കൊല്ലം ജില്ലയുടെ മലയോര പട്ടണപ്രദേശമായ പുനലൂരിനെ പുരാവസ്തു സ്മാരകപട്ടികയില്‍ പ്രമുഖസ്ഥാനത്തു പ്രതിഷ്ടിക്കുന്നു,ജില്ലയുടെ സുപ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം. 1871 ല്‍ ബ്രിട്ടീഷ് സാങ്കേതികവിദഗ്ദന്‍ ആല്‍ബെര്‍ട് ഹെന്‍ട്രിയുടെ മേല്‍ നോട്ടത്തില്‍ രൂപല്‍പനയും നിര്‍മ്മാണവുമാരംഭിച്ച് 1877 ല്‍ പണിപൂര്‍ത്തിയാക്കി 1880 ല്‍ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്ത തൂക്കുപാലം, തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു, ഏറെ ശ്രദ്ധേയവും.
കരയോടടുത്തുതന്നെയുള്ള രണ്ട് വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തില്‍ ഇരുവശത്തുമായി രണ്ട് കൂറ്റന്‍ ചങ്ങലകളാല്‍ തൂക്കിയിട്ടിരിക്കുകയാണ് ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകള്‍ പൂര്‍ണ്ണമായും കരഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകള്‍ക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയില്‍ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ് ചട്ടകൂടുകളിലുറപ്പിച്ച തേക്ക് തടി പാളങ്ങള്‍ കൊണ്ടുള്ള പ്ലാറ്റ്ഫോമിലൂടെയായിരുന്നു വാഹനഗതാഗതമുള്‍പ്പടെ സാധ്യമായിരുന്നത് എന്നത് കൗതുകകരം തന്നെയാണ്.
ദൂരെ കാണുന്നത് കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ് റെയില്‍ പാതയുടെ പാലം
20 അടിയോളം വീതിയും നാനൂറ് അടിയോളം നീളവുമുള്ള തൂക്ക് പാലത്തിലൂടെ തമിഴ്നാട്ടില്‍ നിന്നുമുള്ള കച്ചവടസംഘങ്ങള്‍ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ് ചുവയുള്ള സംസ്കാരം കൂടുതല്‍ ബലപ്പെടുകയും ചെയ്തു.
കാളവണ്ടികള്‍ക്കും, കുതിരവണ്ടികള്‍ക്കും ശേഷം ബസ്സുകളും ലോറികളും നിരവധി കടന്നു പോയിട്ടും പാലം ഒരു വിസ്മയമായിതന്നെ നിലകൊണ്ടു. പിന്നീട് വര്‍ദ്ധിച്ച് വന്ന ഗതാഗത ആവശ്യങ്ങളും പുത്തന്‍ സാങ്കേതികവിദ്യയുടെ വികാസവും വഴി സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നത് ഏറെ ഭാരം വലിച്ച മുത്തശ്ശി പാലത്തിനു ആശ്വാസമായെങ്കിലും വാഹനഗതാഗതം നിലച്ചതോടെ , വാട്ടര്‍ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാന്‍ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റന്‍ ജലനിര്‍ഗമനകുഴല്‍ കൂനിമേല്‍കുരുവെന്നപോലെയായി. കുഴലുകള്‍ യോജിപ്പിക്കുന്ന ഭാഗത്ത് കൂടിയും അല്ലാതെയും പൊട്ടിയൊലിച്ച് സൃഷ്ടിക്കപെട്ട സൗജന്യ ക്ലോറിന്‍ ജലധാര കാണാന്‍ കൗതുകമായിരുന്നെങ്കിലും, തേക്ക് തടി തട്ടിനെയും , എന്തിനു വര്‍ഷങ്ങള്‍ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന കൂറ്റന്‍ ചങ്ങലെയെപ്പോലും സാവധാനം കാര്‍ന്നുതിന്നു. പാലം കുലുങ്ങിയാലും കുലുങ്ങാത്ത ജല അതോറിട്ടി കൈയ്യും കെട്ടി മാറിനിന്നു.
