കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിന്റെ പടിഞ്ഞാറുഭാഗം അഷ്ടമുടികായലിനു വശം ചേര്‍ന്ന് തെക്ക് വടക്കായി കിടക്കുന്ന ഏതാണ്ട് 1 കിലോമീറ്റര്‍ നീളവും 20 - 30 മീറ്റര്‍ വീതിയുമുള്ള ഇടതൂര്‍ന്നു നില്‍ക്കുന്ന അമൂല്യ സസ്യസമ്പത്താണ് ആശ്രാമം കണ്ടല്‍ക്കാടുകള്‍ (mangroves) പ്രാചീനകാലം മുതല്‍ അഷ്ടമുടിയുടെ തീരത്ത് നിബിഡമായി വളര്‍ന്നിരുന്ന കണ്ടല്‍ശേഖരത്തിലെ അവസാനത്തെ പച്ചതുരുത്താണീ ജൈവവൈവിധ്യം കൊണ്ട് സമ്പന്നമാര്‍ന്ന പ്രദേശം. കേരളത്തിന്റെ മറ്റ് കായലോരങ്ങളിലും ചതുപ്പ് പ്രദേശങ്ങളിലും അങ്ങിങ്ങായി കണ്ടല്‍ക്കാടുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടങ്കിലും അവയെല്ലാം ഒറ്റപ്പെട്ട ഇനങ്ങളുടെ കൂട്ടമാണ്, മറിച്ച് ആശ്രാമത്തിലുള്ളവയാകട്ടെ കണ്ടല്‍ക്കാട് എന്ന പേരിന് പൂര്‍ണ്ണ അര്‍ത്ഥം നല്‍കുമാറ് നിരവധി തരം വൃക്ഷലതാദികളുടെ ഒരു വലിയ കൂട്ടമത്രേ.
കണ്ടല്‍ സസ്യങ്ങളുടെ വൈവിധ്യവും , കണ്ടല്‍ചെടികളുടെ ചുറ്റുപാടുകളില്‍ സുലഭമായി വളരുന്ന ലതകള്‍, കുറ്റിച്ചെടികള്‍, മരങ്ങള്‍, പലതരം പക്ഷികള്‍ ഉള്‍പ്പെട്ട ജന്തുജീവികളും, ജലജന്യ ജീവികളും ഉള്‍പ്പെട്ട് പോരുന്ന ആവാസവ്യവസ്ഥിതിയുമാണ് ഈ കണ്ടല്‍വനത്തെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത്. 1987 ല്‍ ഭാരതസര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യയിലെ തണ്ണീര്‍തടങ്ങളെ കുറിച്ചുള്ള പഠനറിപ്പോര്‍ട്ടിലുള്‍പ്പെട്ട, 1979ലെ ഇന്ത്യയിലെ കണ്ടല്‍ക്കാടുകളുടെ സ്ഥിതിവിവര ക്കണക്കിനൊപ്പമുള്ള ഭൂപടത്തില്‍ ആശ്രാമം കണ്ടല്‍ക്കാടുകള്‍ക്കുള്ള സ്ഥാനം ശ്രദ്ധേയമാണ്. ആ റിപ്പോര്‍ട്ടനുസരിച്ച് 1980 കളുടെ ആരംഭത്തില്‍ കേരളത്തിലെ ഏറ്റവും പ്രധാന്യമേറിയ കണ്ടല്‍വനം ആശ്രാമത്തിലേതാണ്,വലിപ്പത്തിലും വൈവിധ്യത്തിലും.
ആശ്രാമത്തെ കണ്ടല്‍ക്കാടുകളുടെ ജൈവശാസ്ത്രപ്രാധാന്യം എടുത്തുകാണിക്കുന്ന രണ്ട് സസ്യങ്ങളാണ് ഞാറവര്‍ഗത്തില്‍പെട്ട syzygium travancoricum, ചൂരല്‍ ഇനമായ Calmus rotang എന്നതും. ഇതില്‍ ആദ്യത്തേത് ഭൂവുലത്തില്‍ തന്നെ ഉന്മൂലനാശം സംഭവിച്ച് കൊണ്ടിരിക്കുന്നതും, രണ്ടാമത്തേത് അപൂര്‍വ്വമായികൊണ്ടിരിക്കുന്ന സസ്യജനുസ്സുമാണ്. പീച്ചിയിലുള്ള കേരള ഫോറെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പഠനരേഖകള്‍ അനുസരിച്ച് ഈ ചൂരല്‍ വര്‍ഗ്ഗം കേരളത്തില്‍ മറ്റ് എങ്ങും വളരുന്നില്ല.
