Saturday, December 23, 2006

കുണ്ടറ വിളംബരം

മൈനാഗന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ള, 1809 ജനുവരി 11 നു് വേലുത്തമ്പിദളവ പ്രഖ്യാപിച്ച വിളംബരം.

-------------------------------------

ശ്രീമതു തിരുവിതാകോട്ടു സംസ്ഥാനത്തു നിന്നും ഈ സമയത്തു എന്തും ചെയ്തല്ലാതെ നിലനില്‍ക്കയില്ലെന്നു കണ്ടു തുടങ്ങേണ്ടി വന്ന കാര്യത്തിന്റെ നിര്‍ണയവും അവസരവും ഈ രാജ്യത്ത് മഹത്തുക്കള്‍ മഹാബ്രാഹ്മണര്‍ ഉദ്യോഗസ്ഥന്മാര്‍ മുതല്‍ ശുദ്രര്‍വരെ കീഴപരിഷവരെയും ഉള്ള പലജാതി കുടിയാനവന്മാരു പരബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന
വിളംബരമാവിത്.


പരശുരാമപ്രതിഷ്ഠയില്‍ ഒണ്ടായ മലയാളവും ഈ സമസ്ഥാനവും തോന്നിയനാള്‍ മുതല്‍ ചേരമാന്‍ പെരുമാള്‍ വംശംവരേയും പരിപാലനം ചെയ്യും കാലത്തും അതില്‍ കീഴു തൃപ്പാദസ്വരൂപത്തലേക്ക് തിരുമൂപ്പും അടങ്ങി ബഹുതലമുറയായിട്ടു ചെങ്കോല്‍നടത്തി അനേകമായിരം സംവത്സരത്തിന് ഇടയിലും ഈ രാജ്യം ഇടപെട്ടും ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടുമില്ല. തൊള്ളായിരത്തിമുപ്പത്തി മൂന്നാമാണ്ട് നാടുനീങ്ങിയ തിരുമനസ്സുകൊണ്ട കല്പിച്ചു ദൂരദൃഷ്ടിയാല്‍ മേല്‍ക്കാലം വരവിന്റെ വിപരീതം കണ്ട് ഇനി ഈ ഭാരം നമ്മുടെ വംശത്തില്‍ ഉള്ളവര്‍ വഹിക്കയില്ലെന്നും വച്ച് നിശ്ചയിച്ച് രാജ്യത്തിന് പൂവോടും നീരോടുംകൂടെ ശ്രീപത്മനാഭസ്വാമിയുടെ തൃപ്പടിയില്‍ ദാനവും ചെയ്തു. മേല്‍പ്പട്ടും വാഴുന്ന തമ്പുരാക്കന്മാരും അവിടത്തെ ആളായിട്ടിരുന്ന കാര്യം വിചാരിക്കയും അവര്‍ക്ക് രാജ്യഭോഗഭോഗ്യങ്ങളെക്കാളും അധികം തപേനാനിഷ്ഠയായിട്ടു വ്രതനിയമങ്ങളും അനുഷ്ഠിച്ചും താന്‍ ദു:ഖിച്ചും കുട്ടികള്‍ക്ക് സുഖംവരുത്തിയും അതിന് ഒരു കുറവുവരാതെ ഇരിക്കേണ്ടുന്നതിനു മേല്‍‌രക്ഷയായിട്ട് ഈശ്വരസേവ ഭദ്രദീപം മുറജപം അന്നസത്രം ആദിയായിട്ടുള്ള സല്‍ക്കര്‍മങ്ങളെ നടത്തി കാലം കഴിച്ചു കൊള്ളുകയെന്നും വച്ചു നിശ്ചയിച്ചു ചട്ടംകെട്ടി