Wednesday, January 24, 2007

ജനാര്‍ദ്ദനന്‍ (എന്ന മനുഷ്യന്‍) എന്ന ശില്‌പി



ഒരു ശില്‌പി എന്ന് കേള്‍ക്കുമ്പോഴുണ്ടാകുന്ന ആദ്യപ്രതീതിക്ക്‌ നേരെ വിരുദ്ധമായ ഒന്നാണ്‌ ജനാര്‍ദ്ദനനെ കണ്ടപ്പോഴുണ്ടായത്‌.

പ്രസന്നമായ മുഖം, നിഷ്കളങ്കമായ ഇടപെടല്‍, ഗൗരവത്തോടെ സംസാരിക്കുമ്പോഴും ഔദ്ധത്യത്തിന്റെ അംശം തീണ്ടാത്ത ഒരു സാധാരണ മനുഷ്യന്‍. പൊതുവേ വ്യവസ്ഥാപിത കലാകാരന്മാരില്‍ ഇപ്പറഞ്ഞതില്‍ ഏതെങ്കിലുമൊന്നിന്റെയെങ്കിലും അഭാവമുണ്ടാകാറുണ്ട്‌, വളരെ പ്രകടമായിത്തന്നെ. ജനാര്‍ദ്ദനന്‍ അങ്ങനെയല്ലാത്തതിന്‌ കാരണം അദ്ദേഹം ഒരു വ്യവസ്ഥാപിതകലാകാരനല്ല എന്നത്‌ തന്നെ.

കൊല്ലം ജില്ല ചുരുക്കം ചില ശില്‌പികള്‍ക്കും ചിത്രകാരന്മാര്‍ക്കും ജന്മം നല്‌കിയിട്ടുണ്ട്‌. അവരില്‍ പലരും പേരു കേട്ട കലാപഠനകേന്ദ്രങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരും ചോളമണ്ഡലത്തിലും വിദേശത്തുമൊക്കെയായി കലാസപര്യ തുടര്‍ന്നവരുമാണ്‌. ജനാര്‍ദ്ദനന്‍ എന്ന ശില്‌പി അക്കാദമിക്‌ കലാപഠനം നടത്തിയിട്ടില്ല. വിദ്യാഭ്യാസം തന്നെ സ്കൂള്‍ തലത്തിനപ്പുറം പോയിട്ടില്ല. ഉപജീവനത്തിനായി ചെയ്യുന്ന തൊഴിലാകട്ടെ മുടിവെട്ടലും. ഇതെല്ലാം ഒരു കലാകാരന്‌ മേന്മ ചാര്‍ത്തിക്കൊടുക്കുന്ന സംഗതികളല്ല, തീര്‍ച്ചയായും. എന്നാല്‍ ജനാര്‍ദ്ദനന്റെ കലയ്ക്ക്‌ ചില മേന്മകളുണ്ട്‌ താനും.



അസാമാന്യമായ കരവിരുതാണ്‌ അതില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത്‌. ശില്‌പകലയില്‍ (ഒരു പക്ഷേ, ഏതൊരു കലയിലും) ക്രാഫ്റ്റിനുള്ള പ്രാധാന്യം അദ്വിതീയമാണല്ലോ. ഏറെ വര്‍ഷങ്ങള്‍ സമര്‍പ്പണബുദ്ധിയോടെ നിരന്തരപരിശ്രമം നടത്തി ആര്‍ജ്ജിച്ച കൈത്തഴക്കം കൃത്യതയോടെ പ്രതിഫലിക്കുന്നു, ജനാര്‍ദ്ദനന്റെ ശില്‌പങ്ങളില്‍. രൂപങ്ങളുടെ അനുപാതങ്ങളില്‍ ആധുനികമെന്നു വിളിക്കാവുന്ന രീതിയിലുള്ള സ്ഥൂലീകരണം പല ശില്‌പങ്ങളിലും കാണാമെങ്കിലും നൂതനചിന്തകള്‍ക്കും വ്യത്യസ്തമായ ആവിഷ്കാരരീതികള്‍ക്കും വേണ്ടി നിലകൊള്ളുന്ന നവീനകലാകാരന്മാരെക്കാള്‍ ജനാര്‍ദ്ദനന്‌ സാമ്യമുള്ളത്‌ പരമ്പരകളായി ശില്‌പനിര്‍മ്മാണം നടത്തുന്നവരോടാണ്‌. ഇത്‌ ഒരു പക്ഷേ എന്റെ വ്യക്തിപരമായ ചിന്തയായിരിക്കാം. എങ്കിലും, ജനാര്‍ദ്ദനന്‍ മുളയില്‍ കൊത്തിയെടുത്ത മുഖങ്ങളിലേക്കു നോക്കി നിന്നപ്പോള്‍ ഒരു ഗോത്രകലയുടെ അനന്യതയാണ്‌ അനുഭവപ്പെട്ടത്‌; ആധുനിക വിവക്ഷകളല്ല.



