Wednesday, August 12, 2009

കൊല്ലം കാഴ്ചകള്‍ - മൂന്നാം ഭാഗം

കൊല്ലം കാഴ്ചകള്‍ - മൂന്നാം ഭാഗം
തങ്കശ്ശേരി വിളക്കുമാടം
---------------------------------------------------------------
കൊല്ലം ബസ്റ്റാന്‍ഡില്‍ നിന്നും 5 കി.മി മാത്രം അകലെ
-------------------------------------------------------------------
ഇന്‍ഡ്യയിലെ രണ്ടാമത്തെ ഉയരം (144 അടി) കൂടിയ ഇത്‌ നിര്‍മ്മിച്ചത്‌ 1519ല്‍ ബ്രട്ടീഷുകാരാണ്‌. കുറേക്കാലം സന്ദര്‍ശകരെ അകറ്റി നിര്‍ത്തിയിരുന്ന ഇവിടെ ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ കയറിക്കാണാന്‍ അനുവാദമുണ്ട്‌

Monday, March 30, 2009

കൊല്ലം ക്വിസ്- തിരഞ്ഞെടുപ്പ് ലക്കം

1.കൂറുമാറ്റനിരോധന നിയമപ്രകാരം എം. എല് ഏ സ്ഥാനം നഷ്ടപ്പെട്ട ഒരേയൊരു സംഭവമേ കേരളനിയമസഭയില് ഇതുവരെ ഉണ്ടായിട്ടുള്ളു. ആരാണ് അംഗത്വം നഷ്ടപ്പെട്ട ആ വ്യക്തി?

2. ആര് എസ് പിയില് നിന്നും കൂറുമാറി കോണ്‍ഗ്രസില് ചേര്‍ന്നതിനു തൊട്ടുപിന്നാലെ, വിവാഹമുറച്ചിരുന്ന സരസന് എന്നയാളിനെ കാണാതായി. ആര് എസ് പി സ്ഥാനാര്‍ത്ഥിയായി ചവറയില് മത്സരിക്കുന്ന ബേബി ജോണും മറ്റൊരു നേതാവായിരുന്ന വി പി രാമകൃഷ്ണപിള്ളയും ചേര്‍ന്ന് വധിച്ചതാണ് സരസനെ എന്ന് പത്രവാര്‍ത്തകള് വന്നതിനെത്തുടര്‍ന്ന് ബേബിജോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെല്ലാം കരിങ്കൊടി പ്രകടനവും പ്രതിഷേധവുമായി യു ഡി എഫ് പ്രതികരിച്ചു. സരസന്റെ മാതാവ് "എന്റെ മകന് എവിടെ?" എന്ന തുറന്ന കത്ത് ബേബി ജോണിനെഴുതുകയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചവറയിലെത്തി സരസന്റെ വൃദ്ധമാതാവിന്റെ കണ്ണീരൊപ്പാന് ബേബിജോണിനെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പക്ഷേ ബേബി ജോണ് നേരിയ ഭൂരിപക്ഷത്തില് വിജയിച്ചു. ശേഷം സരസന് സംഭവം തെളിയുകയും ചെയ്തു. ആരായിരുന്നു സരസനെ വധിച്ചത്?

3. കൊല്ലത്ത് ഒരേ മണ്ഡലത്തില് നിന്നും ഏറ്റവും കൂടുതല് തവണ എം എല് ഏ ആയത് ആരാണ്?

4. നാഷണല് ഹൈവേയിലെ ഇത്തിക്കര പുതിയ പാലം ഉത്ഘാടനം ചെയ്തത് കുറുകേ കെട്ടിയ കറുപ്പു നാടയെ ഒരു വാഹനം ഭേദിച്ചുനീക്കിക്കൊണ്ടായിരുന്നു. അസാധാരണമായ ഈ ചടങ്ങ് നടക്കാന് കാരണമെന്താണ്?

5. ശബരിമല ക്ഷേത്രത്തിനു തീ പിടിച്ചപ്പോള് "ഒരമ്പലം കത്തി നശിച്ചാല് അത്രയും അന്ധവിശ്വാസം നശിച്ചു" എന്ന് പ്രസ്താവിച്ച കൊല്ലത്തുകാരന് ആരാണ്?

6. കേരള നിയമസഭ കണ്ടതില് വച്ച് ഏറ്റവും പ്രായം കുറഞ്ഞ എം എല് ഏ ഒരു കൊല്ലത്തുകാരനാണ്. ആരാണ് ഇദ്ദേഹം?

7. നാഗേന്ദ്ര പൈ കൃഷ്ണപട്ടര്, മൈക്കിള് കോണ്‍സീക്കോ, ആഡംജീ ഹക്കീംജി, റവ. ഐപ്പ് തോമാ കത്തനാര്, ഈശ്വര അയ്യര് രാമയ്യര് ... ഇവരൊക്കെ എവിടെയാണ് കൊല്ലത്തെ പ്രതിനിധീകരിച്ചത്?

8. പതിനഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പില് കൊല്ലം മണ്ഡലത്തില് കുന്നത്തൂരും കരുനാഗപ്പള്ളിയും ഇല്ല. യഥാക്രമം ഇവ മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലാണ്. പകരം കൊല്ലത്തേക്ക് ചേര്‍ത്ത രണ്ട് നിയസഭാമണ്ഡലങ്ങള് ഏതൊക്കെയാണ്?

9. പതിനഞ്ചാം ലോക്സഭാ തെരെഞ്ഞെടുപ്പിലേക്ക് ഏറ്റവും കൂടുതല് വോട്ട് കൊല്ലത്തെ ഏതു മണ്ഡലത്തില് നിന്നാണ്?

10. കൊല്ലം കോര്‍പ്പറേഷനിലേക്ക് നടന്ന 2000മാണ്ട് തെരഞ്ഞെടുപ്പില് പാല്‍ക്കുളങ്ങര ഡിവിഷനില് ബീനാകൃഷ്ണനും ജി അനിതയും തുല്യവോട്ട് നേടിയതിനെത്തുടര്‍ന്ന് നറുക്കെടുപ്പില് അനിത വിജയിയായി ശേഷം കോടതിവിധിയില് ബീനാകൃഷ്ണന് ഒരു വോട്ട് ഭൂരിപക്ഷത്തില് വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഇതിനായി കോടതി സ്വീകരിച്ച രീതി ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില് ആദ്യമായി സംഭവിച്ച ഒന്നായിരുന്നു. എന്തായിരുന്നു ആ പുനര് നിര്‍‌ണ്ണയത്തിന്റെ പത്യേകത?

