌. കുറെപ്പേര്‍ ആയുധപരിശീലനവും കളരിവഴക്കങ്ങളും പരിശീലിച്ചിരുന്നു. സ്വന്തംവീട്ടില്‍ ഗുരുക്കന്മാരെവെച്ച്‌ സംസ്‌കൃതവും സാഹിത്യവും സ്വായത്തമാക്കുന്ന സമ്പന്നരും അന്നുണ്ടായിരുന്നു. കാവ്യം. അലങ്കാരം, തര്‍ക്കം, നാടകം, വ്യാകരണം തുടങ്ങിയ മേഖലകളില്‍ സംകൃതവിദ്യാഭ്യാസം വഴിതെളിച്ചിരുന്നു. ചികില്‍സ, ജ്യോതിഷം, ഗൃഹനിര്‍മ്മാണവിദ്യ എന്നിവയില്‍ സംസ്‌കൃതവിദ്യാഭ്യാസം കേന്ദ്രീകരിച്ചിരുന്നെങ്കിലും സാധാരണക്കാരായ പൌരന്മാര്‍ അറിവിന്റെ ലഭ്യതയില്‍നിന്നും അവകാശങ്ങളില്‍നിന്നും പുറത്താക്കപ്പെടുകയോ സ്വമേധയാ ഒഴിഞ്ഞുപോവുകയോ ചെയ്തിരുന്നു.

ജസ്യൂട്ട്‌ പാതിരിമാരായിരുന്നു കൊല്ലത്ത്‌ ആധുനിക വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിച്ചതെന്ന്‌ പറയാം. ക്രിസ്തീയത പ്രചരിപ്പിക്കുവാനും, ആ തത്വശാസ്ത്രം അഭ്യസിപ്പിക്കുവാനുമായി അവര്‍ പതിനാറാം നൂറ്റാണ്ടില്‍ത്തന്നെ കൊല്ലത്ത്‌ ഒരു കോളേജ്‌ സ്ഥാപിച്ചിരുന്നതായി ചില രേഖകളില്‍ നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയും. പോര്‍ച്ചുഗീസ്‌ വിദ്യാര്‍ത്ഥികളും അവരോട്‌ സഹകരിച്ച ഇന്നാട്ടുകാരായ കത്തോലിക്ക കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളും അവിടെ ചേര്‍ന്നിരുന്നു. പിന്നീട്‌, കൊല്ലം ബിഷപ്പിന്റെ ചുമതലയിലുള്ള സെയ്ന്റ്‌ ജോസഫ്‌ കോണ്‍വെന്റ്‌ 1875-ലും ലേഡി ഓഫ്‌ മൌണ്ട്‌ കാര്‍മെല്‍ കോണ്‍വെന്റ്‌ (തങ്കശ്‌ശേരി) 1885-ലും ആരംഭിച്ചത്‌ വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്‌പായി.

കൊല്ലത്തെ ആദ്യ ഇംഗ്ലീഷ്‌ സ്‌കൂള്‍ തുടങ്ങിയത്‌ 1893 കാലത്തായിരുന്നു. ഈ സ്കൂള്‍ സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ഇപ്പോഴത്തെ ഗവണ്‍മന്റ്‌ ബോയ്‌സ്‌ മോഡല്‍ ഹൈസ്കൂളായി. ഐറിഷ്‌ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്‌ 1900-ത്തില്‍ കൊല്ലത്ത്‌ ആരംഭിച്ച സെയ്ന്റ്‌ അലോഷ്യസ്‌ സ്കൂള്‍ ഏറെ പ്രശസ്തമാണ്‌.

കൊല്ലത്ത്‌ ആദ്യത്തെ കലാശാല രൂപംകൊള്ളുന്നതിന്‌ സ്വാതന്ത്ര്യം കിട്ടുംവരെ കാത്തിരിക്കേണ്ടിവന്നു. 1948 ജൂണ്‍ 15-ന്‌ പ്രവര്‍ത്തനം ആരംഭിച്ച എസ്‌. എന്‍. കോളേജാണ്‌ ആ പദവി നേടിയത്‌. 1951-ല്‍ എസ്‌. എന്‍. വനിതാ കോളേജും ഒപ്പംതന്നെ (അതേ വര്‍ഷത്തില്‍) പ്രശസ്തമായ ഫത്തിമാ മാതാ നാഷണല്‍ കോളേജും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. 1958-ല്‍ റ്റി. കെ. എം. എഞ്ചിനീയറിംഗ്‌ കോളേജും 1965-ല്‍ റ്റി. കെ. എം. ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജും സ്ഥാപിക്കപ്പെട്ടു. 1960-ല്‍ കര്‍മ്മലറാണി ട്രെയിനിംഗ്‌ കോളേജും നഗരത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലെ നാഴിക്കല്ലായി. നഗരത്തിനു പുറത്ത്‌ ജില്ലയുടെ വിവിധഭാഗങ്ങളിലായി ഇതേ കാലയളവിലും തുടര്‍ന്നും നിരവധി വിദ്യാലയങ്ങളും കലാലയങ്ങളും നിലവില്‍ വരുകയുണ്ടായി. കൂടാതെ സര്‍ക്കാര്‍-സ്വകാര്യമേഖലകളിലായി നിരവധി പോളിടെക്‌നിക്കുകള്‍, ഐ. റ്റി. ഐ.-കള്‍ എന്നിവയും അറിവുകളുടെ കവാടം തുറന്നിട്ടു.