കുട്ടികള്‍ക്കു സുഭിക്ഷമായിട്ടു കഴിഞ്ഞുവരുന്നതിനാല്‍ ഇപ്പോള്‍ ഈ കലിയുഗത്തിങ്കല്‍ ഹിമവത്സേതുപര്യന്തം ഇതുപോലെ ധര്‍മസംസ്ഥാനം ഇല്ലെന്നുള്ള കീര്‍ത്തി പൂര്‍ണ്ണമായി ഇരിക്കപ്പെട്ടതു സര്‍വപേരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമല്ലോ ആകുന്നു. മമ്മുദല്ലിഖാന്‍ ആര്‍ക്കാടുസുബദയും കെട്ടി തൃച്ചിനാപ്പള്ളിയില്‍ വന്നു ദക്ഷിണശമിയും ഒതുക്കിയതിന്റെ ശേഷം അവിടത്തേക്ക് മിത്രഭാവമായിട്ടു ചെല്ലേണമെന്നും വെച്ചു ആണ്ടൊന്നിനു ആറായിരം രൂപയും ഒരാനയും നതിയായിട്ടു കൊടുക്കത്തക്കവണ്ണം പറഞ്ഞു വെച്ചുകൊടുത്തു വന്നതല്ലാതെ ഈ രാജ്യം ഇടപെട്ടു ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടും ഇല്ല. അങ്ങനെയിരിക്കുന്ന സംഗതിയിങ്കല്‍ ഡിപ്പുസുല്‍ത്താനും ഇങ്കരേസു കുമ്പഞ്ഞിയും പ്രബലമായിട്ടു വരികകൊണ്ടും അതില്‍ രണ്ടില്‍ കൊമ്പഞ്ഞി ആളുകള്‍ക്ക് നേരും വിശ്വാസവും ഒണ്ടെന്നും അവരെ വിശ്വസിച്ചാല്‍ ചതിക്കയില്ലെന്നും നിശ്ചയിച്ചു. ആദിപൂര്‍വമായിട്ട് അഞ്ചുതെങ്ങില്‍ കോട്ടയിടുന്നതിനു സ്ഥലവും കൊടുത്തു അവരെ അവിടെ ഉറപ്പിച്ചു. നിനവിനാല്‍ ഡിപ്പുസുല്‍ത്താനോടു പകച്ചു പടയെടുത്തു ഇവരെ സ്നേഹിപ്പാന്‍
ഇടവരികയും ചെയ്തു. പിന്നത്തേതില്‍ കാര്യവശാല്‍ ഒള്ള അനുഭവത്തില്‍ ഇവരെ സ്നേഹിച്ചതു നാശത്തിനും വിശ്വസിച്ചതു നമ്മുടെ കുടുംബത്തില്‍ ഒള്ളവരും കൂടെ കൂടിയിട്ടുള്ള കാര്യസ്ഥന്മാരില്‍ ചിലരും കൊമ്പഞ്ഞി രാജ്യത്തില്‍ ചെന്നു പാര്‍ത്തുകൊള്ളണമെന്നും അവിടെചെന്നു പാര്‍ത്താല്‍ ഇവര്‍ക്കു വേണ്ടുന്ന ശമ്പളവും മാനമര്യാദയും നടത്തിക്കൊടുക്കുമന്നും അതിന്റെശേഷം രാജ്യകാര്യം ഇടപെട്ടുള്ളതൊക്കെയും റെസിഡെന്റു മക്കാളിതന്നെ പുത്തനായി ചട്ടംകെട്ടി നടത്തിക്കൊള്ളുമെന്നും ആയതിനു താമസംകാണുന്നു എങ്കില്‍ യുദ്ധത്തിന്റെ ആരംഭം ആകുന്നു എന്നും എഴുതി ഇപ്രകാരം തന്നെ തിരുമനസ്സറിയുന്നതിനും കയിതംകൊടുത്തയയ്ക്കകൊണ്ടും പ്രാണഹാനി വരയില്‍വരുമെന്നാകിലും