Friday, April 25, 2008

കൊല്ലം ഫാത്തിമാ കോളെജ്



കോളെജിന്റെ മുന്‍‌വശം. Per Matrem Pro Patria => Through mother, for the fatherland (ലാറ്റിന്‍), പേരു മാത്രം പോരാ പാതിരീ (മലയാളം)




ഇംഗ്ലീഷ് ഡിപ്പാര്ട്ട്മെന്റ്, പഴയ പ്രീഡിഗ്രീ ക്ലാസുകള്‍.

Thursday, February 14, 2008

കോളറക്കാലത്തെപ്പറ്റി

നവംബര്‍ പതിനെട്ട് 1818നു മിസ്റ്റര്‍ ഹേയ് എഴുതി " തിരുവിതാംകൂറില്‍ കാണുന്ന കോളറ മറ്റു സ്ഥലങ്ങളലെ പകര്‍ച്ചവ്യാധിയായ കോളറയില്‍ നിന്നും വ്യത്യസ്ഥമല്ലെങ്കിലും ഇവിടത്തെ സ്ഥായിയായ ഒരസുഖമാണ്‌. ഒരാഴ്ച്ചകൊണ്ട് കൊല്ലത്തു ഞാന്‍ മുപ്പത്താറു രോഗികളെ ചികിത്സിച്ചു, ഒരാള്‍ക്കു പോലും അത്യാഹിതം സംഭവിച്ചില്ല, പക്ഷേ മരുന്നും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ എന്റെയടുത്തെത്തിയ വൈദ്യന്മാര്‍ കോളറ ബാധിച്ച ഏതാണ്ട് മുഴുവന്‍ ആളുകളും മരിച്ചെന്നാണ്‌ വിവരം തരുന്നത്.... ഈ എന്‍ഡെമിക്ക് കോളറ പൊട്ടിപ്പുറപ്പെടുമ്പോള്‍ നമ്മള്‍ ശക്തമായ നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു.‍ എന്റെ പ്രദേശം നേരിടുന്നത് എന്‍ഡെമിക്ക് വിഷൂചിക അല്ലെങ്കില്‍ നീര്‍ക്കൊമ്പന്‍ എന്ന അസുഖമാണ്‌. മലബാറിന്റെ കാര്യത്തില്‍ ഉറപ്പില്ല, പക്ഷേ തിരുവിതാംകൂറിനിത് കഴിഞ്ഞ ഇരുപത്തഞ്ച് കൊല്ലമായിട്ടെങ്കിലും പരിചിതമാണ്‌. ആയിരക്കണക്കിനു ആള്‍ക്കാര്‍ മരിച്ച് പ്രദേശങ്ങള്‍ തന്നെ ജനശൂന്യമാകാറുണ്ട്. വൈദ്യന്മാര്‍ ഇത്തരം രോഗികളെ കാണുമ്പോള്‍ പ്ലേഗ് കണ്‍റ്റതുപോലെ ഓടിയൊളിക്കുകയാണ്‌ പതിവ്. തുടക്കത്തിലേ ചികിത്സ കിട്ടാത്തവര്‍ മരിക്കുകയും ആണിവിടെ പതിവ്.

പകര്‍ച്ചവ്യാധിക്കോളറയുമായി സാമ്യമുണ്ടോ ഇല്ലയോ, ഈ നാട് നമ്മുടെ നിര്‍ദ്ദേശങ്ങള്‍ക്കും മരുന്നുകള്‍ക്കും കടപ്പെട്ടിരിക്കുന്നു. കൊല്ലത്ത് ഞാന്‍ നൂറ്റിയിരുപതിലധികം രോഗികളെ ഇതുവരെ ചികിത്സിച്ചു, നൂറുശതമാനം വിജയവും നേടി.“