ചിലയിനം കണ്ടല്‍ സസ്യങ്ങളുടെ ശ്വാസമുകുളങ്ങള്‍ വെള്ളത്തിനടിയിലൂടെ ഉയര്‍ന്ന് ജലപ്പരപ്പില്‍ ചെറു കുറ്റികളായി പൊങ്ങിനില്‍ക്കുന്നത് കാണാം. ഇവയുടെ ഇടയിലാണ് മത്സ്യങ്ങള്‍, പ്രത്യേകിച്ച് ചെമ്മീന്‍, മുട്ടയിട്ട് വംശവര്‍ദ്ധനനടത്താന്‍ പ്രാഥമികപരിഗണന നല്‍കുന്നത്, കാരണം, സ്വാഭാവിക ശത്രുക്കളുടെ ആക്രമണം തീരെ പേടിക്കണ്ടാത്ത സുരക്ഷിത കവചിതമാണീ മുകുളങ്ങളുടെ വേലിക്കെട്ട്.
കണ്ടല്‍സസ്യങ്ങള്‍ക്ക് കടലിന്റെയും കായലിന്റെയും തീരങ്ങളിലുള്ള മണ്ണൊലിപ്പ് തടയുവാനുള്ള കഴിവ് അപാരമാണ്. ഒപ്പം കടല്‍വെള്ളത്തിലെ ഉപ്പിന്റെ അംശം കരയിലേക്ക് എത്താത്തവണ്ണം ഒരു ‘ഫില്‍ട്ടറും’. ഇത് മനസ്സിലാകിയിട്ടാവണം ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലെണ്ട് തുടങ്ങിയ രാജ്യങ്ങള്‍ കടലാക്രമണത്തിനെതിരെയും മണ്ണൊലിപ്പ് തടയുവാനുമൊക്കെയായി വന്‍തുക ചെലവിട്ട് കണ്ടലുകള്‍ വെച്ചുപിടിപ്പിക്കുന്നത്. മറിച്ച് നമ്മുടെ രാജ്യത്താവട്ടെ, ഉള്ളവയെ നശിപ്പിച്ച് വികസനപ്രക്രിയയില്‍ ഏര്‍പ്പെടുകയാണ്. ഇതിനും ഉത്തമ ഉദാഹരണമാണ് ആശ്രാമം കണ്ടല്‍ക്കാടുകള്‍.
കുറച്ച് കാലം മുന്‍പ് ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്ത് നടത്തിയ ടൂറിസം വികസനപരിപാടികള്‍ കുറച്ചൊന്നുമല്ല, ഈ അമൂല്യശേഖരത്തെ ബാധിച്ചിട്ടുള്ളത്.സസ്യശേഖരത്തിന്റെ ഹൃദയഭാഗത്ത് തന്നെ നടപ്പാക്കിയ 'അഡ്വഞ്ചര്‍ പാര്‍ക്ക്' പദ്ധതി യും പിന്നെ , ബോട്ടിംഗ് സൗകര്യങ്ങളും കണ്ടല്‍ആവാസ വ്യവസ്ഥിതിയില്‍ തുടര്‍ച്ചയായി ആഘാതമേല്‍പ്പിച്ച് കൊണ്ടിരിക്കുന്നു. കായല്‍തീരത്ത് എതാണ്ട് 200മീറ്ററോളം നീളത്തില്‍ സസ്യലതാദികള്‍ പാടെമുറിച്ച് മാറ്റി, കല്‍മതില്‍ കെട്ടി നിയോണ്‍ വിളക്കുകള്‍ സ്ഥാപിച്ചത് പരിസ്ഥിതിസ്നേഹികള്‍ എതിര്‍ത്തിരുന്നു. പക്ഷേ വികസന വിരോധമായി ആ മുറവിളിയെ മുദ്രകുത്തി ജില്ലാഭരണകൂടവും, ജില്ലാ ടൂറിസം വികസന സമിതിയും പദ്ധതികളുമായി മുന്‍പോട്ട് തന്നെ പോയി, ഫലമോ, ജൈവവൈവിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്ന കണ്ടല്‍വനം നശിച്ച് കൊണ്ടിരിക്കുന്നു, ഒപ്പം ഉദ്ദേശിച്ച ഫലം നല്‍കാത്ത അഡ്വഞ്ചര്‍ പാര്‍ക്ക് സാമൂഹ്യവിരുദ്ധരുടെ താവളമായി ഭരണകൂടത്തിന് തലവേദനയാകുകയും.
