Wednesday, August 22, 2007

മാര്‍ക്കോ പോളോ കണ്ട കൊല്ലം

മാബാര്‍ രാജ്യത്തു നിന്നും അഞ്ഞൂറു മൈല്‍ തെക്കു പടിഞ്ഞാറേക്ക് സഞ്ചരിച്ചാല്‍ കോയിലം രാജ്യത്തെത്താം.

ഇവിടത്തെ ജനങ്ങള്‍ ഇന്ത്യാമതക്കാരാണ്‌, ചില ക്രിസ്ത്യാനികളും ജൂതന്മാരും കൂടി ഇവിടെ വസിക്കുന്നുണ്ട്. സ്വന്തമായൊരു ഭാഷയും രാജാവുമുള്ള ഈ രാജ്യക്കാര്‍ ആരുടെയും സാമന്തരല്ലാത്ത സ്വതന്ത്രജനതയാണ്‌.


കരിന്തകരമരങ്ങള്‍ സമൃദ്ധമായി ഇവിടെ വളരുന്നു. "ബ്രസീല്‍(വുഡ്)കോയിലം" എന്നു വിളിക്കപ്പെടുന്ന ഇവ ഒന്നാന്തരം നിലവാരമുള്ള തടിയാണ്‌. ഇഞ്ചിയും ധാരാളമായി വളരുന്നുണ്ട്, അവയും കരിന്തകരപോലെ കോയിലം രാജ്യത്തിന്റെ പേര്‍ ചേര്‍ത്താണ്‌ അറിയപ്പെടുന്നത്. കുരുമുളക് വളരെയധികമുണ്ട്, എങ്ങനെയെന്നറിയുമോ? മലഞ്ചരക്കായല്ല, ഇവിടെ കുരുമുളകു ചെടി കൃഷിയുണ്ട്, കൊടി നട്ട് വെള്ളമൊഴിച്ച് വളര്‍ത്തുന്ന കുരുമുളക് മേയ് ജൂണ്‍ ജൂലായ് മാസങ്ങളില്‍ വിളവെടുക്കുന്നു. വളരെ നല്ല ഗുണനിലവാരമുള്ള നീലവും ഇവിടെ കിട്ടും. ഒരു ചെടിയില്‍ നിന്നാണ്‌ നീലം എടുക്കുന്നത്. ചെടി ശേഖരിച്ച്, വേരു കളഞ്ഞ്, കൂറ്റന്‍ പാത്രങ്ങളില്‍ ഇട്ട് വെള്ളമൊഴിച്ചു വയ്ക്കും. ചെടി വെള്ളത്തില്‍ ലയിച്ചു ചേരും വരെ കാത്തശേഷം ആ വെള്ളം വെയിലത്തു വച്ച് വറ്റിച്ചെടുക്കുമ്പോള്‍ നമ്മള്‍ കാണുന്ന രീതിയിലുള്ള നീലം കിട്ടും. വെയിലിനു വലിയ ചൂടാണ്‌ ഈ രാജ്യത്ത്. ഇങ്ങനെ കിട്ടുന്ന നീലം നാല്‌ ഔണ്‍സ് വീതമുള്ള കട്ടകള്‍ ആക്കിയെടുത്ത് നമ്മുടെ ദേശങ്ങളിലേക്ക് ഇവര്‍ കയറ്റുമതി ചെയ്യുന്നു.

ഇവിടത്തെ ചൂട് താങ്ങാവുന്നതിലുമപ്പുറമാണെന്ന് ഞാന്‍ ഊന്നിപ്പറയട്ടെ. ഇവിടത്തെ പുഴകളില്‍ ഒരു മുട്ടയെടുത്തിട്ടാല്‍ അത് സൂര്യതാപമേറ്റ് പുഴുങ്ങിക്കിട്ടും!

മാന്‍സിയില്‍ നിന്നും അറേബ്യയില്‍ നിന്നും ലെവന്തില്‍ നിന്നും കച്ചവടക്കാര്‍ ഇവിടേക്ക് കപ്പലില്‍ വരുന്നു. അവര്‍ ഇവിടേക്കുള്ള ഇറക്കുമതിയിലും ഇവിടെ നിന്നുള്ള കയറ്റുമതിയിലും വന്‍ ലാഭം കൊയ്യുകയാണ്‌.

