പറയി പെറ്റിട്ട പന്ത്രണ്ട് പേരും കിടിലങ്ങളാരുന്നു..
അതിലീ തെക്കന്മാര്‍ക്കൊരു ചാത്തനുണ്ടാരുന്നു..അകവൂര്‍ ചാത്തന്
ചാത്തനെപ്പറ്റി അപ്പൂപ്പന് പറഞ്ഞു തന്നൊരു കഥ.
അകവൂര്‍ മനയിലെ സേവകനായ ചാത്തന്..
കുട്ടിയല്ല..നല്ല വമ്പന്‍ മനുഷ്യ ചാത്തന്..
അകവൂര്‍ മനയോ? അതെവിടെയാ?
ആലപ്പുഴയടുത്തെങ്ങാണ്ടാണ് മാഷന്മാരേ..
പക്ഷേ..അകവൂര്‍ മനയെന്നാലകവൂര്‍ മന..
കഥയില്‍ ചോദ്യമില്ല..അഥവാ ചോദ്യമുണ്ടേല്‍
അതിലെന്തു കഥ..അല്ലേ..?
ചോദ്യം വന്നാലതു ചരിത്രം....
വേണ്ടാ വേണ്ടാ..ചരിത്രം എന്നു മാത്രമരുത്..അത് കൊലപാ....
നിര്‍ത്തപ്പാ..ആഫ് ടാപിക്കില്ല..കഥ പറ..:)
അങ്ങനെ ചാത്തന് നമ്പൂരിയുടെ സേവകനായി വിരാജിയ്ക്കുന്ന സമത്വ സുന്ദര സമയം..
നമ്പൂരിയ്ക്കൊരു പതിവുണ്ട്..രാവിലേ എഴുന്നേറ്റതു മുതല്‍ തുടങ്ങും കുളി..പൂജ..തേവാരം...
ആറ്റിലിറങ്ങിനിന്ന് മുദ്ര,ഗായത്രി ജപം......
എപ്പോഴും ചാത്തന് കൂടെയുണ്ടാകും..
ചാത്തനവിടെയെന്തു ചെയ്യുന്നു?
നമ്പൂരിയ്ക്കൊത്തിരി കിടുപിടികളൊക്കെയുണ്ടേ..അതൊക്കെ ആരു ചുമക്കും..
ചാത്തന് ചുമക്കും..മുട്ടന്‍ സഞ്ചി
ചാത്തനാ സഞ്ചിയൊക്കെ കരയില്‍ വച്ച് കിളികളോട് വര്‍ത്തമാനം പറയും
എറുമ്പിനോട് പരദൂഷണം പറയും..
മനുഷ്യരെ കണ്ടാല്‍ ചിരിയ്ക്കും..
നീര്‍ക്കോലികളെ കണ്ണിറുക്കിക്കാണിയ്ക്കും
മൂര്‍ക്കനെ കണ്ണുരുട്ടിക്കാണിയ്ക്കും..
അങ്ങനെയങ്ങനെയൊരു ദിവസം ചാത്തനു ബോറടിച്ചു
ബോറടിയുടെ ദൈവമായി.:)
ചാത്തന് നമ്പൂരിയോട് പറഞ്ഞു..
"അങ്ങത്തേ മതിയങ്ങത്തേ.എനിയ്ക്ക്.വെയക്കണ്"
"ഹൈ..ഞാന്‍ ജപിയ്ക്കുന്നത് കണ്ടുകൂടേ ..തനിയ്ക്ക്"
"എന്തു ജവിയ്ക്കണങ്ങത്തേ..വെയിലേറണ്..
നമ്പൂരിയ്ക്ക് ദേഷ്യമായി..ന്നാലും ജപിച്ച് പൂര്‍ത്തിയാക്കി ,
കുളിച്ചേറി കരയില്‍ വന്നു
സഞ്ചിയില്‍ നിന്നൊരു വെറ്റയെടുത്തൊന്ന് മുറുക്കി
"ടോ ചത്താ..ഞാന്‍ പരബ്രഹ്മോപാസന ചെയ്യുകയാണ്.."
"അതെന്തുവാസന ?"
"അതാണ് ചാത്താ ഏറ്റവും മുന്തിയ ഉപാസന..
അരൂപിയും, കാരുണ്യവാനും,
എല്ലായിടത്തും നിറഞ്ഞിരിയ്ക്കുന്നവനുമായ
പരബ്രഹ്മം.."
എന്തു ഗുണമങ്ങത്തേ?
"ടോ..ജനന മരണ ചക്രങ്ങളൊക്കെ പൊട്ടിച്ചിതറും
മോക്ഷം കിട്ടും"
സ്വര്‍ഗ്ഗം കിട്ടുവോ?
സ്വര്‍ഗ്ഗമല്ലേടോ മോക്ഷം..അതിലുമൊക്കെ വലുത്..
"അതൊക്കെപ്പോട്ട് ഈ പരബിരമമെങ്ങനെ ..കാണാന്‍ നല്ലയാണാ?
നമ്മടെ കണ്ണനെപ്പോലെ?
പഗോതിയെപ്പോലെ
ചെമ്പോക്കുട്ടിയെപ്പോലെ
നല്ല സുന്ദരനാണാ"
"ടോ ഈ പരബ്രഹ്മം സകല ലോകവും നിറഞ്ഞു
നില്ക്കുന്ന അരൂപിയായ ദൈവമാകുന്നു.."
"അതെന്തോന്ന് തേവര്? രൂപം പോലുമില്ലേ..
ന്നാലും ഒരു രൂപമുണ്ടല്ലാ...ങ്ങനെയിരിയ്ക്കും അങ്ങുന്നെന്നോടൊന്ന് പറ"
"ഈ മരമണ്ടനോടെന്തു പറയാന്‍?
