Tuesday, September 23, 2008

മത്സ്യകന്യക

പശ്ചാത്തലം
മീന്‍പിടിയ്ക്കുന്നതിനപ്പുറം, കടലിലിറങ്ങി എന്തെങ്കിലും പര്യവേഷണം ചെയ്യാനുണ്ടെന്ന് വിചാരിച്ചിരുന്ന സംസ്കാരങ്ങളിലെല്ലാം, കടലില്‍ പോകുന്നതും, ദൂരദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതും സംസ്കാരത്തിന്റെ ഭാഗമായയിടങ്ങളിലെല്ലാം, മുത്തശ്ശിക്കഥകളില്‍ മത്സ്യകന്യകകള്‍ കടന്നുകൂടിയിട്ടുണ്ട്. കരയില്‍നിന്ന് കൂടുകുടുംബങ്ങള്‍ക്കകലെ വളരെയേറെക്കാലം കഴിയുന്ന നാവികരെ സംബന്ധിച്ചിടത്തോളം അത്തരം മിത്തുകള്‍ക്ക് ചിലപ്പോ മുത്തശ്ശിക്കഥകളെന്നതിലുപരി മൂല്യമുണ്ടാ‍കാം. അതുകൊണ്ട് തന്നെ യൂറോപ്പിലും മറ്റും മെര്‍മേയ്ഡുകള്‍ വളരെ വ്യാപകമായ ഒരു സങ്കല്‍പ്പമാണ്. ഡെന്മാര്‍ക്കിലെ ദേശീയ ചിഹ്നം തന്നെയായ ലിറ്റില്‍ മെര്‍മേഡ് എന്ന ശില്‍പ്പം പ്രശസ്തമാണ്, മനോഹരവുമാണ്. യൂറോപ്പിലെ തീരങ്ങളിലങ്ങോളമിങ്ങോളം മത്സ്യ കന്യകമാരുടെ ശില്‍പ്പങ്ങള്‍ കാണാം.

അനുഭവം
കാനായി കുഞ്ഞിരാമന്റേതായി മലമ്പുഴയില്‍ ഒരു ശില്‍പ്പമുണ്ട്. വളരെ ചെറിയ പ്രായത്തില്‍ മലമ്പുഴയില്‍ ചെന്നപ്പോഴാണത് ആദ്യം കാണുന്നത്. സ്ത്രീ ലൈംഗികാവയവങ്ങളുടേ തുറന്നുകാട്ടല്‍ ഹരമാകാന്‍ തുടങ്ങിയ പ്രായത്തിനും വളരെ മുന്‍പേ തന്നെയാണ് ....ഒരു വിഗ്രഹത്തിലെന്ന പോലെ കണ്ണുകള്‍ പറിച്ചെടുക്കാനാവാതെ നോക്കിനിന്നിട്ടുണ്ട് ആ ശില്‍പ്പത്തില്‍. യക്ഷിയെന്ന മനോഹാരിതയെ എത്ര നന്നായാണ്, എത്ര ജീവനോടേയാണ് ഈ വാര്‍ത്ത് വച്ചിരിയ്ക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.
ആ മുഖത്തെ ശാന്തത പിന്നീടൊരിയ്ക്കലും മറന്നിട്ടില്ല. പലപ്പോഴും ക്രൂരമായ മുഖഭാവങ്ങളോടെ വിചാരിച്ചിരുന്നെങ്കിലും യക്ഷി ആ ശില്‍പ്പം പോലെ മനോഹരിയാണല്ലോ, അപകടകാരിയല്ലല്ലോ എന്നോര്‍ത്ത് ട്യൂഷന്‍ കഴിഞ്ഞു വരുമ്പോള്‍ കാവിനടുത്തൂടേ നടന്നുപോകാന്‍ പലപ്പോഴും ധൈര്യം വന്നിട്ടുണ്ട്.

പിന്നീട് വളര്‍ന്നപ്പോള്‍ കാലുകളകറ്റിയുള്ള ആ ഇരുപ്പില്‍ എത്ര ലളിതമായാണ് ഒരു ജതതതിയുടെ, പത്ത് നാനൂറ് കൊല്ലങ്ങളായി അടിച്ചമര്‍ത്തിയിരുന്ന,അതുകൊണ്ട് തന്നെ വളരെ പെര്‍വെര്‍ട്ടഡ് ആയിരിക്കുന്ന ലൈംഗികബോധത്തിനെതിരേ കാനായി കലാപം കൂട്ടിയതെന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുമുണ്ട്.
കൊല്ലത്ത് കാര്‍ത്തിക ഹോട്ടലിനു മുന്‍പിലെ അത്ര റിയലിസ്റ്റിക്കല്ലാത്ത നഗ്നതാപ്രതിമകള്‍ പോലും ഈ എഫ് ടീവീ സമയത്തും അശ്ലീലമാകുന്നതിലെ വൈരുദ്ധ്യമോര്‍ക്കുമ്പോഴാണ് അതിന്റെ ആഴം വ്യക്തമായി മനസ്സിലാകുന്നത്.