ഇതിനോടൊപ്പം, അച്ചടിയുടെ പ്രചാരം, വായനശാലകള്‍/ഗ്രന്ഥശാലകള്‍, പത്രമാധ്യമങ്ങളുടെ വളര്‍ച്ച, രാഷ്ട്രീയ-സാംസ്കാരിക വ്യക്തിത്വങ്ങളുടെ സ്വാധീനം തുടങ്ങിയ പലതും ചേര്‍ത്തുവെയ്ക്കുമ്പോള്‍ മാത്രമേ കൊല്ലത്തിന്റെ സാംസ്കാരിക നാള്‍വഴികളുടെ ഒരു പുറംകാഴ്ചയെങ്കിലും ബോധ്യപ്പെടുകയുള്ളു.

(തുടരും)

Monday, November 20, 2006

കൊല്ലം ക്വിസ്സ്‌- 2

ഇത്തവണത്തെ ക്വിസ്സ്‌ ചോദ്യത്തിലെ വിവരണത്തിl നിന്നും ചില പ്രശസ്തരെ തിരിച്ചറിയാനാണ്‌.

1. ചവറയില്‍ ജനിച്ച്‌ കൊല്ലം എസ്‌ എന്‍ കോള്‍ജില്‍ നിന്നും സാമ്പത്തിക ശാസ്ത്ര ബിരുദം നേടിയ ഈ കവി തിരുവനന്തപുരം യൂണിവേര്‍സിറ്റി കോളെജിലും വിമന്‍സ്‌ കോളെജിലും EKM മഹാരാജാസിലും Tly ബ്രണ്ണന്‍ കോളെജിലും അദ്ധ്യാപകനായിരുന്നിട്ടുണ്ട്‌.

2. കസ്റ്റംസ്‌ ഉദ്യോഗത്തില്‍ നിന്നും വിട്ട്‌ പുതിയൊരു മേഖല തിരഞ്ഞെടുത്ത കൃഷ്ണന്‍ നായര്‍ തൊഴില്‍ സംബന്ധമായൊരു വാഹനാപകടത്തില്‍ മരിച്ചു. ഒരു ചെറിയ ചരമക്കുറിപ്പാകേണ്ടിയിരുന്ന ഈ വാര്‍ത്ത എല്ലാ മലയാള പത്രങ്ങളും മുന്‍പേജിലെ എറ്റവും വലിയ ബ്ലോക്ക്‌ ആയാണു റിപ്പോര്‍ട്ട്‌ ചെയ്തത്‌. ആരാണിയാള്‍?

3."ഇന്നലത്തെ മഴ" എന്ന നോവല്‍ എഴുതിയ എന്‍ മോഹനന്റെ അമ്മയെ നമ്മളെല്ലാം അറിയും. കോട്ടവട്ടത്ത്‌ ഇല്ലത്തിലെ ആ അമ്മ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 97 വയസ്സു കണ്ടേനെ.

4. അമ്പലപ്പറമ്പിലും തെരുവോരങ്ങളിലും ഹരികഥയും സ്വന്തമായുണ്ടാക്കിയ ചില പൊടിപ്രേമ കഥയും പറഞ്ഞ്‌ ആളെ രസിപ്പിക്കുന്ന ഒരു ശുഷ്ക കലാരൂപംകൊണ്ട്‌ പറഞ്ഞ വിശ്വസാഹിത്യ രചനകളെ സാധാരണ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്താനാവുമെന്ന് പരീക്ഷിച്ചു തെളിയിച്ചു ഈ അസാധാരണ മനുഷ്യന്‍.

5. ആദ്യകാല കെ പി ഏ സി ശില്‍പ്പികളില്‍ ഒരാളായിരുന്ന ഇദ്ദേഹം പിന്നീട്‌ കാളിദാസ കലാകേന്ദ്രം എന്ന
സ്വന്തം സ്ഥാപനം തുടങ്ങി. സിനിമാ അഭിനയത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌.

6. മടത്തറയില്‍ പിറന്ന് പരവൂര്‍ക്കായലിലേക്ക്‌ ഒഴുകുന്ന ഒരു ആറുണ്ട്‌. ഈെ നദിയുടെ പേര്‍ കേള്‍ക്കുമ്പോള്‍ പുറന്നാട്ടുക്കാര്‍ക്ക്‌ ഒരു കള്ളനെയാണ്‌ ഓര്‍മ്മ വരുന്നത്‌!

7. ഭാഗവതരാകാന്‍ കൊതിച്ച ഈ പരവൂരുകാരന്‍ രാഷ്ട്രീയാ താല്‍പര്യങ്ങളാല്‍ കെ പി എസ്‌ സിക്ക്‌ വേണ്ടി ഒരു പിന്നണി ഗാനം ചെയ്തത്‌ ഒരു എവര്‍ ഗ്രീന്‍ ഹിറ്റ്‌ ആയതിനെ തുടര്‍ന്ന് ശ്രദ്ധ അതിലേക്കായി. പിന്നെയോ.. പിന്നണി സംഗീതത്തിന്റെ ചരിത്രമായി അദ്ദേഹം.

8. നാല്‍പ്പതു വര്‍ഷത്തോളം കൊല്ലം ബിഷപ്പായിരുന്ന ഇദ്ദേഹമാണ്‌ നഗരത്തിലെ ഏറ്റവും പ്രശസ്തമായതില്‍ ഒരു കോളെജ്‌ സ്ഥാപിച്ചതും.