(ചോദ്യങ്ങള്‍ക്ക് ഒരു പുസ്തകത്തോട് കടപ്പാടുണ്ട്. ഉത്തരം വന്നതിനു ശേഷം രേഖപ്പെടുത്താം അത്. ഇല്ലെങ്കില് കോപ്പിയടി നടന്നാലോ.)

Sunday, October 26, 2008

കൊല്ലം - ചിത്രങ്ങള്‍

കൊല്ലം കാര്‍ത്തിക ഹോട്ടലിലെ ശില്പങ്ങള്‍. കാനായി കുഞ്ഞിരാമനായിരുന്നു പ്രധാന ശില്പി. കെ.സി.എസ്. പണിക്കരുടെ കലാപീഠത്തിനു നല്‍കിയ ഒരു പ്രോജക്ടിന്റെ ഭാഗമായി ആണ് ഈ ശില്പങ്ങള്‍ നിര്‍മ്മിച്ചത്.കൊല്ലം കാര്‍ത്തിക ഹോട്ടലിലെ ശില്പങ്ങള്‍ - മറ്റൊരു വീക്ഷണം.കൊല്ലം മണിമേട (ക്ലോക്ക് ടവര്‍).
ചിന്നക്കടയില്‍ സ്ഥിതി ചെയ്യുന്നു. പട്ടണത്തിലെ പൊതുജനങ്ങളാല്‍ നിര്‍മ്മിച്ച് കൊല്ലം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ആയിരുന്ന ഉണിച്ചക്കം വീട്ടില്‍ കെ ജി പരമ്വേശ്വരന്‍ പിള്ളയ്ക്ക് സമര്‍പ്പിച്ചതാണ്‌ ഈ മണിമേട. "രാജ്യസേവാ നിരതന്‍ കെ ജി പരമേശ്വരന്‍ പിള്ള ക്ലോക്ക് ടവര്‍, പൊതുജനങ്ങള്‍ നിര്‍മ്മിച്ചത് - 1944-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതിലെ ക്ലോക്കുകള്‍ ബിലാത്തിയില്‍ നിര്മ്മിച്ചതാണ്‌.കൊല്ലം പബ്ലിക് ലൈബ്രറി - പ്രപഞ്ചത്തിനുള്ളിലെ കൊച്ചൊരു പ്രപഞ്ചംനെഹ്രു പാര്‍ക്ക് (ടി.കെ. ദിവാകരന്‍ സ്മാരക പാര്‍ക്ക്)നെഹ്രു പാര്‍ക്കിലെ അമ്മയും കുഞ്ഞും - എം.വി. ദേവന്‍ നിര്‍മ്മിച്ച ശില്പം.അമ്മയും കുഞ്ഞും - എം.വി. ദേവന്‍ നിര്‍മ്മിച്ച ശില്പം.
അമ്മയും കുഞ്ഞും - പിന്‍‌വശംനെഹ്രു പാര്‍ക്കിനു മുന്‍പിലെ നെഹ്രു പ്രതിമ.അതിനടുത്തായി സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ഡിഫി സ്ഥാപിച്ചുനല്‍കിയ പ്രതിമ. ശന്തനു നിര്‍മ്മിച്ചത്.കൊല്ലം ടൌണ്‍ ഹാളിനു മുന്‍പില്‍ - സി. കേശവന്റെ പ്രതിമ. (2008-ല്‍ സ്ഥാപിച്ചത്).പീരങ്കി മൈതാനത്തില്‍ - അയ്യങ്കാളി പ്രതിമ. അയ്യങ്കാളി പെരിനാട് കലാപം സമാധാനപരമായി അവസാനിപ്പിച്ചത് ഇവിടെയാണ്.ആരുടെയൊക്കെ അല്മാ മാറ്റര്‍? കൊല്ലം എസ്.എന്‍. (മെന്‍സ്) കോളെജ്എസ്.എം.പി. പാലസ് (ശ്രീ മൂലം തിരുനാള്‍ ശഷ്ട്യബ്ദി സ്മാരക മെമ്മോറിയല്‍ - 1910-ല്‍ സ്ഥാപിച്ച ഈ കെട്ടിടം ഇന്ന് തമിഴ് / ഇക്കിളി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയ്യെറ്റര്‍ ആണ്). വലതുവശത്താണ് (യഥാക്രമം) വൈ.എം.സി.എ, കറന്റ് ബുക്സ് എന്നിവ.

Tuesday, September 23, 2008

മത്സ്യകന്യക

പശ്ചാത്തലം
മീന്‍പിടിയ്ക്കുന്നതിനപ്പുറം, കടലിലിറങ്ങി എന്തെങ്കിലും പര്യവേഷണം ചെയ്യാനുണ്ടെന്ന് വിചാരിച്ചിരുന്ന സംസ്കാരങ്ങളിലെല്ലാം, കടലില്‍ പോകുന്നതും, ദൂരദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതും സംസ്കാരത്തിന്റെ ഭാഗമായയിടങ്ങളിലെല്ലാം, മുത്തശ്ശിക്കഥകളില്‍ മത്സ്യകന്യകകള്‍ കടന്നുകൂടിയിട്ടുണ്ട്. കരയില്‍നിന്ന് കൂടുകുടുംബങ്ങള്‍ക്കകലെ വളരെയേറെക്കാലം കഴിയുന്ന നാവികരെ സംബന്ധിച്ചിടത്തോളം അത്തരം മിത്തുകള്‍ക്ക് ചിലപ്പോ മുത്തശ്ശിക്കഥകളെന്നതിലുപരി മൂല്യമുണ്ടാ‍കാം. അതുകൊണ്ട് തന്നെ യൂറോപ്പിലും മറ്റും മെര്‍മേയ്ഡുകള്‍ വളരെ വ്യാപകമായ ഒരു സങ്കല്‍പ്പമാണ്. ഡെന്മാര്‍ക്കിലെ ദേശീയ ചിഹ്നം തന്നെയായ ലിറ്റില്‍ മെര്‍മേഡ് എന്ന ശില്‍പ്പം പ്രശസ്തമാണ്, മനോഹരവുമാണ്. യൂറോപ്പിലെ തീരങ്ങളിലങ്ങോളമിങ്ങോളം മത്സ്യ കന്യകമാരുടെ ശില്‍പ്പങ്ങള്‍ കാണാം.