ഒരു കാലത്ത് ഇവിടെ സുലഭമായി ഉണ്ടായിരുന്ന നീര്‍നായ്ക്കള്‍ ടൂറിസം വികസനത്തിന്റെ ആരംഭത്തോട് കൂടിതന്നെ എന്നന്നേക്കുമായി അപ്രത്യക്ഷമായി. അടുത്തകാലം വരെ ഇവിടം താവളമാക്കിയിരുന്ന അറുപതിലേറെ ഇനങ്ങളില്‍ പെട്ട പക്ഷികളില്‍ ഒരു നല്ല വിഭാഗവും ഇപ്പോള്‍ ഇവിടെ സന്ദര്‍ശിക്കാറില്ല, ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ. സിനിമാചിത്രീകരണത്തിനും മറ്റും വിട്ട് കൊടുക്കുന്നത് മൂലമുള്ള പ്ലാസ്റ്റിക് മലിനീകരണങ്ങള്‍ പൊന്തികിടക്കുന്ന കായലോരം മത്സ്യജീവികള്‍ പ്രജനനത്തിന് ഉപയോഗിക്കുന്നുമില്ല. അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്ത് കുറയാന്‍ ഒരു പ്രധാന കാരണം ഈ കണ്ടല്‍ചെടികൂട്ടത്തിനുണ്ടായ നാശം തന്നെയാണ്.
സവിശേഷമായ ആവാസവ്യവസ്ഥിതിയെങ്കിലും , കരയിലും ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ജീവിക്കുന്ന നിരവധി ജീവജാലങ്ങലുടെ സങ്കീര്‍ണ്ണമായ സമൂഹവുമാണ് ഈ തുരുത്ത് . തികച്ചും ലോലമായ ഈ സമൂഹത്തിന് പുറത്തുനിന്നുള്ള ലഘുവായ ഇടപെടല്‍പോലും താങ്ങാനാവില്ല. മനുഷ്യരുടെ തുടര്‍ച്ചയായുള്ള ഇടപെടലും അതിനെ തുടര്‍ന്നുള്ള ശബ്ദായമാനമായ അന്തരീക്ഷവും രാത്രിയില്‍ തെളിഞ്ഞ് നില്‍ക്കുന്ന നിയോണ്‍ ബള്‍ബുകളും അലറിപ്പായുന്ന ബോട്ടുകളും, അവയില്‍നിന്നിറ്റുന്ന ഡീസല്‍ മാലിന്യവും ആശ്രാമം കണ്ടല്‍ക്കാടുകള്‍ ഒരോര്‍മ്മയും മേല്‍പ്പറഞ്ഞ ഭൂപടത്തിലെ ഒരടയാളപ്പെടുത്തുലുമായവശേഷിപ്പിക്കും.
(കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ് പഠനകാലത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്)
Tuesday, December 26, 2006
Subscribe to:
Post Comments (Atom)
11 comments:
എന്റെ ബ്ലോഗ് സന്ദര്‍ശിക്കില്ലേ?
കുറിപ്പ് സമഗ്രമയി ആലിഫ് മാഷേ.കണ്ടല്‍ക്കാടുകള്‍ എന്നുപറയുമ്പോള്‍ ഞാനൊക്കെ കണ്ടല്‍മരങ്ങള്‍ മാത്രമേ വിചാരിച്ചിരുന്നുള്ളൂ.അതിലുള്ള ആവാസ വ്യവസ്ഥയും ജൈവ വൈവിധ്യവും തീരെ ചിന്തിച്ചിരുന്നില്ല.ആശ്രാമത്ത് ഇപ്പോ ബാക്കിയുള്ളതിനെ കണ്ടല്‍ക്കാടെന്നു വിളിയ്ക്കാമോ.കുറ്റികാടുകളെന്ന് പറയാം.
പൊക്കുടന്‍ ചേട്ടനെപ്പോലൊരു പരിപാടി തുടങ്ങണം അവിടെ.