ജനാര്‍ദ്ദനന്‍ ജനിച്ചത്‌ കൊല്ലത്ത്‌ തേവള്ളിയിലാണ്‌. 1947 ആഗസ്റ്റ്‌ 15 ന്‌. ജന്മദിനത്തെപ്പറ്റി പറയുമ്പോള്‍ അത്‌ സ്വാതന്ത്ര്യദിനം തന്നെയായതിലുള്ള യാദൃശ്ചികത ജനാര്‍ദ്ദനന്റെ മുഖത്ത്‌ ഒരു നിഷ്കളങ്ക കൗതുകമായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ നീലകണ്ഠന്‌ മിലിറ്ററിയിലായിരുന്നു ജോലി. അദ്ദേഹം ജനാര്‍ദ്ദനന്റെ കുട്ടിക്കാലത്തു തന്നെ മരണമടഞ്ഞു. അതിനു ശേഷമാണ്‌ ജനാര്‍ദ്ദനന്‍ ഒരു ബാര്‍ബറുടെ സഹായിയായി കൂടിയത്‌. പതിനെട്ടാം വയസ്സില്‍ മറ്റൊരാളുടെ സഹായത്തോടു കൂടി ഒരു ബാര്‍ബര്‍ ഷോപ്പ്‌ തുടങ്ങി. അക്കാലത്ത്‌ തന്നെ കിട്ടുന്ന മരക്കഷണങ്ങളിലൊക്കെ രൂപങ്ങള്‍ കൊത്തുകയെന്ന വിനോദവുമുണ്ടായിരുന്നു.

യൗവനത്തില്‍ ശില്‌പകലയോടുള്ള ആഭിമുഖ്യത്തോടൊപ്പം തന്റെ മനസ്സില്‍ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിയും വേരുറച്ചത്‌ തികച്ചും സ്വാഭാവികമായിരുന്നുവെന്ന് ജനാര്‍ദ്ദനന്‍ കരുതുന്നു. തീവ്ര ഇടതുപക്ഷപ്രവര്‍ത്തനത്തില്‍ ഒട്ടൊക്കെ സജീവമായിത്തന്നെ പ്രവര്‍ത്തിച്ചിരുന്ന അക്കാലത്തെപ്പറ്റി ആവേശവും ഗൃഹാതുരത്വവും നിറഞ്ഞ ഓര്‍മ്മകള്‍ മാത്രമേയുള്ളൂ, അദ്ദേഹത്തിന്‌. കോസലരാമദാസിനെപ്പോലുള്ളവരുമായുണ്ടായിരുന്ന അടുപ്പവും അവരില്‍ നിന്ന് പകര്‍ന്നു കിട്ടിയ പല തിരിച്ചറിവുകളുമൊക്കെ ജനാര്‍ദ്ദനന്റെ ഹൃദയച്ചുമരിലെ മങ്ങാത്ത ശില്‌പങ്ങളായി നിലകൊള്ളുന്നു.

ജനാര്‍ദ്ദനന്റെ കമ്മ്യൂണിസ്റ്റ്‌ അനുഭാവത്തിന്‌ കര്‍ക്കശസ്വഭാവമില്ല. വ്യക്തിസ്വാതന്ത്ര്യത്തെ താന്‍ അങ്ങേയറ്റം വിലമതിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. സംവാദങ്ങളിലും സംഭാഷണങ്ങളിലുമാണ്‌ മനുഷ്യകുലത്തിന്റെ ജീവനമന്ത്രം കുടിയിരിക്കുന്നതെന്ന് ഉറച്ചുവിശ്വസിക്കുന്നു ഈ ശില്‌പി. അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു സൗഹൃദം, ഏതെങ്കിലുമൊരു സുഹൃത്ത്‌ "ഇതൊന്നു നോക്കൂ ചേട്ടാ." എന്നു പറഞ്ഞുകൊണ്ട്‌ നല്‌കുന്ന ഒരു പുസ്തകം, ഇതൊക്കെ നല്‌കുന്ന ആനന്ദം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അളവറ്റതാണ്‌. "പൊതുവേ കലകള്‍ക്ക്‌ പ്രോത്സാഹനകരമായത്‌ നാടുവാഴിത്തവും മുതലാളിത്തവുമൊക്കെയാണല്ലോ?" എന്ന ചോദ്യത്തിന്‌ "ശരിയാണ്‌. ഒരു പക്ഷേ കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥിതിയില്‍ കലയുടെ ധര്‍മ്മം പൊലീസുകാര്‍ക്ക്‌ പ്രചോദനം നല്‌കുക എന്നത്‌ മാത്രമായേക്കാം!" എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം, ഒരു ചിരിയുടെ അകമ്പടിയോടെ.