അനുഭവം
കാനായി കുഞ്ഞിരാമന്റേതായി മലമ്പുഴയില്‍ ഒരു ശില്‍പ്പമുണ്ട്. വളരെ ചെറിയ പ്രായത്തില്‍ മലമ്പുഴയില്‍ ചെന്നപ്പോഴാണത് ആദ്യം കാണുന്നത്. സ്ത്രീ ലൈംഗികാവയവങ്ങളുടേ തുറന്നുകാട്ടല്‍ ഹരമാകാന്‍ തുടങ്ങിയ പ്രായത്തിനും വളരെ മുന്‍പേ തന്നെയാണ് ....ഒരു വിഗ്രഹത്തിലെന്ന പോലെ കണ്ണുകള്‍ പറിച്ചെടുക്കാനാവാതെ നോക്കിനിന്നിട്ടുണ്ട് ആ ശില്‍പ്പത്തില്‍. യക്ഷിയെന്ന മനോഹാരിതയെ എത്ര നന്നായാണ്, എത്ര ജീവനോടേയാണ് ഈ വാര്‍ത്ത് വച്ചിരിയ്ക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.
ആ മുഖത്തെ ശാന്തത പിന്നീടൊരിയ്ക്കലും മറന്നിട്ടില്ല. പലപ്പോഴും ക്രൂരമായ മുഖഭാവങ്ങളോടെ വിചാരിച്ചിരുന്നെങ്കിലും യക്ഷി ആ ശില്‍പ്പം പോലെ മനോഹരിയാണല്ലോ, അപകടകാരിയല്ലല്ലോ എന്നോര്‍ത്ത് ട്യൂഷന്‍ കഴിഞ്ഞു വരുമ്പോള്‍ കാവിനടുത്തൂടേ നടന്നുപോകാന്‍ പലപ്പോഴും ധൈര്യം വന്നിട്ടുണ്ട്.

പിന്നീട് വളര്‍ന്നപ്പോള്‍ കാലുകളകറ്റിയുള്ള ആ ഇരുപ്പില്‍ എത്ര ലളിതമായാണ് ഒരു ജതതതിയുടെ, പത്ത് നാനൂറ് കൊല്ലങ്ങളായി അടിച്ചമര്‍ത്തിയിരുന്ന,അതുകൊണ്ട് തന്നെ വളരെ പെര്‍വെര്‍ട്ടഡ് ആയിരിക്കുന്ന ലൈംഗികബോധത്തിനെതിരേ കാനായി കലാപം കൂട്ടിയതെന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുമുണ്ട്.
കൊല്ലത്ത് കാര്‍ത്തിക ഹോട്ടലിനു മുന്‍പിലെ അത്ര റിയലിസ്റ്റിക്കല്ലാത്ത നഗ്നതാപ്രതിമകള്‍ പോലും ഈ എഫ് ടീവീ സമയത്തും അശ്ലീലമാകുന്നതിലെ വൈരുദ്ധ്യമോര്‍ക്കുമ്പോഴാണ് അതിന്റെ ആഴം വ്യക്തമായി മനസ്സിലാകുന്നത്.

ബിംബകല്‍പ്പന
യക്ഷിയെ മലയാളിയുടെ ജൈവിക സ്വത്വം എത്രത്തോളം ഉള്‍ക്കൊള്ളുന്നുവോ അത്രതന്നെ മെര്‍മേയ്ഡ് എന്ന ഐഡന്റിറ്റി അവന് അന്യമാണ്. കടലുമായി ബന്ധപ്പെട്ട ഏതെങ്കിലും ബിംബബോധം മലയാളിയ്ക്കുണ്ടെങ്കില്‍ അത് കടലമ്മയെന്ന സങ്കല്‍പ്പമാണ്.കടല്‍ അവനിലെ ചെറിയൊരു കൂട്ടര്‍ക്കെങ്കിലും അന്നം നല്‍കുന്ന അമ്മയാണ്. ഗൂഡരഹസ്യങ്ങളൊളിപ്പിച്ച മത്സ്യകന്യകയല്ല.അത്തരമൊരു സങ്കല്‍പ്പം താങ്ങുവാനുള്ള ത്രാണി ഒരു ദിവസം കൊണ്ട് തുഴയുന്നതിനപ്പുറം കടലില്‍ പോകാത്ത മലയാളിയ്ക്ക് അന്നുമില്ല, ഇന്നുമില്ല. അവിടെയാണ് യക്ഷിയും ജലകന്യകയും ഒരു ജനതയുടെ ജീവിതത്തിന്റെ ആവിഷ്കാരമെന്ന നിലയില്‍ വ്യത്യസ്തമാകുന്നത്.

കാര്യം
കൊല്ലം ബീച്ചിലിരിയ്ക്കുന്ന മത്സ്യ കന്യകയെപ്പറ്റിയാണ് സംസാരം...

കടലിനെ നോക്കിയിരിയ്ക്കുന്ന സ്ത്രീശില്‍പ്പങ്ങള്‍ക്ക്‍ തുണിയില്ലാതെയിരുന്നാല്‍ കുഴപ്പമില്ലയെന്ന് മലയാളിയുടെ ബുദ്ധിജീവി കലാസ്വാദന ജാട സമ്മതിയ്ക്കുന്നത് കൊണ്ടാ‍വണം മത്സ്യ കന്യകമാരെ അവിടേയുമിവിടേയുമൊക്കെ കാണുന്നത്. അല്ലേല്‍ ശരാശരി മലയാളി തുണിയില്ലാത്ത പടം പരസ്യമായി കാണുമ്പോ പൊതുവേ മുഖം ചുളിയ്ക്കും. രഹസ്യമായി ആരുടേയും തുണിപൊക്കാന്‍ അങ്ങനെയാണ് അവന് ഊര്‍ജ്ജം ലഭിയ്ക്കുക.

എന്തായാലും അമ്പലങ്ങളുടെ കെട്ടുകള്‍ക്ക് പുറത്ത് നേതാക്കന്മാരുടെ പ്രതിമകളെയല്ലാതെ മറ്റെന്തെങ്കിലും ശില്‍പ്പകലാരൂപം കാണുന്നത് നല്ലതുതന്നെ.എന്തെങ്കിലും പ്രതിമകണ്ടാല്‍ ഉടന്‍ അതേല്‍ മാലയിടാനും വിളക്കുവയ്ക്കാനുമുള്ള ത്വര ഭാരതീയന് ഇന്നും കൈമോശം വന്നിട്ടില്ല. ഉപയോഗിയ്ക്കാനറിയാവുന്നവര്‍ മുക്കിനുമുക്കിന് അതിനെ ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്.അതു പോട്ടേ..