ഇങ്ങനെയുള്ള രാജ്യദ്രോഹത്തിനും ജനദ്രോഹത്തിനും ഉള്‍പ്പെടുകയില്ലെന്നും പറഞ്ഞു തള്ളിക്കളയുകയാല്‍ രണ്ടാമതു റെസിഡെന്റു മക്കാളി ഈ രാജ്യത്തിനു ഉടതായിരിക്കുന്ന തിരുമനസ്സിലേയും ശേഷം കാര്യസ്ഥന്മാരേയും ബോധിപ്പിക്കാതെ കടലുവഴിക്കെ ഏതാനം സേള്‍ജര്‍ വെള്ളക്കാറരെയും കൊല്ലത്തു എറക്കി അവരിടെ വകയില്‍ അവിടെ ഒണ്ടായിരിക്കുന്ന സ്ത്രീജനങ്ങളെയും വസ്തുവകകളെയും മറുദിക്കിലും ഒതുക്കി അക്രമങ്ങളായിട്ടു യുദ്ധം തുടങ്ങിയിരിക്കുന്നു. ഈ സംസ്ഥാനത്തുനിന്നും ഇതിനുമുമ്പിലും ഇപ്പോഴും അവരോടു യുദ്ധം ചെയ്യണമെന്നും നിരുപിച്ചിട്ടില്ലാഴികകൊണ്ടും ഇപ്പോള്‍ ഇവര് തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്തു നിലനില്‍ക്കാതെ മുമ്പിച്ചു സംശയിച്ചാല്‍ പെന്നത്തേതില്‍ അതുകൊണ്ടുവരുന്ന വൈഷ‌മ്യങ്ങളെ ആരും സഹിക്കാനും കാലംകഴിപ്പിക്കാനും നിര്‍വഹം ഉണ്ടായി വരുന്നതുമല്ല. അതിന്റെ വിവരങ്ങള്‍ ചുരുക്കത്തില്‍ എഴുതുന്നതു എന്തെന്നാല്‍ ചതുവുമാര്‍ഗത്തില്‍ രാജ്യം അവരിടെ കൈവശത്തില്‍ ആകുന്നതു അവരിടെ വംശപാരമ്പര്യമാകകൊണ്ടും അതിന്മണ്ണം രാജ്യം അവരുടെ കൈവശത്തില്‍ ആയാല്‍ കോയിക്കല്‍ കൊട്ടാരം കോട്ടപ്പടി ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ അവരിടെ പാറാവും വരുതിയും ആക്കിത്തീര്‍ത്ത് രാജമുദ്ര പല്ലക്കു പൌരുഷം ഉള്‍പ്പെട്ട ബഹുമാനങ്ങളും ദേവാലയം ബ്രഹ്മാലയം ബന്ധിച്ചിട്ടുള്ള ശട്ടവട്ടങ്ങളും നാട്ടുക്കൂട്ടവും നിറുത്തി ഉപ്പുമുതല്‍ സര്‍വസ്വവും കുത്തകയായിട്ടു ആക്കിത്തീര്‍ത്ത് തരിശുകിടക്കുന്ന നിലവും അളന്നു കുടികുത്തകയായിട്ടുംകെട്ടി നിലവരി തെങ്ങുവരി ഉള്‍പ്പെട്ട അതികകരങ്ങളും കുടികളില്‍ കൂട്ടിവച്ചു അല്‍‌പപിഴയ്ക്കു നീചന്മാരെകൊണ്ടു ശിക്ഷയും കഴിപ്പിച്ചു ക്ഷേത്രങ്ങളില്‍ കുരിശും കൊടിയും കെട്ടി വര്‍ണഭേദമില്ലാതെ ബ്രാഹ്മണസ്ത്രീ മുതലായ സംസര്‍ഗവും ചെയ്തു യുഗഭേദം‌പോലെ അധര്‍മങ്ങളായിട്ടുള്ള വട്ടങ്ങള്‍ ആക്കിത്തീര്‍ക്കുകയും ചെയ്യും.

അങ്ങനെയുള്ളതൊന്നും ഈ രാജ്യത്തില്‍ സംഭവിക്കാതെ രാജധര്‍മത്തെ നടത്തി നാട്ടില്‍ ഒള്ള മര്യാദയ്ക്കു അഴിവുവരാതെ ഇരിക്കേണ്ടുന്നതിന് മനുഷ്യയത്നത്തില്‍ ഒന്നും കുറഞ്ഞുപോയെന്നുള്ള അപഖ്യാതി ഒണ്ടാകാതെ ഇരിക്കാന്‍ ആകുന്നേടത്തോളം ഒള്ള പ്രയത്നങ്ങള്‍ ചെയ്യുകയും പിന്നത്തേതില്‍ ഈശ്വരാനുഗ്രഹം‌പോലെ വരുന്നതൊക്കെയും സഹിക്കയും യുക്തമെന്നു നിശ്ചയിച്ചു അത്രേ അവര്‍ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്യേണ്ടിവന്നു. - എന്നും 984- ാമാണ്ട് മകരമാസം 1- ാം തീയതി കുണ്ടറ.

വേലുത്തമ്പി (ഒപ്പ്)


കടപ്പാട് : കൊല്ലം ഹാന്‍‌ഡ് ബുക്ക്

15 comments:

ദേവന്‍ said...

ഒന്നൊന്നര വിളംബരം തന്നെ. ഇരുന്നൂറു വര്‍ഷം മുന്നേ ഇളമ്പള്ളൂരില്‍ നിന്ന് ദളവയുടെ വിളംബരം ഒരാള്‍ വായിക്കത്‌ ഭാവനയില്‍ കണ്ടിട്ട്‌ രാജ്യസ്നേഹത്തില്‍ കുറവും കൂടുതലുമായി ഒന്നും ഇതില്‍ കാണാനാവുന്നില്ല.

Unknown said...

കിടിലന്‍ തന്നെ. എന്നെ അല്‍ഭുതപ്പെടുത്തുന്നത് ഇതിന്റെ കാലിക പ്രസക്തമായ ചിന്തയും വാക്യങ്ങളുമാണ്. എന്റെ ഭാവനയിലുണ്ടായിരുന്ന ഒരു രാജവിളംബരത്തില്‍ നിന്നൊക്കെ വ്യത്യസ്തം. ഏകപക്ഷീയമായ ചില തീരുമാനങ്ങള്‍ വിളിച്ചറിയിക്കാതെ കാര്യകാരണ സഹിതമുള്ള അറിയിപ്പ്.

ഞാന്‍ ഇത് വായിച്ച് രോമാഞ്ചകുഞ്ചുവായിരിക്കുന്നു. :-)

nalan::നളന്‍ said...

കുണ്ടറ വിളംബരത്തിന്റെ സംക്ഷിപ്തരൂപം എന്നാണു ഹാന്‍ഡ് ബുക്കില്‍ പറഞ്ഞിരിക്കുന്നത്.

യഥാര്‍ഥരൂപത്തിലുള്ളത് ഭാഷയിലുള്ള വ്യത്യാസമാണോ അതോ നീളത്തിലുള്ള വ്യത്യാസമാണോ എന്നറിയില്ല.

ദേവന്‍ said...

നളാ ഉത്തരവുകള്‍ക്ക്‌ പണ്ടൊക്കെ ഒരു ലോങ്ങ്‌ ഫോമും ഒരു ഷോര്‍ട്ട്‌ ഫോമും ഉണ്ടായിരുന്നു (അന്ന് കമ്പ്യൂട്ടറും ഫോട്ടോക്കോപ്പിയറും ഒന്നുമില്ലായിരുന്നല്ലോ) സാധാരണ താല്‍പ്പര്യം മാത്രം ഉത്തരവിലുള്ളവര്‍ക്ക്‌ ഷോര്‍ട്ട്‌ ഫോമും അതിന്റെ വിശദവിവരം അറിയാന്‍ ബാദ്ധ്യസ്തരായവര്‍ക്ക്‌, ന്യായാധിപന്‍, പ്രവര്‍ത്യാര്‍, ഉത്തരവില്‍ കക്ഷി ചേര്‍ത്തവര്‍ മുതല്‍ പേര്‍ക്ക്‌ ലോങ്ങ്‌ ഫോമും ആയിരുന്നു കൊടുത്തിരുന്നത്‌.