പോസ്റ്റ് ഇട്ടയാളിന്റെ കുറിപ്പ്:
- ഇത് മേരിലാന്‍ഡ് മെഡിക്കല്‍ റിക്കോര്ഡര്‍, വാല്യം മൂന്ന്, ലക്കം ഒന്ന്, 1832ല്‍ സ്റ്റാഫ് സര്‍ജ്ജന്‍ ഹേയുടെ കത്തുകള്‍ ഉദ്ധരിച്ചു കണ്ടത്. കൊല്ലം അടങ്ങുന്ന സ്ഥലങ്ങളില്‍ കോളറ സ്ഥിരമായി മഹാമാരകവ്യാധിയായിരുന്നെന്നും വൈദ്യന്മാര്‍ കോളറ രോഗികളെ ചികിത്സിക്കാന്‍ മടികാട്ടിയിരുന്നെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം, എന്നാല്‍ അന്നത്തെ ആധുനിക വൈദ്യത്തിനു കോളറയെപ്പറ്റി ശരിയായ അറിവില്ലായിരുന്നു എന്നതിനാലും( ഇന്ത്യന്‍ കോളറ പകര്‍ച്ചവ്യാധിയല്ലെന്നും, പൊതുവില്‍ കോളറ പിത്തനാളിയില്‍ ഉണ്ടാകുന്ന തകരാറു മൂലമാണെന്നും എത്രയും വേഗം കേടായ പിത്തം ശരീരത്തിനു വെളിയിലെത്തിക്കുകയാണു ചികിത്സാരീതിയെന്നും ഇതേ ജേര്‍ണലില്‍ മദ്രാസ് മെഡിക്കല്‍ ബോര്‍ഡിന്റെ ലേഖനത്തില്‍ കാണുന്നു. അതനുസരിച്ച് ഡീഹൈഡ്റേഷനുമായെത്തുന്ന കോളറ രോഗിക്ക് ആവണക്കെണ്ണ കൊടുക്കുകയും മറ്റുമായിരുന്നു ഡോക്റ്റര്‍മാര്‍ ചെയ്തിരുന്നത്. ) 'നമ്മള്‍ നല്‍കുന്ന ചികിത്സയാല്‍ എല്ലാവരും പൂര്‍ണ്ണ സുഖം പ്രാപിക്കുന്നു, അതിനാല്‍ ഈ രാജ്യം നമ്മോട് കടപ്പെട്ടിരിക്കുന്നു' എന്നൊക്കെയുള്ള ഹേയുടെ വീരവാദം മുഖവിലയ്ക്കെടുക്ക്കേണ്ടതില്ല. പക്ഷേ ആ സ്പിരിറ്റും കോ-ഓര്‍ഡിനേഷനും സമ്മതിച്ചു കൊടുക്കേണ്ടിയിരിക്കുന്നു, പിന്നെയും നൂറ്റാണ്ടെടുത്തെങ്കിലും വൈദ്യശാസ്ത്രത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ ഒടുവില്‍ കോളറ കീഴടങ്ങുക തന്നെ ചെയ്തു.

Saturday, January 26, 2008

അഷ്ടമുടിക്കായല്‍ കാഴ്ചകള്‍

അഷ്ടമുടിക്കായലിന്റെ രണ്ടു ഭാഗത്തുനിന്നുമുള്ള കാഴ്ചകള്‍. പെരുമണ്‍ ഭാഗത്തുനിന്നും മണ്‍‌റോത്തുരുത്ത് ഭാഗത്തു നിന്നും.

മണ്‍ട്രോത്തുരുത്ത് മുനമ്പ്

ദേ ഒരാള്‍ വള്ളം തോളിലേറ്റി വെള്ളത്തിലൂടെ നടന്ന് പോകുന്നു.

ഒന്നു തുഴഞ്ഞു നോക്കിയാലോ?

അഷ്ടമുടിക്കായലിലെ അല്ലിമലര്‍ തോണിയിലെ...

അഷ്ടമുടിക്കായലില്‍ നിന്നും പെരുമണ്‍ പാലത്തിന്റെ ഒരു ദൃശ്യം.

സരോവരം റിസോര്‍ട്ടില്‍ നിന്നും ഒരു ദൃശ്യം.

കാക്കത്തുരുത്ത്

പെരുമണ്‍ മുനമ്പ്

Friday, January 25, 2008

കൊല്ലം കാഴ്ചകള്‍ - രണ്ടാം ഭാഗം.

പാലരുവി
---------------------
പാലരുവിയിലേക്കുള്ള വഴി.
--------------------------------------------------------
വെള്ളച്ചാട്ടത്തിന്റെ വിവിധ ദൃശ്യങ്ങള്‍.