ന്നാ..പരബ്രഹ്മം ഒരു കാളക്കൂറ്റന്
നല്ല കൊഴുത്ത മേനിയുള്ള
വമ്പന്‍ കൊമ്പുള്ള ഉഗ്രനൊരു
കാളക്കൂറ്റന്"
"അയ്യേ..
ന്നാലും കൊള്ളാം....
കാളയ്ക്കൊരു പരബിരമമുണ്ടല്ലാ"
പിറ്റേന്നു മുതല്‍ ചാത്തനും തുടങ്ങി നമ്പൂരിയോടൊത്ത് ഉപാസന..
ആറ്റിലിറങ്ങി..നമ്പൂരി ചെയ്യുന്ന പോലൊക്കെ ചെയ്യും..
"ടോ താനെന്തവിടെ ചെയ്യുന്നു?
"ഞാന്‍ കാളപ്പരബിരമോപാസനയിലാണെന്റെ അങ്ങുന്നേ"
ചിരിയ്ക്കാതിരിയ്ക്കാനാവുമോ
"കാളപ്പരബിരമം"
നമ്പൂരി ദേഷ്യപ്പെട്ടില്ല..അറിവില്ലാത്തവനോട് ക്ഷമിയ്ക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു
"പാവം..കാളയെങ്കില്‍ കാള..അത്രയെങ്കിലുമാവട്ട് "..എന്നു വിചാരിച്ചു..
തിരിച്ചുള്ള വഴിയില്‍ നമ്പൂരിയ്ക്കൊന്ന് മുറുക്കണം..
"ടോ ചാത്താ..എവിടെയെന്റെ സഞ്ചി.."
"അതീ കാളേടേ കൊമ്പിലാ അങ്ങത്തേ"
കാളേടേ കൊമ്പോ..എവിടെ? നമ്പൂരി തിരിഞ്ഞു നോക്കി
സഞ്ചി വായുവിലങ്ങനേയാടിയാടി..
"ഭഗവതീ..നീയുമോ ചാത്താ..:)
നിനക്ക് കുട്ടിച്ചാത്തന്..നീ കുട്ടിച്ചാത്തന്..
ഹൊ..
തനിയ്ക്ക് കുട്ടിച്ചാത്തന് സേവയുണ്ടല്ലേ?"
"കുട്ടിയാ..? ഞാന്‍ വല്യ ചാത്തനെന്റങ്ങുന്നേ
ഇതു കാളപ്പരബിരമം..
ഇന്നലെ ഞാന്‍ വിളിച്ച മുതലെന്റെ കൂടെ..
നമ്മക്കെന്തെങ്കിലുമുപയോഗം വേണ്ടേ
അതുകുണ്ട് ഈ സഞ്ചിയതിന്റെ കൊമ്പില്‍ തൂക്കി.."
നമ്പൂരിയ്ക്ക് കാര്യം മനസ്സിലായി..മദമടങ്ങി..
ചാത്തനെന്തിനുപാസന..?
ചാത്താ..എനിയ്ക്കും കൂടി കാണിച്ചു തരിക..
ഭക്തികൊണ്ട് കണ്ണു നിറഞ്ഞു..രോമാഞ്ചം വന്നു..ദേഹം വിറച്ചു..
സ്നേഹം നിറഞ്ഞു..
"അത്രേയുള്ളോ..അങ്ങുന്നെന്നെയൊന്ന് തൊട്ട് നോക്കിക്കോ.."
തൊട്ടിട്ട് നോക്കി
കാളയൊന്നു ചിരിച്ചു..
നമ്പൂരി കരഞ്ഞു....
കാള ..അടുത്തുള്ളൊരു ചിറയില്‍ ചാടി..
ഓ..ചിറ.....ഓച്ചിറാ....
ഓച്ചിറ തെക്കന്‍ കാശിയെന്നറിയപ്പെടുന്നു.
മൂര്‍ത്തിയും പൂജാരിയുമൊന്നുമില്ലാത്ത ആല്‍ത്തറയില്‍ വാഴുന്ന..പരബ്രഹ്മം.
രൂപമില്ലാതെ , മായയും മായാവിയും മായാവിനോദനുമായ
സര്‍വതിന്റേയും ഉടയോനായ ഭഗവാന്..
ഓച്ചിറ പന്ത്രണ്ട് വിളക്ക് പ്രസിദ്ധം...
വൃശ്ചിക മാസത്തിലെ ആദ്യ പന്ത്രണ്ട് ദിവസം..
വൃതമെടുത്ത് ഓച്ചിറയില്‍ കുടിലുകെട്ടി താമസിച്ച് പന്ത്രണ്ട് ദിനം ഭജമമിരിയ്ക്കുമാള്‍ക്കാര്‍
പിന്നെ ഓച്ചിറക്കളിയും..
അമ്പലപ്പുഴ കായംകുളം രാജാക്കന്മാരുടെ പടവെട്ട് ..
ഇന്ന് ഓച്ചിറ പടനിലത്തില്‍ ഓച്ചിറക്കളിയായി കാണിയ്ക്കുന്നു...
കൊല്ലത്തുനിന്ന് നാഷണല്‍ ഹൈവേയില്‍ വടക്കോട്ട് 34കിലോമീറ്റര്‍..കായംകുളമെത്തുന്നതിന് തൊട്ടുമുന്‍പ് ഓച്ചിറ ക്ഷേത്രം കാണാം.
ഇന്നും
നടയിരുത്തിയ വമ്പന്‍ കാളക്കൂറ്റന്മാര് നിര്‍ഭയരായിമേഞ്ഞു നടക്കുന്ന
ആ മതില്‍ക്കെട്ടിനകത്തെ ആല്‍ത്തറകള്‍ക്കിടയില്‍
പിച്ചക്കാര്‍ക്കിടയില്‍...ആരോടും..മിണ്ടാതെ ചില ടീമുകളിരുപ്പുണ്ട്..
