എല്ലാ ദേശങ്ങള്‍ക്കും അതാതിന്റേതായ സാംസ്കാരിക പാരമ്പര്യം ഉണ്ടാവും. ഭൗതികവും ആത്മീയവുമായ ജീവിതവികാസത്തിന്റെ പരിണാമദശകളില്‍ ചില ദേശങ്ങളുടെ പെരുമകള്‍ തിരസ്കരിക്കപ്പെടുകയ്യും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ അവ അസ്പഷ്ടശബ്ദങ്ങളായി വീണുകിടക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലത്തെ സംബന്ധിച്ചും ഈ നിരീക്ഷണം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് പറയാം. ഇല്ലെങ്കില്‍, വേണാടിന്റെ തലസ്ഥാനമായിരുന്ന ഈ ദേശം ആധുനിക കേരളചരിത്രത്തില്‍ ഇപ്പോള്‍ പരിഗണിക്കപ്പെടുന്നതിനെക്കാള്‍ ശ്രദ്ധേയമായ നിലയില്‍ തലയുയര്‍ത്തി നില്‍ക്കുമായിരുന്നുവെന്ന് നിസ്സംശയം പറയാന്‍ കഴിയും.മറ്റുപല പ്രദേശങ്ങളെപ്പോലേ, ഉന്നതവും അനിഷേധ്യവുമായ സാംസ്കാരിക ചലനങ്ങളുടെ സിരാകേന്ദ്രമായിരുന്നു കൊല്ലം.
'വേണാട്' എന്ന സംജ്ഞയില്‍ ഉള്‍ക്കൊള്ളുന്ന തിരുവിതാംകൂറിന്റെ പുതുക്കപ്പെട്ട നേതൃത്വത്തിന്റെ ഒരുകാലത്തെ ആസ്ഥാനം പോലുമായിരുന്നു കൊല്ലം. ചരിത്രം ഭരണപരമായ നേട്ടങ്ങളിലും പ്രതിസന്ധികളിലും മാത്രം ഊന്നുകയും, അതിനപ്പുറത്തുള്ള മണ്ണിന്റെ നനവും മണവും മറന്നുപോവുകയും ചെയ്തകൂട്ടത്തില്‍ കൊല്ലത്തിന് അതിന്റെ പ്രതാപം കുറച്ചൊക്കെ കുറഞ്ഞു എന്നത് കേരളചരിത്രം പരിചയിച്ച ആര്‍ക്കും ബോധ്യമായേക്കാവുന്ന സത്യമാണ്. അതിന്റെ പ്രധാനമായ ഒരു കാരണം, നാട്ടുരാജ്യങ്ങളുടെ രാജാക്കന്മാര് തമ്മിലുണ്ടായിരുന്ന കടുത്ത ശത്രുതയും വിയോജിപ്പുമായിരുന്നു.
കൊല്ലത്തിന്റെ പഴങ്കഥയില്‍ ആദ്യം ഓര്‍ക്കേണ്ടത് 'തരിസാപ്പള്ളീ ചെപ്പേട്'ആണ്. ഇത്` കൊല്ലത്തെപ്പറ്റിയുള്ള ആദിമ ചരിത്രരേഖയാണ്. അന്നത്തെ വേണാട്ടു ഭരണാധികാരിയായിരുന്ന 'അയ്യനടികള്‍' ഒരു ക്രിസ്ത്യന്‍ നാട്ടുപ്രമാണിയായ 'മരുവാന്‍ സപീര്‍ ഈശോ' പണികഴിപ്പിച്ച തരിസാപ്പള്ളിക്ക് ചില കുടികളും അതോടൊപ്പം ചില അവകാശങ്ങളും 'അട്ടിപ്പേറായി' നല്കിയ രേഖയാണ് ഈ ചെപ്പേട്. ചെമ്പുതകിടില്‍ നാരായം കൊണ്ട് എഴുതിയ 'ഏടുകള്‍' അഥവ 'പുറങ്ങള്‍' എന്ന് അര്‍ത്ഥം. ഇപ്പോള്‍ കോട്ടയം സിറിയന്‍ സെമിനരിയിലാണ് ഇതിന്റെ അവശിഷ്ടഭാഗം സൂക്ഷിച്ചിട്ടുള്ളത്. (രണ്ട് ശാസനങ്ങളുണ്ടായിരുന്നതില്‍ ഒന്നാമത്തേതിന്റെ അവസാനഭാഗവും, രണ്ടാമത്തേതിന്റെ ആദ്യഭാഗവും എങ്ങനെയോ നഷ്ടപ്പെട്ടുപോയി. എന്നാലും, ലഭ്യമായ രേഖയനുസരിച്ച് രണ്ടിലും നല്കിയ ആള് അയ്യനടികളും, സ്വീകരിച്ചയാള്‍ മരുവാന്‍ സപീര്‍ ഈശോയും ആണെന്ന് വ്യക്തമാണ്.
തരിസാപ്പള്ളി ചെപ്പേടില്‍ അന്നത്തെ ഭാഷ ഇപ്രകാരമായിരുന്നെന്ന് കാണാം:
"സ്വസ്തി. കോത്താണു ഇരവിക്കുത്തന്‍ പലനൂറായിരത്താണ്ടുമ് മറുകുതലൈച്ചിറന്തടിപ്പടുത്താളാ നിന്റയാണ്ടുള്‍ച്ചെല്ലാനിന്റയാണ്ടൈന്തു...." എന്നു തുടങ്ങി... അക്കാലത്തെ സമ്മിശ്രമായിരുന്ന തമിഴ്-മലയാളം വായിച്ചാല്‍ ഇന്നത്തെക്കാലത്ത് അധികമൊന്നും ആര്‍ക്കും മനസ്സിലാവില്ല. ആ പഴങ്കാലത്തില്‍നിന്ന് പിലക്കാലത്തെ ചരിത്രപ്രസിദ്ധമായ 'കുണ്ടറ വിളംബര'ത്തിലെത്തുമ്പോള്‍, മലയാള ഭാഷയുടെ വളര്‍ച്ചയും വികാസവും വ്യക്തമാവുന്നുണ്ട്.