പൊതുവേ ഇത്തരം ശില്‍പ്പങ്ങളുണ്ടാക്കുന്നത് കാനായി കുഞ്ഞിരാമനായതു കൊണ്ട് ഇതും ഉണ്ടാക്കിയത് അദ്ദേഹമാണെന്നാണ് ജനങ്ങളേല്ലാം പറയുന്നത്. ഞാന്‍ തിരക്കിയപ്പോള്‍ അടുത്തുനിന്നവരും ബന്ധുക്കളുമെല്ലാം കാനായിയുടെ തലയില്‍ ഈ പ്രതിമയെ വച്ചുകെട്ടി. എനിയ്ക്ക് യാതൊരു ഉറപ്പുമില്ല.അങ്ങനെ തോന്നുന്നുമില്ല.

ആദ്യം തന്നെ കാനായി അല്ല ഇത് ചെയ്തതെന്ന് ഉറപ്പിയ്ക്കാന്‍ പല കാരണങ്ങളുണ്ട്. മുഖ്യമായത് കാനായി കുഞ്ഞിരാമന്‍ തന്നെ മത്സ്യകന്യകയുടെ മനോഹരമായൊരു ശില്‍പ്പം ചെയ്തത് ശംഖുമുഖത്തുണ്ട്.ഒരു കലാസൃഷ്ടിയെന്ന നിലയില്‍ അതിന്റെ അടുത്തെങ്ങും ഈ ശില്‍പ്പമില്ല. പ്രകൃതിയോടും ലാന്‍ഡ്സ്കേപ്പിനോടും ചേര്‍ന്നു നില്‍ക്കുന്ന യക്ഷിയും ശംഖുമുഖത്തെ മത്സ്യകന്യകയും വേളി കലാഗ്രാമവും പോലെയുള്ള സൃഷ്ടികളോട് കൊല്ലത്തെ ഈ ശില്‍പ്പത്തെ താരതമ്യം ചെയ്യാന്‍ പോലും വയ്യ.
പാലക്കാടന്‍ കുന്നുകളുടേ ലംബമായ നില്‍പ്പിനോട് ചേരുന്ന രീതിയിലാണ് യക്ഷിയുടെ ഇരു‍പ്പെങ്കില്‍ തിരശ്ചീനമായ കടപ്പുറത്തിന്റെ കിടപ്പിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ശംഖുമുഖത്തെ മത്സ്യകന്യയെന്ന് കാനായി തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ലാന്‍ഡ്സ്കേപ്പിനോടും പ്രകൃതിയോടും ചേര്‍ന്നല്ലാതെ അദ്ദേഹം ഇങ്ങനെയൊരു വടിവിഴുങ്ങിയ ശില്‍പ്പം ചെയ്യുമെന്ന് വിചാരിയ്ക്കുക‍ പോലും അബദ്ധമാകുന്നു. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ തിരുവള്ളൂവരുടേതാണെന്ന് പറഞ്ഞ് കൊണ്ട് വച്ചിരിയ്ക്കുന്ന പ്രതിമപോലെ, പ്രകൃതിയും ശില്‍പ്പവും തമ്മിലുള്ള പാരസ്പര്യം എവിടേയോ ഈ ശില്‍പ്പത്തിനു നഷ്ടമാകുന്നു.

ആ ചെറിയ പാര്‍ക്കിന്റെ ഓരത്ത് തലങ്ങും വിലങ്ങും ലൈന്‍‌കമ്പികള്‍ക്കിടയില്‍ യാതൊരു അനുപാതവുമില്ലാതെ ആ ശില്‍പ്പമിരിയ്ക്കുന്നത് കാണുമ്പോള്‍ കൊല്ലംകാരന്റെ കലാസ്വാദന ശേഷിയെക്കുറിച്ച് നല്ല മതിപ്പുതോന്നും.

കൊല്ലവും ശില്‍പ്പകലയും
നമ്പൂതിരിയുടേയും ജയപാലപ്പണിക്കരുടേയും എം വീ ദേവന്റേയും കാനായിയുടേയുമൊക്കെ ശില്‍പ്പങ്ങള്‍ രവിമുതലാളിയുടേയും പട്ടത്തുവിളയുടേയുമൊക്കെ സ്വകാര്യ സമ്പത്തിലും ഹോട്ടലുകളിലും വളരെയുണ്ട് എന്ന് മേനിപറഞ്ഞ് ശീലിച്ച ശരാശരി ബുദ്ധിജീവി/അണ്ടിയാപ്പീസുമാനേജര്‍ കൊല്ലംകാരനോട് കാര്‍ത്തിക ബാറിനകത്ത് മട്ടന്‍ ചാപ്സിന്റെ പാടുകള്‍ ഒലിച്ചിറങ്ങിയ ദേവനേയും, പ്രണവം തീയേറ്ററില്‍ കറുത്ത് കറുത്ത് നില്‍ക്കുന്ന നമ്പൂതിരിയേയും നാണീ അഞ്ചുനക്ഷത്രഹോട്ടലിന്റെ തൂണുകളില്‍ കസേരചാരിയ പാടുകളില്‍ ചളുങ്ങിക്കൊണ്ടിരിയ്ക്കുന്ന നമ്പൂതിരിയുടെ ചെമ്പു ചരിത്ര ഇലസ്ട്രേഷനെയുമൊക്കെ കാണിച്ചുകൊടുക്കാം.

കലാകാരനേയും കലയേയും മേടകള്‍ അലങ്കരിക്കാന്‍ മാത്രമല്ല കടലില്‍ തുഴയുന്നവനും അന്തിയോളം വിയര്‍ക്കുന്നവനും ഒരു നോക്കുനോക്കി ചിരിയ്ക്കാനും ചിന്തിയ്ക്കാനും ഉപയോഗിയ്ക്കാം എന്നും, ഏതു മുതലാളിയേയുംകാള്‍ അധ്വാനത്തിന്റെ വിലയറിയുന്നവന് എന്ത് കലാരൂപവും മനസ്സിലാകും എന്നുമുള്ള ചിന്ത, ഒരു നവോദ്ധാനം, മലയാളിബുദ്ധിജീവി മനസ്സിലും ഭരണാധികാരിവര്‍ഗ്ഗത്തിലും എന്നാണാവോ ഉണ്ടാകുക?