മണ്ടപം
--------------------------------------------------

മണ്ടപം
----------------------------------------------------

മണ്ടപത്തില്‍ നിന്നുള്ള കാഴ്ച।
-------------------------------------------
കുതിര ലായം.
--------------------------------------------------

ഇവിടെനിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം.
-------------------------------------------------------------


കൊല്ലത്തുനിന്നും 82 കിലോമീറ്റര്‍ കിഴക്കോട്ടു മാറി സ്തിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ പാലരുവി। കൊല്ലം കിഴക്കന്‍ മലനിരകളില്‍ നിന്നും ഉദ്ഭവിച്ച്‌ രണ്ടായി പിരിഞ്ഞ്‌ അതിലൊന്ന്(കഴുതുരുട്ടിയാര്‍) പടിഞ്ഞാറോട്ട്‌ ഒഴുകി വലിയ പാറക്കെട്ടിനുമുകളില്‍ നിന്നും താഴേക്ക്‌ പാലുപോലെ പതഞ്ഞ്‌ പതിക്കുന്നതിനാലാണ്‌ ഈ വെള്ളച്ചാട്ടത്തിന്‌ പാലരുവി എന്നു പേരുവന്നത്‌. പണ്ട്‌ രാജഭരണ കാലത്തു തന്നെ ഈ വെള്ളച്ചാട്ടത്തിനു നല്ല പ്രാധാന്യം ലഭിച്ചിരുന്നു. അതിന്റെ തെളിവാണ്‌ ഇവിടെയുള്ള മണ്ടപം. കൂടാതെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കുതിര ലായം.
ഇടക്കാലത്ത്‌ ഇവിടെ ഒരു നാഥനില്ലാക്കളരിയായിരുന്നു. അന്ന് സഞ്ചാരികളെ ആകര്‍ഷിക്കാനോ വേണ്ടത്ര പ്രചാരണം നല്‍കാനോ സംരക്ഷണം നല്‍കാനോ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ കേട്ടറിഞ്ഞു വരുന്നവര്‍ക്ക്‌ സമൂഹികവിരുദ്ഥ ശല്യം ഉള്‍പ്പെടെയുള്ള തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ഇന്ന് സ്ഥിതിയൊക്കെ മാറി. അവിടെയുള്ള നാട്ടുകാരുടെ സഹായത്തോടെ ഒരു സംരക്ഷണ സമിതി രൂപീകരിച്ച്‌ അവര്‍ക്കാണ്‌ ഈ വെള്ളച്ചാട്ടത്തിന്റെയും പരിസരത്തിന്റെയും പരിപാലന ചുമതല. അതിനായി അവര്‍ ഒരു ചെറിയ ഫീസ്‌ ഈടാക്കുന്നുമുണ്ട്‌. കാരണം ഈ പ്രദേശത്തുള്ള കുറേ ചെറുപ്പക്കാര്‍ക്ക്‌ -സ്ത്രീകളുള്‍പ്പെടെ- തൊഴില്‍ ലഭ്യമാക്കാനായി ജില്ലാ കളക്റ്റര്‍ മുന്‍കൈ എടുത്തിട്ടാണ്‌ ഈ സമിതി രൂപീകരിച്ചിരിക്കുന്നത്‌. ഇവര്‍ക്കായി സര്‍ക്കാര്‍ നയാപ്പൈസ നല്‍കുന്നതുമില്ല. ഇവരുടെ വരുമാനമെന്നത്‌ സഞ്ചാരികളില്‍ നിന്നും ഈടാക്കുന്ന ഫീസ്‌ മാത്രമാണ്‌.

Sunday, January 13, 2008

കൊല്ലം റയില്‍വേ സ്റ്റേഷന്‍‍ 2007 December



സിമി എനിക്കയച്ചു തന്ന കൊല്ലം റെയില്‍വേ സ്റ്റേഷെന്‍.
ചിത്രം . കൊല്ലം ബ്ലോഗിലൊരു പോസ്റ്റായിടുന്നു.
ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍ ആ ബഞ്ചുകളിലും കാന്‍റീനിലിലും.
അതിനു മുന്നേ കാണുന്ന പുതിയ കാവില്‍ ക്ഷേത്രം.
മുന്നേ റോഡ്. ചിന്നക്കട ഓവര്‍ബ്രിഡ്ജ്. അതിനു താഴെ ക്ലോക്ക് ടവ്വര്‍. പഴയ അന്നപൂര്‍ണേശ്വരി ഹോട്ടല്‍, കുമാര്‍ തിയേറ്റര്‍.

ഹഹാ... കഴിഞ്ഞ യാത്രയില്‍ മനസ്സിലായി. എല്ലാം മാറിയിരിക്കുന്നു.
എന്‍റെ കൊല്ലം.
കൊല്ലം കണ്ടവനില്ലം വേണ്ട അല്ലേ.:)

Saturday, January 05, 2008

പ്രകാശ് കലാകേന്ദ്രം - സുവര്‍ണജൂബിലി



ഒരു കൊച്ചു ഗ്രാമം ഒരുങ്ങുകയാണ്.. ഒരു വര്‍ഷം നീളുന്ന ഉത്സവത്തിനായി.
അര്‍ത്ഥസാന്ദ്രമായ അര നൂറ്റാണ്ട് പിന്നിടുമ്പോള്‍, കൊല്ലത്തിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവസാന്നിദ്ധ്യമായി മാറിയ, അഷ്ടമുടിക്കായലിന്റെ തീരത്തെ ഈ ഗ്രാമത്തിനു പറയുവാന്‍ കഥകളേറെയുണ്ട്.