അതേ സമയം തന്നെ കലാകാരന്‌ സമൂഹത്തോട്‌ പ്രതിബദ്ധത വേണമെന്ന് ഉറച്ചു വിശ്വസിക്കുന്നു, ജനാര്‍ദ്ദനന്‍. എന്നാല്‍ ആ പ്രതിബദ്ധത പ്രചാരണസ്വഭാവമുള്ളതായിരിക്കണമെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലോ ശില്‌പങ്ങളിലോ ഇല്ല. തന്റെ ഏതൊരു ശില്‌പവും നിര്‍ജ്ജീവത പേറുന്ന ഒരു ദാരുസാന്നിദ്ധ്യം എന്ന നിലയിലല്ല കാഴ്ചക്കാരനുമായി സംവേദിക്കുന്നതെങ്കില്‍ അതിന്റെ അര്‍ത്ഥം തന്റെ കല പ്രതിബദ്ധത എന്ന ധര്‍മ്മം നിറവേറ്റുന്നുവെന്നതാണെന്ന് അദ്ദേഹം കരുതുന്നു. പ്രതിബദ്ധത എന്ന വാക്കിനെ ഇങ്ങനെ വളരെ വിശാലമായ ഒരു ക്യാന്‍വാസില്‍ കാണുകയെന്നത്‌ മുന്‍വിധികളില്ലാത്ത കലാകാരന്മാര്‍ക്കു മാത്രം വഴങ്ങുന്ന ഒരു കലയാണ്‌. (ജനാര്‍ദ്ദനന്റെ ശില്‌പങ്ങളെല്ലാം തന്നെ മനുഷ്യരൂപങ്ങളാണ്‌. അവയില്‍ മുഖത്തിന്‌ നല്‌കുന്ന 'അമിതപ്രാധാന്യ'ത്തെക്കുറിച്ച്‌ ചോദിച്ച ചിത്രകാരനായ സുഹൃത്തിനോട്‌ 'മുഖമില്ലാതെ എന്തു മനുഷ്യന്‍?' എന്നൊരു മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.)

ജനാര്‍ദ്ദനനോട്‌ ഏറെ നേരം സംസാരിച്ചപ്പോള്‍ ബൗദ്ധികമായ കാര്‍ക്കശ്യം പേറുന്ന നിരീക്ഷണങ്ങള്‍ അദ്ദേഹത്തിന്‌ ഏറെ പരിചിതമല്ല എന്ന തോന്നലാണെനിക്കുണ്ടായത്‌. "ഇംഗ്ലീഷ്‌ വായിക്കാനറിയില്ല ," എന്ന് പറയുന്നതിന്‌ യാതൊരു ജാള്യതയുമില്ല ഈ ശില്‌പിക്ക്‌. ഏതൊരു കാര്‍ക്കശ്യത്തിനും വിജ്ഞാനത്തിനും അവഗണിക്കാന്‍ കഴിയാത്ത വിധം നൈസര്‍ഗ്ഗികമാണ്‌ തന്റെ ഉളിയുടെ ചലനങ്ങളെന്ന തിരിച്ചറിവ്‌ അദ്ദേഹത്തിന്‌ തീര്‍ച്ചയായും ഉണ്ടായിരിക്കണം.

അതുപോലെ തന്നെ, 'ബാങ്ക്‌ ബാലന്‍സ്‌' എന്ന വാക്ക്‌ ചിന്തയില്‍ പോലും വരാത്ത വിധം നിസ്വനാണ്‌ ജനാര്‍ദ്ദനന്‍. പക്ഷേ ദാരിദ്ര്യം എന്ന അവസ്ഥയെ തീരെ അപകര്‍ഷതയില്ലാതെ കാണാന്‍ സഹായിക്കുന്ന എന്തോ ഒന്നിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട്‌ അദ്ദേഹത്തിന്റെ ജീനുകളില്‍.