യാതൊരു പ്രയോജനവുമില്ല്ലാത്ത രീതിയില്‍ പുനലൂര്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് വര്‍ഷാവര്‍ഷം നവീകരണ കരാറുകള്‍ ഒപ്പിടാനുള്ള മാര്‍ഗ്ഗമായി നിരവധി വര്‍ഷങ്ങള്‍ പിന്നെയും. ഓരോതവണയും പുനരുദ്ധാരണം നടത്തി കാല്‍നടക്കാര്‍ക്കായി കൊട്ടിഘോഷിച്ച് തന്നെ കാഴ്ചവെക്കുമ്പോള്‍ , പാലത്തിനുതന്നെയറിയാം ഏറിയാല്‍ ഒന്നോ രണ്ടോ മാസം, അതില്കൂടുതല് പുതുതായി സ്ഥാപിക്കുന്ന തടി ഭാഗങ്ങള്‍ക്ക് ഉയര്‍ന്ന മര്‍ദ്ദത്തിലൊഴുകുന്ന ക്ലോറിന്‍ കലര്‍ന്ന വെള്ളത്തിന്റെ ആഘാതം താങ്ങാനാവില്ലന്ന്.
സംസ്കാരികപ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകള്‍ക്കും നിരവധി നിവേദനങ്ങള്‍ക്കുമൊക്കെ ഒടുവില്‍ ആര്‍ക്കിയോളജി വകുപ്പ് പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തതോടെ വാട്ടര്‍ അതോറിറ്റിക്ക് തൂക്ക് പാലത്തിന്റെ നടുവിലൂടെ ഇട്ടിരുന്ന കുഴല്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നു. ആര്‍ക്കിയോളജിക്കാരുടെ മേല്‍നോട്ടത്തില്‍ കുറേകൂടി മെച്ചപ്പെട്ട രീതിയില്‍ നവീകരണവും ശക്തിപെടുത്തലുമൊക്കെ നടത്തിയത് കാല്‍നടക്കാര്‍ക്ക് ഒരനുഗ്രഹമെന്നതിലുപരി, തൂക്ക് പാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം നാട്ടുകാര്‍ക്കുമുണ്ടായി. ചങ്ങലകളില്‍ തൂക്കിയിടാറുണ്ടായിരുന്ന പരസ്യ ബാനറുകള്‍ ഇപ്പോള്‍ കാണാനില്ല, കമാന തൂണുകളിലും മറ്റും പോസ്റ്ററുകളില്ല, നിര്‍മ്മാണരഹസ്യം ഒളിച്ചുവെച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന വശങ്ങളിലെ കിണറുകളിലും പരിസരത്തും സൗകര്യപൂര്‍വ്വം നടത്തിയിരുന്ന ചവറുമാലിന്യ നിക്ഷേപം ഒരു പരിധിവരെ കുറഞ്ഞിരിക്കുന്നു.
പക്ഷേ ആര്ക്കിയോളജിക്കാര് ഏറ്റടുത്ത പുരാവസ്തു സ്മാരകങ്ങള്‍ പലതും ആദ്യ പൊടിയടിക്കലുകള്‍ക്ക് ശേഷമുള്ള അവഗണനയിലും, പരിചരണമില്ലായ്മയിലും ആയുസ്സൊടുങ്ങാറായി ചരിത്രത്തിന്റെ തിരുശേഷിപ്പുകളാകുന്ന ഗതി ഈ മുത്തശ്ശിപ്പാലത്തിനുമുണ്ടാകുമോ എന്ന സംശയത്തിനടിവരയിടുന്നു, കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോളുള്ള (2006 ഡിസംബര്‍)പാലത്തിന്റെ അവസ്ഥ.