അന്‍പത് കൊല്ലം മുന്‍പ് നീരാവില്‍ ഗ്രാമത്തിലെ ഏതാനം ചെറുപ്പക്കാര്‍ സംഘടിച്ചപ്പോള്‍ രൂപംകൊണ്ടതാണു പ്രകാശ് കലാ കേന്ദ്രം എന്ന പ്രസ്ഥാനം. നീരാവില്‍ പ്രദേശത്തെ ജനങ്ങളുടെ കലാവാസനകള്‍ക്കു ജീവന്‍ നല്‍കുകമാത്രമായിരുന്നില്ല കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനമേഖല, ഒരു ജനതയുടെ സാംസ്കാരിക രാഷ്ട്രീയ ഇച്ഛയുടെ ശബ്ദം കൂടീയായിമാറുകയായിരുന്നു.

കൊല്ലം ജില്ലയ്യ്ക്കു പുറത്ത് ഒരു പക്ഷെ കലാകേന്ദ്രം അറിയപ്പെടുക നാടകങ്ങളിലൂ‍ടെയായിരിക്കും. ‘പെരുന്തച്ചന്‍’, ‘കൊഴുത്ത കാളക്കുട്ടി’, ‘പകയുടെ ഈശ്വരന്‍’, ‘റോബന്‍ ദ്വീപ്’, ‘ഛായാമുഖി’, ‘ഇന്‍‌ക്വിലാബിന്റെ മക്കള്‍’ ....

അന്‍പതു വര്‍ഷം പിന്നിടുന്ന വേളയില്‍, ഈ സുവര്‍ണ്ണ ജൂബിലി ഒരുത്സവമായി മാറ്റാനൊരുങ്ങുകയാണു നീരാവിലെ ജനങ്ങളും, കൊല്ലത്തുകാര്‍ തന്നെയും..
2008 ജൂബിലി ആഘോഷപരിപാടികളുടെ വിവരത്തിനായിവിടെ ഞെക്കുക

Wednesday, August 22, 2007

മാര്‍ക്കോ പോളോ കണ്ട കൊല്ലം

മാബാര്‍ രാജ്യത്തു നിന്നും അഞ്ഞൂറു മൈല്‍ തെക്കു പടിഞ്ഞാറേക്ക് സഞ്ചരിച്ചാല്‍ കോയിലം രാജ്യത്തെത്താം.

ഇവിടത്തെ ജനങ്ങള്‍ ഇന്ത്യാമതക്കാരാണ്‌, ചില ക്രിസ്ത്യാനികളും ജൂതന്മാരും കൂടി ഇവിടെ വസിക്കുന്നുണ്ട്. സ്വന്തമായൊരു ഭാഷയും രാജാവുമുള്ള ഈ രാജ്യക്കാര്‍ ആരുടെയും സാമന്തരല്ലാത്ത സ്വതന്ത്രജനതയാണ്‌.


കരിന്തകരമരങ്ങള്‍ സമൃദ്ധമായി ഇവിടെ വളരുന്നു. "ബ്രസീല്‍(വുഡ്)കോയിലം" എന്നു വിളിക്കപ്പെടുന്ന ഇവ ഒന്നാന്തരം നിലവാരമുള്ള തടിയാണ്‌. ഇഞ്ചിയും ധാരാളമായി വളരുന്നുണ്ട്, അവയും കരിന്തകരപോലെ കോയിലം രാജ്യത്തിന്റെ പേര്‍ ചേര്‍ത്താണ്‌ അറിയപ്പെടുന്നത്. കുരുമുളക് വളരെയധികമുണ്ട്, എങ്ങനെയെന്നറിയുമോ? മലഞ്ചരക്കായല്ല, ഇവിടെ കുരുമുളകു ചെടി കൃഷിയുണ്ട്, കൊടി നട്ട് വെള്ളമൊഴിച്ച് വളര്‍ത്തുന്ന കുരുമുളക് മേയ് ജൂണ്‍ ജൂലായ് മാസങ്ങളില്‍ വിളവെടുക്കുന്നു. വളരെ നല്ല ഗുണനിലവാരമുള്ള നീലവും ഇവിടെ കിട്ടും. ഒരു ചെടിയില്‍ നിന്നാണ്‌ നീലം എടുക്കുന്നത്. ചെടി ശേഖരിച്ച്, വേരു കളഞ്ഞ്, കൂറ്റന്‍ പാത്രങ്ങളില്‍ ഇട്ട് വെള്ളമൊഴിച്ചു വയ്ക്കും. ചെടി വെള്ളത്തില്‍ ലയിച്ചു ചേരും വരെ കാത്തശേഷം ആ വെള്ളം വെയിലത്തു വച്ച് വറ്റിച്ചെടുക്കുമ്പോള്‍ നമ്മള്‍ കാണുന്ന രീതിയിലുള്ള നീലം കിട്ടും. വെയിലിനു വലിയ ചൂടാണ്‌ ഈ രാജ്യത്ത്. ഇങ്ങനെ കിട്ടുന്ന നീലം നാല്‌ ഔണ്‍സ് വീതമുള്ള കട്ടകള്‍ ആക്കിയെടുത്ത് നമ്മുടെ ദേശങ്ങളിലേക്ക് ഇവര്‍ കയറ്റുമതി ചെയ്യുന്നു.

ഇവിടത്തെ ചൂട് താങ്ങാവുന്നതിലുമപ്പുറമാണെന്ന് ഞാന്‍ ഊന്നിപ്പറയട്ടെ. ഇവിടത്തെ പുഴകളില്‍ ഒരു മുട്ടയെടുത്തിട്ടാല്‍ അത് സൂര്യതാപമേറ്റ് പുഴുങ്ങിക്കിട്ടും!

മാന്‍സിയില്‍ നിന്നും അറേബ്യയില്‍ നിന്നും ലെവന്തില്‍ നിന്നും കച്ചവടക്കാര്‍ ഇവിടേക്ക് കപ്പലില്‍ വരുന്നു. അവര്‍ ഇവിടേക്കുള്ള ഇറക്കുമതിയിലും ഇവിടെ നിന്നുള്ള കയറ്റുമതിയിലും വന്‍ ലാഭം കൊയ്യുകയാണ്‌.

പലതരം വന്യമൃഗങ്ങള്‍ ഈ രാജ്യത്തുണ്ട്. ഇവിടെ കാണുന്ന സിംഹങ്ങള്‍ മറ്റുരാജ്യത്തെപ്പോലെയല്ല കറുത്ത നിറം ആണ്‌ മേലാസകലം. പലതരം തത്തകളുമുണ്ട്- ചിലവ ദേഹം മുഴുവന്‍ തൂവെള്ളയും ചുണ്ടും കാലും ചുവന്നിട്ടും, ചിലത് ചുവപ്പ്, ചിലതു നീല, പച്ചത്തത്തകളുമുണ്ട്- എന്തൊരു സുന്ദരമായ കാഴ്ച്ചയാണെന്നോ. ചില തത്തകള്‍ സാധാരണയിലും വലിപ്പമുള്ളവയാണ്‌. ഭംഗിയും നമ്മുടേതിനെക്കാള്‍ വലിപ്പവുമുള്ള മയിലുമുണ്ട്. ഈ നാട്ടിലെ കോഴികളും നമ്മുടേതില്‍ നിന്നും വ്യത്യാസമുള്ളവയാണ്‌. അവര്‍ക്കുള്ളതെല്ലാം നമ്മളില്‍ നിന്നും വ്യത്യസ്ഥവും കൂടുതല്‍ സുന്ദരവും, കൂടുതല്‍ നല്ലതുമാണെന്നല്ലാതെ ഞാന്‍ എന്തു പറയേണ്ടൂ. അവരുടെ പഴങ്ങളും മൃഗങ്ങളും പക്ഷികളുമൊന്നും നമ്മുടേതുപോലെ അല്ല, ചൂടു കാലാവസ്ഥമൂലം ആണത്.


അരിയാണ്‌ ഇവിടെയുള്ളത്, ചോളം തീരെയില്ല, അതുകൊണ്ട് അവര്‍ പനഞ്ചക്കര കൊണ്ടാണ്‌ മുഖ്യമായും വീഞ്ഞുണ്ടാക്കുന്നത്. കുടിച്ചാല്‍ ക്ഷണം ഇത് മത്തുപിടിപ്പിക്കും. മറ്റു അവശ്യസാധനങ്ങളും അവര്‍ക്ക് ധാരാളമായുണ്ട്, വിലയും തീരെ കുറവ്.