പരബ്രഹ്മത്തിന് കയ്യും കാലും വച്ച്
ചിരിച്ചോ ചിരിയ്ക്കാതേയോ..കുളിച്ചോ കുളിയ്ക്കാതേയോ..
അവധൂതന്മാര്....
Sunday, December 03, 2006
Subscribe to:
Post Comments (Atom)
32 comments:
കൊല്ലം ചരിത്രത്തിന്റെ ചൂട് പുട്ടിനിടയിലൊരിച്ചിരി ഐതിഹ്യത്തിന്റെ തേങ്ങാപ്പീര..
പറയിപെറ്റിട്ട ചാത്തന് അഥവാ കൊല്ലംകാരുടെ സ്വന്തം ചാത്തന്
അംബീ, വളരെ നന്നായി, രസകരമായി ആ ഐതിഹ്യം പറഞ്ഞു. (ഓച്ചിറ പരബ്രഹ്മത്തിന്റെയും അവിടത്തെ കാളകളുടെ, അവയുടെ പണ്ടാരങ്ങളുടെ, ഇന്നത്തെ കഥ ചില നാടന്‍ സൂചനകളായി അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ആര്. സുകുമാരന്റെ 'പാദമുദ്ര' എന്ന മോഹന്‍ലാല്‍ സിനിമ കാണാം).
ഞാന്‍ (ഭക്തിയാലല്ലാതെ) ആ തുറന്ന ക്ഷേത്രാങ്കണത്തില്‍ നിന്നപ്പോള്‍ തോന്നിയത്:
ആല് മരം കുളികഴിഞ്ഞ ഭക്തനായി
മണ്ണില്‍നിന്ന് ആകാശത്തെ തൊടാനായുന്നു.
ഈ മണ്ണും പ്രകൃതിയും ജീവജാലങ്ങളും
പരസ്പരം ചേര്‍ന്നു വര്‍ത്തിക്കുന്ന
ഒരു സങ്കീര്‍ത്തനത്തിന്റെ ഈണം.
നെറ്റിയിലിടാന്‍ ചന്ദനമല്ല, നനമണ്ണ്.
എവിടെയും ഈശ്വരന് ഉണ്ടെന്ന ചിന്തയാല്‍
മനസ്സിനെയും ചിന്തയെയും വിമലീകരിക്കുന്ന
ഒരു പുതു വേദാന്തം.
ദ്രാവിഡവും ഗ്രാമീണവുമായ ഒരു
വിപുലമായ ഒത്തുകൂടലിന്റെ
പന്ത്രണ്ടാം വിളക്ക് മഹോല്‍സവം.
അശരണനെയും രോഗിയെയും അനാഥനെയും
സമൂഹം ദൈവികാദര്ശത്താല് പ്രണമിക്കുന്ന
വെറെയെങ്ങുമില്ലാത്ത ഒരു ഹൃദയക്ഷേത്രം.
(ഇന്നിപ്പോള്‍ അര്‍ഥങ്ങളും ശൈലികളും മാറിയത് അറിയാത്തതല്ല).
അങ്ങനെ 'കൊല്ലം' ഒന്നുഷാറായി. അല്ലേ?
ഞാനിതുവരെ ഓച്ചിറയില്‍ പോയിട്ടില്ല. അമ്പിയുടെ വിവരണവും മൈനാഗന്റെ ഏച്ചുകെട്ടും നന്നായി. ഐതിഹ്യമാലയില്‍ അല്പമൊരു വകഭേദത്തോടെയാണെങ്കിലും അകവൂര്‍ ചാത്തന്റെ കഥയുണ്ടു്.
അമ്പീ, കൊല്ലത്തെ ഈ സ്ഥല പുരാണം ഹൃദ്യമായിരിക്കുന്നു.
സുന്ദരമായി വരച്ചു കാണിച്ചിരിക്കുന്നു ഓച്ചിറയുടെ മാഹാത്മ്യം.
ഓച്ചിറയിലെ പ്രത്യേക പൂജയും പ്രസാദവും വിശാലമായ ആ ക്ഷേത്രാങ്കണത്തിലെ ആല് മരങ്ങളും നിരയായി പണ്ടാരങ്ങളും. പുതിയതായൊരു വേദാന്ത ചിന്ത ആര്ക്ക്കും തോന്നി പോകും അവിടെ എത്തിയാല്‍.
വളരെ നന്നായിട്ടുണ്ട് അമ്പീ.
വായിച്ചു.അംബിക്ക് കഥ പറയാനുള്ള കഴിവുണ്ടെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു.
കൂള്‍, അംബീ...
വിഷ്ണുമാഷിന്റെ അഭിപ്രായം തന്നെ എനിയ്ക്കും... വിവരണ ശൈലി ബഹു കേമം!!
ഒപ്പം, നമ്പൂരി പരബ്ര്ഹ്മത്തെ കണ്ട നിമിഷത്തിന്റെ വര്‍ണ്ണന വായിച്ചു കഴിഞ്ഞപ്പോള്‍ ഒന്നു തീരുമാനിച്ചു - ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ (കൌണ്ട് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു - വെറും 4 ദിവസം കൂടി) ഓച്ചിറയിലും ഒരു വിസിറ്റ്. ആലപ്പുഴേന്ന് ഓച്ചിറ വരെ...
റ്റെഡിച്ചായന്, വെക്കേഷന് അടിപൊളിയായി ആഘോഷിക്കൂ.