വേണാടിന്റെ ശക്തനും ധീരനുമയിരുന്ന, കണക്കുപിള്ള ചെമ്പകരാമന്‍, സാക്ഷാല്‍ വേലുത്തമ്പി ദളവ, രാജ്യത്ത് അന്ന് നിലവിലിരുന്ന സംഘര്‍ഷാത്മകമായ അവസ്ഥ നാട്ടുകാരെ അറിയിക്കാനും, വേണാടിനെ കീഴ്പ്പെടുത്താന്‍ പരിശ്രമിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിനെതിരായി ജനങ്ങളുടെ രാജ്യാഭിമാനം ഉണര്‍ത്തുന്നതിനും ലക്ഷ്യംവെച്ചുകൊണ്ട് 1809 ജനുവരി 16-ആം തീയതി പുറപ്പെടുവിച്ചതാണ് 'കുണ്ടറ വിളംബരം':
"ശ്രീമതു തിരുവിതാംകോട്ട് സംസ്ഥാനത്തുനിന്നും ഈ സമയത്ത് എത്നം ചെയ്തല്ലാതെ നിലനില്‍ക്കില്ലെന്നുകണ്ട് തുടങ്ങേണ്ടിവന്ന കാര്യത്തിന്റെ നിര്‍ണയവും അവസരവും ഈ രാജ്യത്തുള്ള മഹത്തുക്കള്‍, മഹാബ്രഹ്മണര്‍ ഉദ്യോഗസ്ഥന്മാര് മുതല്‍ ശൂദ്രര്‍ വരെ കീഴ്പരിഷവരെയും ഉള്ള പലജാതി കുടിയാനവന്മാരു പരമബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമാവിത്."
... എന്നിങ്ങനെ ആരംഭിക്കുന്ന വിളംബരത്തില്‍, അക്കാലത്തെ, രാഷ്ട്രീയ-സാമുദായിക ഘടനകള്‍ നന്നായി തെളിഞ്ഞു കാണാം. ചതുര്‍വര്‍ണ്യത്തിന്റെ സൂചിക്കുഴയിലൂടെത്തന്നെയുള്ള അക്കാലത്തെ മനുഷ്യബന്ധങ്ങള്‍ മുതല്‍ സമുഹത്തിന്റെ അടിവേരായിരുന്ന നീചജാതികളുടെ അവസ്ഥ വരെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍ അക്കാലത്തിന്റെ ഏറ്റവും വലിയ വിമര്‍ശനവും സ്വയംവിമര്‍ശനവും വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയും. ഒപ്പം, വിദേശികള്‍ ആദ്യം ഉപായത്തിലും പിന്നെ കായികശക്തിയിലൂടെയും രാജ്യത്ത് സ്ഥാനമുറപ്പിച്ചതിന്റെയും, ഇപ്പോള്‍ വെല്ലുവിളിക്കുന്നതിന്റെയും ഈര്‍ഷ്യയും അതിലടങ്ങിയിട്ടുണ്ട്. വിദേശസേനയ്ക്കെതിരേ സുധീരം പോരാടുവാനും, വേണ്ടിവന്നാള്‍ ആ ലക്ഷ്യത്തില്‍ മരിക്കാന്‍ പോലും ആഹ്വാനം ചെയ്യുന്നതായിരുന്നു വിളംബരം. ആ വിളംബരത്തിന്റെ മാറ്റൊലിയാണ് ജനങ്ങളെ സ്വയം സംഘടിക്കാനും പോരാടാനും സന്നദ്ധരാക്കിയത്.
ഇത്തരം രാഷ്ട്രീയ ചരിത്രങ്ങളും കൊല്ലത്തിന്റെ സാംസ്കാരിക വികാസവുമായി എന്താണ് ബന്ധം എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാവാം. ഒന്നു മുതല്‍ മൂന്നു വരെ നൂറ്റാണ്ടുകളിലെ കേരള ഭൂപ്രദേശത്തെ തെക്കന്‍ ഭാഷ (വേണാട്ടു ഭാഷ)സാമന്യമായ അറിവുമാത്രമുള്ള ഇന്നത്തെ മലയാളിക്ക് വായിച്ച് മനസ്സിലാക്കാന്‍ പ്രയാസമാണ്. അത്തരം ഒരു സമ്മിശ്രഭാഷയിലാണ് 'തരിസാപ്പള്ളി ചെപ്പേട്' എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍, 'കുണ്ടറ വിളംബര'ത്തിലെത്തുമ്പോള്‍ മലയാളത്തിന്റെ ഓജസ്സും തേജസ്സും തെളിയുന്നതായി അനുഭവിക്കാന്‍ കഴിയുന്നു. അതായത്, ഈ ദീര്‍ഘമായ കാലയളവിലൂടെ വേണാട്ടു ഭാഷയും പരിണാമത്തിന്റെ നിരവധി ഘട്ടങ്ങളെ തരണം ചെയ്തിട്ടുണ്ടെന്ന് സാരം. ഭാഷയുടെ പരിണാമവും വികാസവും ഒരു സംസ്കാരത്തിന്റെ ആണിക്കല്ലായിരിക്കുമെന്ന തിരിച്ചറിവും ഇതിലൂടെ സാധ്യമാവുന്നു.