ഇന്നാട്ടുകാര്‍ ഒന്നാന്തരം ജ്യോത്സ്യന്മാരും വൈദ്യന്മാരുമാണ്‌. കറുത്തനിറക്കാരായ ഇവര്‍, ആണും പെണ്ണും, അരയില്‍ ചുറ്റിയ ഒരു തുണിയൊഴിച്ചാല്‍ നഗ്നരായി നടക്കുന്നു. ലൈംഗികമായ പാപം എന്ന സങ്കല്പ്പം തന്നെ ഇല്ലാത്ത ഇവര്‍ മുറച്ചെറുക്കന്മാരെയും മുറപ്പെണ്ണുങ്ങളെയും ഇണയാക്കുന്നു. അതുപോലെ തന്നെ സഹോദരന്റെ വിധവയെ വിവാഹം കഴിക്കുകയും ചെയ്യുന്നു- ഇന്ത്യയൊട്ടാകെ ഈ വിവാഹമുറകള്‍ നടപ്പിലുണ്ട്.

ഇവിടത്തെപറ്റി കൂടുതലൊന്നും പറയാനില്ല, ഇനി നമുക്ക് കൊമരി എന്ന രാജ്യത്തേക്കു കടക്കാം.

(മാര്‍ക്കോ പോളോയുടെ യാത്രകള്‍- സമ്പൂര്‍ണ്ണ ഗ്രന്ഥം യൂള്‍ കോര്‍ഡിയര്‍ എഡിഷന്‍, രണ്ടാം വാല്യം അദ്ധ്യായം ഇരുപത്തിരണ്ട്. ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ഞാന്‍ ചെയ്തത്)

വിശദീകരണക്കുറിപ്പ്:
മാര്‍ക്കോ പോളോ ല്‍ ചൈനീസ് ചക്രവര്‍ത്തി കുബ്ലേ ഖാന്റെ ഔദ്യോഗിക യാത്രികനായി ഇന്ത്യയില്‍ സഞ്ചരിച്ചു വരവേ ക്രി വ. 1275ല്‍ കൊല്ലം സന്ദര്‍ശിച്ചു. അദ്ദേഹം മബാര്‍ (മലബാര്‍) രാജ്യത്തു നിന്നും കൊമരി (കന്യാകുമാരി) രാജ്യത്തേക്ക് പോകവേ ആണ്‌ കൊല്ലത്തെത്തിയത്. അദ്ദേഹം ഉണ്ടെന്ന് പറയുന്ന കറുത്ത സിംഹം കരിമ്പുലി ആയിരിക്കാനാണു സാദ്ധ്യത. അതുപോലെ തന്നെ നീലത്തത്തകള്‍ ഒരുപക്ഷേ നീല്‍ഗിരി ഫ്ലൈ ക്യാച്ചറോ ബ്ലൂ വിങ്ഡ് പാരകീറ്റോ ആയിരിക്കണം. അദ്ദേഹം പറയുന്ന ലെവന്ത് മെസപ്പട്ടേമിയയ്ക്കടുത്തുള്ള ഒരു നാടായിരുന്നു, മാന്‍സി എവിടെയെന്ന് മനസ്സിലായില്ല, സൈബീരിയന്‍ മാന്‍സി ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം)

Friday, July 06, 2007

സ്മരണാഞ്ജലി

ജൂലൈ 8 ബാഗലൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഐലന്റ്‌ എക്സ്പ്രസ് തീവണ്ടി കൊല്ലത്തിനടുത്ത പെരുമണില്‍ മറിഞ്ഞിട്ട്‌ 18 വര്‍ഷം തികയുന്നു

സ്മാരകശില
എല്ലാ ആത്മാക്കള്‍ക്കും തിത്യ ശാന്തി നേര്‍ന്നു കൊണ്ട്‌



ഇടതുവശത്തെ പാലത്തില്‍ നിന്നാണ്‌ ട്രെയിന്‍ മറിഞ്ഞത്





അന്ന് 105 ജീവനാണ്‌ പൊലിഞ്ഞത്‌, രെക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ പാരിതോഷികമായികേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക കുട്ടിസഖാക്കള്‍ വീതിച്ചെടുത്തതും ചരിത്രം.