താങ്ക്സ്, റീനീ :-)
ങ്ങു വന്നിട്ടുള്ള ആദ്യത്തെ പോക്കാ... നീണ്ട രണ്ടരക്കൊല്ലത്തെ വനവാസത്തിനു ശേഷം... അടുത്ത ഒരു കൊല്ലത്തേയ്ക്കുള്ള അടിച്ചു പൊളിക്കല്‍ കഴിച്ചിട്ടുവേണം വീണ്ടും പുഷ്പകവിമാനമേറാന്... :-)
കിണ്ണന് പോസ്റ്റ് അമ്പീ. മുത്തശ്ശിക്കഥ പോലെയുള്ള ആഖ്യാനരീതി വളരെ ഇഷ്ടപ്പെട്ടു.
"യസ്യാമതം തസ്യമതം
മതം നസ്യ ന: വേദസ
അവിജ്ഞാതം വിജാനതാം
വിജ്ഞാതമവിജാനതാം"
(ആര് അറിയുമെന്നു കരുതുന്നോ അവന് അറിയാതെ പോകുന്നതും ആരറിയില്ലെന്ന് കരുതുന്നോ അവനറിയുന്നതും ബ്രഹ്മം...) എന്നു തുടങ്ങുന്ന വേദനിരീക്ഷണത്തെ അറിവിന്റെ ഗര്‍വ്വു പേറുന്നൊരു ബ്രാഹ്മണനും അവിദ്യതന്‍ മഹാവ്യാസം മനസിലുള്ളൊരു സാധാരണക്കാരനുമാക്കിയ സുന്ദരന്‍ പുരാണം ഓച്ചിറയുടേത്.
രാജേ,
ഐതിഹ്യമാലയില്‍ അംബീടെ കാളയെ പോത്താക്കിയിട്ടുണ്ട് എന്നതല്ലേ എറ്റവും വലിയ വത്യാസം? കഥയുടെ ശരി അതാകാന്‍ സാദ്ധ്യതയില്ല. ഓച്ചിറയില്‍ നേര്ച്ചക്കാളകളേയുള്ളു, പോത്തില്ല. ചാത്തന് ശിഷ്ടകാലം അവിടെ തന്നെ ഭജനമിരുന്നു സമാധിയായെന്നും കാണുന്നുണ്ട്.
[വെക്കേഷന് തകര്‍ക്കൂ റ്റെഡിച്ചായാ. ഓച്ചിറയില്‍ വികലാംഗരായ ഭിക്ഷക്കാരുടെ ഒരു നിരയുണ്ടാവും, പോകുമ്പോള്‍ ഒരു പാത്രം ചില്ലറ കൂടി എടുത്തോളൂ.]
അംബീ, അംബീടെ മുറ്റത്തു കേറി ഓ.ടോ. അടിച്ച് അലമ്പാക്കണുണ്ട് ഞാന്‍.. :-) ക്ഷമിയ്ക്കൂ ‘ട്ടോ...
താങ്ക്സ്, ദേവാ... മറക്കില്ലാ പാത്രം :-)
മൈനാഗ പെരിങ്ങോട വേണു സാരംഗി വിഷ്ണുപ്രസാദ് അച്ചായ ദേവേട്ട മാഷന്മാരേ നന്ദി:)
മൈനാഗയണ്ണാ ഭക്തി എന്നു പറയുന്നത് ഈ എഴുതിയതു തെന്നെയാണെന്നാണെന്റെ മതം ..നന്നായി..
പെരിങ്ങോടരേ ഐതിഹ്യമാലയില്‍ ദേവേട്ടന് പറഞ്ഞതു പോലെ ആണല്ലോ.അല്ലെങ്കില്‍ കാളയായാലെന്ത് പോത്തായാലെന്ത്.:).എന്നാലും ഓച്ചിറയില്‍ ദേവേട്ടന് പറഞ്ഞ പോലെ
കാളകളേയുള്ളൂ
നമ്മളീ ചെറുപ്രായത്തില്‍ തുണിയൊന്നുമുടുക്കാതെ ഓടിനടക്കുമ്പോള്‍ അമ്മയൊക്കെ പറയും..
“ഇവ്വിടെ വന്നീ നിക്കറിട്ടിട്ടുപോടാ ചെറുക്കാ..
ഓച്ചിറക്കാളയെപ്പോലെയങ്ങനെ നടക്കുകയാ..:)“
ഈ കഥ പണ്ട് അപ്പൂപ്പന് പറഞ്ഞ ഓര്‍മ്മയും പിന്നെ കിലോമീറ്ററു കണക്കൊക്കെ
ഓച്ചിറ ക്ഷേത്രത്തെപ്പറ്റിയുള്ള ഏതോ ഒരു സൈറ്റും വായിച്ചെഴുതിയതാണ്..
അച്ചായാ ഇപ്പം വൃശ്ചികമാസത്തിന്റെ തിരക്കായിരിയ്ക്കുമവിടെ..സോപ്പ് ചീപ്പ് വാണിഭമായിരിയ്ക്കും കൂടുതല്‍..ഭിക്ഷക്കാരും കാണും ..ദേവേട്ടന് പറഞ്ഞത് മറക്കണ്ടാ..തിരക്കൊഴിഞ്ഞ് ആരുമില്ലാതാകുമ്പോള്‍ ചില തറകളിലൊക്കെ ചില പിച്ചക്കാരൊക്കെയിരുന്ന് വേദാന്തം, സംസ്കൃത ,തമിഴ്,ശ്ലോകങ്ങളൊക്കെ ചൊല്ലി അര്‍ത്ഥം മനനം ചെയ്ത് ഇരിയ്ക്കുന്ന കാണാറുണ്ട് ചിലപ്പോ..
posted by Ambi :
നമ്മളീ ചെറുപ്രായത്തില്‍ തുണിയൊന്നുമുടുക്കാതെ ഓടിനടക്കുമ്പോള്‍ ...