ബിംബകല്‍പ്പന
യക്ഷിയെ മലയാളിയുടെ ജൈവിക സ്വത്വം എത്രത്തോളം ഉള്‍ക്കൊള്ളുന്നുവോ അത്രതന്നെ മെര്‍മേയ്ഡ് എന്ന ഐഡന്റിറ്റി അവന് അന്യമാണ്. കടലുമായി ബന്ധപ്പെട്ട ഏതെങ്കിലും ബിംബബോധം മലയാളിയ്ക്കുണ്ടെങ്കില്‍ അത് കടലമ്മയെന്ന സങ്കല്‍പ്പമാണ്.കടല്‍ അവനിലെ ചെറിയൊരു കൂട്ടര്‍ക്കെങ്കിലും അന്നം നല്‍കുന്ന അമ്മയാണ്. ഗൂഡരഹസ്യങ്ങളൊളിപ്പിച്ച മത്സ്യകന്യകയല്ല.അത്തരമൊരു സങ്കല്‍പ്പം താങ്ങുവാനുള്ള ത്രാണി ഒരു ദിവസം കൊണ്ട് തുഴയുന്നതിനപ്പുറം കടലില്‍ പോകാത്ത മലയാളിയ്ക്ക് അന്നുമില്ല, ഇന്നുമില്ല. അവിടെയാണ് യക്ഷിയും ജലകന്യകയും ഒരു ജനതയുടെ ജീവിതത്തിന്റെ ആവിഷ്കാരമെന്ന നിലയില്‍ വ്യത്യസ്തമാകുന്നത്.

കാര്യം
കൊല്ലം ബീച്ചിലിരിയ്ക്കുന്ന മത്സ്യ കന്യകയെപ്പറ്റിയാണ് സംസാരം...

കടലിനെ നോക്കിയിരിയ്ക്കുന്ന സ്ത്രീശില്‍പ്പങ്ങള്‍ക്ക്‍ തുണിയില്ലാതെയിരുന്നാല്‍ കുഴപ്പമില്ലയെന്ന് മലയാളിയുടെ ബുദ്ധിജീവി കലാസ്വാദന ജാട സമ്മതിയ്ക്കുന്നത് കൊണ്ടാ‍വണം മത്സ്യ കന്യകമാരെ അവിടേയുമിവിടേയുമൊക്കെ കാണുന്നത്. അല്ലേല്‍ ശരാശരി മലയാളി തുണിയില്ലാത്ത പടം പരസ്യമായി കാണുമ്പോ പൊതുവേ മുഖം ചുളിയ്ക്കും. രഹസ്യമായി ആരുടേയും തുണിപൊക്കാന്‍ അങ്ങനെയാണ് അവന് ഊര്‍ജ്ജം ലഭിയ്ക്കുക.

എന്തായാലും അമ്പലങ്ങളുടെ കെട്ടുകള്‍ക്ക് പുറത്ത് നേതാക്കന്മാരുടെ പ്രതിമകളെയല്ലാതെ മറ്റെന്തെങ്കിലും ശില്‍പ്പകലാരൂപം കാണുന്നത് നല്ലതുതന്നെ.എന്തെങ്കിലും പ്രതിമകണ്ടാല്‍ ഉടന്‍ അതേല്‍ മാലയിടാനും വിളക്കുവയ്ക്കാനുമുള്ള ത്വര ഭാരതീയന് ഇന്നും കൈമോശം വന്നിട്ടില്ല. ഉപയോഗിയ്ക്കാനറിയാവുന്നവര്‍ മുക്കിനുമുക്കിന് അതിനെ ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്.അതു പോട്ടേ..

പൊതുവേ ഇത്തരം ശില്‍പ്പങ്ങളുണ്ടാക്കുന്നത് കാനായി കുഞ്ഞിരാമനായതു കൊണ്ട് ഇതും ഉണ്ടാക്കിയത് അദ്ദേഹമാണെന്നാണ് ജനങ്ങളേല്ലാം പറയുന്നത്. ഞാന്‍ തിരക്കിയപ്പോള്‍ അടുത്തുനിന്നവരും ബന്ധുക്കളുമെല്ലാം കാനായിയുടെ തലയില്‍ ഈ പ്രതിമയെ വച്ചുകെട്ടി. എനിയ്ക്ക് യാതൊരു ഉറപ്പുമില്ല.അങ്ങനെ തോന്നുന്നുമില്ല.