പുനലൂര്‍ തൂക്ക് പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചങ്ങലകള്‍ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത് (ഇത് പാലത്തില്‍ വന്യമൃഗങ്ങള്‍ കയറിയാല്‍ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ) ഇപ്പോള്‍ തീരെ ഇല്ലാതായിരിക്കുന്നു, തടി തട്ടില്‍ ഇരുമ്പ് പട്ട പിടിപ്പിച്ച് കൂറ്റന്‍ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത് തുരുമ്പെടുത്ത്, പാലത്തിലൂടെ കടന്നാല്‍ സെപ്റ്റിക്ക് ആവുന്ന അവസ്ഥയാക്കിയിരിക്കുന്നു. ഉറപ്പിച്ചിരുന്ന തടിതട്ടില്‍ പലതും ഇളകി പോയതിനാല്‍ സര്‍ക്കസിലെ ട്രപ്പീസ് കളിക്ക് തുല്യം മെയ്വഴക്കമില്ലാതെ പാലത്തിലൂടെ കടന്ന് പോകണമെങ്കില്‍ ഭാഗ്യം കൂടി കനിയണം. കമാന തൂണുകളിലും ചങ്ങലകളിലുമൊക്കെ അടിച്ചിരുന്ന വിവിധവര്‍ണ്ണ ചായകൂട്ടുകള്‍ രണ്ട് മഴകഴിഞ്ഞപ്പോഴേക്കും കല്ലടയാറിലൂടെ താഴോട്ട് ഒഴുകിപ്പോയി. ആസിഡ് പോലുള്ള ശക്തിയാര്‍ന്ന ലായനികളില്‍ കരിച്ചുകളഞ്ഞുവെന്ന് എഴുതി ടെന്‍ഡര്‍ കാശുമാറിയ കരിങ്കല്‍ തൂണുകളിലെ വിടവുകളിലുള്ള ആല്‍മരകുഞ്ഞുങ്ങള്‍, പോഷകാഹാരം കഴിച്ചമാതിരി പൂര്‍വാധികം ശക്തിയോടെ വളര്‍ന്ന് പന്തലിക്കുന്നു. വശങ്ങളില് പിടിപ്പിച്ച് പുല്‍തകിടിയും മറ്റ് ഉദ്യാന സസ്യങ്ങളും പരിചരണമില്ലാതെ കാട്പിടിച്ചപോലെയായി.
പഴയപ്രതാപമില്ലെങ്കിലും , ആ വലിയ ജലനിര്‍ഗമനകുഴല്‍ എടുത്ത് മാറ്റിയതോടെ ഭാരം വലിച്ച് നടുവൊടിഞ്ഞ മുത്തശ്ശിപാലത്തിനു ഒരു പുതുജീവന്‍ വന്നത് പോലെയുണ്ട് എന്ന് പറയാതിരിക്കാനാവില്ല, അതിനു പുരാവസ്തു വകുപ്പിനോട് നന്ദി രേഖപ്പെടുത്താതിരിക്കുന്നതിനുമാവില്ല.
കൃത്യമായ വാര്‍ഷികപരിചരണമില്ലെങ്കില്‍ ഈ ചരിത്ര വിസ്മയം ഒരോര്‍മ്മയായിതീരുന്ന കാലം വിദൂരമാകില്ലന്ന് തന്നെ തോന്നുന്നു.
വിക്കി പീഡിയയില് ഈ ലേഖനം
27 comments:
കൊല്ലം ജില്ലയുടെ മലയോര പട്ടണപ്രദേശമായ പുനലൂരിനെ പുരാവസ്തു സ്മാരകപട്ടികയില്‍ പ്രമുഖസ്ഥാനത്തു പ്രതിഷ്ടിക്കുന്നു,ജില്ലയുടെ സുപ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം. 1871 ല്‍ ബ്രിട്ടീഷ് സാങ്കേതികവിദഗ്ദന്‍ ആല്‍ബെര്‍ട് ഹെന്‍ട്രിയുടെ മേല്‍ നോട്ടത്തില്‍ രൂപല്‍പനയും നിര്‍മ്മാണവുമാരംഭിച്ച് 1877 ല്‍ പണിപൂര്‍ത്തിയാക്കി 1880 ല്‍ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്ത തൂക്കുപാലം, തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു, ഏറെ ശ്രദ്ധേയവും.
കല്ലടയാറിന്റെ ഇരുകരകളിലുമായി വളര്‍ന്ന് വന്ന പുനലൂര്‍ പട്ടണത്തിന്റെ ചരിത്രനാള്‍വഴിയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന തൂക്കുപാലത്തെ കുറിച്ചൊരു സചിത്രകുറിപ്പ്..