(തുടരും)
***
Subscribe to:
Post Comments (Atom)
14 comments:
വേണാടിന്റെ ശക്തനും ധീരനുമയിരുന്ന, കണക്കുപിള്ള ചെമ്പകരാമന്‍, സാക്ഷാല്‍ വേലുത്തമ്പി ദളവ, രാജ്യത്ത് അന്ന് നിലവിലിരുന്ന സംഘര്‍ഷാത്മകമായ അവസ്ഥ നാട്ടുകാരെ അറിയിക്കാനും, വേണാടിനെ കീഴ്പ്പെടുത്താന്‍ പരിശ്രമിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിനെതിരായി ജനങ്ങളുടെ രാജ്യാഭിമാനം ഉണര്‍ത്തുന്നതിനും ലക്ഷ്യംവെച്ചുകൊണ്ട് 1809 ജനുവരി 16-ആം തീയതി പുറപ്പെടുവിച്ചതാണ് 'കുണ്ടറ വിളംബരം':
പ്രിയമൈനാഗാ,
കുണ്ടറവിളംബരം പണ്ടെങ്ങോ കണ്ട ചെറിയൊരോര്‍മ്മ. സായിപ്പ് ഭരിച്ചാല്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ ഇല്ലാതാകുമെന്നൊരാശങ്ക അതിലില്ലേ? ഒോര്മ്മത്തെറ്റാണെങ്കില് തിരുത്തുമല്ലോ. ദേശസ്നേഹമെന്നതിലുപരി നാടുവാഴിത്തവും ജാതിവ്യവസ്ഥയുമൊക്കെ തകര്‍ന്നേക്കുമെന്ന ഭയമാണ് വേലുത്തമ്പിയുടെ വിളംബരത്തിലും ചെറുത്തുനില്പിണ്റ്റെയുമൊക്കെ പിന്നിലെന്ന് തോന്നിയിരുന്നു. ഒരു പക്ഷേ അതൊക്കെ തന്നെയായിരിക്കണം (ഒരു ദേശത്തിണ്റ്റെ മാമൂലുകള്‍ സംരക്ഷിക്കുകയെന്നത്) അക്കാലത്തെയും എക്കാലത്തെയും ദേശഭക്തിയുടെ അര്‍ത്ഥം.
പരാജിതന്, you said it.
“ നമുക്കു സന്യാസം തന്നത് ബ്രിട്ടിഷ്കാരാണ്” എന്ന് ശ്രീ നാരായണഗുരു പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്.
പരാജിതന് പരാമര്‍ശിച്ച കാര്യത്തില്‍ സമ്പൂര്ണ്ണസ്വഭാവത്തിലുള്ള വിശദീകരണം നല്കാന് ഞാന്‍ ആളല്ല. ഓര്‍മയിലും ചില കുറിപ്പുകളിലും ലഭ്യമായ വിവരങ്ങള്‍ ഇവിടെ എഴുതിപ്പോയതാണ്. ഏറെ ആഴത്തിലേക്ക് പോയി വിശകലനം ചെയ്യാനോ രേഖകള്‍ പരിശോധിക്കാനോ എന്റെ ഇപ്പോഴത്തെ ജീവിതലോകം അപര്യാപ്തമാണ്. ക്ഷമിക്കുക.
വേലുത്തമ്പിയുടെ കാലഘട്ടത്തില്‍ എല്ലാ രാജഭരണങ്ങളിലുമെന്ന പോലെ ഇഷ്ടക്കാരുടെയും വിശ്വസ്തരുടെയും ആളകമ്പടിയോടെയുള്ള കര്‍ക്കശ നീതിനിര്‍വഹണമായിരുന്നു ഉണ്ടായിരുന്നത്. പാവമൊരു ചിരുതയുടെ പ്ലാവ് വെട്ടിയതിന് കുറ്റവാളിക്ക് കൈപ്പടം പോയകഥ എല്ലാവര്‍ക്കുമറിയാം. മുന്‍പ് സൂചിപ്പിച്ച പോലെ ചാതുര്‍വര്‍ണ്യത്തിന്റെ എച്ചിലുകള്‍ വീണുകിടന്ന മനസ്സുകളായിരുന്നു ഇന്നത്തെപ്പോലെതന്നേ അക്കാലത്തും ഉണ്ടായിരുന്നത്. അസ്പൃശ്യതയും ജാതീയമായ മറ്റനാചാരങ്ങളും ആഴത്തിലും പരപ്പിലും നിലനിന്നിരുന്നുവെങ്കിലും വേലുത്തമ്പിയില്‍ നിക്ഷിപ്തമായ കടമ ജാത്യാചാരം നിര്ത്തലാക്കലായിരുന്നില്ല. ദൈവത്തിന്റെ പ്രതിപുരുഷനായി 'പൊന്നുടയതിനെ' ആരാധിച്ചിരുന്ന അക്കാലത്ത് നമ്മള് പില്ക്കാലത്ത് വിലമതിച്ച പുരോഗമന ചിന്തയൊന്നും കേരളത്തില്‍ വിത്തുപാകിയിരുന്നില്ല. വേണാടിന്റെ നിലനില്‍പ്പ്, ശത്രുവിന്റെ ഹുങ്കിനെതിരായ പോരാട്ടം, അതിനുവേണ്ടി ജനങ്ങള്‍ ഉണരേണ്ടുന്നതിന്റെ ആവശ്യകത... എന്നിവയൊക്കെയാണ് തമ്പിയെ നയിച്ച ചിന്തകള്‍. അടിമുടി ദേശസ്നേഹം (മറ്റൊരര്‍ഥത്തില്‍ രാജസ്നേഹം) നിറഞ്ഞ വ്യക്തിയായി ചരിത്രകാരന്മാര് അദ്ദേഹത്തെ വാഴ്ത്തുന്നതില്‍ കഴമ്പില്ല എന്ന് പറയാനാവില്ല.