ആദ്യം തന്നെ കാനായി അല്ല ഇത് ചെയ്തതെന്ന് ഉറപ്പിയ്ക്കാന്‍ പല കാരണങ്ങളുണ്ട്. മുഖ്യമായത് കാനായി കുഞ്ഞിരാമന്‍ തന്നെ മത്സ്യകന്യകയുടെ മനോഹരമായൊരു ശില്‍പ്പം ചെയ്തത് ശംഖുമുഖത്തുണ്ട്.ഒരു കലാസൃഷ്ടിയെന്ന നിലയില്‍ അതിന്റെ അടുത്തെങ്ങും ഈ ശില്‍പ്പമില്ല. പ്രകൃതിയോടും ലാന്‍ഡ്സ്കേപ്പിനോടും ചേര്‍ന്നു നില്‍ക്കുന്ന യക്ഷിയും ശംഖുമുഖത്തെ മത്സ്യകന്യകയും വേളി കലാഗ്രാമവും പോലെയുള്ള സൃഷ്ടികളോട് കൊല്ലത്തെ ഈ ശില്‍പ്പത്തെ താരതമ്യം ചെയ്യാന്‍ പോലും വയ്യ.
പാലക്കാടന്‍ കുന്നുകളുടേ ലംബമായ നില്‍പ്പിനോട് ചേരുന്ന രീതിയിലാണ് യക്ഷിയുടെ ഇരു‍പ്പെങ്കില്‍ തിരശ്ചീനമായ കടപ്പുറത്തിന്റെ കിടപ്പിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ശംഖുമുഖത്തെ മത്സ്യകന്യയെന്ന് കാനായി തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ലാന്‍ഡ്സ്കേപ്പിനോടും പ്രകൃതിയോടും ചേര്‍ന്നല്ലാതെ അദ്ദേഹം ഇങ്ങനെയൊരു വടിവിഴുങ്ങിയ ശില്‍പ്പം ചെയ്യുമെന്ന് വിചാരിയ്ക്കുക‍ പോലും അബദ്ധമാകുന്നു. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ തിരുവള്ളൂവരുടേതാണെന്ന് പറഞ്ഞ് കൊണ്ട് വച്ചിരിയ്ക്കുന്ന പ്രതിമപോലെ, പ്രകൃതിയും ശില്‍പ്പവും തമ്മിലുള്ള പാരസ്പര്യം എവിടേയോ ഈ ശില്‍പ്പത്തിനു നഷ്ടമാകുന്നു.

ആ ചെറിയ പാര്‍ക്കിന്റെ ഓരത്ത് തലങ്ങും വിലങ്ങും ലൈന്‍‌കമ്പികള്‍ക്കിടയില്‍ യാതൊരു അനുപാതവുമില്ലാതെ ആ ശില്‍പ്പമിരിയ്ക്കുന്നത് കാണുമ്പോള്‍ കൊല്ലംകാരന്റെ കലാസ്വാദന ശേഷിയെക്കുറിച്ച് നല്ല മതിപ്പുതോന്നും.

കൊല്ലവും ശില്‍പ്പകലയും
നമ്പൂതിരിയുടേയും ജയപാലപ്പണിക്കരുടേയും എം വീ ദേവന്റേയും കാനായിയുടേയുമൊക്കെ ശില്‍പ്പങ്ങള്‍ രവിമുതലാളിയുടേയും പട്ടത്തുവിളയുടേയുമൊക്കെ സ്വകാര്യ സമ്പത്തിലും ഹോട്ടലുകളിലും വളരെയുണ്ട് എന്ന് മേനിപറഞ്ഞ് ശീലിച്ച ശരാശരി ബുദ്ധിജീവി/അണ്ടിയാപ്പീസുമാനേജര്‍ കൊല്ലംകാരനോട് കാര്‍ത്തിക ബാറിനകത്ത് മട്ടന്‍ ചാപ്സിന്റെ പാടുകള്‍ ഒലിച്ചിറങ്ങിയ ദേവനേയും, പ്രണവം തീയേറ്ററില്‍ കറുത്ത് കറുത്ത് നില്‍ക്കുന്ന നമ്പൂതിരിയേയും നാണീ അഞ്ചുനക്ഷത്രഹോട്ടലിന്റെ തൂണുകളില്‍ കസേരചാരിയ പാടുകളില്‍ ചളുങ്ങിക്കൊണ്ടിരിയ്ക്കുന്ന നമ്പൂതിരിയുടെ ചെമ്പു ചരിത്ര ഇലസ്ട്രേഷനെയുമൊക്കെ കാണിച്ചുകൊടുക്കാം.