ഞാനും ഒരു കൊല്ലക്കാരന്‍, നടിന്റെ ഹൃദയം തൊട്ട പ്രതീതി..
When I lived there in Punalur, in my childhood, till 9 years old this Thookkupaalam was a wonder for me. Last year, I went there again with my wife and children to show them Punalur again.
അലിഫ്, നല്ല ലേഖനം. ചിത്രങ്ങളും കേമം.
മലയാളം വിക്കിപീടിയയില്‍ ഈ ലേഖനം ഇട്ടു കൂടേ?
താത്പര്യമുണ്ടെങ്കില്‍ ഇതാ ലേഖനം തുടങ്ങുവാനുള്ള ലിങ്ക്..
അലിഫ്: engineering ടച്ചോടുകൂടിയുള്ള ചരിത്രവിശദീകരാണം... വളരെ നന്നായിരിക്കുന്നു...ഇതൊക്കെ പുതുതലമുറക്കു കിട്ടത്തക്കവണ്ണം കരുതിവെക്കുക.
അലിഫ്,
പ്രശംസനീയമായി അവതരിപ്പിച്ചിരിക്കുന്നു ഈ ലേഖനം എന്നു പറയാതെ വയ്യ.
കൊല്ലം ബ്ലോഗ് കേരളത്തിന്റെ ഇനിയും വരാനിരിക്കുന്ന ചരിത്ര ഭൂമിശാസ്ത്ര പാഠങ്ങള്‍ക്ക് ഒന്നാംകിട മാതൃകയാവട്ടെ!
അഭിനന്ദനങ്ങള്‍!
നല്ല ലേഖനം. അഭിനന്ദനങ്ങള്‍.ഇനിയും പ്രതീക്ഷിക്കുന്നു.
qw_er_ty
നല്ല ലേഖനം. ചിത്രങ്ങളും കേമം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പുനലൂരില്‍ രണ്ടാഴ്ച്ച ഒരു ട്രെയിനിങ്ങിന് ( ആ സ്ഥലത്തിന്റെ പേര് മറന്നു - Buffaloe breeding farm ) വന്ന സമയം പാലം കണ്ടിരുന്നു.പക്ഷേ അതിത്ര വലിയ സംഭവമാണെന്ന് ഇപ്പോളാണ് മനസ്സിലായത്...
അലീഫേ, നല്ല ലേഖനം, നല്ല ചിത്രങ്ങള്‍.
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയിരുന്നപ്പോള്‍ കുട്ടികളുമായി പോയിരുന്നു. കുട്ടികളെ കാണിക്കുന്നതിനോടൊപ്പം വീണ്ടും ഒന്നു കാണാന്‍ മനസ്സും ആഗ്രഹിച്ചിരുന്നു.:)
ഇങ്ങനെയൊരു സംഭവമുണ്ടായിരുന്നോ?!!
കൊള്ളാം... ഞാന്‍ കൊല്ലത്ത് വന്നപ്പോള്‍ മിസ്സായ്പ്പോയല്ലോ !!! :(
ആലിഫ് മാഷേ ..നല്ല ഒന്നാന്തരം ലേഖനവും, ചിത്രങ്ങളും
ഏവൂരാന് പറഞ്ഞ മാതിരി വിക്കിയിലേയ്ക്കു നോക്കാനുള്ള സമയമായി നമുക്ക് കൊല്ലത്തുകാര്‍ക്ക്..:)
നമ്മളുടെ ബ്ലോഗ് കിടിലം തന്നെ അല്ലേ..കൊല്ലത്തുകാരനായതിലൊരു അഭിമാനമൊക്കെ വരുന്നത് ഈ ബ്ലോഗ് വായിയ്ക്കുമ്പോഴാണ്..:)
അംബിയുടെ കമന്റില്‍ തൂങ്ങിയാണു ഞാനിത് വഴിവന്നതു കണ്ടില്ലങ്കില്‍ ഒരു കൊല്ലം കാരനായ എനിക്കു അതൊരു നഷ്ടമായി പ്പോയേനേ:)
:- സാജന്
അലീഫേ,
സംഭവം ഡ്രാഫ്റ്റ് ആക്കിയിട്ടപ്പോഴേ ഞാന്‍ വായിച്ചതാണേ, അവിടെ കമന്റ് ഇടാന്‍ സൌകര്യമുണ്ടെങ്കില്‍ അപ്പോഴേ ഇട്ടേനെ.
