Tuesday, November 14, 2006

കഥകളിയുടെ ഉല്‍പ്പത്തി

ഒന്‍പതാം നൂറ്റാണ്ടുകാലത്ത്‌ കൊട്ടാരക്കരത്തമ്പുരാന്‍ തന്റെ കുടുംബത്തിലെ ഒരു ചടങ്ങു സംബന്ധിയായി കൃഷ്ണനാട്ടം നടത്താന്‍ ആട്ടക്കാരെ വിട്ടുതരണമെന്ന് കാണിച്ച്‌ കോഴിക്കോട്‌ മാനവിക്രമ മഹാരാജാവിന്‌ കുറിമാനം അയച്ചു. എന്നാല്‍ സാമൂതിരി തെക്കന്‍ രാജാക്കന്മാര്‍ക്ക്‌ കൃഷ്ണനാട്ടം കണ്ടു രസിക്കാന്‍ മാത്രം കെല്‍പ്പില്ലെന്നു കാണിച്ച്‌ മറുകുറി അയച്ച്‌ തമ്പുരാനെ പരിഹസിക്കുകയാണ്‌ ചെയ്തത്‌. ഈ നിന്ദയില്‍ പ്രകോപിതനായ കൊട്ടാരക്കര തമ്പുരാന്‍ രാമായണത്തെ എട്ടു ദിവസങ്ങളായി ഭാഗിച്ച്‌ രാമനാട്ടം എന്ന കലാരൂപത്തിനു സൃഷ്ടികര്‍മ്മം നടത്തി. ഈ രാമനാട്ടമാണ്‌ മറ്റു കഥകള്‍ കളിക്കാന്‍ കൂടി ഇടം നല്‍കി കഥകളിയായി മാറിയത്‌.

കഥകളിയുടെ ഐതിഹ്യം മേല്‍പ്പറഞ്ഞതാണ്‌. കേരള യൂണിവേര്‍സിറ്റി പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ "കഥകളി" എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താ ജി. രാമകൃഷ്ണപിള്ള രാമനാട്ടം പോലെ സങ്കീര്‍ണ്ണമായ ഒരു കലാരൂപം ഇങ്ങനെ പെട്ടെന്ന് ഉടലെടുക്കുക ബുദ്ധിമുട്ടാണെന്നും സാമൂതിരി അപമാനിച്ചത്‌ ഒരു causa proxima ആയിരിക്കുമെങ്കിലും രാമനാട്ടം നേരത്തേ തന്നെ കൊട്ടാരക്കരത്തമ്പുരാന്റെ മനസ്സില്‍ രൂപം കൊണ്ടിരിക്കുമെന്നും നിരീക്ഷിക്കുന്നു.

അന്യം നിന്നു പോയ അഷ്ടപദിയാട്ടം എന്ന കലാരൂപത്തില്‍ നിന്നു പ്രചോദനം കൊണ്ട്‌ രണ്ടും രൂപകല്‍പ്പന ചെയ്തത്‌ എന്ന കാരണത്താല്‍ കഥകളിക്കും കൃഷ്ണനാട്ടത്തിനും ചില സാമ്യങ്ങളുണ്ട്‌.

തമ്പുരാന്റെ മേല്‍നോട്ടത്തില്‍ കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ ആദ്യമായി അരങ്ങേറിയ രാമനാട്ടം വന്‍ പ്രചാരം നേടിയെങ്കിലും പിന്നീട്‌ പല പരിഷ്കരണങ്ങള്‍ക്കും ശേഷമാണ്‌ ഇന്നത്തെ കഥകളി ആയത്‌. (ഇവര്‍ മിക്കവരും കൊല്ലത്തുകാരല്ല, ഈ ബ്ലോഗില്‍ കണ്ടതുകൊണ്ട്‌ ആരും തെറ്റിദ്ധരിക്കരുതേ) അവയില്‍ പ്രധാനം:

വെട്ടത്തു തമ്പുരാന്‍: മദ്ദളത്തിനു പുറമേ ചെണ്ട വാദ്യങ്ങളില്‍ ഉള്‍ക്കൊള്ളിച്ചു. പദം പാടുന്നത്തും അഭിനയിക്കുന്നതും നടന്‍ തന്നെ വേണമെന്ന രീതി നിറുത്തലാക്കി.

കപ്ലിങ്ങാടന്‍: ചുട്ടി കുത്തുന്നതിനു നിയമങ്ങള്‍ നടപ്പാക്കി. ചാമരം ചൂടുന്നതും കച്ചമണി കെട്ടുന്നതും നടപ്പാക്കി. സര്‍വോപരി കപ്ലിങ്ങാട്ടു നമ്പൂതിരി കഥകളി വിദഗ്ദ്ധര്‍ക്കായി ഒരു സമിതി ഉണ്ടാക്കുകയും നിയമങ്ങളെല്ലാം ഒരേ രീതിയില്‍ എല്ലായിടത്തും നടപ്പാക്കിക്കുകയും ചെയ്തു.