പലതരം വന്യമൃഗങ്ങള്‍ ഈ രാജ്യത്തുണ്ട്. ഇവിടെ കാണുന്ന സിംഹങ്ങള്‍ മറ്റുരാജ്യത്തെപ്പോലെയല്ല കറുത്ത നിറം ആണ്‌ മേലാസകലം. പലതരം തത്തകളുമുണ്ട്- ചിലവ ദേഹം മുഴുവന്‍ തൂവെള്ളയും ചുണ്ടും കാലും ചുവന്നിട്ടും, ചിലത് ചുവപ്പ്, ചിലതു നീല, പച്ചത്തത്തകളുമുണ്ട്- എന്തൊരു സുന്ദരമായ കാഴ്ച്ചയാണെന്നോ. ചില തത്തകള്‍ സാധാരണയിലും വലിപ്പമുള്ളവയാണ്‌. ഭംഗിയും നമ്മുടേതിനെക്കാള്‍ വലിപ്പവുമുള്ള മയിലുമുണ്ട്. ഈ നാട്ടിലെ കോഴികളും നമ്മുടേതില്‍ നിന്നും വ്യത്യാസമുള്ളവയാണ്‌. അവര്‍ക്കുള്ളതെല്ലാം നമ്മളില്‍ നിന്നും വ്യത്യസ്ഥവും കൂടുതല്‍ സുന്ദരവും, കൂടുതല്‍ നല്ലതുമാണെന്നല്ലാതെ ഞാന്‍ എന്തു പറയേണ്ടൂ. അവരുടെ പഴങ്ങളും മൃഗങ്ങളും പക്ഷികളുമൊന്നും നമ്മുടേതുപോലെ അല്ല, ചൂടു കാലാവസ്ഥമൂലം ആണത്.


അരിയാണ്‌ ഇവിടെയുള്ളത്, ചോളം തീരെയില്ല, അതുകൊണ്ട് അവര്‍ പനഞ്ചക്കര കൊണ്ടാണ്‌ മുഖ്യമായും വീഞ്ഞുണ്ടാക്കുന്നത്. കുടിച്ചാല്‍ ക്ഷണം ഇത് മത്തുപിടിപ്പിക്കും. മറ്റു അവശ്യസാധനങ്ങളും അവര്‍ക്ക് ധാരാളമായുണ്ട്, വിലയും തീരെ കുറവ്.

ഇന്നാട്ടുകാര്‍ ഒന്നാന്തരം ജ്യോത്സ്യന്മാരും വൈദ്യന്മാരുമാണ്‌. കറുത്തനിറക്കാരായ ഇവര്‍, ആണും പെണ്ണും, അരയില്‍ ചുറ്റിയ ഒരു തുണിയൊഴിച്ചാല്‍ നഗ്നരായി നടക്കുന്നു. ലൈംഗികമായ പാപം എന്ന സങ്കല്പ്പം തന്നെ ഇല്ലാത്ത ഇവര്‍ മുറച്ചെറുക്കന്മാരെയും മുറപ്പെണ്ണുങ്ങളെയും ഇണയാക്കുന്നു. അതുപോലെ തന്നെ സഹോദരന്റെ വിധവയെ വിവാഹം കഴിക്കുകയും ചെയ്യുന്നു- ഇന്ത്യയൊട്ടാകെ ഈ വിവാഹമുറകള്‍ നടപ്പിലുണ്ട്.

ഇവിടത്തെപറ്റി കൂടുതലൊന്നും പറയാനില്ല, ഇനി നമുക്ക് കൊമരി എന്ന രാജ്യത്തേക്കു കടക്കാം.

(മാര്‍ക്കോ പോളോയുടെ യാത്രകള്‍- സമ്പൂര്‍ണ്ണ ഗ്രന്ഥം യൂള്‍ കോര്‍ഡിയര്‍ എഡിഷന്‍, രണ്ടാം വാല്യം അദ്ധ്യായം ഇരുപത്തിരണ്ട്. ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ഞാന്‍ ചെയ്തത്)

വിശദീകരണക്കുറിപ്പ്:
മാര്‍ക്കോ പോളോ ല്‍ ചൈനീസ് ചക്രവര്‍ത്തി കുബ്ലേ ഖാന്റെ ഔദ്യോഗിക യാത്രികനായി ഇന്ത്യയില്‍ സഞ്ചരിച്ചു വരവേ ക്രി വ. 1275ല്‍ കൊല്ലം സന്ദര്‍ശിച്ചു. അദ്ദേഹം മബാര്‍ (മലബാര്‍) രാജ്യത്തു നിന്നും കൊമരി (കന്യാകുമാരി) രാജ്യത്തേക്ക് പോകവേ ആണ്‌ കൊല്ലത്തെത്തിയത്. അദ്ദേഹം ഉണ്ടെന്ന് പറയുന്ന കറുത്ത സിംഹം കരിമ്പുലി ആയിരിക്കാനാണു സാദ്ധ്യത. അതുപോലെ തന്നെ നീലത്തത്തകള്‍ ഒരുപക്ഷേ നീല്‍ഗിരി ഫ്ലൈ ക്യാച്ചറോ ബ്ലൂ വിങ്ഡ് പാരകീറ്റോ ആയിരിക്കണം. അദ്ദേഹം പറയുന്ന ലെവന്ത് മെസപ്പട്ടേമിയയ്ക്കടുത്തുള്ള ഒരു നാടായിരുന്നു, മാന്‍സി എവിടെയെന്ന് മനസ്സിലായില്ല, സൈബീരിയന്‍ മാന്‍സി ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം)