Thursday, August 21, 2008

കടല്‍ക്കരയിലേയ്ക്ക്......


വലിയ ഗമയില്‍ കടല്‍ക്കരയെന്നൊക്കെപ്പറഞ്ഞാലും ഞങ്ങള്‍ക്കിത് ബീച്ചാണ്..കൊല്ലം ബീച്ച്..(സ്വന്തം ഭാഷ ഗമയും വൈദേശികഭാഷ തനതുമാവുന്നതിലെ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാം:)
ബീച്ചിലേയ്ക്കെപ്പോഴാ പോവുന്നേ?

“കൊച്ചുകുഞ്ഞിന്റച്ഛനങ്ങ് പട്ടുവാങ്ങാന്‍ പോയി
തങ്കശ്ശേരി തോട്ടിച്ചെന്ന് തോണി മുങ്ങിപ്പോയി“

എന്ന് അമ്മൂമ്മ പാടിത്തരുമ്പോള്‍ വയല്‍ക്കരയിലുള്ള തോടുപോലെന്തോ ഒന്നാണീ തങ്കശ്ശേരി തോടേന്നാണ് വിചാരിച്ചത്. എന്നാലും പട്ടുവാങ്ങാന്‍ പോയ അച്ഛന്റെ തോണി മുങ്ങിപ്പോയ കഥ എപ്പോഴും കരയിപ്പിയ്ക്കും. അതോണ്ട്, തങ്കശ്ശേരി വിളക്കുമരം അതാണെന്ന് പറഞ്ഞ് അച്ഛന്‍ കാണിച്ചുതരുമ്പോ ഞാന്‍ നോക്കുമായിരുന്നില്ല.
ഇപ്പോപ്പോയപ്പോ കാണാന്‍ അധികം കണ്ണുകളുണ്ടായിട്ടാവണം തങ്കശ്ശേരി വിളക്കുമരത്തിലോട്ടും നോക്കി..

സ്കൂളില്‍ പഠിയ്ക്കുമ്പോ‍ ഓണത്തിനു സാധനങ്ങള്‍ വാങ്ങിയ്ക്കാന്‍ എല്ലാരും കൊല്ലത്തിനു പോകും. അന്ന് അച്ഛനോട് പറഞ്ഞ് വാങ്ങുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു ബീച്ച്..

അച്ചാ..ബീച്ചിപ്പോമച്ചാ..ബീച്ചിപ്പോം...
അതിനൊന്നുനി സമയയില്ല..
ഒണ്ടച്ചാ..പ്ലീ‍സച്ചാ..
ഓ എങ്കി പോം..ബഹളം വയ്ക്കാതെയിരിയ്ക്ക്..

ബീച്ചെത്തി..മഴയില്‍ ദേഷ്യപ്പെട്ടലറുന്ന ബീച്ചെന്നെ നോക്കി കണ്ണുരുട്ടും..
എന്നാലും വിടുന്ന് ചില കക്കയോ ചിപ്പിയോ ഒക്കെ കിട്ടും. പഴയൊരു മഞ്ഞപ്പെട്ടിയില്‍ തീപ്പെട്ടിപ്പടങ്ങളോടും ചെറിയ ടെപ്പ് റിക്കോറ്ഡറിന്റെ മോട്ടോറുകളോടും ഉറങ്ങാനായി വിധിയ്ക്കപ്പെട്ടവ..
(നൊവാല്‍ജിയ..ബോറന്‍ ക്ലീഷേ..എന്നാലും തുടരട്ട്)

പിന്നെ എസ്സെന്‍ കോളേജിലെ പ്രീഡിഗ്രീ മഴയിലാണ്..ക്ലാസുകട്ടുചെയ്യുന്നതിലെ ഗമയായിരുന്നു അന്നൊക്കെ മുതിര്‍ന്നവനാക്കിയിരുന്നത്.
സിനിമ ഇഷ്ടമല്ല. (പ്രീഡിഗ്രീ സമയത്ത് ഒറ്റ സിനിമയേ കണ്ടിട്ടുള്ളൂ. അതോടെ നിര്‍ത്തി.സിനിമ: സൈന്യം.)
ലൈബ്രറി സ്ഥിരതാവളമാണേലും എന്തെങ്കിലും ഇടത്താവളം വേണ്ടേ.

ബീച്ചിപ്പോമെടാ..
വോക്കേ..
എരിവെയിലത്ത് ഇവിടെ വന്ന് കിടക്കാന്‍ വട്ടാണോടേയ്..
വട്ടല്ലടേയ്.. ബീച്ചിനൊരു ജീവനുണ്ട്.

കഥപറയാം, കൂക്കലിടാം, മടുക്കുമ്പോ സൈഡിലെ പൊളിഞ്ഞ പാര്‍ക്കില്‍ ഒണങ്ങിയൊണങ്ങി നില്‍ക്കുന്ന മാനുകള്‍ക്ക് പോച്ചപിച്ചിക്കൊടുക്കാം,കൊറച്ച് തെക്കോട്ട് നടന്നാല്‍ വല പിടിയ്ക്കുന്ന അണ്ണന്മാരെ സഹായിയ്ക്കാം. അവരോട് കഥകള്‍ പറഞ്ഞിരിയ്ക്കാം.നാരങ്ങാവെള്ളം കുടിയ്ക്കാം.കാറ്റാടിയിടയില്‍ കെടന്നൊറങ്ങാം... നേരത്തേ പോയാല്‍ നാലുമണിയുടെ പീ. യെം എസില്‍ സീറ്റൊറപ്പ്..

നാലുമണികഴിഞ്ഞാല്‍ പിന്നെ ബീച്ച് ഞങ്ങടേയല്ല. വലപിടിയ്ക്കണ അണ്ണന്മരുടേമല്ല..ഓണത്തിനു പണ്ട് ഞങ്ങള്‍ പോയപോലെ അച്ഛന്മാരും അപ്പൂപ്പന്മാരും അമ്മമാരും ചേച്ചിമാരും കുഞ്ഞാണ്ടിക്കുഞ്ഞുങ്ങളുമൊക്കെയെത്തും.അപ്പൊ ഞങ്ങള് വീട്ടിപ്പോകും

7 comments:

നരിക്കുന്നൻ said...

ഉശാറായിരിക്കുന്നു. ഒരു നൊസ്റ്റാള്‍ജിക് ഫീല്‍

Sarija NS said...

മനോഹരമായിരിക്കുന്നു.
“കൊച്ചുകുഞ്ഞിന്റച്ഛനങ്ങ് പട്ടുവാങ്ങാന്‍ പോയി
തങ്കശ്ശേരി തോട്ടിച്ചെന്ന് തോണി മുങ്ങിപ്പോയി“

ഇത് എന്‍റെ അമ്മൂമ്മയും പാടിത്തരുമായിരുന്നു.

വേണു venu said...

ബീച്ചു റോഡും കൊച്ചുപ്ലാമ്മൂഡു ഒക്കെ ഓര്‍മ്മയിലെത്തുന്നു. ബീച്ചിലെ തിയറ്ററൊക്കെ അടഞ്ഞു കിടക്കുന്നതു കണ്ടിരുന്നു. :)

ദേവന്‍ said...

അമ്പി ബീച്ചില്‍ പോയത് മഴയത്താണോ? എന്ത് ഇരുട്ട്.

വേണുമാഷേ, ടെര്‍മിനസ് തീയറ്റര്‍ ഓടിക്കണ്ട ഓര്‍മ്മ എനിക്കില്ല, പൂട്ടിക്കിടക്കുന്നതേയുള്ളു. ഇപ്പോ അവിടെ പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് ആണ്‌.

ബീച്ച് റോഡിലൂടെ ഞാനൊന്ന് പോയി നോക്കട്ട്.
ബീച്ച് റോഡ് . തുടങ്ങുമ്പോ വലത്ത് സലീം ഹോട്ടല്‍, ഇടത്ത് ബായീസ് (അയ്യേ അതിനു മുന്നേയുള്ള ആ നാറ്റപ്പുര ഞാന്‍ കണ്ടില്ല). പിന്നെ ഒന്നു രണ്ട് ഇലക്ട്റോണീക്സ് കട, എതിരേ പെട്ടിക്കടകള്‍. പിന്നത്തെ ഹോട്ടല്‍ ഏതാ? ഓറിയന്റ്? ഒറിജിനല്‍? മറന്നു. എതിരേ സ്പെയര്‍പ്പാര്‍ട്ട്സ് കട, ഗണേശന്റെ കാവേരി ഫ്ലവര്‍ മില്‍, പമ്പ്. എതിര്വശം യൂണിവേര്‍സല്‍ (പണ്ട് അവിടെ എക്സല്‍സിയര്‍ ആയിരുന്നു) ബെന്‍സിഗര്‍ ആശുപത്രി, എതിരേ ഗോപീസ് വീഡിയോ. പമ്പ് ഹൗസ്, മുന്നില്‍ മീന്‍ ചന്ത. കൊല്ലത്തുള്ള സകല കല്യാണത്തിനും കോട്ട് തയ്ക്കുന്ന ആന്‍ഡ്രൂസിന്റെ കട, ആവേരി ഇന്ത്യ, റിറ്റ്സ് ഹോട്ടല്‍, തോമസ് സ്റ്റീഫന്‍ & കോ (പൂട്ടിയില്ലേ?) വളവില്‍ തിരിവ് , മൂലക്ക് ആല്‍ച്ചുവട്ടില്‍ ഒരു ദേവിയും ടയര്‍ കടയും മുട്ടി ഉരുമ്മി .. പ്രശാന്തി അടച്ചു പോയി :(
വളവു തിരിഞ്ഞാല്‍ പാലം, ഒന്നൂടെ വളഞ്ഞാല്‍ ഒരു വരി കെട്ടിടം, എതിരേ കൊല്ലം തോട് ഒഴുകാതെ കിടക്കും. രണ്ടുമൂന്നു വീട് . ദേ പാര്‍ക്ക് ആയി. പാര്‍ക്കിനപ്പുറത്ത് പണ്ട് ഒരക്വേറിയം- എന്നു പറഞ്ഞുകൂടാ, മതിലേല്‍ ചില്ലിട്ടതില്‍ അഞ്ചാറു ഗോള്‍ഡ് ഫിഷും കാര്‍പ്പും കുറച്ചു മുഷിയും രണ്ടാമേം. ഒന്നൂടെ തിരിഞ്ഞാല്‍ എത്തിപ്പോയി അമ്പി നില്‍ക്കുന്ന സ്ഥലം.