----
ഓടിനടക്കുമ്പോള്‍ കൂടെക്കളിക്കാന്‍ വരുന്ന ശ്രീകലയും ലത്തീഫും ആശാറാണിയും പ്രമോദുമൊക്കെ കൈകൊട്ടി പാടും
“മുഴുവന്‍ കാളേ, ഓച്ചിറക്കാളേ, പുത്തന്‍ വണ്ടീല് കേറല്ലേ...”
ഒരു ഉടുതുണിയില്ലാ നൊവാള്‍ജിയ!
അമ്പീ
കാവി ഉടുത്തത് എന്ന വെണ്ണീറണിവത് എന്ന കണ്ണൈ അടൈത്തത് എന്ന .. എന്ന് സ്വയം ചോദ്യം ചെയ്യുന്ന നന്തനാര്‍ കീര്‍ത്തനം ആദ്യം കേട്ടതും ഓച്ചിറയില്‍ ഒരു വയസ്സന് കൂനിക്കൂടി പിറുപിറുക്കുന്നതായാണ്.
വര്‍ഷങ്ങള്‍ കഴിഞ്ഞ് അരവിന്ദന്റെ ചിദംബരത്തില്‍ അത് കേട്ടപ്പോള്‍ പെട്ടെന്ന് ആ സീന്‍ മുഴവന്‍ വിഴുങാന്‍ പറ്റി.
ഹ..ഹ..സത്യം തന്നെ ദേവേട്ടാ..ഓച്ചിറക്കാള ഒത്തിരി ഓര്മ്മകളേയുണര്ത്തി..:)
ഒരു ഉടുതുണിയില്ലാ നൊവാള്‍ജിയ..
നന്തനാരുമാരുടെ ഓര്‍മ്മകളും ..
ദേവേട്ടാ..ഓച്ചിറ ഒരു ഭയങ്കര സ്ഥലം തന്നെ..
യ്യോ ഉടുതുണിയില്ലാ നോവാള്‍ജിയ എനിക്കും...ആയകാലത്തൊക്കെ ഒന്നുമിടാതേം, പത്താം ക്ലാസ്സ് പകുതിവരെ നിക്കറിട്ടും...
അന്പേ, അന്പേ, അന്പീ, അംബീ, അമ്പീ, കലക്കന്‍ പോസ്റ്റ്. ഓച്ചിറ ഐതിഹ്യം ഇപ്പോഴാണ് മനസ്സിലായത്. നല്ല വിവരണം.
ശൈലി അതിമനോഹരം! :)
അമ്പീ... തമ്പീ..., റൊമ്പ നന്ദി. :)
നന്ദി ..പറയി പെറ്റ ചാത്തന്റെ ഐതിഹ്യം രസകരമായി വിളമ്പിയതിന്..രുചിയോടെ അകത്താക്കി..
ഈയിടെയായി പന്തിരുകുലം ഒന്നുണര്ന്നിട്ടുണ്ടല്ലൊ....തഥാഗതന് അവിടെ അഗ്നിഹോത്രിയില്‍ നിന്നു തുടങ്ങിയിരിയ്ക്കുന്നു..
ചിലപ്പോള്‍ പന്തിരുകുലത്തിന്റെ പരിച്ഛേദം തന്നെയാവാം ഇന്നത്തെ കേരളീയ പൈതൃകത്തിന്റെ നാരായവേര്,അല്ലേ?
--കൊച്ചുഗുപ്തന്‍
ഷെടാ
ഈ വരരുചിയും ഫാര്യയും കൊല്ലത്തും എത്തിയോ?
ഇവര്‍ തമിഴ് നാട്ടിലും പോയിട്ടുണ്ട്.. വള്ളോന്‍ എന്ന പന്തിരുകുല സന്തതിയാണ് തിരുവള്ളുവര്‍ എന്ന പേരില്‍ തമിഴില്‍,തിരുക്കുറലും മറ്റും എഴുതിയ മഹാന്
അംബി,
നല്ല വെടിപ്പുള്ള കഥ പറച്ചില്,സാംബശിവന്റെ നാട്ടുകാരായതുകൊണ്ടാണോ ഈ കൊല്ലത്ത്കാരൊക്കെ ഇങ്ങനെ ?
ഈ ഓച്ചിറ പരബ്രഹ്മം പോലെ എന്നു പറയുന്നത് പരബ്രഹ്മത്തിന്റെ ആല്ത്തറയീലെ ആ ഇരിപ്പിവശം വെച്ചാവുമല്ലെ ?
ഓഫ് ടോപ്പിക്കാവുമോ എന്തോ?
ഓച്ചിറയുമായി ബന്ധപ്പെട്ട ഒരു സാഹിത്യാനുഭവം പറയാം. ഞാന്‍ യുവകലാസാഹിതിയുടെ സംസ്ഥാന കവിതാശില്പശാല സംഘടിപ്പിക്കുവാന്‍ ചില പ്രമുഖരോടൊപ്പം സഹകരിച്ചതിന്റെ അനുസ്മരണമാണ്. സംഭവം 1990-ലാണ്.:
ആരാധ്യനായ എഴുത്തുകാരന് സി. രാധാകൃഷ്ണന് ഒപ്പിട്ട സര്‍ക്കുലറുമായി ഇടക്കുളങ്ങര ഗോപന് (കവി) അതിരാവിലെ എത്തുന്നു. കവിതാശിലപശാല വിപുലമായി സംഘടിപ്പിക്കാനുള്ള ശ്രമത്തിനായി ഉടനെ ഓച്ചിറയ്ക്ക് പോകണം.ആര്യാട് ഗോപി, മണലില്‍ ജി. നരായണപിള്ള, പെല്ലിശ്ശേരി, ചവറ കെ. എസ്. പിള്ള, കര്‍മ്മചന്ദ്രന്‍, ശൂരനാട് രവി, മൈനാഗപ്പള്ളി ശ്രീരംഗന്‍, വള്ളിക്കാവ് മോഹന്‍ദാസ് തുടങ്ങിയ സൈന്യം ഓച്ചിറയിലെത്തും. നമ്മള് കൂടി ചെല്ലണം.