Saturday, November 18, 2006

കൊല്ലം - സാംസ്കാരികവികാസത്തിന്റെ നാള്‍വഴികളിലൂടെ

എല്ലാ ദേശങ്ങള്‍ക്കും അതാതിന്റേതായ സാംസ്കാരിക പാരമ്പര്യം ഉണ്ടാവും. ഭൗതികവും ആത്മീയവുമായ ജീവിതവികാസത്തിന്റെ പരിണാമദശകളില്‍ ചില ദേശങ്ങളുടെ പെരുമകള്‍ തിരസ്കരിക്കപ്പെടുകയ്യും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ അവ അസ്പഷ്ടശബ്ദങ്ങളായി വീണുകിടക്കുകയും ചെയ്തിട്ടുണ്ട്‌. കൊല്ലത്തെ സംബന്ധിച്ചും ഈ നിരീക്ഷണം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന്‌ പറയാം. ഇല്ലെങ്കില്‍, വേണാടിന്റെ തലസ്ഥാനമായിരുന്ന ഈ ദേശം ആധുനിക കേരളചരിത്രത്തില്‍ ഇപ്പോള്‍ പരിഗണിക്കപ്പെടുന്നതിനെക്കാള്‍ ശ്രദ്ധേയമായ നിലയില്‍ തലയുയര്‍ത്തി നില്‍ക്കുമായിരുന്നുവെന്ന്‌ നിസ്സംശയം പറയാന്‍ കഴിയും.മറ്റുപല പ്രദേശങ്ങളെപ്പോലേ, ഉന്നതവും അനിഷേധ്യവുമായ സാംസ്കാരിക ചലനങ്ങളുടെ സിരാകേന്ദ്രമായിരുന്നു കൊല്ലം.

'വേണാട്‌' എന്ന സംജ്ഞയില്‍ ഉള്‍ക്കൊള്ളുന്ന തിരുവിതാംകൂറിന്റെ പുതുക്കപ്പെട്ട നേതൃത്വത്തിന്റെ ഒരുകാലത്തെ ആസ്ഥാനം പോലുമായിരുന്നു കൊല്ലം. ചരിത്രം ഭരണപരമായ നേട്ടങ്ങളിലും പ്രതിസന്ധികളിലും മാത്രം ഊന്നുകയും, അതിനപ്പുറത്തുള്ള മണ്ണിന്റെ നനവും മണവും മറന്നുപോവുകയും ചെയ്തകൂട്ടത്തില്‍ കൊല്ലത്തിന്‌ അതിന്റെ പ്രതാപം കുറച്ചൊക്കെ കുറഞ്ഞു എന്നത്‌ കേരളചരിത്രം പരിചയിച്ച ആര്‍ക്കും ബോധ്യമായേക്കാവുന്ന സത്യമാണ്‌. അതിന്റെ പ്രധാനമായ ഒരു കാരണം, നാട്ടുരാജ്യങ്ങളുടെ രാജാക്കന്മാര്‍ തമ്മിലുണ്ടായിരുന്ന കടുത്ത ശത്രുതയും വിയോജിപ്പുമായിരുന്നു.

കൊല്ലത്തിന്റെ പഴങ്കഥയില്‍ ആദ്യം ഓര്‍ക്കേണ്ടത്‌ 'തരിസാപ്പള്ളീ ചെപ്പേട്‌'ആണ്‌. ഇത്‌` കൊല്ലത്തെപ്പറ്റിയുള്ള ആദിമ ചരിത്രരേഖയാണ്‌. അന്നത്തെ വേണാട്ടു ഭരണാധികാരിയായിരുന്ന 'അയ്യനടികള്‍' ഒരു ക്രിസ്ത്യന്‍ നാട്ടുപ്രമാണിയായ 'മരുവാന്‍ സപീര്‍ ഈശോ' പണികഴിപ്പിച്ച തരിസാപ്പള്ളിക്ക്‌ ചില കുടികളും അതോടൊപ്പം ചില അവകാശങ്ങളും 'അട്ടിപ്പേറായി' നല്‍കിയ രേഖയാണ്‌ ഈ ചെപ്പേട്‌. ചെമ്പുതകിടില്‍ നാരായം കൊണ്ട്‌ എഴുതിയ 'ഏടുകള്‍' അഥവ 'പുറങ്ങള്‍' എന്ന്‌ അര്‍ത്ഥം. ഇപ്പോള്‍ കോട്ടയം സിറിയന്‍ സെമിനരിയിലാണ്‌ ഇതിന്റെ അവശിഷ്ടഭാഗം സൂക്ഷിച്ചിട്ടുള്ളത്‌. (രണ്ട്‌ ശാസനങ്ങളുണ്ടായിരുന്നതില്‍ ഒന്നാമത്തേതിന്റെ അവസാനഭാഗവും, രണ്ടാമത്തേതിന്റെ ആദ്യഭാഗവും എങ്ങനെയോ നഷ്ടപ്പെട്ടുപോയി. എന്നാലും, ലഭ്യമായ രേഖയനുസരിച്ച്‌ രണ്ടിലും നല്‍കിയ ആള്‍ അയ്യനടികളും, സ്വീകരിച്ചയാള്‍ മരുവാന്‍ സപീര്‍ ഈശോയും ആണെന്ന്‌ വ്യക്തമാണ്‌.