കല്ലടിക്കോടന്‍: രണ്ടാമത്തെ ഭാഗവതര്‍ കൂടി പാടാന്‍ വേണമെന്ന് തീരുമാനിച്ചു. മുദ്രകളെ കുറച്ചുകൂടി പരിഷ്കരിച്ചു. മുന്നണി ഭാഗവതര്‍ പാടുമ്പോഴും ശിങ്കിടിഭാഗവതര്‍ പാടുമ്പോഴും കൂടിച്ചേര്‍ന്ന് നടന്‍ ഒരു തവണ മുദ്രകാട്ടുന്നതിനാല്‍ കഥ കൂടുതല്‍ കാണിക്കു മനസ്സിലാവുമെന്ന നില വരുത്തി. ചുവടുകള്‍ക്ക്‌ ശാസ്ത്രീയമായ ഐക്യ സ്വഭാവമുണ്ടാക്കിയതും കല്ലടിക്കോട്ട്‌ നമ്പൂതിരിയാണ്‌.

അസംഖ്യം ആട്ടക്കഥകള്‍ രചിച്ച്‌ കോട്ടയത്തു തമ്പുരാന്‍, കാര്‍ത്തിക തിരുനാള്‍, അശ്വതി തിരുനാള്‍ ഇളയതമ്പുരാന്‍, കൊച്ചി വീരകേരളവര്‍മ്മ, ബാലകവി രാമശാസ്ത്രികള്‍, അണിമംഗലം, വിദ്വാന്‍ കോയിത്തമ്പുരാന്‍, ഇരയിമ്മന്‍ തമ്പി തുടങ്ങിയവര്‍ കഥകളിയെ വലിയതൊതില്‍ സഹായിച്ചിട്ടുണ്ട്‌.
[കഥകളിക്ക്‌ ഒരു ബ്ലോഗ്ഗുണ്ടെന്ന് ആരോ പറഞ്ഞിരുന്നു. വൃഥാ വ്യായാമഭീതിയാല്‍ ഉല്‍പ്പത്തിയെക്കുറിച്ചു മാത്രമെഴുതി നിറുത്തുന്നു]

5 comments:

കുറുമാന്‍ said...

ദേവേട്ടാ, തേങ്ങ എന്റെ വക.

പിന്നെ ആട്ടകഥകള്‍ രചിച്ച് കഥകളിക്ക് വേണ്ടി ആജീവനാന്തം പ്രയത്നിച്ചവരുടെ കൂ‍ട്ടത്തില്‍, ഇരിങ്ങാലക്കുട ശ്രീ ഉണ്ണായിവാരീയരുടെ പേരു വിട്ടുപോയി :(

ദേവന്‍ said...

കഥകളിക്കാര്‍ക്ക്‌ "ഉണ്ണായി കണ്ണായിരുന്നു" എഴുതി വന്നപ്പോള്‍ വിട്ടുപോയ മുട്ടന്‍ പുലിയെ ഓര്‍മ്മിപ്പിച്ചതിനു നന്ദി കുറുമാനേ.

Shiju said...

സംഭവം ഒക്കെ ശരി. ഈ കല്ലടിക്കോട് പാലക്കാടുള്ള ഒരു സ്ഥലം ആണല്ലോ. ഇനി ആ നമ്പൂതിരി പാലക്കാടുകാരനാണോ.

കഥകളിക്ക് ഒരു ബ്ലൊഗ്ഗ് ഉണ്ടായിരുന്നു ഇതാ ഇവിടെ (http://shaiju-81.blogspot.com/). പക്ഷെ അത് അടച്ചു പൂട്ടിയെന്നാ തോന്നുന്നേ.

Unknown said...

ദേവേട്ടാ,
ഉണ്ണായി വാരിയരെവിട്ട് പോയത് മോശമായി.

ഓടോ: സുനിലേട്ടന്‍ കഥകളി ബ്ലോഗ് തുടങ്ങാമെന്ന് പറഞ്ഞ് മുങ്ങി നടക്കുന്നു. :-(

Promod P P said...

ദേവ്‌

കൃഷ്ണനാട്ടത്തിനു ബദലായി തുടങ്ങിയതാണ്‌ രാമനാട്ടം എന്ന കഥകളി എങ്കിലും കഥകളിയില്‍ രാമകഥ ചുരുക്കം. മിക്കതും മഹാഭാരതകഥകളാണ്‌. ഇയ്യടുത്ത കാലത്താണ്‌ രാമായണത്തിലെ ചില കഥകള്‍ കഥകളിയില്‍ ആടാന്‍ തുടങ്ങിയത്‌.പക്ഷെ അവയ്ക്കൊന്നും അത്രയ്ക്ക്‌ കാര്യമായ സ്വീകരണം ലഭിച്ചുമില്ല എന്നത്‌ ഒരു വിരോധാഭാസമായി തോന്നുന്നു.(ഇപ്പോള്‍ അയ്യപ്പന്റെ കഥ അടക്കം കഥകളി ആക്കിയിട്ടുണ്ട്‌)