കലാകാരനേയും കലയേയും മേടകള്‍ അലങ്കരിക്കാന്‍ മാത്രമല്ല കടലില്‍ തുഴയുന്നവനും അന്തിയോളം വിയര്‍ക്കുന്നവനും ഒരു നോക്കുനോക്കി ചിരിയ്ക്കാനും ചിന്തിയ്ക്കാനും ഉപയോഗിയ്ക്കാം എന്നും, ഏതു മുതലാളിയേയുംകാള്‍ അധ്വാനത്തിന്റെ വിലയറിയുന്നവന് എന്ത് കലാരൂപവും മനസ്സിലാകും എന്നുമുള്ള ചിന്ത, ഒരു നവോദ്ധാനം, മലയാളിബുദ്ധിജീവി മനസ്സിലും ഭരണാധികാരിവര്‍ഗ്ഗത്തിലും എന്നാണാവോ ഉണ്ടാകുക?

പ്രത്യേകിച്ച് അളവുകോലൊന്നുമില്ല കലകളില്‍ . ഇന്ന് നല്ലത് എന്നു പറയുന്നത് നാളെ തിരസ്കരിക്കപ്പെട്ടേയ്ക്കാം.ഇന്ന് മോശമായത് നാളെ വളരെ നന്നായെന്നും വരാം. കലാസൃഷ്ടികളെ താരതമ്യം ചെയ്യുന്നത് ഒരിയ്ക്കലും ശരിയാവുകയുമില്ല .വേറൊരു മാനസികാവസ്ഥയില്‍ വേറൊരു വീക്ഷണകോണില്‍ ചെന്നു നോക്കാം. എന്നാലും ചുങ്കത്ത് ജൂവലറിയുടെ പരസ്യവും ലൈന്‍ കമ്പികളും കുറേ മൊട്ട ബള്‍ബുകളുമൊക്കെ അവിടെക്കൊണ്ട് ചെന്ന് സ്ഥാപിച്ച പുംഗവന്മാരെ എന്തു വിളിയ്ക്കണം?

പിന്നറിവ്
എല്ലാം എഴുതിക്കഴിഞ്ഞതിനു ശേഷമാണ് ഹിന്ദു പത്രത്തിലെ ഈ വാര്‍ത്ത കണ്ടത്. ശില്‍പ്പം ഞാന്‍ വിചാരിച്ചപോലെ തന്നെ കാനായി ചെയ്തതല്ല. ശന്തനു എന്ന ശില്‍പ്പി ചെയ്തതാണിത്. ഒരുവിധം നല്ല ശില്‍പ്പങ്ങള്‍ ചെയ്യുന്നയൊരാളാണ് ശാന്തനു. അദ്ദേഹത്തിന്റെ മറ്റുചില ശില്‍പ്പങ്ങള്‍ ഞന്‍ കണ്ടിട്ടുമുണ്ട്.
രണ്ടാ‍യിരാമാണ്ടില്‍ കൊല്ലം നഗരം മനോഹരമാക്കുന്നതിന്റെ ഭാഗമായി ഏതാണ്ട് നാലു ലക്ഷം രൂപാ ബജറ്റില്‍ തുടങ്ങിയതാണ് ഈ ശില്‍പ്പം. പിന്നീട് പകുതി വഴിയ്ക്കു വച്ച് നഗരസഭ പണി മറ്റാരേയോ ഏല്‍പ്പിച്ചു. അതിനെതിരേ ശന്തനു മേയറെ കാണാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പത്രത്തില്‍. രണ്ടായിരത്തഞ്ച് മാര്‍ച്ച് എട്ടാം തീയതിയിലെ വാര്‍ത്തയാണിത്. അതിനു ശേഷം എന്തു നടന്നെന്ന് അറിയില്ല. . എന്തായാലും പണിപൂര്‍ത്തിയായതാണോ പൂര്‍ത്തിയാവാത്തതാണോ ഇപ്പൊ ബീച്ചില്‍ മുട്ടുകുത്തിയിരിയ്ക്കുന്ന ഈ പ്രതിമ എന്ന് എനിയ്ക്കറിയില്ല.