കേരളീയര്‍ ഇന്നേവരെ കണ്ടീട്ടും കെട്ടിട്ടുംകൂടി ഇല്ലാത്ത ടൊര്‍ണാഡോ എന്ന ചുഴലി കാറ്റിനേക്കുറിച്ചു അന്നു സേഫ്റ്റി കമ്മിഷണര്‍ മനസിലാക്കിച്ചുതന്നു, തന്റെ എതിര്‍ വശതേക്കു തീവണ്ടി മറിയുന്നതിനു ദൃക്‌സാക്ഷി ആയ വ്യക്തി പോലും ഈ കാറ്റിനേക്കുറിച്ച്‌ കേള്‍ക്കുന്നത്‌ റെയില്വേ സേഫ്റ്റി കമ്മിഷണറുടെ റിപ്പൊര്‍ട്ട്‌ വന്നതിനു ശേഷവും

Wednesday, May 09, 2007

കൊല്ലം കാഴ്ച്ചകള്‍

ഒരു മീറ്റര്‍ഗേജിന്റെ മരണം



(തെന്മല 13 കണ്ണറ പാലം, 13 ആര്‍ച്ചുകളില്‍ 102 മീറ്റര്‍ നീളതില്‍ 5.18 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിചിരിക്കുന്ന ഈ പാലം സിമന്റും കംബിയും തൊടാതെ ആണ്‌ നിര്‍മ്മിചിരിക്കുന്നത്‌. തൊട്ടു താഴെക്കൂടി നാഷണല്‍ ഹൈവ്വെ 208, അതിനു താഴെ കഴുതുരുട്ടി ആറ്‌)

കൂടുതല്‍ ചിത്രങ്ങള്‍

സുഗന്ധദ്രവ്യങ്ങളുടെ കലവറയായ കൊല്ലം ദേശത്തുനിന്നുള്ള വ്യാപാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാരുടെ കാലത്ത്‌ 1873-ല്‍ ഉടലെടുത്ത ആശയമാണ്‌ കൊല്ലത്തുനിന്ന് ചെങ്കോട്ടയിലേക്കുള്ള തീവണ്ടിപ്പാത. 1888-ല്‍ ഇതിന്റെ സര്‍വ്വേ പൂര്‍ത്തിയായി. റെയില്വ്വേ ഇതിനായി 7 ലക്ഷം രൂപയും, മദ്രാസ്‌ ഗവണ്‍മന്റ്‌ 17 ലക്ഷം രൂപയും, തിരുവിതാംകൂര്‍ ദിവാന്‍ 6 ലക്ഷം രൂപയും നല്‍കി പണി ആരംഭിച്ചു. മലകളെ കീറിമുറിച്ച്‌ തുരങ്കങ്ങളും ചെറുമലകളെ ചേര്‍ത്ത്‌ ആര്‍ച്ച്‌ പാലങ്ങളും നിര്‍മ്മിക്കപ്പെട്ടു. അന്ന് 1,12,65,637/- രൂപാ ചിലവായി. 1902 മുതല്‍ കൊല്ലം മുതല്‍ പുനലൂര്‍ വരെ ചരക്ക്‌ തീവണ്ടികള്‍ ഒാടിത്തുടങ്ങി. 1904 ജൂണ്‍ മുതല്‍ കൊല്ലത്തുനിന്ന് പുനലൂര്‍ വരേയും നവംബര്‍ - 26 മുതല്‍ ചെങ്കോട്ട വരേയും പൂര്‍ണതോതില്‍ ഗതാഗതം ആരംഭിച്ചു.ഈ പാത പിന്നീട്‌ കൊല്ലം മദിരാശി പാതയായി.

ആദ്യ യാത്ര തുടങ്ങാന്‍ തീവണ്ടിയുടെ ഭാഗങ്ങള്‍ തൂത്തുക്കുടിയില്‍ നിന്നും പത്തേമാരിയില്‍ കടലിലൂടെ കൊല്ലത്ത്‌ കൊച്ചുപിലാമ്മൂട്ടില്‍ എത്തിച്ച്‌ അവിടെനിന്ന് കാളവണ്ടിയില്‍ റെയിള്‍വേസ്റ്റേഷനിലും എത്തിച്ചിട്ടാണ്‌ സര്‍വീസ്‌ തുടങ്ങിയത്‌.

ഈ പാത ഇപ്പോള്‍ വലുതാകലിന്റെ വക്കിലാണ്‌. തമിഴ്‌നാടിന്റെ റെയില്‍ വികസിക്കുന്തോറും മീറ്റര്‍ഗേജ്‌ പാത ചുരുങ്ങിച്ചുരുങ്ങി തിരുനെല്വ്വേലി വരെയായി. ഇപ്പോള്‍ അതു കേരളത്തിലേക്കും കടന്നിരിക്കുന്നു. അതിന്റെ മുന്നോടിയായി കൊല്ലം പുനലൂര്‍ സര്‍വീസ്‌ മേയ്‌ ഒന്നുമുതല്‍ നിര്‍ത്തി വച്ചിരിക്കുന്നു. ഇപ്പോള്‍ സര്‍വീസ്‌ പുനലൂര്‍ തെങ്കാശി മാത്രം.
നൂറ്റാണ്ട്‌ പഴക്കമുള്ള ഈ പാത ഹെറിറ്റേജ്‌ പാതയായി നിലനിര്‍ത്തണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടതോടെ ഇതു വഴിയുള്ള മനം മയക്കുന്ന യാത്ര ഇനി ഒരു ഓര്‍മ്മ മാത്രമാകും.