ജനാര്‍ദ്ദനന്റെ ശില്‌പങ്ങള്‍, ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞതു പോലെ, ആധുനിക കലാസ്വാദനത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ കാണുകയെന്നത്‌ പ്രയാസം തന്നെ. ഹെന്റി മൂറിന്റെയോ രാം കിങ്കറിന്റെയോ ശില്‌പങ്ങള്‍ക്ക്‌ വിലയിടുന്ന കണ്ണുകൊണ്ട്‌ ജനാര്‍ദ്ദനന്റെ ശില്‌പങ്ങള്‍ക്ക്‌ വിലയിടാനാവില്ല. പക്ഷേ തീര്‍ച്ചയായും അവയ്ക്കൊരു വിലയുണ്ട്‌. ശില്‌പകലയോടുള്ള സ്നേഹം രക്തത്തില്‍ പേറുന്ന, തന്നാലാവുന്ന വിധം നിഷ്കളങ്കമായി ഈ ലോകത്തെ നോക്കിക്കാണുന്ന ഒരു മനുഷ്യന്റെ ജീവിതസപര്യയുടെ വില.

Saturday, January 13, 2007

തേവള്ളി കൊട്ടാരം


കൊല്ലം നഗരത്തിന്റെ വാസ്തുശില്‍പ പൈതൃകത്തിന്റെ ഉത്തമ ഉദാഹരണ ങ്ങളിലൊന്നാണ്‌ തേവള്ളികൊട്ടാരം. അഷ്ടമുടിക്കായലിന്റെ മനോഹാരിത കൊണ്ട്‌ ആകര്‍ഷകമായ തേവള്ളി പ്രദേശത്തെ, ഒന്നുകൂടി പ്രശോഭിപ്പിക്കുന്നു, തിരുവിതാംകൂറിന്റെ അധികാര പരിധിയില്‍ പെട്ട പ്രധാനസ്ഥലങ്ങളെ ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായി 1840 ല്‍ പണികഴിപ്പിക്കപ്പെട്ട ഈ കൊട്ടാരം.

അക്കാലത്ത്‌ രാജകുടുംബാംഗങ്ങള്‍ അവധിക്കാലം ചിലവഴിക്കാനും ഒപ്പം അധികാരം നടത്താനും ഉപയോഗിച്ചിരുന്ന ഈ കൊട്ടാര സമുച്ചയത്തിന്‌ ഏതാണ്ട്‌ 63800 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്‌. രാജകൊട്ടാരം, അന്തപ്പുരം, ഊട്ടുപുര, ഒപ്പം വളരെയധികം ആകര്‍ഷകവും കൊത്തുപണി കളാലംകൃതമായ കായല്‍ കടവും. കായല്‍മുഖത്തുനിന്നുമാണ്‌ പ്രധാന പ്രവേശനമാര്‍ഗമെന്നതിനാല്‍ തന്നെ അഷ്ടമുടിയെ അഭിമുഖീകരിച്ചു നില്‍ക്കും വിധമാണ്‌ പ്രധാനകെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കാണാം.

കടവില്‍ നിന്നും മുകളിലേക്ക്‌ ആനയിക്കുന്ന പടികെട്ടുകള്‍ രണ്ടായി വഴിപിരിഞ്ഞ്‌ ഇടതുഭാഗത്ത്‌ പ്രാധാനകെട്ടിടമായ കൊട്ടാരത്തിലേക്കും, വലത്‌ ഭാഗത്തുകൂടിയുള്ളത്‌ ചൈനീസ്‌ വാസ്തുശില്‍പരീതിയുടെ സ്വാധീനം നിഴലിക്കുന്ന ഒരു മണ്ഡപത്തിലേക്കുമാണ്‌. രാജാവിന്റെ വാദ്യോപകരണ സംഘം ഉപയോഗിച്ചിരുന്ന ഈ മണ്ഡപത്തിന്റെ ശില്‍പവേലകളും ശ്രദ്ധേയം. പ്രാധാനകൊട്ടാരത്തിന്റെ രാജാവുപയോഗിച്ചിരുന്ന വിശാലമായ മുറി, നൃത്ത മണ്ഡപവുമായും ബന്ധപ്പെടുത്തിയിരിക്കുന്നു. ഇതിനോട്‌ ചേര്‍ന്നുള്ള ഏകദേശം 22മീറ്ററോളം ഉയരമുള്ള വലിയ ഗോപുരം വൃത്താകൃതിയിലുള്ള മരഗോവണിയെ ഉള്‍ക്കൊള്ളുന്നു.ഈ ഗോവണിയുടെ ചെമ്പ്‌ തകിടിനാല്‍ പൊതിഞ്ഞ കൈവരികള്‍ സാധാരണ കേരളീയ വാസ്തുരീതിയില്‍ കാണാത്ത തരമാണ്‌.