തരിസാപ്പള്ളി ചെപ്പേടില്‍ അന്നത്തെ ഭാഷ ഇപ്രകാരമായിരുന്നെന്ന് കാണാം:

"സ്വസ്തി. കോത്താണു ഇരവിക്കുത്തന്‍ പലനൂറായിരത്താണ്ടുമ്‌ മറുകുതലൈച്ചിറന്തടിപ്പടുത്താളാ നിന്റയാണ്ടുള്‍ച്ചെല്ലാനിന്റയാണ്ടൈന്തു...." എന്നു തുടങ്ങി... അക്കാലത്തെ സമ്മിശ്രമായിരുന്ന തമിഴ്‌-മലയാളം വായിച്ചാല്‍ ഇന്നത്തെക്കാലത്ത്‌ അധികമൊന്നും ആര്‍ക്കും മനസ്സിലാവില്ല. ആ പഴങ്കാലത്തില്‍നിന്ന്‌ പിലക്കാലത്തെ ചരിത്രപ്രസിദ്ധമായ 'കുണ്ടറ വിളംബര'ത്തിലെത്തുമ്പോള്‍, മലയാള ഭാഷയുടെ വളര്‍ച്ചയും വികാസവും വ്യക്തമാവുന്നുണ്ട്‌.

വേണാടിന്റെ ശക്തനും ധീരനുമയിരുന്ന, കണക്കുപിള്ള ചെമ്പകരാമന്‍, സാക്ഷാല്‍ വേലുത്തമ്പി ദളവ, രാജ്യത്ത്‌ അന്ന്‌ നിലവിലിരുന്ന സംഘര്‍ഷാത്മകമായ അവസ്ഥ നാട്ടുകാരെ അറിയിക്കാനും, വേണാടിനെ കീഴ്‌പ്പെടുത്താന്‍ പരിശ്രമിക്കുന്ന ബ്രിട്ടീഷ്‌ സൈന്യത്തിനെതിരായി ജനങ്ങളുടെ രാജ്യാഭിമാനം ഉണര്‍ത്തുന്നതിനും ലക്ഷ്യംവെച്ചുകൊണ്ട്‌ 1809 ജനുവരി 16-ആം തീയതി പുറപ്പെടുവിച്ചതാണ്‌ 'കുണ്ടറ വിളംബരം':

"ശ്രീമതു തിരുവിതാംകോട്ട്‌ സംസ്ഥാനത്തുനിന്നും ഈ സമയത്ത്‌ എത്നം ചെയ്തല്ലാതെ നിലനില്‍ക്കില്ലെന്നുകണ്ട്‌ തുടങ്ങേണ്ടിവന്ന കാര്യത്തിന്റെ നിര്‍ണയവും അവസരവും ഈ രാജ്യത്തുള്ള മഹത്തുക്കള്‍, മഹാബ്രഹ്മണര്‍ ഉദ്യോഗസ്ഥന്മാര്‍ മുതല്‍ ശൂദ്രര്‍ വരെ കീഴ്‌പരിഷവരെയും ഉള്ള പലജാതി കുടിയാനവന്മാരു പരമബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമാവിത്‌."
... എന്നിങ്ങനെ ആരംഭിക്കുന്ന വിളംബരത്തില്‍, അക്കാലത്തെ, രാഷ്ട്രീയ-സാമുദായിക ഘടനകള്‍ നന്നായി തെളിഞ്ഞു കാണാം. ചതുര്‍വര്‍ണ്യത്തിന്റെ സൂചിക്കുഴയിലൂടെത്തന്നെയുള്ള അക്കാലത്തെ മനുഷ്യബന്ധങ്ങള്‍ മുതല്‍ സമുഹത്തിന്റെ അടിവേരായിരുന്ന നീചജാതികളുടെ അവസ്ഥ വരെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍ അക്കാലത്തിന്റെ ഏറ്റവും വലിയ വിമര്‍ശനവും സ്വയംവിമര്‍ശനവും വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയും. ഒപ്പം, വിദേശികള്‍ ആദ്യം ഉപായത്തിലും പിന്നെ കായികശക്തിയിലൂടെയും രാജ്യത്ത്‌ സ്ഥാനമുറപ്പിച്ചതിന്റെയും, ഇപ്പോള്‍ വെല്ലുവിളിക്കുന്നതിന്റെയും ഈര്‍ഷ്യയും അതിലടങ്ങിയിട്ടുണ്ട്‌. വിദേശസേനയ്ക്കെതിരേ സുധീരം പോരാടുവാനും, വേണ്ടിവന്നാള്‍ ആ ലക്ഷ്യത്തില്‍ മരിക്കാന്‍ പോലും ആഹ്വാനം ചെയ്യുന്നതായിരുന്നു വിളംബരം. ആ വിളംബരത്തിന്റെ മാറ്റൊലിയാണ്‌ ജനങ്ങളെ സ്വയം സംഘടിക്കാനും പോരാടാനും സന്നദ്ധരാക്കിയത്‌.