പില്ക്കാലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പോലെയുള്ളവര് പോലും ഇതേ ദേശാഭിമാനത്തെയാണ് ഉണര്‍ത്താന്‍ ശ്രമിച്ചത്. പുരോഗമനത്തിന്റെ ന്യായം പറയുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ജാതീയത വളര്ന്നുനില്ക്കുന്ന മാതിരി അന്ന് (ആചാരമര്യാദകളിലൊഴികെ) മനുഷ്യര്‍ക്ക് പാരസ്പര്യവും സ്നേഹബന്ധങ്ങളും കുറവായിരുന്നില്ല; ജന്മി കുടിയാന് ബന്ധങ്ങളില്‍പ്പോലും!
വിദേശികള്‍ക്കെതിരായ സമരത്തില്‍ ജനങ്ങള്‍ അണിചേരുവാന്‍ ആവശ്യപ്പെടുമ്പോള്‍ തമ്പി ആരെയും ഒഴിച്ചുനിര്‍ത്തിയിരുന്നില്ല. ഇംഗ്ലീഷുകാര്‍ ജാതീയതയെയും മതവിശ്വാസത്തെയും ആയുധമാക്കി ജനങ്ങളെ തമ്മിലകറ്റിയ ചരിത്രം ആവോളമുള്ളപ്പോള്‍ രജദാസനായിരുന്ന വേലുത്തമ്പി പുറപ്പെടുവിച്ച വിളംബരത്തിനു പിന്നിലെ വികാരം 'വിദേശീയര്‍ ജാതീയത അവസാനിപ്പിക്കും' എന്ന ആശങ്കയായിരുന്നു എന്ന് വ്യഖ്യാനിക്കുന്നതില്‍ ഒളിഞ്ഞിരിക്കുന്ന ചില കോമാളിത്തങ്ങളില്ലേ എന്ന് എനിക്ക് സംശയമുണ്ട്. ഇത് മുഴുവന്‍ കൊല്ലക്കാരുടെയും ചിന്തയല്ല. എന്റെ എളിയ തോന്നലാണ്. ആര്‍ക്കും വിയോജിക്കാം.
പിന്നെ, ദേശഭക്തി എന്ന വാക്ക് നമ്മുടെ മാമൂലുകാര് പടുത്തുയര്‍ത്തിയ ഒരു 'എടുപ്പുകാള'യാണ്. അധികാരികളുടെ ചൊല്‍പ്പടിക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഇതില്‍പ്പരം മെച്ചപ്പെട്ട ഒരു 'തന്ത്രം' വേറെയില്ല. എല്ലാ രാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ ഒരേ പാസ്പോര്ട്ടുള്ളവരാണെന്ന് പറയാം.
മൈനാഗന്‍,
'ജാതിയാചാരങ്ങളായ തൊട്ടുകൂടായ്ക്കും തീണ്ടിക്കൂടായ്മയ്ക്കും സായിപ്പ് ഭീഷണിയാണെന്നും അത് കൊണ്ട് നമ്മള് അവര്‍ക്കെതിരെ പൊരുതണ'മെന്നൊക്കെ അര്‍ത്ഥം വരുന്ന പ്രസ്താവം കുണ്ടറ വിളംബരത്തിലുണ്ടെന്ന് തന്നെയാണ് എണ്റ്റെ ഒോര്‍മ്മ. അത് പുറപ്പെടുവിച്ചത് വേലുത്തമ്പിയാണെങ്കില് അതദ്ദേഹത്തിണ്റ്റെ കാഴ്ചപ്പാടല്ലാതാകുന്നതെങ്ങിനെ? അന്ന് അത് വായിച്ചപ്പോള്‍ തോന്നിയ ചെറിയൊരു കയ്പ്പ് ഇപ്പോള്‍ പ്രകടിപ്പിച്ചെന്നേയുള്ളു. വേലുത്തമ്പി ധീരനല്ലായിരുന്നു എന്നൊന്നും അതിനര്‍ത്ഥമില്ലല്ലോ. ഒരു പക്ഷേ ദേവണ്റ്റെ കൈയിലോ മനസ്സിലോ കൂടുതല്‍ വിവരങ്ങള്‍ കാണും.