പണ്ട് ആ തോട്ടിന്‍ കരയില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട്, ആദ്യമായി സിഗററ്റ് വലിച്ചത് ഇവിടെ വച്ചാണ്‌. ഉച്ചക്ക് വന്നാല്‍ ആരുമില്ല അവിടെങ്ങും. ഒമ്പതില്‍ പഠിക്കുമ്പോള്‍ ക്രേവനില്‍ നിന്നു ഉച്ചക്ക് ചാടി അവിടെ വരും, കൂട്ടുകാരൊത്ത് ചിലപ്പോ ബീച്ചില്‍ കുളിക്കും, അല്ലെങ്കില്‍ ചില്ലറ തോന്നിവാസമൊക്കെ പറഞ്ഞ് ഇരിക്കും. സ്കൂള്‍ വിടുന്ന സമയം ആകുമ്പോള്‍ ഒറ്റയോട്ടം.

വേണു venu said...

ആവേരി ഇന്ത്യ, റിറ്റ്സ് ഹോട്ടല്‍, തോമസ് സ്റ്റീഫന്‍ & കോ (പൂട്ടിയില്ലേ?) വളവില്‍ തിരിവ്.
ദേവന്‍ജീ, ആ വളവില്‍ തിരിയുന്നിടത്തല്ലെ വേറൊരമ്പലം. ഒരു ഗണപതി കോവില്‍. താമരക്കുളമെന്നോ മറ്റോ ഓര്‍മ്മ.
അതു കഴിഞ്ഞാല്‍ ആ ആലുള്ളിടത്തു് ജംകഷന്‍.കൊച്ചുപിലാംമൂഡു്. ടയറു കട ഇത്തവണ കണ്ടില്ല.പ്രശാന്തി അടഞ്ഞുകിടക്കുന്നു. :)

കാളിയമ്പി said...

നരിക്കുന്നന്‍, സരിജ നന്ദി.
വേണുമാഷേ..ബീച്ചിലെ തീയേറ്റര്‍ തുറന്ന് ഞാന്‍ കണ്ടിട്ടേയില്ല. അണ്ണന്മാരൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും.

ദേവേട്ട മഴയെന്നുവച്ചാ പെരുമഴ.ബീച്ചിപ്പോകാനുള്ള കൊതി കാരണം പോയതാ..പിന്നെ ഇഫക്റ്റിന് ഇരുട്ട് സ്വല്പം(സ്വല്‍‍പ്പം മാത്രം:))കൂട്ടി.ആ മേഴങ്ങള്‍ക്കിടയിലെ കോണ്ട്രാന്റ് ഇങ്ങ് പോന്നോട്ടെന്ന് വച്ചു.

അല്ല ദേവേട്ടന്‍ പറഞ്ഞ പണിതന്നെയായിരുന്നു ഞങ്ങള്‍ക്കും. സിസര്‍ മെന്തോളായിരുന്നു അന്ന് ബ്രാന്റ്. പോസ്റ്റില്‍ എഴുതിയെന്നാ ഞാന്‍ വിചാരിച്ചത്.ഇപ്പൊ വായിച്ച് നോക്കിയപ്പൊ അതില്ല. ഡ്രാഫ്റ്റ് സേവ് ചെയ്യാന്‍ കൊടുത്തത് പബ്ലീഷായിപ്പോയ പോസ്റ്റിത്.എന്ത് ചെയ്യാന്‍.അടുത്ത പോസ്റ്റിലാവട്ട്.

യൂണിവേഴ്സല്‍,ബെന്‍സിഗര്‍,ഗോപീസ്..ആദ്യമായിട്ട് എനിയ്ക്കൊരു റഫ് ആന്റ് ടഫ് ജീന്‍സ് തയിച്ച് തന്ന ആന്‍ഡ്രൂസ് തയ്യല്‍..മുട്ടന്‍ ഗോള്‍ഡ് ഫിഷിനെ ആദ്യമായിട്ട് കണ്ട് നിന്ന പ്രശാന്തി..(ഒരു രണ്ട് കൊല്ലം മുന്‍പൂടേ അവിടുന്ന് ഞാന്‍ കഴിച്ചതായിരുന്നു.ഇപ്പം പോയില്ല.അത് പൂട്ടിയോ)

Kunjipenne - കുഞ്ഞിപെണ്ണ് said...

ഇതെന്തപ്പാ..എല്ലാരുടെ ചിന്നക്കടക്കും ബീച്ചിനുമിടക്ക് കെടന്ന് കറങ്ങുന്നേ...പോയെ..പോയേ..
ഞാനവിടൊക്കെ ഒന്ന് നോക്കീട്ടവരാം