പ്രത്യേകിച്ച് അളവുകോലൊന്നുമില്ല കലകളില്‍ . ഇന്ന് നല്ലത് എന്നു പറയുന്നത് നാളെ തിരസ്കരിക്കപ്പെട്ടേയ്ക്കാം.ഇന്ന് മോശമായത് നാളെ വളരെ നന്നായെന്നും വരാം. കലാസൃഷ്ടികളെ താരതമ്യം ചെയ്യുന്നത് ഒരിയ്ക്കലും ശരിയാവുകയുമില്ല .വേറൊരു മാനസികാവസ്ഥയില്‍ വേറൊരു വീക്ഷണകോണില്‍ ചെന്നു നോക്കാം. എന്നാലും ചുങ്കത്ത് ജൂവലറിയുടെ പരസ്യവും ലൈന്‍ കമ്പികളും കുറേ മൊട്ട ബള്‍ബുകളുമൊക്കെ അവിടെക്കൊണ്ട് ചെന്ന് സ്ഥാപിച്ച പുംഗവന്മാരെ എന്തു വിളിയ്ക്കണം?

പിന്നറിവ്
എല്ലാം എഴുതിക്കഴിഞ്ഞതിനു ശേഷമാണ് ഹിന്ദു പത്രത്തിലെ ഈ വാര്‍ത്ത കണ്ടത്. ശില്‍പ്പം ഞാന്‍ വിചാരിച്ചപോലെ തന്നെ കാനായി ചെയ്തതല്ല. ശന്തനു എന്ന ശില്‍പ്പി ചെയ്തതാണിത്. ഒരുവിധം നല്ല ശില്‍പ്പങ്ങള്‍ ചെയ്യുന്നയൊരാളാണ് ശാന്തനു. അദ്ദേഹത്തിന്റെ മറ്റുചില ശില്‍പ്പങ്ങള്‍ ഞന്‍ കണ്ടിട്ടുമുണ്ട്.
രണ്ടാ‍യിരാമാണ്ടില്‍ കൊല്ലം നഗരം മനോഹരമാക്കുന്നതിന്റെ ഭാഗമായി ഏതാണ്ട് നാലു ലക്ഷം രൂപാ ബജറ്റില്‍ തുടങ്ങിയതാണ് ഈ ശില്‍പ്പം. പിന്നീട് പകുതി വഴിയ്ക്കു വച്ച് നഗരസഭ പണി മറ്റാരേയോ ഏല്‍പ്പിച്ചു. അതിനെതിരേ ശന്തനു മേയറെ കാണാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പത്രത്തില്‍. രണ്ടായിരത്തഞ്ച് മാര്‍ച്ച് എട്ടാം തീയതിയിലെ വാര്‍ത്തയാണിത്. അതിനു ശേഷം എന്തു നടന്നെന്ന് അറിയില്ല. . എന്തായാലും പണിപൂര്‍ത്തിയായതാണോ പൂര്‍ത്തിയാവാത്തതാണോ ഇപ്പൊ ബീച്ചില്‍ മുട്ടുകുത്തിയിരിയ്ക്കുന്ന ഈ പ്രതിമ എന്ന് എനിയ്ക്കറിയില്ല.