ആലിഫ് ഭായ്, ലേഖനം നന്നായി. കണ്ടല്‍കാടുകള്‍ നിലനിര്‍ത്തുന്നതു പോയിട്ട്, കണ്ടവന്റെ കാടുകള്‍ വരെ വെട്ടിവെളുപ്പിക്കുന്നതിലാണിന്ന് താത്പര്യം മനുജന് (മലയാളിക്കു മാത്രമല്ല, മൊത്തം ട്രെന്റായി പോയി). താങ്കളുടെ മറ്റു പോസ്റ്റുകള്‍ വായിക്കാന്‍ ഇനിയും ഭാക്കി.
ഓ ടോ :
പിന്നെ ഇബ്നു സുബൈറേ, ഇങ്ങനെ ബ്ലോഗുകളില്‍ കയറിയിറങ്ങി ഭിക്ഷയിരക്കാന്‍ മാത്രം അധപതിച്ച പോസ്റ്റുകളാണോ താങ്കള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്റെ ബ്ലോഗിലും ഭിക്ഷയിരുന്നതുകാരണം, ഞാന്‍ തന്റെ ബ്ലോഗ് സന്ദര്‍ശിച്ചു, അവിടെ രസകരമായതൊന്നും കണ്ടുമില്ല. വെറുതെ മനുഷ്യനെ മോഹിപ്പിക്കല്ലെ.
നല്ല ലേഖനം, അലിഫ്.
അഡ്വഞ്ചര്‍ പാര്‍ക്കിന്റെ നിര്‍മ്മാണം പലരും കൊണ്ടാടിയിരുന്നു, അന്ന്. എതിര്‍ത്തവരെയൊക്കെ മൂരാച്ചികളായി കണ്ടിരുന്നു താനും.
കണ്ടല്‍ക്കാടുകളുടെ നാശം തടയാനായി പ്രയത്നിച്ച എസ്.എന്‍. കോളേജിലെ രവി സാറിനെയൊക്കെ (പ്രൊഫ. രവി) ആരോര്‍ക്കുന്നു?
പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ തരം കിട്ടുമ്പോഴൊക്കെ ചെന്നിരിക്കാറുള്ള സ്ഥലമായിരുന്നു ഗസ്റ്റ് ഹൗസിന്റെ പിന്നിലെ കായലോരം. മരവും കണ്ടല്‍ച്ചെടികളുമൊക്കെ വെട്ടിമാറ്റി, കുറെ കമ്പിയൊക്കെ കുത്തി നിറുത്തി അഡ്വഞ്ചര്‍ പാര്‍ക്കെന്നു വിളിക്കുന്നു, ഇപ്പോള്‍. ഇതൊക്കെ തന്നെയല്ലേ പുരോഗതി?
കണ്ടലെന്ന ചെറു സ്വര്‍ഗ്ഗങ്ങള്‍ മരിക്കുന്നു. അഷ്ടമുടിയിലെ കണ്ടലുകള്‍ "നികര്‍ത്ത്" (കായലിലേക്ക് മണ്ണിട്ട് ഒന്നുരണ്ടു സെന്റ് പുറമ്പോക്ക് ഉണ്ടാക്കി പുരയിടം വികസിപ്പിക്കല്‍) വഴിയാണു മുഖ്യമായും നശിച്ചുകൊണ്ടിരിക്കുന്നത്. ആശ്രാമത്താകട്ടെ, അത് സര്‍ക്കാരായിട്ട് ചെയ്തുതന്നു.