വിളംബരത്തിലും അങ്ങനെ സംക്ഷിപ്തരൂപവും മുഴുനീള രൂപവും കാണുമായിരിക്കുമെന്ന് തോന്നുന്നു. അതാവും ഇപ്പറഞ്ഞത്‌. എന്റെ ഒരു തോന്നലാണേ, ശരിയാവണമെന്നില്ല.

Anonymous said...

നളന്‍ ഇതു് സംക്ഷിപ്ത രുപമാണു്.
യഥര്‍ഥ രൂപത്തിനു് നീളം കൂടുതലാണു്.
ഭാഷയില്‍ വെത്യാസം കാണുന്നില്ല.

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

എവിടെയോ ഒരു കുഴപ്പം.

984 മകരം 1-നു തുല്യമായ ഇംഗ്ലീഷ് തീയതി (ഗ്രിഗോറിയന്‍ കലണ്ടറില്‍) 1809 ജനുവരി 12 ആണെന്നാണു് എന്റെ കണക്കുകൂട്ടലുകള്‍ കാണിക്കുന്നതു്. 1809 ജനുവരി 16-നു് മകരം 5 ആണു്.

ഇനി ഗ്രിഗോറിയന്‍ കലണ്ടറല്ല ജൂലിയന്‍ കലണ്ടറാണു് ഉപയോഗിച്ചിരുന്നതെങ്കില്‍ നാലു ദിവസത്തെ വ്യത്യാസം പോരാ. മാത്രമല്ല, അതു വിപരീതദിശയിലാണു മാറേണ്ടതു്.

1809-ലെ കലണ്ടര്‍ ഇവിടെ ഇട്ടിട്ടുണ്ടു്. എല്ലാ വിവരങ്ങളും പ്രസക്തമല്ല. പത്താം പേജു മാത്രം നോക്കുക.

ആര്‍ക്കെങ്കിലും വിശദവിവരം അറിയാമോ? എന്റെ പ്രോഗ്രാം തെറ്റാണോ എന്നറിയാനാണു്. അന്നു് ഏതു് ആഴ്ചയായിരുന്നു എന്നറിയാന്‍ വഴിയുണ്ടോ?

(ഇതു നോക്കാന്‍ കാരണമായ നളനു നന്ദി.)

വിശ്വപ്രഭ viswaprabha said...

എന്റെ കണക്കില്‍ (കോളംബം തരളംഗാഢ്യം...)
കൊല്ലം 984 മേടം 1 (കലിദിനം 1793418)ചൊവ്വാഴ്ചയാണ്. ഉമേഷിന്റെ കലണ്ടറില്‍ ബുധനാഴ്ച്ച!അങ്ങനെ വന്നാല്‍ നാം തമ്മില്‍ ഒരു ദിവസത്തിന്റെ വ്യത്യാസമുണ്ടാവും!


അവിടെനിന്നും മീനം,കുംഭം,മകരം മൂന്നുമാസത്തെ ദിവസങ്ങള്‍ (31,30,29) പിന്നോട്ട് എണ്ണണം.

എത്ര ദിവസം കാണും?


984 മകരം 1-നു സമമായി ഗ്രിഗോറിയന്‍ 1809 ജനുവരി 11 എന്നാണ് ചില ചരിത്രപുസ്തകങ്ങളില്‍ (ഉദാ: ഏ. ശ്രീധരമേനോന്‍ )എഴുതിയിട്ടുള്ളത്.

പക്ഷേ ഗ്രിഗോറിയന്‍ 1809 ജനുവരി 11 വരേണ്ടത് ബുധനാഴ്ച്ചയാണ് താനും!

ഉമേഷ്::Umesh said...