ഇത്രയുംകൂടി അറിയാം:
വാക്കുപാലിക്കാത്ത ഇംഗ്ലീഷുകാര്‍ ചതിയിലൂടെ നമ്മുടെ രജ്യത്തെ കൈപ്പിടിയിലൊതുക്കാന്‍ പോവുകയാണെന്നും, അങ്ങനെയായാല്‍ കോയിക്കല്‍ കൊട്ടാരം കോട്ടപ്പടി ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ പാറാവും വരുതിയും തുടങ്ങുമെന്നും, രാജാവിനും സേവകര്‍ക്കും അതിലൂടെ ജനങ്ങള്‍ക്കും തീരെ ബഹുമാനം ലഭിക്കാതാകുമെന്നുമുള്ള ആശങ്ക ഒരു വശത്ത് (വിളംബരത്തില്‍). ക്ഷേത്രങ്ങളും ദേവസ്വങ്ങളും പിടിച്ചെടുത്ത് അന്ന് നിലവിലിരുന്ന 'നാട്ടുക്കൂട്ടം' നിര്‍ത്തലാക്കി, ഉപ്പുനികുതിയുള്പ്പെടേ കരങ്ങളെല്ലം വര്‍ദ്ധിപ്പിക്കുമെന്നും, ബ്രാഹ്മണസ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന മാന്യത തുലയുമെന്നും (ആ അര്‍ഥത്തില്‍ ജാതീയമായ വര്‍ണസങ്കരം എന്ന് വയിച്ചെടുക്കാം) വിളംബരത്തില്‍ മുന്നറിയിപ്പുണ്ട്. ചുരുക്കത്തില്‍ അന്നത്തെ 'രജധര്മ്മ'ത്തെ സംരക്ഷിക്കുക എന്ന ചുമതലയിലാണ് വേലുത്തമ്പി മുഴുകിയത് എന്നതാണ് എന്റെ അഭിപ്രായം. ഇന്നത്തെ നമ്മുടെ സിദ്ധാന്തങ്ങളും വ്യാഖ്യാനങ്ങളും ചിന്തിച്ചുറപ്പിച്ച് ഒരു പ്രസംഗം പോലും നടത്താന്‍ കഴിയുന്ന അന്തരീക്ഷമായിരുന്നില്ല അന്നത്തേത്. ചരിത്രത്തിന് ഇത്തരത്തില്‍ സ്ഥലകാല പരിമിതിയുടെ ചില ഗൗരവതരമായ പ്രശ്നമുണ്ടെന്നത് നമുക്കറിയാം; ആ പരിമിതി തെറ്റിനെ ശരിയാക്കില്ലെങ്കിലും. 'അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍', 'അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍'... ഇവയൊക്കെ 'വ്യാക്ഷേപക'ത്തില്‍ ഒതുക്കാമെന്നേയുള്ളു. ചരിത്രം തിരുത്താന്‍ അതുകൊണ്ടാവില്ലല്ലോ.
മൈനാഗാ, ഇപ്പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരി തന്നെ. എന്ന് തന്നെയല്ല, എഴുതിക്കൊണ്ടിരിക്കുന്ന തുടരനില്‍ ഇമ്മാതിരി വിശദമായുള്ള നിരീക്ഷണങ്ങള്‍ കൂടിയുള്‍പ്പെടുത്തിയാല്‍ (സമയത്തിണ്റ്റെ പ്രശ്നം കാണുമെന്നറിയാം) നന്നായിരിക്കുമെന്നും അഭിപ്രായമുണ്ട്.
അക്കാലത്തെ വ്യവസ്ഥിതിയെ പരിഷ്കരിക്കുകയെന്നത് വേലുത്തമ്പിയുടെ പരിഗണനയില്‍ പെടാത്തതിന് കാരണം അത് ഒരു സ്വാഭാവിക വ്യവസ്ഥിതിയായി അദ്ദേഹം കണ്ടിരുന്നുവെന്നത് തന്നെയാണ്. അതില്‍ ആരും തെറ്റ് പറയുകയുമില്ല. അദ്ദേഹത്തിണ്റ്റെ ചരിത്രപ്രാധാന്യം കുറയുകയുമില്ല. മൈനാഗന്‍ പറഞ്ഞത് പോലെ, വേലുത്തമ്പിയുടെ പ്രസക്തി സാമൂഹ്യപരിഷ്കര്‍ത്താവെന്ന നിലയ്ക്കായിരുന്നില്ലല്ലോ. പിന്നെ, നിലവിലുള്ള വ്യവസ്ഥിതി നന്നെന്ന് എല്ലാവരും എക്കാലത്തും കരുതിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഏത് വിധത്തിലാകുമായിരുന്നു എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.
ഒരു കാര്യം പറയാന്‍ മറന്നു. പോസ്റ്റില്‍ അക്ഷരങ്ങള്‍ വലുതാണെങ്കില്‍ കൂടി കനവും വരികള്‍ തമ്മിലുള്ള അകലവും കുറവായതിനാല്‍ വായിക്കാന്‍ പ്രയാസം.
മൈനാഗാ,
ബ്ലോഗാന്‍ പറ്റുന്ന കണ്ടീഷന്‍ അല്ലാത്തതുകൊണ്ടാണേ, കമന്റ് ഇടാത്തത്. നന്ദി ആദ്യമേ പിടിച്ചോ, അഭിപ്രായം പിന്നാലെ വരുന്നുണ്ട്.
First of all Sorry..
I don't have Varamozhi right now..
So, spare with my ENGLISH..
1) Congrats for a completely different Blogging site which ponder's about our Histories,which every Malayaleez should Read.
2) I do agree with Parajithan that in KUNDARA-Declaration,some of the lines are hard to digest,in terms of social Justice.
3) Even Thiruvithamcore's greatest 'KSHETHRA PRAVESHANA VILAMBARAM'- was prepared & insisted by none other than Diwan,Sir CP Ramaswamy.
(He did it to avoid the Mass Christian Conversion from the backward Hindu communities..!!)
The Travancore-King & his advisers were not willing to it initially.
But CP was sucessful in convincing him the Facts.
This was the same case with women MEL-MUNDU case a century ago.(In that case it was B'cze Madras Province's Governer got compalints about it & he warned the King to change the Rules.!!)
But at the end all the credit gone to KING.(What CP got instead ..is history..!!)