ആശ്രാമം റെസിഡന്‍സി സായ്പ്പുമാര്‍ സൂക്ഷിച്ചിരുന്ന കാലത്ത് പട്ടണമദ്ധ്യത്തിലെ സുന്ദരമായൊരു വന്യഗേഹമായിരുന്നു. എന്റെയൊക്കെ കുട്ടിക്കാലത്ത് നൂറും ഇരുന്നൂറും വര്‍ഷം പഴക്കമുള്ള വന്മരങ്ങള്‍ അവിടെ നിന്നിരുന്നു. ആദ്യം അതെല്ലാം വെട്ടി വിറ്റു. പിന്നെയും ടൂറിസം വികസിക്കാത്തതിനാല്‍ കണ്ടലും ചൂരല്‍ക്കാടുകളും വെട്ടി വെളുപ്പിച്ചു അഡ്വഞ്ചര്‍ പാര്‍ക്ക് ഉണ്ടാക്കി. കുറഞ്ഞപക്ഷം വീഗാലാന്‍ഡ് പോലെ ഒന്നെങ്കിലും സര്‍ക്കാരിനു നടത്താനായില്ലെങ്കില്‍ ടൂറിസ്റ്റ് പോയിട്ട് ചുമ്മാ സമയം ചിലവിടുന്ന നാട്ടുകാര്‍ക്ക് പോലും ഒരു താല്‍പ്പര്യവും തോന്നില്ലെന്ന് അറിയാഞ്ഞിട്ടാണോ എന്തോ. ആ പഴയ കാട്ടില്‍ നാലു ഏറുമാടം കെട്ടിയിരുന്നെങ്കില്‍ എത്രപേര്‍ അതില്‍ താമസിക്കാനെത്തിയേനെ.
പോസ്റ്റ് നന്നായി അലീഫേ.
ഇപ്പോളുള്ള പ്രായമായ ആള്‍ക്കാരെയൊക്കെ പരിസ്ഥിതിയുടെ പ്രാധാന്യമൊക്കെ എത്ര പഠിപ്പിച്ചാലും അവര്‍ വെട്ടുന്ന മരവും കോരുന്ന മണലും നികത്തുന്ന കായലുമൊന്നും കുറയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ചെയ്യാന്‍ പറ്റുന്നത് ഇപ്പോഴത്തെ യുവതലമുറയെ-സ്കൂളിലും കോളേജിലും പഠിക്കുന്നവരെ-ഇതൊക്കെ വെട്ടിയും നികത്തിയുമുണ്ടാവുന്ന ഭീകരതയെപ്പറ്റി ബോധവാന്മാരാക്കുക. അവര്‍ വഴി സന്ദേശം ഓരോ വീട്ടിലുമെത്തിക്കുക. അങ്ങിനെയാണെങ്കില്‍ വീട്ടിലെ അച്ഛന്‍ കായലില്‍ മണ്ണിടാന്‍ പോകുമ്പോള്‍ കുഞ്ഞുമകന്‍ പറയും, അച്ഛാ ഇങ്ങിനെയൊക്കെ ചെയ്താല്‍ ഞാന്‍ വലുതാകുമ്പോഴാണ് പ്രശ്‌നം, ഇങ്ങിനെയൊന്നും ചെയ്യരുതച്ഛാ എന്ന് (പത്തില്‍ ഒമ്പതു പേരുടെ കാര്യത്തിലും പിള്ളേര്‍ വലിയവരുടെ കാര്യത്തിലൊന്നും ഇടപെടേണ്ട, ഇതൊക്കെ വലിയവര്‍ നോക്കിക്കൊള്ളും എന്ന് പറഞ്ഞ് വായടപ്പിക്കുകയേ ഉള്ളൂ-പക്ഷേ ഒരച്ഛനെങ്കിലും നികത്തല്‍ വേണ്ട എന്ന് വെക്കുമെന്ന് തോന്നുന്നു-ചുമ്മാ ഒരു പ്രതീക്ഷ).
അതുപോലെതന്നെ ഇതിന്റെയൊക്കെ പ്രാധാന്യം സ്കൂള്‍ വഴിയുമൊക്കെ മനസ്സിലാക്കുന്ന ഇപ്പോഴത്തെ യുവതലമുറയെങ്കിലും സ്വന്തം നിലയില്‍ ഭാവിയില്‍ ഇത്തരം പോക്രിത്തരങ്ങള്‍ ചെയ്യുകയുമില്ലായിരിക്കും-പിന്നെയും ചുമ്മാ ഒരു പ്രതീക്ഷ.
കോളേജുകളിലെ എന്‍.എസ്.എസ്, തുടങ്ങിയ സംഘടനകള്‍ക്കും സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും മറ്റും ഇക്കാര്യത്തില്‍ വലിയൊരു പങ്ക് വഹിക്കാന്‍ പറ്റുമെന്ന് തോന്നുന്നു.