ഒരാഴ്ചയ്ക്കുള്ളില്‍ ചെയ്യാനുള്ള ജോലികള്‍, തരം തിരിച്ചപ്പ്ഓള് 'പ്രചാരണം' തലച്ചുമടായി കിട്ടിയത് ഞങ്ങള്‍ രണ്ടാള്‍ക്കുമാണ്. അധികം കാശ് ചെലവാകതെ കുറെ നല്ല 'സ്റ്റൈലന്‍ ബോര്‍ഡുകള്‍' എഴുതി ദേശീയപാത 47-ന്റെ വശങ്ങളില് സ്ഥാപിക്കണം... കുറേ ബാനറുകള്‍... ആര്‍ച്ചുകള്‍... മുത്തുക്കുടകള്‍... ഒരു പത്രസമ്മേളനം... ഒരു മൈക്ക് അനൗണ്‍സ്മെന്റ് ....അങ്ങനെയങ്ങനെ ചര്‍ച്ച ചെയ്തിരിക്കെ ഞങ്ങളുടെ സര്‍ക്കാര്‍ വണ്ടി ഓച്ചിറയെത്തി.
അതാ സൈന്യത്തിന്റെ മുന്‍നിരയില്‍ ചിരിച്ചു നില്ക്കുന്നു സാക്ഷാല്‍ കേശവന്‍പോറ്റി സാര്‍. കവി. പണ്ഡിതന്, വിവര്ത്തകന്, മനുഷ്യസ്നേഹി എന്നീനിലകളിലും കെ. പി. എ. സി-യുടെ കാരണവരായും അദ്ദേഹം കായംകുളത്തുള്ള കാലമാണ്. ഞങ്ങള്‍ രണ്ട് കാറുകളിലായി സഞ്ചരിച്ച് ചില വീടുകളില്‍ കയറാന്‍ തുടങ്ങി. പണപ്പിരിവാണെന്ന് പറയേണ്ടതില്ലല്ലോ!
'അല്ലാ... സാറോ...?' എന്ന ചോദ്യവുമായി ഇറങ്ങിവരുന്ന വീട്ടുകാര്‍ (ആണും പെണ്ണും) പഴയ കഥകള്‍, അതും ഇരുപത്തഞ്ചും മുപ്പതും കൊല്ലം മുന്‍പത്തെ സംഭവങ്ങള്‍ പറയുമ്പോള്‍ പോറ്റിസാര്‍ അതുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരുകള്‍, കുടുംബപശ്ചാത്തലം, അന്ന് ആ വ്യക്തികള്‍ എന്തുചെയ്യുകയായിരുന്നു, ഇപ്പോള്‍ എവിടെയുണ്ട് തുടങ്ങി അ മുതല്‍ അം വരെയുള്ള സകല വാര്‍ത്തയും ചുരുങ്ങിയ സമയത്തില്‍ പറയും. കരിക്കുവെള്ളവും മാമ്പഴവും ഞങ്ങള്‍ ഭുജിക്കും; പോറ്റിസാര്‍ ഒന്നുകൂടി 'ഇത്തിരി' മുറുക്കും.
ചുരുക്കത്തില്‍ ഒരു ദിവസത്തെ സഞ്ചാരം കൊണ്ടുതന്നെ പണമായും തേങ്ങയായും ഏത്തക്കുല, ചേന, കാച്ചില്, വാഴയില, സദ്യവട്ടത്തിന്റെ മറ്റു സഹായങ്ങള്‍... എന്നിങ്ങനെ ധാരാളം ഓഫറുകളുണ്ടായി. 'എല്ലം ഓക്കെ' എന്ന മട്ടായി. (അതാണ് ജനബന്ധമുള്ള ഒരു പഴയകാല കമ്മ്യൂണിസ്റ്റിന്റെ വിലയെന്ന് അന്ന് കൂടുതല്‍ മനസ്സിലായി.)
ഉദ്ഘാടന സുദിനമായി.പ്രമുഖരായ സാഹിത്യകാരന്മാര് വന്നുനിറഞ്ഞു. സി. രാധാകൃഷ്ണന് ഉദ്ഘാടനവേദിയില്‍. കവി തിരുനല്ലൂര്‍ കരുണാകരന്, പ്രൊഫ. പ്രയാര്‍ പ്രഭാകരന്, ഡി. വിനയചന്ദ്രന്, കുരീപ്പുഴ ശ്രീകുമാര്‍, മാടമ്പ് കുഞ്ഞുകുട്ടന്... പിന്നെ പുതുതലമുറക്കാരായ നിരവധി കവികള്‍, ആസ്വാദകര്‍. അക്ഷരാര്‍ഥത്തില്‍ മറ്റൊരു ഓച്ചിറ വിളക്കായി പരിപാടി മുന്നേറി.
പല സെഷനുകളിലായി ബാലചന്ദ്രന് ചുള്ളിക്കാട്, വിനയചന്ദ്രന്, തിരുനല്ലൂര്‍, ഓ. എന്‍. വി. എന്നിവരൊക്കെ പഠനസ്വഭാവത്തിലൂള്ള നല്ല പ്രഭാഷണങ്ങള്‍ നടത്തി. പങ്കെടുത്തവര്‍ക്ക് കവിതയെയും അതിന്റെ വിവിധ സങ്കേതങ്ങളെയും പരിചയപ്പെടാനായി. കാവ്യലാപനവും ചര്‍ച്ചയും ആവോളം നടന്നു. (രാധകൃഷ്ണന് പെരുമ്പളയുടെ കവിത പരിചയപ്പെട്ടത് അന്നായിരുന്നു).