Anyway after a briliant party in a house,all credit goes to Owner not to the man who worked behind the scene in Kitchen..!!!
ഇപ്പോഴാ മൈനാഗാ സമാധാനമായി വായിക്കാന്‍ കഴിഞ്ഞത്. നല്ല സംരംഭം.
മലയാളമെന്ന ഭാഷ എതാണ്ട് ജനിച്ച സമയം എന്നു വിശ്വസിക്കാവുന്ന സമയത്ത് (വാഴപ്പള്ളി ശാസനവുംAD830 തരിസാപ്പള്ളി ശാസനവുമായി(AD896) 66 വര്‍ഷത്തെ വത്യാസമേയുള്ളു) എങ്ങനെ ഇരുന്നു എന്നത് കൌതുകമുള്ള കാര്യമാണ്.
ശാസനം കഴിഞ്ഞ് ആയിരം വര്‍ഷം ശേഷമുള്ള ഇന്നത്തെ മലയാളത്തെക്കാള്‍ ഈ വരികള്‍ക്ക് സാമ്യം ആയിരം കൊല്ലം മുന്നേയുള്ള അകനാനൂറിലെ സംഘത്തമിഴിനോടാണ്. എന്നാല്‍ കുണ്ടറ വിളംബരം നടക്കുന്ന സമയമൊക്കെയായപ്പോഴേക്ക് മലയാളം സാഹിത്യമടക്കം എല്ലാം ഇന്നുകാലത്തെ രൂപമെത്തിയിരുന്നു.
പരാജിതാ,
സ്മാരകത്തിലെഴുതി വച്ച ദളവയുടെ രണ്ടു വരികള്‍ മാത്രമേ മനസ്സിലുള്ളു. എങ്കിലും വായിച്ച ഓര്‍മ്മയനുസരിച്ച് മറ്റു പലകാര്യങ്ങള്‍ക്കും കൂടെ ബ്രിട്ടീഷുകാര്‍ ഹിന്ദുക്കളെ കൂട്ടത്തോടെ ആക്രമിക്കുമെന്നും അമ്പലങ്ങള്‍ക്കു മുകളില്‍ കുരിശ്ശു കാണാതിരിക്കണമെങ്കില്‍ അവര്‍ക്കെതിരേ പോരാടണമെന്നും കൂടി ഉണ്ടെന്ന് ഓര്‍ക്കുന്നു.
വര്‍ഗ്ഗീയ വികാരം ഇളക്കി വിട്ട് ആളുകളെ തിരിക്കാന്‍ വേണ്ടിത്തന്നെ ആയിരിക്കണം അത് ചെയ്തതും. ബ്രിട്ടീഷുകാര്‍ ആക്രമണ രീതിയില്‍ ഒരു മത പരിവര്‍ത്തനത്തിനു തുനിഞ്ഞിട്ടില്ലെന്ന് ഒരുകാലത്ത് അവരോട് നല്ല രമ്യത പുലര്‍ത്തിയിരുന്ന ദളവക്ക് നല്ലപോലെ
അറിയാമായിരുന്നിരിക്കുമല്ലോ. പക്ഷേ ഡച്ചുകാര്‍ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച നിരവധി സംഭവം ഉള്ള കൊല്ലത്ത്(തേവലക്കര ക്ഷേത്രം കൊള്ളയടിക്കാനെത്തിയ സൈന്യത്തെ നാട്ടുകാര്‍ രാജാവും മന്ത്രിയുമൊക്കെ പേടിച്ചു മാറിയപ്പോള്‍ നാട്ടുകാര്‍ പടയെടുത്തു തല്ലിയോറ്റിച്ച ചരിത്രവുമുണ്ട്!) ഇങ്ങനെ ഒരു ശീട്ട് ഇറക്കിയാല്‍ അതു വട്ടം വെട്ടി പോരുമെന്ന് കണ്ടിട്ടുണ്ടാവും . (ശിപായി ലഹളയുടെ ബേസ് ഒരു പന്നിക്കൊഴുപ്പ് ആക്കിയതുപോലെ.)
മക്കാളേ (എന്തരു പ്രഭു) സുറിയാനി കൃസ്ത്യാനികള്‍ക്ക് ഒത്താശ ചെയ്യുന്നെന്ന പേരില്‍ തമ്പി കൊല്ലത്ത് ചില പള്ളികള്‍ക്കെതിരേ അക്രമമഴിച്ചു വിട്ടെന്ന് പള്ളി പുരാണക്കഥകള്‍ കേട്ടിട്ടുണ്ട്, എന്നാല്‍ ഒരു പുസ്തകത്തിലും കണ്ടിട്ടില്ലാത്തതുകൊണ്ട് നിജ സ്ഥിതി അറിയവയ്യ.