Monday, August 25, 2008

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍


‍ഇഷ്ടമുടിക്കായല്‍
മുടിയെട്ടും കോര്‍ത്ത്‌ കെട്ടി
വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!!
കരിങ്കക്കാ മുകില്‍ കൂട്ടം അമരത്തും അണിയത്തും
തടം തിങ്ങി മെല്ലെയങ്ങനെ തുഴഞ്ഞ്‌ പോകെ!!
എന്റെ ജലക്കൂട്ടെ നിറക്കൂട്ടെ നിറഞ്ഞ്‌ നില്ല്‌!
ദൂരെ പകലോന്റെ പള്ളിവേട്ടക്ക്‌ ഒരുങ്ങി നില്ല്‌!!
അഴുക്ക തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച്‌
റാണി കിലുക്കത്തില്‍ നടകൊള്ളും പൂ നിലാവത്ത്‌!
ഉറക്കത്തില്‍ ഉണരുന്നു തിരുനല്ലൂര്‌
നിന്റെ മടിക്കുത്തില്‍ തൊഴില്‍പ്പാട്ടിന്‍ തിരപ്പൂന്ചൂര്
മഴക്കോളില്‍ പിറക്കുന്ന നറും കൂഴാലി
ജലശീലക്കപ്പുറത്തെ മണല്‍ കണ്ണാടി
ഇവ തമ്മില്‍ കൊളുത്തുന്ന നിഴല്‍ കൂമ്പാരം
പ്രാച്ചിക്കരഞ്ഞാണം വിളക്കുന്ന വെയില്‍ കണ്ണാടി
വീരഭദ്രന്‍ കണ്ടു നില്‍ക്കെ കുളിച്ചു വന്നൂ..
ഉരുക്കള്‍ക്കായി വെറും മണ്ണില്‍ ഉരുണ്ടുരുണ്ട്‌...
ഒടുക്കം നില്‍ക്കുവാന്‍ വയ്യാതവരെ വിറ്റ്‌..
കയര്‍ ചുറ്റില്‍ കാലുടക്കീ ദ്രവിച്ചുനിന്ന്‌
ഇറച്ചിക്ക്‌ കള്ളുമായി തിരിക്കും നിന്റെ
തെറിച്ച മക്കളോടമ്മേ പൊറുത്തൂ നില്ല്‌!!
മുഖം പൊള്ളിച്ചെറിഞ്ഞ പെണ്‍ ശവത്തെ കുത്തി..
മറുതീരത്തണക്കുന്നോരിടവക്കാറ്റേ...
മറു തായ്‌ക്ക്‌ പിറന്നോരാ ചെറ്റകള്‍ ശൃംഖരിക്കും
തുരുത്തിന്‍മേല്‍ കരുത്തിന്റെ കയ്യൊളിപ്പിക്ക്‌..
ദൂരെ പ്രേത ബാധ ഏറ്റപോലെ രാത്രി വണ്ടി കൂകിടുമ്പോള്‍
പാലവും കേളനും തീരെ കുലുങ്ങുന്നില്ല.!!!
പെരുമണ്‍ തേരു കാണാനായി വെള്ളിമണ്‍ കാറ്റ്‌..
പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്ത്‌..
നേരം ഉച്ചതിരിഞ്ഞപ്പോള്‍ തിരിക്കുന്നുണ്ടെ!!
കൂടെ വണ്ടി മുങ്ങി മരിച്ചോരും പറക്കുന്നുണ്ടെ...
നയത്തില്‍ ചങ്ങാടമേറി കടവൂരേക്ക്‌...
പകല്‍ തോരും മുന്‍പ്‌ പോകും കോല്‍ കുതിരക്ക്‌...
ആളകംമ്പടിയായി നില്‍ക്കും പരുന്തിന്‍ കണ്ണില്
‍നിന്റെ ഓളമല്ലൊ തുളുമ്പുന്നു കറുമ്പിക്കോതെ!!
വിങ്ങും താളമായി ചര്‌രോ....പര്‌രോ....
തിളക്കുമ്പോള്‍ വിളിക്കമ്പോള്
‍കാഞ്ഞിരോട്ടും കരിമീന്റെ തൃക്കളിയാട്ടം!!!
കരിക്കും വെള്ളക്കയും പെയ്‌തൊഴിഞ്ഞ തെങ്ങില്‍
കരിഞ്ചെല്ലി കാവലേക്കും പാതിരാവത്ത്‌...
കടും പാറാന്‍ മധുവൂറ്റി തൊഴിച്ച തൊണ്ണാന്‍..
നെരിപ്പോട്‌ മാടനെയ്‌ത വടിയില്‍ കുത്തീ...
കായല്‍ ത്രസിക്കുമ്പോള്‍ ചിങ്ങ രാവേ കതിച്ച്‌ നില്ല്‌...
ദുരവസ്ഥ കവിയേ നീ ഒടുക്കം കണ്ടൂ...
ഗുരുവിന്റെ അരുള്‍ പൂക്കും വരക്കം കണ്ടൂ..
വയല്‍ പെറ്റ ധന്യമാര്‍ക്ക്‌ ‌ റൗക്കയും സ്‌നേഹവും പേറി
വില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു..
മണ്ണി‌ല്‍ കുരുത്തോന്‌...നടക്കാനും പഠിക്കാനും
ധരിക്കാനുംകുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ...
ഒരിക്കല്‍ സാമ്പ്രാണിക്കോടിക്കടുത്ത്‌ വച്ച്‌..
മടികണ്ടു നടുക്കുഞാനിറങ്ങീ നിന്നൂ..
ആഴമെല്ലാം ഒളിപ്പിച്ച്‌്‌ കൊതിപ്പിച്ചോളെ..
നിന്റെ പൂ വയറ്റില്‍ പിറവികൊണ്ട തൊഴില്‍
തേടി പടക്കെല്ലാം പോര്‍വിളിക്കാന്‍
ഞണ്ടുവേണം കൂന്തലും വേണം!!!!!
കണ്ടവര്‍ക്ക്‌ പിറന്നോനെ കാട്ടുമാക്കാന്‍ കടിച്ചോനെ..
കടവില്‍ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ....
പാടി തിമിര്‍ത്ത ബാല്യകാലത്തിന്‍ നതോന്നത നനഞ്ഞുപോയി..
കുരിച്ചില്‍ കുത്തിയെന്‍ തൊണ്ട അടഞ്ഞു പോയീ...
കരയെല്ലാം കരിയുമ്പോള്‍ കരയുന്നോളേ..
ചീനവലക്കുള്ളില്‍ ചൂടയിട്ട്‌ ചിരിക്കുന്നോളെ..
ജയപാല പണിക്കര്‍ക്ക്‌ ലഹരിക്കായി ഇളം നീല,
ചുവപ്പ്‌ പച്ചയും ചാലിച്ചൊരുക്കുന്നോളെ....
ആഴിക്കഴുത്തില്‍ നീ നഖത്തുമ്പാല്‍ തൊടുമ്പോള്‍
ഞാനുമെന്‍ നോവും മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ടേ...
മുടിയെട്ടും കോര്‍ത്ത്‌ കെട്ടി
വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!!

Sunday, August 24, 2008

കടല്‍ക്കര കഴിഞ്ഞ്

അതിപ്പം ബീച്ചിപ്പോവുന്നതിന്റെ വേറൊരു വല്യ അകര്‍ഷണം അമ്മ നല്ല ചൂരക്കൂട്ടാന്‍ വച്ച് തരും എന്നുള്ളതാണ്. ബീച്ചീന്ന് തിരിച്ചുവരുമ്പോള്‍ ബെന്‍സിഗറിന്റെ ഓരത്തുള്ള കുഞ്ഞു ചന്തയില്‍ പോകും.

തൂത്തുക്കുടി കടപ്പുറം, പിന്നെ കൊല്ലം കൊട്ടിയം കണ്ണനല്ലൂര്‍ കടാപ്പുറങ്ങള്‍. പിന്നെ പൊട്ടാഷും യൂറിയേമൊക്കെ ചെര്‍ത്തിട്ട് പൊടിയാത്തതായി വല്ലതുമുണ്ടേങ്കില്‍ പള്ളിയം ചന്തയില്‍ എന്ന നിലയില്‍ മീന്‍ തിന്നോണ്ടിരുന്ന എനിയ്ക്ക് വാടികടപ്പുറത്തൂന്ന് ആ അമ്മമാര്‍ കൊണ്ട് വച്ച് വില്‍ക്കുന്ന ചന്ത വലിയ ഇഷ്ടമായിരുന്നു. എന്റെ അമ്മയ്ക്കും.

“കൊണ്ടുവാ കൊണ്ടുവാ പണ്ടത്തെ ചക്കറം മുട്ടായി തന്നിട്ട് ഞാനെടുക്കാം..” മീന്‍ വില്‍ക്കുന്ന അമ്മച്ചി ഉറക്കെപ്പാടും..
“ഓ ഓ ..നിങ്ങള്‍ ചക്രമൊന്നും എടുക്കണ്ടാ..എത്ര രൂപയ്ക്ക് തരുമെന്ന് പറയിന്‍..“ അച്ഛന്‍ പേശിത്തുടങ്ങും..
“അമ്പത് രൂപാ സാറേ..ഇനിയെന്ത് ഞാ കൊറയ്ക്കാന്‍.. ഇന്നരീന്‍..ഇതീ കുഞ്ഞിനു കൊണ്ട് പോയി കുട്ടാന്‍‌വച്ച് കൊടുക്കീന്‍.“.എന്നെ നോക്കി അവര്‍ പറയും..
“അഞ്ച് ആവോലിയ്ക്ക് അമ്പത് രൂപയോ..അതൊന്നും പറ്റൂല്ല...ഇരുപത്തഞ്ച് രൂപാ തരും..”
“അച്ഛാ ചൂര..“ഇതിനിടയില്‍ ഞാന്‍ ഓര്‍മ്മിപ്പിയ്ക്കും..
കുഞ്ഞിനു ചൂര മതി സാറേ..ഇതാ ഈ പത്ത് ചൂര ഇരുപത്തഞ്ചിനു എട്ത്തോളീന്‍..
“..ശ്ശേരി.. ചൂരേം ആവോലീം അമ്പത് രൂപ തരാം.“
“ങ്ങള് ഒരു പത്തൂടെ തന്നിട്ട് എട്ത്തോളീന്‍ ..“