(പക്ഷേ പ്രസിഡന്റ് അബ്‌ദുള്‍ കലാം, വെട്ടിയ മരത്തിനു പകരം അതിന്റെ നാലിരട്ടി മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പറഞ്ഞതിനെയും ഷോ കാണിക്കല്‍ എന്ന് പറഞ്ഞ് വിമര്‍ശിച്ച നാടാണ്. അത്രയ്ക്കാണ് നമ്മുടെ രാഷ്ട്രീയം. അതുകൊണ്ട് അമിത പ്രതീക്ഷയൊന്നുമില്ല).
ആലിഫിന്റെ ലേഖനം നന്നായി.
പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുകയെ ഒരു പ്രധിവിധിയുള്ളു. മാഫിയകള്‍ (മണല്‍, വനം, ചന്ദനം...)വാഴും നാട്ടില്‍,പ്രതീക്ഷയ്ക്ക് വകയില്ല!
ഞാന്‍ വിനയത്തോടെ ക്ഷണിക്കുക മാത്രമേ ചെയ്തിരുന്നുള്ളല്ലോ?
ഒരു സുനാമി തമാശയുണ്ട്. തമിഴ്‌നാട്ടിലെ ഏതോ കടാപ്പുറത്ത് ‘മാന്തോട്ടം’ വെച്ച് പിടിപ്പിച്ച കാരണം സുനാമി ഏറ്റില്ലന്ന് നമ്മുടെ ഒരു പത്രന്‍. സംഭവം ഏതോ ആംഗലേയ പത്രം കോപ്പിയടിച്ച പ്പോള്‍ കണ്ടല്‍കാട് എന്ന ‘mangroves' മാന്തോട്ടമായി തോന്നിപ്പോയി, എന്താ കഥ. എന്തായാലും രണ്ട് ദിവസം കഴിഞ്ഞ് പത്രം തിരുത്തും കൊടുത്തു, അത്രയും ആശ്വാസം.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനല്ല, മറിച്ച് യുവാകളെ സാഹസികരാക്കി ആര്‍മി റിക്രൂട്ട്മെന്റിന് സഹായിക്കാനുമായിട്ടാണത്രേ അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങിയത്, കാട് വെട്ടി വെളുപ്പിച്ച് സാഹസികത വളര്‍ത്തി പട്ടാളത്തിലെത്രപേര്‍ എത്തിയോ എന്തോ. അവിടെ നടന്ന മറ്റൊരു മഹാസംഭവം മനു അങ്കിള്‍ സിനിമയുടെ ഷൂട്ടിംഗ് ആണ്, അതോടെ ബാക്കിയും കൂടി വെളുത്തു..!!
അമ്പി; പൊക്കുടന്‍ ഒരു പ്രസ്ഥാനം തന്നാണുട്ടോ, പരിചയപ്പെട്ടിട്ടുണ്ട്.ഒരു നല്ല മനുഷ്യന്‍. ഒരു കുറിപ്പ് എഴുതണമെന്നുണ്ട്, ശ്രമിക്കാം.
കണ്ടങ്ങളും, കണ്ടല്‍കാടുകളും നഷ്ടമാകുന്നതു് കഴിഞ്ഞ യാത്രയില്‍ നേരിട്ടു മനസ്സിലാക്കിയിരുന്നു.
അഡ്വന്‍ച്ചര്‍ പാര്‍ക്കും ഒരു അഡ്വെന്‍ച്ചറുമില്ലാതായി എന്നു തോന്നുന്നു.ആലിഫ് ഭായ്, ലേഖനം വളരെ നന്നായി.അനുമോദനങ്ങള്‍.
അലിഫിന്റെ എഴുത്തും ചിന്തയും അഭിനന്ദനീയമാണ്. പ്രത്യേകിച്ചും 'പരിസ്ഥിതി'യൊക്കെ അപ്രധാനമായി തള്ളിക്കളയുന്ന ഒരു സമൂഹമാണ് 'വികസനവേദാന്തം' നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഉരുവിടുന്നത് എന്നിരിക്കെ. അവര്‍ക്കിടയില്‍ നമുക്ക് ചില എളിയ ശ്രമങ്ങള്‍ ചെയ്തുനോക്കാം. കൊല്ലത്തെ മാത്രമല്ല എല്ലാ നാട്ടിലെയും അണ്ണാറക്കണ്ണന്മാര്‍ക്ക് ഈ ശ്രമത്തില്‍ അവരവരുടെ കഴിവിനൊത്ത് സഹകരിക്കാം. എന്താ, ശരിയല്ലേ?
Post a Comment