പാച്ചു,
ക്ഷേത്ര പ്രവേശന വിളംബരം ഒരു ആന്റി-കണ്‍വേര്‍ഷന്‍ തന്ത്രമായും അതിലും വലുതായി നവോത്ഥാന പ്രസ്താനങ്ങള്‍ക്ക് വളരെ വലിയ വേഗം പ്രാധാന്യമുണ്ടാവുന്നതിനെ നേര്‍പ്പിക്കാനുമുള്ള തന്ത്രമെന്ന് വ്യാഖ്യാനിക്കാനാവും. എന്നാല്‍ മേല്‍മുണ്ടു ധരിക്കാനുള്ള അവകാശം ചാന്നാര്‍ ലഹളയിലൂടെ നേടിയെടുത്തതും പുലപ്പേടി മണ്ണാപ്പേടി തുടങ്ങിയ ഭീകരാചാരങ്ങള് നിറുത്തലാക്കിയത് അതിലെ തെറ്റു തിരിച്ചറിഞ്ഞും തന്നെയായിരുന്നു. (പുലപ്പേടിയും മണ്ണാപ്പേടിയും കലശലായതില്‍ പിന്നെ ചില ഉയര്‍ന്ന ജാതിക്കാരുടെ കൂട്ടം
പരിസരത്തുള്ള പുലയരെ കൊന്ന് പ്രശ്നത്തിന് പരിഹാരം കാണാന്‍ തുടങ്ങിയതോടെ മിക്ക മാടമ്പിമാരും ഉള്‍പ്പെട്ട സംഘം ആറ്റിങ്ങള്‍ റാണിക്ക് നിവേദനം കൊടുത്ത് ഈ ആചാരങ്ങളെ നിരോധിപ്പിക്കുകയായിരുന്നു. ഇതവരോടുള്ള സ്നേഹമായി വ്യാഖ്യാനിക്കാനാവുന്നില്ല, ചിലപ്പോള്‍ ഈ ജാതിക്കാര്‍ ചത്തു തീര്‍ന്നാല്‍ മാടമ്പി തൂമ്പായുമായി വയലില്‍ ഇറങ്ങേണ്ടിവരുമെന്ന് ഭയന്നിട്ടുമാവാം.)
ദേവന് വന്നപ്പോള്‍ ഈ ചര്‍ച്ചയ്ക്ക് കിട്ടിയ ഒോക്സിജന് കുറച്ചൊന്നുമല്ല. പാച്ചുവിനും നന്ദി. മൈനാഗാ, സത്യത്തില്‍ പാച്ചുവിണ്റ്റെയും ദേവണ്റ്റെയും കമണ്റ്റുകളുടെ തുടക്കം കണ്ടപ്പോഴാണ് ഞാന്‍ (മനഃപൂര്‍വ്വമല്ലെങ്കിലും) കാണിച്ച ഒരു മര്യാദകേടിനെക്കുറിച്ച് ഒോര്ത്തത്. താങ്കളൂടെ ഒതുക്കവും ഒഴുക്കും യുക്തിഭദ്രതയുമുള്ള എഴുത്തിനെപ്പറ്റി ഒരു വാക്ക് പോലും പറഞ്ഞില്ല. ആ തെറ്റ് തിരുത്തിക്കോട്ടെ. അഭിനന്ദനങ്ങള്‍.
ദേവാ, സംഘത്തമിഴിനെക്കുറിച്ചുള്ള പരാമര്‍ശത്തിന് മുന്നില്‍ നമിക്കുന്നു. അത് പോലെ തന്നെ, തൊഴിലാളി ഇല്ലാതായാല്‍ താന്‍ തന്നെ പണിയെടുക്കേണ്ടി വരുമെന്ന മുതലാളിയുടെ ഭയമാണ് പുലപ്പേടിക്കെതിരെ നിവേദനം കൊടുക്കാന്‍ മാടമ്പിമാരെ പ്രേരിപ്പിച്ചതെന്ന നിരീക്ഷണവും എത്ര കൃത്യം. എല്ലാവര്ക്കും അവരവരുടെ നിലനില്പാണല്ലോ ഏറ്റവും പ്രധാനം.
വേലുത്തമ്പിയുടെ പ്രസ്താവനയില്‍ സായിപ്പ് ഹൈന്ദവതയെ നശിപ്പിക്കുമെന്നതിലുപരി ഹിന്ദുക്കള്‍ക്കിടയിലെ വര്‍ണ്ണഭേദത്തെ ഇല്ലാതാക്കുമെന്ന 'അപകട സൂചന' തീര്ച്ചയായുമുണ്ടെന്നാണ് തോന്നുന്നത്. പക്ഷേ അദ്ദേഹത്തിണ്റ്റെ ആഹ്വാനത്തോട് പിന്നോക്ക വിഭാഗക്കാറ് എങ്ങനെയാണ് പ്രതികരിച്ചതെന്നതിനെപ്പറ്റി ഒരു ധാരണയുമില്ല. മൈനാഗണ്റ്റെ ലേഖനത്തിണ്റ്റെ വിഷയമേയല്ല ഇതെന്നറിയാമെങ്കിലും അറിയുവാനാഗ്രഹമുണ്ട്.
കൊല്ലം ബ്ലോഗില്‍ ഞാനൊരു ഓഫ് അടിച്ചോട്ടെ.
പരാജിതാ,
മറ്റൊരു കാലത്തും രാജ്യത്തും സംഘകൃതികളോളെപ്പോലെ ഒന്നുമുണ്ടായിട്ടില്ല. കാളിദാസ കൃതികളോളം ഹൃദ്യമാണ് സംഘകാല കൃതിയായ അകനാനൂറ്(എന്റെ സ്വന്തം അഭിപ്രായം, വൃത്തത്തിലെ ചതുരം എവിടെ എന്നു ചോദിച്ച് ഗുരുക്കള്‍ ഇപ്പോ ഇവിടെ ഓടിക്കേറും) . കഷ്ടകാലത്തിന് അതൊക്കെ എഴുതിയത് സംസ്കൃതത്തിലല്ലാത്തതുകാരണം വിസ്മരിക്കപ്പെട്ടു പോയി. ഇരുതിരചന്മന് (രുദ്രശര്മ്മന്) സീരിയല്‍ എഡിറ്ററായി അകം- അതായത് റൊമാന്റിസിസം തീം ആയ 400 കവിതകള്‍ 400 ഓളം കവികള്‍ ചേര്‍ന്നെഴുതിയ (തെറ്റിദ്ധരിക്കല്ലേ, ഓരോരുത്തരും ഒരെണ്ണം വീതം എഴുതിയെന്നല്ല, എല്ലാവരും കൂടി സംഘമായി എഴുതിയ 400) ഇപ്പുസ്തകം മലയാളം ഫോണ്ടില്‍, കൂടാതെ മലയാളം ഇന്റര്പ്രിട്ടേഷനോടെ വാങ്ങാന്‍ കിട്ടും .