ഇതിനിടയില്‍ അമ്മ ചില ഉണക്കയും അല്ലറ ചില്ലറ പച്ചക്കറിയും വാങ്ങിയ്ക്കും..കാര്യം കുശാല്‍...
ഞാനും അച്ചനും ബൈക്കിലങ്ങ് പോവും..അമ്മയും പിള്ളെരും ബസിലും...

ഇപ്രാവശശ്യവും അവിടെ ചന്തയില്‍ പോയി.വലിയൊരു ചൂരയിരിയ്ക്കുന്നു...
എത്ര രൂപാ?..അമ്മ ചോദിച്ചു.
നൂറ്റമ്പത് രൂപാ ..അമ്മച്ചി പറഞ്ഞു..

ഞാനാലോചിച്ചു... രണ്ട് പൌണ്ട്..ഒരഞ്ച് കിലോ വരും ചൂരയ്ക്ക്.
മക്കറില്‍ കിലോ ആറു പൌണ്ട്..സല്‍മണ്‍ കിലോ അഞ്ച് പൌണ്ട്.. വൈല്‍ഡ് അലാസ്കനാണേലോ സ്കോട്ടിഷ് വൈല്‍ഡ് ആണേലോ സാല്‍മണ്‍ പത്ത് പൌണ്ടിനപ്പുറം . സാന്‍സ്ബറി ബേസിക്കാണേലും അരക്കിലോ ടൂണ നാല് പൌണ്ട്. ഇത് അപാര ലാഭമാണല്ലോ..

അതല്‍പ്പം ഉറക്കെയായിപ്പോയി..“ഇത് നല്ല ലാഭമാണല്ലോ”
“സാറ് പറയുന്ന കേട്ടില്ലേ..ഇതങ്ങ് വാച്ചിച്ചോളീന്‍ ..നൂറ്റൈരുപത്തഞ്ചിനു തരാം..“

അമ്മയെന്നെയൊന്നു നോക്കി..എന്തായാലും വാങ്ങിച്ചു. കാറില്‍ക്കയറിയപ്പോ കളിയായിട്ടാണേലും അമ്മ അച്ഛനൊട് പറഞ്ഞു..
“എവന്റെയൊരു കാര്യം..ലാഭമാണെന്ന് അവരുടേ മുന്നില്‍ വച്ച് വിളിച്ച് പറഞ്ഞിരിയ്ക്കുന്നു....ഒരു വലിയ ലണ്ടങ്കാറന്‍ വന്നിരിയ്ക്കുന്നു. അവരൊരു ഇരുപത്തഞ്ച് രൂപാ കൂടി കുറച്ച് തന്നിരുന്നേല്‍ രണ്ട് കിലോ അരീടെയെങ്കിലും കാശായില്ലേരുന്നോ.. പോട്ട് എന്തായാലും മീന്‍ നല്ല മീന്‍ തന്നെ..“

രണ്ട് കിലോ അരിയ്ക്ക് വലിയ വിലയുണ്ടായിരുന്ന കാലമോര്‍ത്തിട്ടാവണം..അമ്മ അങ്ങനെ പലത് കൂട്ടിവച്ചും അനിയന്‍ ചന്തയില്‍ മലക്കറിയുമ്മായ്ക്ക് ശീമച്ചക്ക വിറ്റും കിട്ടിയ പല രണ്ട് കിലോ അരിയേയും പലചരക്കുകളെയും ഓര്‍ത്തിട്ടാവണം.....

ഒരു കിലോ അരിയുടേ വില ഞാനെന്നാണ് പൌണ്ടില്‍ കണക്കുകൂട്ടാന്‍ പഠിച്ചത്....?

കുഞ്ഞും കൊച്ചുമൊക്കെ മാറി ഞാനെന്നാണ് സാറായത്?

(ചിത്രങ്ങള്‍ ഉദാത്തവും ഉല്പതിഷ്ണകരവുമായി ആധുനിക ഛായാചിത്രകലയുടേ അന്തരാളങ്ങളുടെ അകത്തളങ്ങളിലേയ്ക്ക് ഊളിയിട്ട് തപ്പിയെടുത്ത ഫോട്ടോകളാണ്. കളിയാക്കല്ലും..മര്യാദയ്ക്ക് പടം കാണണേല്‍ താഴെയൊണ്ട്.)കൊല്ലം നഗരത്തിന്റെ നടുക്കു തന്നെ മണ്ണെണ്ണ വിളക്കും കത്തിച്ച് വച്ച് ഉറക്കെ പാട്ടുകള്‍ പാടി വിലപേശി അന്നന്ന് പിടിച്ചുവരുന്ന മീനുകള്‍ വിഷമൊന്നും ചേര്‍ക്കാതെ നാട്ടുകാര്‍ക്ക് വില്‍ക്കുന്ന ഈ തുരുത്ത്, അനുദിനം പറന്നുകൊണ്ടിരിയ്ക്കുന്ന പുരോഗതിയുടെ തള്ളിച്ചയില്‍ അടുത്തു തന്നെ ഇല്ലാതെയാകും. അതു കഴിഞ്ഞും ..ചില്ലിട്ട കൂടുകളില്‍ ഐസുമെത്തകളില്‍ നിരത്തി വച്ചിരിയ്ക്കുന്ന ഏ സീ മീന്മാര്‍ക്കറ്റിലേയ്ക്ക് നമ്മുടെ അടുത്ത തലമുറ പോകുമ്പോഴും.. ഈ നന്മയും സ്നേഹവും അവിടെ നില നിന്നിരുന്നെങ്കിലാണ്..അത് വില്‍ക്കുന്നവന്‍ അന്നേയ്ക്ക് ആരുടേയെങ്കിലും കൂലിക്കാരാവാതെ ഇന്നത്തെപ്പോലെതന്നെ സന്തോഷത്തോടെ ആ കച്ചവടം ചെയ്യുമ്പോഴാണ്...വലിയ മീനുകള്‍ക്കും ചെറിയ മീനുകള്‍ക്കും അവരവരുടേതായ സ്ഥലം സ്വന്തമായുള്ള കടല്‍.....അതിനെയാണ് പുരോഗതി എന്ന് പറയുന്നത് അല്ലേ..?