ഒരു പ്രൊഫഷണല്‍ പോസ്റ്റ്. ഇതിലും നന്നായിട്ട് പുനലൂര്‍ തൂക്കുപാലത്തെക്കുറിച്ച് എവിടെയും കാണില്ല.
പുനല്‍ ഊര് എന്ന പേരിനു തന്നെ അര്‍ത്ഥം നദിയുള്ള സ്ഥലം എന്നാണ്. കുറുക്കേ പോകുന്ന ആറും അതിന്റെ ഒഴുക്കും അത്ര വലിയ പ്രശ്നമായിരുന്നു കാണണം പണ്ടുകാലത്തേ. തൂക്കുപാലം മലകടന്നുള്ള കച്ചവടത്തിനും മലഞ്ചരക്ക് കാര്‍ഷിക വ്യാപാരത്തിനുമൊക്കെ എത്ര സഹായിച്ചിട്ടുണ്ടാവണം! കൊല്ലതിന്റെ വികസനത്തിലെ ഒരു നാഴികക്കല്ലാവും ഇവന്. ഈ വിഷയം തന്നെ തിരഞ്ഞെടുത്തതിനു നന്ദി.
അലിഫ്, ദേവന് പറഞ്ഞ പോലെ, ഡ്രാഫ്റ്റ് വായിച്ചു തന്നെ മനസ്സാ നമിച്ചതാണ്.
അലിഫിന്റെ എഴുത്തിന്റെ ഭംഗിയും ഒതുക്കവും കൃത്യതയും അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടിയിട്ടുണ്ടോ എന്നൊരു സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്. (ഒരു പക്ഷേ വെറും സംശയമാകാം.) ഈ ലേഖനത്തില്‍ ഇപ്പറഞ്ഞതെല്ലാം അതിന്റെ പാരമ്യത്തിലുണ്ട്. ഇമ്മാതിരി വിഷയങ്ങളെക്കുറിച്ച് എങ്ങനെയാണെഴുതേണ്ടതെന്നറിയാനായെങ്കിലും എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ പോസ്റ്റ്.
നന്ദി.
ആറു കൊല്ലം മറ്റോ മുമ്പാണ് ഈ പാലത്തിനെ അവസാനമായി കാണുന്നത്. ഈ ചിത്രങ്ങളില്‍ നിന്നും, അന്നത്തേക്കാള്‍ നല്ല രീതിയിലിരിക്കുന്നു ഇപ്പോള്‍ എന്നു മനസ്സിലാക്കുന്നു. നല്ല ലേഖനം, അലിഫ്!
സന്തോഷ് എഴുതിയതു പോലെ, പാലത്തിനു മുകളിലൂടെയുള്ള കൂറ്റന്‍ പൈപ്പ് മാറ്റിയതിനു ശേഷം ഞാനിതു ആദ്യമായി കാണുക യാണ്.. മനോഹരമായിരിക്കുന്നു.. ചിത്രങ്ങളും.. കുറിപ്പുകളും
വളരെ നല്ല ലേഖനം
ഈ തൂക്കുപാലത്തിനു ആലപ്പുഴ കടല്‍പ്പാലത്തിന്റെ അവസ്ഥ വരാതിരിക്കട്ടെ
നല്ല ലേഖനം. അഭിനന്ദനങ്ങള്‍
വളരെ നല്ല ചിത്രങ്ങള്‍
ഞാനും ഒരു കൊല്ലം കാരനാണേ.............
ചുള്ളാ, ഞാന്‍ ഇവിടെ ചേരാനൊരു സ്വാഗതപത്രം അയച്ചിട്ടുണ്ട്, ചേരണമെന്നുണ്ടെങ്കില്‍ ചേര്‍ന്നോളൂ.