ഇത്തരം രാഷ്ട്രീയ ചരിത്രങ്ങളും കൊല്ലത്തിന്റെ സാംസ്കാരിക വികാസവുമായി എന്താണ്‌ ബന്ധം എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാവാം. ഒന്നു മുതല്‍ മൂന്നു വരെ നൂറ്റാണ്ടുകളിലെ കേരള ഭൂപ്രദേശത്തെ തെക്കന്‍ ഭാഷ (വേണാട്ടു ഭാഷ)സാമന്യമായ അറിവുമാത്രമുള്ള ഇന്നത്തെ മലയാളിക്ക്‌ വായിച്ച്‌ മനസ്സിലാക്കാന്‍ പ്രയാസമാണ്‌. അത്തരം ഒരു സമ്മിശ്രഭാഷയിലാണ്‌ 'തരിസാപ്പള്ളി ചെപ്പേട്‌' എഴുതപ്പെട്ടിരിക്കുന്നത്‌. എന്നാല്‍, 'കുണ്ടറ വിളംബര'ത്തിലെത്തുമ്പോള്‍ മലയാളത്തിന്റെ ഓജസ്സും തേജസ്സും തെളിയുന്നതായി അനുഭവിക്കാന്‍ കഴിയുന്നു. അതായത്‌, ഈ ദീര്‍ഘമായ കാലയളവിലൂടെ വേണാട്ടു ഭാഷയും പരിണാമത്തിന്റെ നിരവധി ഘട്ടങ്ങളെ തരണം ചെയ്തിട്ടുണ്ടെന്ന്‌ സാരം. ഭാഷയുടെ പരിണാമവും വികാസവും ഒരു സംസ്കാരത്തിന്റെ ആണിക്കല്ലായിരിക്കുമെന്ന തിരിച്ചറിവും ഇതിലൂടെ സാധ്യമാവുന്നു.

(തുടരും)

***

Tuesday, November 14, 2006

കഥകളിയുടെ ഉല്‍പ്പത്തി

ഒന്‍പതാം നൂറ്റാണ്ടുകാലത്ത്‌ കൊട്ടാരക്കരത്തമ്പുരാന്‍ തന്റെ കുടുംബത്തിലെ ഒരു ചടങ്ങു സംബന്ധിയായി കൃഷ്ണനാട്ടം നടത്താന്‍ ആട്ടക്കാരെ വിട്ടുതരണമെന്ന് കാണിച്ച്‌ കോഴിക്കോട്‌ മാനവിക്രമ മഹാരാജാവിന്‌ കുറിമാനം അയച്ചു. എന്നാല്‍ സാമൂതിരി തെക്കന്‍ രാജാക്കന്മാര്‍ക്ക്‌ കൃഷ്ണനാട്ടം കണ്ടു രസിക്കാന്‍ മാത്രം കെല്‍പ്പില്ലെന്നു കാണിച്ച്‌ മറുകുറി അയച്ച്‌ തമ്പുരാനെ പരിഹസിക്കുകയാണ്‌ ചെയ്തത്‌. ഈ നിന്ദയില്‍ പ്രകോപിതനായ കൊട്ടാരക്കര തമ്പുരാന്‍ രാമായണത്തെ എട്ടു ദിവസങ്ങളായി ഭാഗിച്ച്‌ രാമനാട്ടം എന്ന കലാരൂപത്തിനു സൃഷ്ടികര്‍മ്മം നടത്തി. ഈ രാമനാട്ടമാണ്‌ മറ്റു കഥകള്‍ കളിക്കാന്‍ കൂടി ഇടം നല്‍കി കഥകളിയായി മാറിയത്‌.

കഥകളിയുടെ ഐതിഹ്യം മേല്‍പ്പറഞ്ഞതാണ്‌. കേരള യൂണിവേര്‍സിറ്റി പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ "കഥകളി" എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താ ജി. രാമകൃഷ്ണപിള്ള രാമനാട്ടം പോലെ സങ്കീര്‍ണ്ണമായ ഒരു കലാരൂപം ഇങ്ങനെ പെട്ടെന്ന് ഉടലെടുക്കുക ബുദ്ധിമുട്ടാണെന്നും സാമൂതിരി അപമാനിച്ചത്‌ ഒരു causa proxima ആയിരിക്കുമെങ്കിലും രാമനാട്ടം നേരത്തേ തന്നെ കൊട്ടാരക്കരത്തമ്പുരാന്റെ മനസ്സില്‍ രൂപം കൊണ്ടിരിക്കുമെന്നും നിരീക്ഷിക്കുന്നു.

അന്യം നിന്നു പോയ അഷ്ടപദിയാട്ടം എന്ന കലാരൂപത്തില്‍ നിന്നു പ്രചോദനം കൊണ്ട്‌ രണ്ടും രൂപകല്‍പ്പന ചെയ്തത്‌ എന്ന കാരണത്താല്‍ കഥകളിക്കും കൃഷ്ണനാട്ടത്തിനും ചില സാമ്യങ്ങളുണ്ട്‌.

തമ്പുരാന്റെ മേല്‍നോട്ടത്തില്‍ കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ആദ്യമായി അരങ്ങേറിയ രാമനാട്ടം വന്‍ പ്രചാരം നേടിയെങ്കിലും പിന്നീട്‌ പല പരിഷ്കരണങ്ങള്‍ക്കും ശേഷമാണ്‌ ഇന്നത്തെ കഥകളി ആയത്‌. (ഇവര്‍ മിക്കവരും കൊല്ലത്തുകാരല്ല, ഈ ബ്ലോഗില്‍ കണ്ടതുകൊണ്ട്‌ ആരും തെറ്റിദ്ധരിക്കരുതേ) അവയില്‍ പ്രധാനം:

വെട്ടത്തു തമ്പുരാന്‍: മദ്ദളത്തിനു പുറമേ ചെണ്ട വാദ്യങ്ങളില്‍ ഉള്‍ക്കൊള്ളിച്ചു. പദം പാടുന്നത്തും അഭിനയിക്കുന്നതും നടന്‍ തന്നെ വേണമെന്ന രീതി നിറുത്തലാക്കി.

