1.കൂറുമാറ്റനിരോധന നിയമപ്രകാരം എം. എല് ഏ സ്ഥാനം നഷ്ടപ്പെട്ട ഒരേയൊരു സംഭവമേ കേരളനിയമസഭയില് ഇതുവരെ ഉണ്ടായിട്ടുള്ളു. ആരാണ് അംഗത്വം നഷ്ടപ്പെട്ട ആ വ്യക്തി?
2. ആര് എസ് പിയില് നിന്നും കൂറുമാറി കോണ്‍ഗ്രസില് ചേര്‍ന്നതിനു തൊട്ടുപിന്നാലെ, വിവാഹമുറച്ചിരുന്ന സരസന് എന്നയാളിനെ കാണാതായി. ആര് എസ് പി സ്ഥാനാര്‍ത്ഥിയായി ചവറയില് മത്സരിക്കുന്ന ബേബി ജോണും മറ്റൊരു നേതാവായിരുന്ന വി പി രാമകൃഷ്ണപിള്ളയും ചേര്‍ന്ന് വധിച്ചതാണ് സരസനെ എന്ന് പത്രവാര്‍ത്തകള് വന്നതിനെത്തുടര്‍ന്ന് ബേബിജോണിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെല്ലാം കരിങ്കൊടി പ്രകടനവും പ്രതിഷേധവുമായി യു ഡി എഫ് പ്രതികരിച്ചു. സരസന്റെ മാതാവ് "എന്റെ മകന് എവിടെ?" എന്ന തുറന്ന കത്ത് ബേബി ജോണിനെഴുതുകയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചവറയിലെത്തി സരസന്റെ വൃദ്ധമാതാവിന്റെ കണ്ണീരൊപ്പാന് ബേബിജോണിനെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പക്ഷേ ബേബി ജോണ് നേരിയ ഭൂരിപക്ഷത്തില് വിജയിച്ചു. ശേഷം സരസന് സംഭവം തെളിയുകയും ചെയ്തു. ആരായിരുന്നു സരസനെ വധിച്ചത്?
3. കൊല്ലത്ത് ഒരേ മണ്ഡലത്തില് നിന്നും ഏറ്റവും കൂടുതല് തവണ എം എല് ഏ ആയത് ആരാണ്?
4. നാഷണല് ഹൈവേയിലെ ഇത്തിക്കര പുതിയ പാലം ഉത്ഘാടനം ചെയ്തത് കുറുകേ കെട്ടിയ കറുപ്പു നാടയെ ഒരു വാഹനം ഭേദിച്ചുനീക്കിക്കൊണ്ടായിരുന്നു. അസാധാരണമായ ഈ ചടങ്ങ് നടക്കാന് കാരണമെന്താണ്?
5. ശബരിമല ക്ഷേത്രത്തിനു തീ പിടിച്ചപ്പോള് "ഒരമ്പലം കത്തി നശിച്ചാല് അത്രയും അന്ധവിശ്വാസം നശിച്ചു" എന്ന് പ്രസ്താവിച്ച കൊല്ലത്തുകാരന് ആരാണ്?
6. കേരള നിയമസഭ കണ്ടതില് വച്ച് ഏറ്റവും പ്രായം കുറഞ്ഞ എം എല് ഏ ഒരു കൊല്ലത്തുകാരനാണ്. ആരാണ് ഇദ്ദേഹം?
7. നാഗേന്ദ്ര പൈ കൃഷ്ണപട്ടര്, മൈക്കിള് കോണ്‍സീക്കോ, ആഡംജീ ഹക്കീംജി, റവ. ഐപ്പ് തോമാ കത്തനാര്, ഈശ്വര അയ്യര് രാമയ്യര് ... ഇവരൊക്കെ എവിടെയാണ് കൊല്ലത്തെ പ്രതിനിധീകരിച്ചത്?
8. പതിനഞ്ചാം ലോക്‌സഭാ തെരഞ്ഞെടുപ്പില് കൊല്ലം മണ്ഡലത്തില് കുന്നത്തൂരും കരുനാഗപ്പള്ളിയും ഇല്ല. യഥാക്രമം ഇവ മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലാണ്. പകരം കൊല്ലത്തേക്ക് ചേര്‍ത്ത രണ്ട് നിയസഭാമണ്ഡലങ്ങള് ഏതൊക്കെയാണ്?
9. പതിനഞ്ചാം ലോക്സഭാ തെരെഞ്ഞെടുപ്പിലേക്ക് ഏറ്റവും കൂടുതല് വോട്ട് കൊല്ലത്തെ ഏതു മണ്ഡലത്തില് നിന്നാണ്?
10. കൊല്ലം കോര്‍പ്പറേഷനിലേക്ക് നടന്ന 2000മാണ്ട് തെരഞ്ഞെടുപ്പില് പാല്‍ക്കുളങ്ങര ഡിവിഷനില് ബീനാകൃഷ്ണനും ജി അനിതയും തുല്യവോട്ട് നേടിയതിനെത്തുടര്‍ന്ന് നറുക്കെടുപ്പില് അനിത വിജയിയായി ശേഷം കോടതിവിധിയില് ബീനാകൃഷ്ണന് ഒരു വോട്ട് ഭൂരിപക്ഷത്തില് വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. ഇതിനായി കോടതി സ്വീകരിച്ച രീതി ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില് ആദ്യമായി സംഭവിച്ച ഒന്നായിരുന്നു. എന്തായിരുന്നു ആ പുനര് നിര്‍ണ്ണയത്തിന്റെ പത്യേകത?
(ചോദ്യങ്ങള്‍ക്ക് ഒരു പുസ്തകത്തോട് കടപ്പാടുണ്ട്. ഉത്തരം വന്നതിനു ശേഷം രേഖപ്പെടുത്താം അത്. ഇല്ലെങ്കില് കോപ്പിയടി നടന്നാലോ.)
Monday, March 30, 2009
Subscribe to:
Posts (Atom)