വിശ്വം,

984 മേടം 1 തുടങ്ങുന്നതു 1809 ഏപ്രില്‍ 11 ചൊവ്വാഴ്ച വൈകിട്ടു് 6:04-നാണു്. അതാണു് കോളംബം തരളാംഗാഖ്യം നിയമം തരുന്നതു്. മദ്ധ്യാഹ്നത്തിനു ശേഷം സംക്രമം വന്നാല്‍ പിറ്റേന്നായിരിക്കും ഒന്നാം തീയതി എന്ന കണക്കനുസരിച്ചാണു് ഏപ്രില്‍ 12 ആകുന്നതു്. (വിശദവിവരങ്ങള്‍ ഇവിടെയും ഇവിടെയും (പേജ് 12) കാണാം.)

എന്റെ കണക്കിനു് ജനുവരി 11 രാത്രി 11:17-നാണു മകരസംക്രമം. അതിനാലാണു പിറ്റേന്നാണു് ഒന്നാം തീയതി എന്നു പറഞ്ഞതു്. ഒരു പക്ഷേ ഈ നിയമം പില്‍ക്കാലത്തു വന്നതാവാം. ആ കണക്കിനു് ശ്രീധരമേനോന്‍ പറഞ്ഞതുപോലെ 11-നു തന്നെയാവാം വിളംബരം. ഏതായാലും 16-നല്ല.

കാളിയമ്പി said...

കുണ്ടറ വിളംബരം പൂര്‍ണ്ണരൂപത്തില്‍ ഇപ്പോഴാണ് വായിയ്ക്കുന്നത്..പണ്ടത്തെ ചര്‍ച്ച വന്നപ്പോള്‍ കുറേ തിരക്കിയതാണ്.ഇന്റെര്‍നെറ്റിലെങ്ങുമില്ല..

“ആയതിനാല്‍ ഗൂഗിളില്‍ സാധാരണ ജനം ആംഗലേയത്തിലോ മറ്റോ തിരച്ചിലിലേര്‍പ്പെടുമ്പോള്‍ അവര്‍ക്ക് ഈ ബൂലോകത്തെ പരിശ്രമങ്ങളിലേയ്ക്കും വിളംബരത്തിലേയ്ക്കും വഴികാട്ടിയ്ക്കുന്നതിലേക്കായോ മറ്റോ വല്ല വഴികളുമുണ്ടെങ്കില്‍ അതിലേക്കായി എന്തെങ്കിലും വരുത്തിക്കൊള്ളണമെന്ന് അറിയാവുന്നവരെ തെര്യപ്പെടുത്തുന്നതിന് അപേക്ഷയുണ്ട്..“ :)

ദേവേട്ടന്‍ പറഞ്ഞ പോലെ രാജ്യസ്നേഹത്തില്‍ കുറവും കൂടുതലുമായി ഇതിലൊന്നുമില്ല തന്നെ

ദില്‍ ‍ഭാസുരന്‍ പറഞ്ഞതും ശരി....കാലിക പ്രാധ്യാന്യം ഒത്തിരിയുണ്ടല്ലോ ഈ വിളംബരത്തിന്..

പണ്ടെങ്ങോ വായിച്ച കഷണത്തില്‍ “ആണായിപ്പിറന്നാവരില്ലെന്ന് പറയാതിരിയ്ക്കുന്നതിനെക്കൊണ്ട്”..എന്നോ മറ്റോ ഒരു വാചകം കണ്ടതായി ഓര്‍മ്മ..മുഴു രൂപത്തിലായിരിയ്ക്കും..

നളന്‍ മാഷേ..വളരെ വളരെ നന്ദി..

വേണു venu said...

987 -‍ാമാണ്ടു് മകര മാസം 1നു് കുണ്ടറ വിളംബരം ചെയ്തതായി കെ.പി.പത്മനാഭമെനോന്‍ രേഖപ്പെടുത്തിയിരിക്കുന്നു. (History of Kerala,Vol.1 )‍

Anonymous said...