രണ്ടുദിവസങ്ങളിലും കവിതാസ്നേഹികള്ക്കൊപ്പം, പോറ്റിസാറിനൊപ്പം, ഭാര്ഗവന് വക്കീലിനൊപ്പം, എല്ലാനേരവും ഓച്ചിറയിലെ ആല്‍ത്തറകളില്‍ അന്തിയുറങ്ങുന്ന അശരണര്‍ക്ക് ചോറു വിളമ്പിയപ്പോള്‍ മറ്റേതൊരു ആഘോഷസദ്യയ്ക്കും ഉള്ളതിനെക്കാള്‍ അര്‍ഥവും പുണ്യവും അതിനുണ്ടെന്ന് തോന്നി.
അന്നു രാത്രി... തിരക്കേറിയ ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഫുട്ബോര്ഡില് തൂങ്ങി എറണകുളത്തേക്കുള്ള യാത്ര തുടങ്ങുന്നതിനുമുമ്പ് സി. രാധാകൃഷ്ണന് എന്ന മനുഷ്യന് തോളില്‍ കൈയിട്ട് തമാശകള്‍ പറഞ്ഞ് ഓച്ചിറ പടനിലത്തിന്റെ വക്കിലൂടെ നടന്നത് സ്നേഹത്തിന്റെ വലിയൊരു ഉപഹാരമായി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. ഓച്ചിറയുമായുള്ള നാഭീനാളബന്ധംപോലെ മറ്റൊന്ന്.
ഈ കമന്റ് അമ്പിയുടെ പോസ്റ്റിനുള്ളതല്ല.അമ്പീ,നീ ക്ഷമി.ശിവപ്രസാദ് വിവരിച്ച സംഗതി ശരിക്ക് ആസ്വദിക്കാനായി.അദ്ദേഹത്തിന് ഒരു അഭിനന്ദനം.
പിന്നെ അമ്പീ,ഒരപേക്ഷ(പരിഗണിക്കുമോ..?)കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു കുട്ടിക്കഥബ്ലോഗ് തുടങ്ങണം.
വക്കാരി മാഷേ , ഡാങ്ക്സ് -പത്താം ക്ലാസ്സ് പകുതിവരെ നിക്കറനാരുന്നല്ലേ..:)
തനിമേ: നന്ദി
സൂചേച്ചീ: നന്ദി
കൊച്ചുഗുപ്താ : ശരി തന്നെ കേരളത്തിന്റെ ജീവിതത്തിന്റെ നാരായവേര് പന്തിരുകുലം തന്നെ..ഏല്ലാ ജാതിമതക്കാരും ഒരേ അച്ഛനമ്മമാരുടേ മക്കളാണെന്നുള്ള മഹത്തായ സന്ദേശം
ഒരു കാര്യം ശ്രദ്ധിച്ചോ താണ ജാതിയെന്നോ മേല്‍ജാതിയെന്നോ വ്യത്യാസമില്ലാതെ അവരെല്ലാം ദൈവജ്ഞരാരുന്നു.
തഥാഗതാ:തിരുവള്ളുവര്‍ എന്ന തമിഴ് നായകന് വള്ളോനാരുന്നെന്നും പറയുന്നു..കേട്ടിട്ടുണ്ട്
മുസാഫിര്‍ മാഷേ അതുതന്നെ..നന്ദി..സാംബശിവന് സാറെവിടെ ഞങ്ങളെവിടെ..
ശിവപ്രസാദ് മാഷേ...പോറ്റിസാറിനോടുള്ള സ്നേഹം നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.കായം കുളത്തുകാരനല്ലെങ്കിലും..നല്ല ഓര്‍മ്മക്കുറിപ്പ്.നന്ദി
വിഷ്ണു മാഷേ..ഞാന്‍ കത്തയയ്ക്കാം
ചാത്തന്റെ കഥ കൊട്ടാരത്തില്‍ ശങ്കുണ്ണീടെ ഐതീഹ്യമാലയിലുണ്ട്. അതിങ്ങനെ ഒരു തെക്കന്‍ വേര്‍ഷന്‍ ആണോ എന്നോര്മ്മയില്യ. ഇനീപ്പൊ പന്തിരുകുലത്തേയും തെക്കും വടക്കും നടുക്കും ഒക്കെ തിരിച്ച് ഒരരുക്കാക്ക്യാല് സന്തോഷം..
തെക്കനെത്ര്യായാലും തെക്കന്‍ തന്നെ!
അസംഘടിത
സംശയിക്കേണ്ട, ശങ്കുണ്ണി മാസ്റ്ററുടെ വേര്‍ഷനിലും ചാത്തന് തെക്കന്‍ തന്നെ. പിന്നെ ഐതിഹ്യങ്ങളുടെ അവസ്സനവാക്ക് ആ മാലയുമല്ല കേട്ടോ, അമ്പിച്ചാത്തന് അതിലെ ഒരു പാളിച്ചകൂടി മാറ്റിയാണ് ഇക്കഥ പറഞ്ഞിരിക്കുന്നത്.