കപ്ലിങ്ങാടന്‍: ചുട്ടി കുത്തുന്നതിനു നിയമങ്ങള്‍ നടപ്പാക്കി. ചാമരം ചൂടുന്നതും കച്ചമണി കെട്ടുന്നതും നടപ്പാക്കി. സര്‍വോപരി കപ്ലിങ്ങാട്ടു നമ്പൂതിരി കഥകളി വിദഗ്ദ്ധര്‍ക്കായി ഒരു സമിതി ഉണ്ടാക്കുകയും നിയമങ്ങളെല്ലാം ഒരേ രീതിയില്‍ എല്ലായിടത്തും നടപ്പാക്കിക്കുകയും ചെയ്തു.

കല്ലടിക്കോടന്‍: രണ്ടാമത്തെ ഭാഗവതര്‍ കൂടി പാടാന്‍ വേണമെന്ന് തീരുമാനിച്ചു. മുദ്രകളെ കുറച്ചുകൂടി പരിഷ്കരിച്ചു. മുന്നണി ഭാഗവതര്‍ പാടുമ്പോഴും ശിങ്കിടിഭാഗവതര്‍ പാടുമ്പോഴും കൂടിച്ചേര്‍ന്ന് നടന്‍ ഒരു തവണ മുദ്രകാട്ടുന്നതിനാല്‍ കഥ കൂടുതല്‍ കാണിക്കു മനസ്സിലാവുമെന്ന നില വരുത്തി. ചുവടുകള്‍ക്ക്‌ ശാസ്ത്രീയമായ ഐക്യ സ്വഭാവമുണ്ടാക്കിയതും കല്ലടിക്കോട്ട്‌ നമ്പൂതിരിയാണ്‌.

അസംഖ്യം ആട്ടക്കഥകള്‍ രചിച്ച്‌ കോട്ടയത്തു തമ്പുരാന്‍, കാര്‍ത്തിക തിരുനാള്‍, അശ്വതി തിരുനാള്‍ ഇളയതമ്പുരാന്‍, കൊച്ചി വീരകേരളവര്‍മ്മ, ബാലകവി രാമശാസ്ത്രികള്‍, അണിമംഗലം, വിദ്വാന്‍ കോയിത്തമ്പുരാന്‍, ഇരയിമ്മന്‍ തമ്പി തുടങ്ങിയവര്‍ കഥകളിയെ വലിയതൊതില്‍ സഹായിച്ചിട്ടുണ്ട്‌.
[കഥകളിക്ക്‌ ഒരു ബ്ലോഗ്ഗുണ്ടെന്ന് ആരോ പറഞ്ഞിരുന്നു. വൃഥാ വ്യായാമഭീതിയാല്‍ ഉല്‍പ്പത്തിയെക്കുറിച്ചു മാത്രമെഴുതി നിറുത്തുന്നു]

കൊല്ലം ക്വിസ്സ്‌ -1

കൊല്ലത്തല്ലാത്തവര്‍ക്ക്‌ ബോറടി വാണിംഗ്‌!

1. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കുതിരാശുപത്രിയും പൌണ്ടുമായിരുന്ന കെട്ടിടം ഇന്നും ഒരു ഗവര്‍ണ്‍മന്റ്‌ കാര്യാലയമാണ്‌, ഇന്നെന്താണത്‌?

2. പഴയ കൊല്ലം സര്‍ക്കാര്‍ സത്രം ഇപ്പോഴെന്താണ്‌?

3. വൈക്കം മുഹമ്മദ്‌ ബഷീര്‍ തടവില്‍ കിടന്ന കൊല്ലം കസ്ബ സ്റ്റേഷനെക്കുറിച്ച്‌ കേട്ടിട്ടുണ്ടാവുമല്ലോ. കസ്ബ എന്നാല്‍ എന്താണ്‌ അര്‍ത്ഥം?

4. ബ്രിട്ടീഷ്‌ പൌരനായിരുന്ന ലെഫ്‌. ഫ്രാന്‍സിസ്‌ ബാര്‍ക്ലേ കൊല്ലത്തു ജനിച്ചുവളര്‍ന്ന ആളാണ്‌. ഇദ്ദേഹം എങ്ങനെയാണ്‌ മരിച്ചത്‌?

5. ഡോക്ട്രിനാ ക്രിസ്താം എന്നപുസ്തകത്തിന്റെ ഒറ്റ പ്രതി മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു. എന്താണ്‌ ഈ പുസ്തകത്തിന്റെ പ്രത്യേകത?

6. ബ്ലോഗ്ഗര്‍ കാളിയമ്പി തന്റെ പേരു തിരഞ്ഞെടുത്തത്‌ ചന്ദ്രന്‍ കാളി അമ്പി എന്ന സ്വാത്രന്ത്ര്യ സേനാനിയുടെ പേരില്‍ നിന്നാവണം. ചന്ദ്രന്‍ കാളിയമ്പി ഏതു പേരില്‍ കൂടുതല്‍ അറിയപ്പെട്ടു?

7. മോഹന്‍ രാജ്‌ ജെ പിള്ള, വേലു വിശ്വനാഥന്‍ എന്നിവര്‍ ഏതു പേരില്‍ കൂടുതല്‍ അറിയപ്പെടുന്നു?