രോമാഞ്ച കുഞ്ചു രണ്ടാമന്‍ !
ചേട്ടന്മാരേ, ദിവസത്തെ പറ്റിയുള്ള സം‌ശയം കൂടി ഒന്നു ക്ലിയറു ചെയ്തിട്ട്, ഇവനെ മലയാളം വിക്കിയില്‍ കേറ്റിയാല്‍ നന്നായിരുന്നു.
ബൂലോഗ - വിക്കി സംഭാഷണം പരിഭാഷകളിലൂടെ മാത്രമാകാതെ ആശയപരമായി വികസിക്കേണ്ട സമയമായിരിക്കുന്നു. ഈ ബ്ലോഗ് അതിന്റെ ഏറ്റവും നല്ല നിമിത്തമാണ്.

ഡാലി said...

ഈശ്വരാ, അല്ല വേലുത്തമ്പി, ഇതാണോ ചരിത്ര പ്രസിദ്ധമായ കുണ്ടറ വിളംബരം! പരശുരാമന്റെ കാലം തൊട്ട് അന്ന് വരെയുള്ള കാര്യങ്ങള്‍ പറയുന്നു. ഇത്രയൊക്കെ കാര്യകാരണ സഹിതം പറയുന്ന വിളംബരങ്ങളായിരുന്നു അല്ലേ രാജ്യഭരണത്തില്‍ പോലും.

ഈ മലയാളം വായിക്കുമ്പോല്‍ എന്റെ അമ്മാമ്മയുടെ പ്രാര്‍ത്ഥനാ പുസ്തകത്തിലെ പ്രാര്‍ത്ഥനകള്‍ ഓര്‍മ്മ വരുന്നു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കൊല്ലം പബ്ലിക്‌ ലൈബ്രറി പ്രസിദ്ധീകരിച്ച പി. ഭാസ്കരനുണ്ണിയുടെ പുസ്തകം വായിച്ചപ്പോള്‍ തയ്യാറാക്കിയ ചില ചെറു-കുറിപ്പുകളില്‍നിന്നാണ്‌ ഞാന്‍ കുണ്ടറ വിളംബരത്തിന്റെ തീയതി '1809 ജനുവരി 16' എന്ന്‌ ചേര്‍ത്തത്‌. ഇക്കാര്യത്തില്‍ ഒരു സംശയം വന്ന സ്ഥിതിക്ക്‌ അത്‌ തിരുത്തേണ്ടത്‌ അത്യാവശ്യമാണല്ലോ?. നാട്ടിലെ ഒരു ചരിത്രാധ്യാപകനെ ഫോണ്‍ വഴി പിടികൂടി സംസാരിച്ചതില്‍ ഇക്കാര്യം വ്യക്തമായി. '1809 ജൌവരി 11'-നാണത്രേ വിളംബരമുണ്ടായത്‌. പരിമിത വിഭവങ്ങള്‍ കൈവശം വെച്ചുകൊണ്ട്‌ ചരിത്രത്തെ തൊട്ടുകളിക്കരുതെന്നുള്ള ഒരു പാഠം ഇതിലൂടെ പഠിച്ചു. ഇങ്ങനെ ഒരു പ്രധാനപ്പെട്ട സംഭവത്തിന്റെ ആണ്ടും തീയതിയും തെറ്റുന്നത്‌ കുറ്റകരമാണ്‌. ആയതിനാല്‍, ഈ തെറ്റ്‌ തിരുത്താന്‍ സഹായിച്ച എല്ല അന്വേഷണബുദ്ധിയുള്ള സുഹൃത്തുക്കള്‍ക്കും നന്ദി.ഒപ്പം, ഈ പോസ്റ്റ്‌ നല്‍കിയ നളന്‌ പ്രത്യേകം നന്ദി പരയുന്നു.

nalan::നളന്‍ said...

മൈനാഗാ,
ജനുവരി 11 എന്നു സ്ഥിതീകരിച്ചതു കൊണ്ട്, പോസ്റ്റില്‍ തിരുത്തിയിട്ടുണ്ട്.