Thursday, August 21, 2008

കടല്‍ക്കരയിലേയ്ക്ക്......


വലിയ ഗമയില്‍ കടല്‍ക്കരയെന്നൊക്കെപ്പറഞ്ഞാലും ഞങ്ങള്‍ക്കിത് ബീച്ചാണ്..കൊല്ലം ബീച്ച്..(സ്വന്തം ഭാഷ ഗമയും വൈദേശികഭാഷ തനതുമാവുന്നതിലെ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാം:)
ബീച്ചിലേയ്ക്കെപ്പോഴാ പോവുന്നേ?

“കൊച്ചുകുഞ്ഞിന്റച്ഛനങ്ങ് പട്ടുവാങ്ങാന്‍ പോയി
തങ്കശ്ശേരി തോട്ടിച്ചെന്ന് തോണി മുങ്ങിപ്പോയി“

എന്ന് അമ്മൂമ്മ പാടിത്തരുമ്പോള്‍ വയല്‍ക്കരയിലുള്ള തോടുപോലെന്തോ ഒന്നാണീ തങ്കശ്ശേരി തോടേന്നാണ് വിചാരിച്ചത്. എന്നാലും പട്ടുവാങ്ങാന്‍ പോയ അച്ഛന്റെ തോണി മുങ്ങിപ്പോയ കഥ എപ്പോഴും കരയിപ്പിയ്ക്കും. അതോണ്ട്, തങ്കശ്ശേരി വിളക്കുമരം അതാണെന്ന് പറഞ്ഞ് അച്ഛന്‍ കാണിച്ചുതരുമ്പോ ഞാന്‍ നോക്കുമായിരുന്നില്ല.
ഇപ്പോപ്പോയപ്പോ കാണാന്‍ അധികം കണ്ണുകളുണ്ടായിട്ടാവണം തങ്കശ്ശേരി വിളക്കുമരത്തിലോട്ടും നോക്കി..

സ്കൂളില്‍ പഠിയ്ക്കുമ്പോ‍ ഓണത്തിനു സാധനങ്ങള്‍ വാങ്ങിയ്ക്കാന്‍ എല്ലാരും കൊല്ലത്തിനു പോകും. അന്ന് അച്ഛനോട് പറഞ്ഞ് വാങ്ങുന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു ബീച്ച്..

അച്ചാ..ബീച്ചിപ്പോമച്ചാ..ബീച്ചിപ്പോം...
അതിനൊന്നുനി സമയയില്ല..
ഒണ്ടച്ചാ..പ്ലീ‍സച്ചാ..
ഓ എങ്കി പോം..ബഹളം വയ്ക്കാതെയിരിയ്ക്ക്..

ബീച്ചെത്തി..മഴയില്‍ ദേഷ്യപ്പെട്ടലറുന്ന ബീച്ചെന്നെ നോക്കി കണ്ണുരുട്ടും..
എന്നാലും വിടുന്ന് ചില കക്കയോ ചിപ്പിയോ ഒക്കെ കിട്ടും. പഴയൊരു മഞ്ഞപ്പെട്ടിയില്‍ തീപ്പെട്ടിപ്പടങ്ങളോടും ചെറിയ ടെപ്പ് റിക്കോറ്ഡറിന്റെ മോട്ടോറുകളോടും ഉറങ്ങാനായി വിധിയ്ക്കപ്പെട്ടവ..
(നൊവാല്‍ജിയ..ബോറന്‍ ക്ലീഷേ..എന്നാലും തുടരട്ട്)

പിന്നെ എസ്സെന്‍ കോളേജിലെ പ്രീഡിഗ്രീ മഴയിലാണ്..ക്ലാസുകട്ടുചെയ്യുന്നതിലെ ഗമയായിരുന്നു അന്നൊക്കെ മുതിര്‍ന്നവനാക്കിയിരുന്നത്.
സിനിമ ഇഷ്ടമല്ല. (പ്രീഡിഗ്രീ സമയത്ത് ഒറ്റ സിനിമയേ കണ്ടിട്ടുള്ളൂ. അതോടെ നിര്‍ത്തി.സിനിമ: സൈന്യം.)
ലൈബ്രറി സ്ഥിരതാവളമാണേലും എന്തെങ്കിലും ഇടത്താവളം വേണ്ടേ.

ബീച്ചിപ്പോമെടാ..
വോക്കേ..
എരിവെയിലത്ത് ഇവിടെ വന്ന് കിടക്കാന്‍ വട്ടാണോടേയ്..
വട്ടല്ലടേയ്.. ബീച്ചിനൊരു ജീവനുണ്ട്.

കഥപറയാം, കൂക്കലിടാം, മടുക്കുമ്പോ സൈഡിലെ പൊളിഞ്ഞ പാര്‍ക്കില്‍ ഒണങ്ങിയൊണങ്ങി നില്‍ക്കുന്ന മാനുകള്‍ക്ക് പോച്ചപിച്ചിക്കൊടുക്കാം,കൊറച്ച് തെക്കോട്ട് നടന്നാല്‍ വല പിടിയ്ക്കുന്ന അണ്ണന്മാരെ സഹായിയ്ക്കാം. അവരോട് കഥകള്‍ പറഞ്ഞിരിയ്ക്കാം.നാരങ്ങാവെള്ളം കുടിയ്ക്കാം.കാറ്റാടിയിടയില്‍ കെടന്നൊറങ്ങാം... നേരത്തേ പോയാല്‍ നാലുമണിയുടെ പീ. യെം എസില്‍ സീറ്റൊറപ്പ്..

നാലുമണികഴിഞ്ഞാല്‍ പിന്നെ ബീച്ച് ഞങ്ങടേയല്ല. വലപിടിയ്ക്കണ അണ്ണന്മരുടേമല്ല..ഓണത്തിനു പണ്ട് ഞങ്ങള്‍ പോയപോലെ അച്ഛന്മാരും അപ്പൂപ്പന്മാരും അമ്മമാരും ചേച്ചിമാരും കുഞ്ഞാണ്ടിക്കുഞ്ഞുങ്ങളുമൊക്കെയെത്തും.അപ്പൊ ഞങ്ങള് വീട്ടിപ്പോകും