പ്രധാനകെട്ടിടത്തിന്റെ വരാന്തയിലുള്ള കമാനങ്ങളും ശില്‍പവേലകളും ചെങ്കല്ലില്‍ കടഞ്ഞെടുത്ത്‌ കുമ്മായചാന്തുപൂശിയ തൂണുകളും , ടെറാകോട്ടയില്‍ തീര്‍ത്ത കൈവരികളും ആകര്‍ഷകമാണ്‌. മുന്‍ഭാഗത്തുള്ള സൂചിസ്തംഭാകൃതിയിലുള്ള മേല്‍പ്പുരയുടെ കൊത്തുപണികളാലംകൃതമായ കഴുക്കോലുകള്‍, തച്ചുശാസ്ത്രവിദ്യയുടെ മഹത്വം സൂചിപ്പിക്കുമാറ്‌ ഒരൊറ്റ ബിന്ദുവിലേക്ക്‌ സംയോജിപ്പിച്ചിരിക്കുന്നു.

കൃത്യമായ അനുപാതവും, യോജിപ്പാര്‍ന്ന അളവുകളും, താളക്രമമുള്ള ഘടനയും തുലനാവസ്ഥയിലുള്ള ശൈലിയും പിന്തുടര്‍ന്നുള്ള രൂപകല്‍പ്പനയില്‍ കായലിന്റെ സാമീപ്യം വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. കായലില്‍ നിന്നുമുള്ള വീക്ഷണത്തിന്‌ മാറ്റ്‌ കൂട്ടുമാറ്‌ കായലിനഭിമുഖമായുള്ള വശങ്ങള്‍ ശില്‍പവേലയാല്‍ സമൃദ്ധമാക്കുന്നതിനും, ഒപ്പം കായലിലേക്കുള്ള നോട്ടത്തിനെന്നോണം ആ വശത്ത്‌ ജാലകങ്ങളുടെ നീണ്ടനിരയൊപ്പിക്കാനും വരാന്തകള്‍ വിന്യസിക്കുന്നതിനും ശ്രമിച്ചിരിക്കുന്നു.

പാരമ്പര്യ തച്ചുശാസ്ത്രത്തിനടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും വൈദേശിക രീതികള്‍ കടംകൊണ്ടിട്ടുമുണ്ട്‌, പക്ഷേ അവയുടെ ശരിയായ അളവിലുള്ള സമന്വയം തേവള്ളികൊട്ടാരത്തിന്‌ വ്യക്തവും വിരളവുമായ താളക്രമം പകര്‍ന്നുനല്‍കുന്നുമുണ്ട്‌.

കുറേക്കാലം ബ്രിട്ടീഷ്‌ അധികാരികളുടെ അതിഥിമന്ദിരാമായൊക്കെ ഉപയോഗിച്ചിരുന്ന കൊട്ടാരം ഇപ്പോള്‍ എന്‍.സി.സി യുടെ ഡിവിഷണല്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ ആയി ഉപയോഗിച്ച്‌ വരുന്നു. ഇതിലേക്കായി കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരകൊണ്ട്‌ ചില കൂട്ടിയോജിപ്പിക്കല്‍ ഒക്കെ നടത്തിയിരിക്കുന്നത്‌ ആകയുള്ള രൂപഭംഗിക്ക്‌ അല്‍പമെങ്കിലും കോട്ടമായിട്ടുണ്ട്‌, അതുപോലെ തന്നെ സംരക്ഷണ ത്തിനെന്നോണം വാദ്യ മണ്ഡപത്തിനുമുകളില്‍ തകര ഷീറ്റിട്ടിരിക്കുന്നത്‌ കണ്ണിലെ കരടാവുന്നു.
മറഞ്ഞ്‌ പോയൊരു കാലഘട്ടത്തിന്റെ പ്രൗഢിയുടെ അവസാന കണ്ണികളിലൊന്നായ കൊട്ടാരകെട്ടും പരിസരവും കൂടുതല്‍ സംരക്ഷണമര്‍ഹിക്കുന്നു.

ഫോട്ടോ: കണ്ണന്‍ ഷണ്മുഖം