അകനാനൂറ് പാലൈ വിഭാഗത്തിലെ ഒരെണ്ണത്തില്‍ നിന്ന് രണ്ടു വരിയുടെ സാരമിങ്ങനെ (സന്ദര്‍ഭം - നായികയുടെ പുരുഷന് ഒരു വേശ്യയുടെ പിടിയില്‍ വീണ് സ്വത്തും പണവും നശിപ്പിച്ചും ആ വേദനയില്‍ വീട്ടിലുള്ളവരോട് കലഹിച്ചും കുടിച്ചും നായിക ആകെ ദു:ഖിത. തോഴി ദൂര ദേശത്തു നിന്നും കാണാനെത്തുന്നു)
തോഴി : എന്താണ് ഈ നാട്ടില്‍ ഇപ്പോള്‍ വിശേഷം?
നായിക്ക : ഇവിടത്തെ കുളത്തില്‍ ഇരയെന്നു കരുതി മീന്‍ ചൂണ്ട വിഴുങ്ങി, വെപ്രാളത്തില്‍
പരക്കം പാഞ്ഞു നടക്കുന്നു തോഴീ.. ആ പിടച്ചിലില്‍ ആമ്പലിലകള്‍ കീറിപ്പോകുന്നു. വെള്ളം കലങ്ങുന്നു.
ഇനി ഓണ്‍ റ്റോപ്പിക്.
വേലുത്തമ്പിക്ക് സാധാരണ പണിയെടുത്തു ജീവിക്കുക്കവരുടെ പിന്തുണ ഏറെയൊന്നും കിട്ടിയില്ല. പയറ്റുകാര്‍ ഒറ്റതിരിഞ്ഞ സൈന്യാംഗങ്ങള്, പിന്നെ റെസിഡന്റിന്റെ കരം പിരിവു രീതികളോട് എതിര്‍പ്പുള്ള കരമൊടുക്കുകാര് എന്നിവരായിരുന്നു പ്രധാനമായും. ഒരുപക്ഷേ നാട്ടുകാര്‍ മൊത്തമായി പ്രതികരിച്ചിരുന്നെങ്കില്‍ മണ്ണടിയില്‍ വച്ച് അനുജനോട് സ്വന്തം തല വെട്ടിയെടുക്കാന്‍ ആവശ്യപ്പെടേണ്ടി വരുമായിരുന്നില്ല തമ്പിക്ക്. ഒരു രാഷ്ട്രീയ നടപടിയും കലാപവുമായുള്ള വേര്‍തിരിവ് പൊതുജന പങ്കാളിത്തത്തിലെ വത്യാസമായി പ്രതിഫലിക്കുന്നു (ഒളി വിന്‍ഡോ ആണ് ഇപ്പോള്‍ വരമൊഴി.. അക്ഷര വ്യാകരണാദി പിശാചുകള്ക്കെല്ലാം മാപ്പ്)
മൈനാഗാ ഈ പോസ്റ്റിന്റെ ബാക്കി ഭാഗങ്ങള്‍ കാത്ത് ഞങ്ങള്‍ ഇവിടെ ഇരിപ്പുണ്ടേ.0
മൈനാഗാ ഈ പോസ്റ്റിന്റെ ബാക്കി ഭാഗങ്ങള്‍ കാത്ത് ഞങ്ങള്‍ ഇവിടെ ഇരിപ്പുണ്ടേ.
എന്റെ നല്ല കൂട്ടുകാരേ, പ്രോത്സാഹനത്തിന് നന്ദി പറയുന്നില്ല. നമ്മള്‍ക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം, ഈ വഴിയില്‍. ഇപ്പോള്‍ ഇത്തിരി തിരക്കിലാണ്. അധികം വൈകാതെ ഞാന്‍ പ്രത്യക്ഷപ്പെടും. കാത്തിരിപ്പ് അനന്തമായി നീളാതിരിക്കാന്‍ പിന്തുണ ചോദിച്ചുകൊണ്ട് വെട്ടിക്കാട്ടപ്പന് നിവേദനം സമര്‍പ്പിക്കുകയാണ്!
ദേവാ, വായിച്ചു. :)
അകനാനൂറ് വായിച്ചിട്ടില്ല. കുറെക്കാലം മുമ്പ് സാഹിത്യജ്ഞാനമുള്ള ഒരു തമിഴ് സുഹൃത്ത് സംഘത്തമിഴിനെക്കുറിച്ചും അത് ഭാരതിയാര്‍ മുതല്‍ പുതിയ കവികളില്‍ വരെ ചെലുത്തിയ, ചെലുത്തുന്ന സ്വാധീനത്തെക്കൂറിച്ചും കുറച്ചൊക്കെ വിശദമായി സംസാരിച്ചത് ആദരവോടെ കേട്ടിരുന്നിട്ടുണ്ട്. "യാതും ഊരേ, യാവരും കേളിര്‍" പോലെ ചിലതേ ഒാര്മ്മയുള്ളു.
മൈനാഗാ, വെട്ടിക്കാട്ടപ്പന് എത്രയും വേഗം കനിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
Post a Comment