സ്നേഹത്തോടെ
ദേവന് ചാത്തന്
ഓ ടോ. തീക്കളി നമ്പൂതിരിയേയും പാക്കനാരേയും വടുതല നായരേം കവളപ്പാറ അമ്മയേയും നാറാണത്തിനേയും ഉപ്പുകൂറ്റനേയും പാലക്കാട്ടുകാര്‍ കൊണ്ടുപോയി. തച്ചനെ എറണാകുളത്തുകാര്‍ പിടികൂടും. തിരുവള്ളുവരേം പാണനാരേം മുല്ലപ്പെരിയാറു പോലെ തമിഴ്മക്കള്‍ അണ കെട്ടി നിര്‍ത്തി. തെക്ക്, വടക്കെന്നു പറഞ്ഞിട്ടു കാര്യമില്ല. തൃശ്ശൂരു നിന്നു പന്തിരുകുലത്തില്‍ പ്രതിനിധിയായി ആകെ ബാക്കി നില്ക്കാന് സ്കോപ്പ് ഉള്ള രജകനെ മലപ്പുറം കാരു അടിച്ചു മാറ്റാതെ നോക്കിക്കോ.
'അസംഘടിത' എന്ന പേരില്‍ ഗീതാഹിരണ്യന്റെ ഒരു കഥയുണ്ടെന്നാണ് ഓര്‍മ്മ. ഈ അസംഘടിതയ്യ്ക് എന്തിനാണിത്ര പേടി? നമ്മളെല്ലാരും ഒരേ സൂര്യന്റെയും കഴുകന്മാരുടെയും തണലിലാണല്ലോ. പേടിച്ചാല്‍ പിന്നെ അതിനല്ലാതെ സമയവും സന്ദര്‍ഭവും ബാക്കിയുണ്ടാവില്ല. അതുകൊണ്ട്ധൈര്യമായി ബ്ലോഗില്‍ എഴുത്ത് തുടരുക. വിദ്വേഷവും അകല്‍ച്ചയും വേണ്ടപ്പോഴൊക്കെ ഇത്തിരിയാവാം. എന്നാല്‍ അത് സ്ഥായിയായ ഭാവമാക്കി കൊണ്ടുനടക്കണ്ട.
(ഓ. ടോ.: അതിരിക്കട്ടെ, തെക്കരോടെന്താ ഇത്ര വെറുപ്പുണ്ടാവാന്‍ കാരണം? അല്ല... ഒരു തെക്കനായി പിറന്നതുകൊണ്ട് സംശയിച്ചതായി കരുതിയാലും കുഴപ്പമില്ല.)
മീശാ ഹാജിയേ
മുകളില്‍ കാണുന്ന തെക്കന്‍ വിരുദ്ധ കമന്റില്‍,പണ്ട്,ചരിത്രാതീത കാലത്ത്,കേരളാ ചാറ്റില്‍,അയസ്കാന്തങ്ങളുടെ വിഭ്രമണം നടത്തി,ഈ ബ്രഹ്മാണ്ഡത്തെ മുഴുവനും കയ്യിലെടുത്ത് അമ്മാനമാടിയ ഒരു കഠോരഹൃത്തിന്റെ കിരാതവൃത്തത്തിലുള്ള(അതൊരു വൃത്തമാണൊ?)ഗല്ഗദബുല്ബുദം അലയടിയ്ക്കുന്നുണ്ടോ എന്നൊരു ആപല്‍ശങ്ക എന്നെ രാവണന് സീതയെ എന്ന പോലെ വേട്ടയാടുന്നു..(ഞാന്‍ ഓടി പടിഞ്ഞാറെ അങ്ങാടി (പാലക്കാടിന്റെ ഒരു അതിര്‍ത്തി)കടന്നു)
ഒരു വടക്കന്‍പാട്ട് പാടാന്‍ തോന്നുന്നു..
അയ്യെ അല്ലെങ്കില്‍ വേണ്ട.. അതൊക്കെ എങ്ങനെയാ ഇവിടെ പാടുക..
ദേവരാഗമേ,
തൃശ്ശൂരിനു തല്ക്കാലം ഈ ‘വാക്കില്ലാക്കുന്നിലമ്മ‘ മാത്രം മതി. തഥാഗതനെ വെറുതെ വിട്ടിരിക്കുന്നു.
അംബീ,
നല്ല നന്നായി ഈ ചരിതം.
ദേവന്റെ കമന്റും പുടിച്ചുപോച്ച്.
“"യസ്യാമതം തസ്യമതം
മതം നസ്യ ന: വേദസ
അവിജ്ഞാതം വിജാനതാം
വിജ്ഞാതമവിജാനതാം"
(ആര് അറിയുമെന്നു കരുതുന്നോ അവന് അറിയാതെ പോകുന്നതും ആരറിയില്ലെന്ന് കരുതുന്നോ അവനറിയുന്നതും ബ്രഹ്മം...) ”
ബ്രാഹ്മണ്യത്തിന്റെ ബൌദ്ധികമായ പാപ്പരത്വം ഇതിലും ഭംഗിയായി പറയാന്‍ കഴിയില്ലെന്നു തോന്നുന്നു.
ദേവന്, തൃശ്ശൂരിന് പന്തിരുകുലത്തിലെ ആരും ഇല്ല്യാണ്ടെ ഇരിക്ക്യന്നെ നല്ലത്. എത്രായാലും പെറ്റത് പറയി അല്ലെ!
“ബ്രാഹ്മണ്യത്തിന്റെ ഭൌതിക പാപ്പരത്തം” വേറൊരു വിദ്വാന്റെ വഹ. വിശാലായി നോക്ക്യാല് ജൂതന്മാരും പ്രാദേശികായിട്ട് ബ്രാഹ്മണരും ഈവക ജനെറലൈസാഷന്റെ കെടുതികള്‍ അനുഭവിച്ച സാധുക്കള്‍.
ഈ അസംഘടിത എന്നു പറഞ്ഞാല്‍ ഒറ്റപ്പെട്ട അല്ലെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ അങ്ങനെങ്ങാണും.?
കുറച്ചെന്തക്കയോ മനസ്സിലായി. ചാത്ഥന്റെ പരബ്രഹ്മം പോലെ.
Post a Comment