8. കൊല്ലം ആസ്ഥാനമാക്കി 11ആം നൂറ്റാണ്ടില്‍ വേണാടു ഭരിച്ചിരുന്ന് ഒരു വംശം യാദവരായിരുന്നെന്ന് വിശ്വാസമുണ്ട്‌. ആരാണിവര്‍?

Monday, November 13, 2006

ക്യാപ്റ്റന്‍ ലക്ഷ്മിയെ അടക്കിനിര്‍ത്തിയ കത്തി

അഹിംസാവാദത്തിനോടു യോജിക്കാത്തവരെല്ലാം ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശം പരക്കെ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നു കൊല്ലത്തുവച്ചു ഒരു സമ്മേളനം നടക്കുകയുണ്ടായി. ഐ.എന്‍.എ. യെ പ്രതിനിധീകരിച്ച്‌ വരേണ്ടിയിരുന്നത്‌ ക്യാപ്റ്റന്‍ ലക്ഷ്മി. അവരെ സ്വീകരിച്ച്‌ കൊണ്ടു സമ്മേളനം നടക്കുന്ന സ്ഥലത്തു എത്തിക്കേണ്ട ചുമതല ശ്രീകണ്ഠന്‍ നായര്‍ക്കും.

തലവെട്ടം കണ്ടാല്‍ പോലീസ്‌ കൊല്ലുന്ന സമയം. ഒളിച്ചും പതുങ്ങിയും ശ്രീകണ്ഠന്‍ നായരും കൂട്ടുകാരും കാപ്റ്റന്‍ ലക്ഷ്മിയെ സ്വീകരിച്ചു. അവരുമായി സമ്മേളനം നടക്കുന്ന തുരുത്തിലേക്കു യാത്രയായി. കടവു വരെ നടക്കണം, അവിടെ വള്ളം ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.

തനിക്കു കിട്ടിയ സ്വീകരണം ക്യാപ്റ്റന്‍ ലക്ഷ്മിക്കു തീരെ ഇഷ്ടമായില്ലെന്നു വേണം കരുതാന്‍. തന്നെ സ്വീകരിക്കാന്‍ സ്ത്രീകള്‍ ആരും വരാത്തത്‌ എന്താണെന്നായി അവര്‍. പുറത്തിറങ്ങിയാല്‍ പോലീസ്‌ കൊല്ലുന്ന അവസ്ഥയായതുകൊണ്ടാണെന്നു സംഘാടകര്‍ പറഞ്ഞപ്പോല്‍ എങ്കില്‍ താന്‍ അറിയുന്ന ആരും എത്താതതെന്താണെന്നയി ലക്ഷ്മി. കുറെ ദൂരം അവര്‍ പിറുപിറുത്തുകൊണ്ട്‌ നടന്നു. ആരും ഒന്നും മിണ്ടാഞ്ഞപ്പോല്‍ അവര്‍ സ്വരം ഉയര്‍ത്തി. "എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ മൂന്നു നാലു മര്യാദകെട്ടവരെ വി നേതാക്കളോട്‌ സംസാരിക്കാന്‍ താല്‍പര്യമില്ല. ഞാന്‍ തിരിച്ചു പോകുകയാണ്‌."

അതുവരെ മിണ്ടാതെ നടന്ന ശ്രീകണ്ഠന്‍ നായര്‍ പെന്ന് മടിയില്‍ നിന്നും ഒരു പേനാക്കത്തിയും എറ്റുത്തു ഒരൊറ്റ ചാട്ടം.

"സാഹചര്യങ്ങള്‍ കൊണ്ടും വെറും ഭാഗ്യം കൊണ്ടും രാഷ്ട്രീയത്തില്‍ ഉദിച്ച ഒരു വാല്‍നക്ഷത്രമാണു നീ. ഇവരോ തിരിച്ച്‌ ഒന്നും കിട്ടാനില്ലെന്നു അറിഞ്ഞുകൊണ്ടുതന്നെ ജീവനെടുത്തു ഇന്തക്ക്‌ ദാനം ചെയ്ത വിപ്ലവകാരികള്‍. ഇവര്‍ ആഗ്രഹിച്ചാല്‍ നീ വരും, ചര്‍ച്ച നടത്തും. നടക്കൂ മുന്നോട്ട്‌".

കാപ്റ്റന്‍ ലക്ഷ്മി വിളറിപ്പോയി. അവര്‍ താക്കോല്‍ തിരിച്ച പാവയെപ്പോലെ മുന്നോട്ട്‌ നടന്നു.

കടവത്തു ഒരു കൊതുമ്പുവള്ളം കാത്തു കിടപ്പുണ്ടായിരുന്നു. വള്ളം തുഴയുന്നയാള്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ പിടിച്ചു കയറ്റാന്‍ കൈ നീട്ടി. ബംഗാളില്‍ നിന്നാണു താനിപ്പോള്‍ വരുന്നതെന്നും വഞ്ചിയില്‍ കയറാന്മ്‌ ആരും സഹായിക്കേണ്ടെന്നും പിറുപിറുത്തു അവര്‍ ഒറ്റക്കുതിപ്പ്‌ വള്ളത്തിലേക്ക്‌. മടമ്പുയര്‍ന്ന ചെരിപ്പ്‌ പടിയില്‍ തി ക്യാപ്റ്റന്‍ വെള്ളത്തില്‍!