ചുള്ളാ, ഞാന്‍ ഇവിടെ ചേരാനൊരു സ്വാഗതപത്രം അയച്ചിട്ടുണ്ട്, ചേരണമെന്നുണ്ടെങ്കില്‍ ചേര്‍ന്നോളൂ.
സഹീറിനും താല്‍പ്പര്യമുണ്ടെങ്കില്‍ ഈമെയില്‍ അഡ്രസ്സ് എനിക്കയക്കാം.
ദേവേട്ടാ ഇതു വിക്കിയില്‍ കയറ്റട്ടെ.
പറ്റുമെങ്കില്‍ ചിത്രങ്ങളും. ചിത്രങ്ങള്‍ ആര് എടുത്തതാ.
ഷിജൂ, ഇത് ഞാനെഴുതിയതല്ല, അലീഫ് എഴുതിയതാ. ചിത്രങ്ങളും അലീഫ് എടുത്തതായിരിക്കണം, അദ്ദേഹത്തിന്റെ സമ്മതമാണു വാങ്ങേണ്ടത്.
നിമിഷയ്ക്ക് ബൂലോഗകൊല്ലത്തേക്ക് സ്വാഗതം. റേഷന്‍ കാര്‍ഡും വോട്ടേര്‍സ് കാര്‍ഡും കിട്ടിയല്ലോ?
അഞ്ചല്കാരനായ എനിക്ക് ഇതുവരെ പുനലൂര്‍ തൂക്കുപാലത്തിന് ഇത്രയും സൌന്ദര്യം ഉണ്ടെന്ന് തോന്നിയിട്ടില്ല. ഒടേ തമ്പുരാനേ നാഴികക്ക് നാല്പ്ത് വട്ടം പുനലൂരില്‍ പോയിട്ടും തൂക്കു പാലം കണ്ടിട്ടും ഈ സൌന്ദര്യം ഞാന്‍ കാണാതെ പോയല്ലോ. പുനലൂര്‍ തൂക്കു പാലവും എന്റെ ബാല്യകാല സ്മ്രിതികളുമായി ഒരു പോസ്റ്റിനുള്ള സ്കൂപ്പും വരുന്നുണ്ട്.
നന്നായി ബായി. കൊള്ളാം.
തുടരൂ....
ഷിജു,
തീര്‍ച്ചയായിട്ടും എടുത്ത് വിക്കിയില്‍ ചേര്‍ത്തോളൂ. ചിത്രങ്ങളും ഞാന്‍ തന്നെ എടുത്തതാണ്. നാട്ടിലോട്ട് തിരിക്കുന്നതിന്റെ തിരക്കിലും, പിന്നെ ഇപ്പോള്‍ നാട്ടിലെത്തിയതിന്റെ തിരക്കിലും പെട്ട് ബ്ലോഗില്‍ നിന്ന് കുറച്ച് മാറിയത് മൂലമാണിത് കാണാതിരുന്നത്. ഏവൂരാന്‍ജി ഒക്കെ പറഞ്ഞപ്പോഴെ ഇത് വിക്കിയില്‍ ചേര്‍ക്കാന്‍ നോക്കിയതാണ്, പക്ഷേ അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. വിക്കിയില്‍ ചേര്‍ത്തിട്ട് ഒരു ലിങ്ക് അയച്ചുതന്നാല്‍ ഉപകാരം.
ദേവേന്, നമ്മുടെ കൊല്ലം ബ്ലോഗ് വളരുന്നു..വളരെ അധികം സന്തോഷം.വിക്കി പോലുള്ള സംരംഭങ്ങളില്‍ പങ്കെടുക്കുകയെന്നത് തന്നെ സന്തോഷമുള്ള കാര്യമല്ലേ. ഈ ബ്ലോഗിലെ എന്റെ ഏത് ആര്‍ട്ടിക്കിളും വിക്കിയില്‍ വരുന്നതില്‍ സന്തോഷമേയുള്ളൂ.
nice article.
Post a Comment