ശ്രീകണ്ഠന്‍ നായര്‍ വെള്ളത്തില്‍ ചാടി അവരെ എടുത്തുയര്‍ത്തി. വീണതിലേ ജാള്യതയോ അതോ ശ്രീകണ്ഠന്‍ നായരോടുള്ള ദേഷമോ എന്തോ അവര്‍ "എന്നെ തൊടരുത്‌" എന്നു അലറി. ആദ്ദേഹം നിന്ന നില്‍പ്പില്‍ പിടി വിട്ടു. ക്യാപ്റ്റന്‍ ലക്ഷ്മി തൊണ്ടഴുകിയ ചെളിയില്‍ പുതഞ്ഞുപോയി.

യാത്രയിലോ സമ്മേളനത്തിലോ അവരുടെ ശബ്ദം പിന്നെ ഉയര്‍ന്നു കേട്ടില്ല.

[കുട്ടിക്കാലത്ത്‌ വായിച്ച ഏതോ ആത്മകഥയില്‍ ശ്രീകണ്ഠന്‍ നായരെക്കുറിച്ച്‌ മേല്‍പ്പറഞ്ഞ തലക്കെട്ടോടെ എഴുതപ്പെട്ട അദ്ധ്യായം മുന്‍പൊരിക്കല്‍ മലയാളവേദിയില്‍ ഞാന്‍ ഓര്‍മ്മയില്‍ നിന്നും പുനരാഖ്യാനം നടത്തിയത്‌.]

സ്വാഗതം

പടിഞ്ഞാറ്‌ കൊല്ലം നഗരം മുതല്‍ കിഴക്ക്‌ ആര്യങ്കാവ്‌ വരെയും, തെക്ക്‌ പാരിപ്പള്ളി മുതല്‍ വടക്കു ശൂരനാടുവരെയും പരപ്പുള്ള കൊല്ലത്തേക്ക്‌ സ്വാഗതം.

ഞങ്ങള്‍ കൊല്ലക്കാര്‍. എല്ലാനാടിനുമുള്ളതുപോലെ ഞങ്ങള്‍ക്കുമുണ്ട്‌ ചരിത്രവും നാടോടിക്കഥകളും പ്രാദേശിക തമാശകളും പാരമ്പര്യത്തിന്റെയും നവോത്ഥാനങ്ങളുടെയും വീരഗാഥകളും മഹാരഥരുടെ കാല്‍പ്പാടു പതിഞ്ഞ മണ്ണും.

അയ്യനടികള്‍ തിരുവടികള്‍ ഈ നഗരം തലസ്ഥാനമാക്കിയതിനെത്തുടര്‍ന്ന് രാജാവിന്റെ വീട്‌ -കോ ഇല്ലം എന്ന് ആളുകള്‍ പരാമര്‍ശിച്ചു തുടങ്ങിയെന്നും കാലക്രമേണ അത്‌ കൊല്ലം എന്ന് ലോപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. ക്വൈലോണ്‍ എന്ന് പുറംരാജ്യക്കാര്‍ ഈ പട്ടണത്തെ വിളിച്ചിരുന്നത്‌ ചൈനീസ്‌ വ്യാപാരികളെ പിന്തുടര്‍ന്നാണത്രേ. ക്വൈ = വലിയ ലോണ്‍= അങ്ങാടി എന്ന രണ്ടു ചൈനീസ്‌ പദങ്ങള്‍ ചേര്‍ന്നാണ്‌ ക്വൈലോണ്‍ ആയത്‌. ഇത്‌ പട്ടണത്തിന്റെ പേര്‍. കൊല്ലം അടങ്ങുന്ന രാജ്യത്തിന്റെ പേര്‍ ദേശിംഗനാട്‌ എന്നായിരുന്നു. ഇന്നും ഒരു ദേശക്കാര്‍ എന്ന പൊതുനാമമായി ദേശിംഗനാട്ടുകാര്‍ എന്ന് അനൌദ്യോഗികമായി ഉപയോഗിച്ചുവരുന്നു.

കഥകളി പിറന്നുവീണ നാടിന്റെ, ആശ്ചര്യചൂഡാമണി എഴുതപ്പെട്ട നാടിന്റെ, ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷ അച്ചടിക്കപ്പെട്ട്‌ നാടിന്റെ ചരിത്രം മങ്ങാട്ടും അഷ്ടമുടിയിലും കണ്ടെടുത്ത നന്നങ്ങാടികളിലോ എന്നോ കടലെടുത്തു പോയ
കുരക്കേണിക്കൊല്ലത്തോ അല്ല, അതിനും മുന്‍പ്‌, ആരുമിന്നോര്‍ക്കാത്ത, അറിയാത്ത, കേട്ടിട്ടില്ലാത്ത കാലത്തില്‍ നിന്നേ തുടങ്ങുന്നു. ഈ പണ്ടുപണ്ടു കാലം പോലെ ഞങ്ങളുടെ ഇന്നലെയും ഇന്നും ഇതുപോലെ മറ്റൊരുകാലത്ത്‌ വിസ്മരിക്കപ്പെടാതിരിക്കാന്‍ ഈയൊരെളിയ സംരംഭത്തിന്‌ എന്തെങ്കിലും ചെയ്യാനാകണമെന്ന മോഹവുമായി കൊല്ലം ബ്ലോഗ്‌ ഇവിടെ തുടങ്ങുന്നു.

കൊല്ലത്തുകാര്‍ devanandpillai at gmail dot com എന്ന വിലാസത്തില്‍ ഒരു സന്ദേശമയക്കാന്‍ താല്‍പര്യപ്പെടുന്നു.