Monday, May 07, 2007

കടയ്ക്കല്‍ തിരുവാതിര




കൊല്ലം ജില്ലയില്‍ നിലമേലിനും ചിതറയ്ക്കും ഇടയിലുള്ള കടയ്ക്കല്‍ എന്ന കൊച്ച് ഗ്രാമം കേരള ചരിത്രത്തില്‍ തിളങ്ങുന്നത് കടയ്ക്കല്‍ വിപ്ലവം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരത്തിന്റെ പേരിലാണ്. സര്‍ സി.പി ക്കെതിരെ പോരാടി സ്വന്തമായി ഒരു സ്റ്റേറ്റ് തന്നെ പ്രഖ്യാപിക്കുകയും ജനാധിപത്യത്തിലൂന്നിയ മന്ത്രിസഭ ഉണ്ടാക്കുകയും ചെയ്ത കടയ്ക്കല്‍ വിപ്ലവം സ്വാതന്ത്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. പ്രകൃതി സുന്ദരമാ‍യ ഈ മലയോരഗ്രാമത്തിന്റെ പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയും കാലിവളര്‍ത്തലുമാണ്. കടയ്ക്കല്‍ ചന്ത മലഞ്ചരക്കു വില്‍പ്പനയ്ക്ക് പ്രസിദ്ധമാണ്. അനവധി ആരാധനാലയങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഉള്ള കടയ്ക്കല്‍ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കടയ്ക്കല്‍ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നറിയപ്പെടുന്ന ഈ ദേവിയുടെ തൃപ്പാദത്തിന്‍ കടയ്ക്കല്‍ എന്ന അര്‍ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കല്‍ എന്ന പേരു കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു. കടയ്ക്കല്‍ ദേശത്തെ നാനാജാതി മതസ്ഥരുടെ ഉത്സവമാണ് കടയ്ക്കല്‍ തിരുവാതിര.

ഐതീഹ്യം

പാണ്ടി നാട്ടില്‍ നിന്നും രണ്ട് സ്ത്രീകള്‍ അഞ്ചലില്‍ വന്നെന്നും അവരെ കണ്ട് സ്ഥലത്തെ പ്രമാണിയായ കടായാറ്റുണ്ണിത്താന്‍ കുടിയ്ക്കാന്‍ ഇളനീ‍ര്‍ നല്‍കുകയും വിശ്രമിക്കാന്‍ തണലിനായി പാലകൊമ്പ് വയല്‍ വരമ്പില്‍ നാട്ടി കൊടുക്കുകയും ചെയ്തു. രാത്രി ഉറങ്ങാന്‍ ഒഴിഞ്ഞ് കിടന്നൊരു വീടും ഏര്‍പ്പാ‍ടാ‍ക്കി. പിറ്റേന്ന് ഉണ്ണിത്താന്‍ വന്ന് ന്നോക്കിയപ്പോള്‍ ഒരു സ്ത്രീയെ മാത്രമെ കണ്ടുള്ളൂ. ഉണ്ണിത്താന് അവിടെ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ടു. ആ സ്ത്രീയും അവിടെ നിന്ന് ഉടന്‍ അപ്രത്യക്ഷമായി. ഉണ്ണിത്താന്റെ മൂന്നില്‍ നിന്നും അപ്രത്യക്ഷയായ സ്ത്രീ പാണ്ടിയില്‍ നിന്നും ചരക്കുമായി വന്ന ആളുടെ കൂ‍ടെ കടയ്ക്കല്‍ എത്തുകയും അവിടേ സ്വയം ഭൂവാവുകയും ചെയ്തു എന്നാണ് ഐതീഹ്യം. കടയാറ്റില്‍ അപ്രത്യക്ഷയായ സ്ത്രീ കടയാറ്റ് ഭഗവതി എന്ന പേരില്‍ അറിയപ്പെട്ടു. കടയ്ക്കല്‍ ഭഗവതിയും കടയാറ്റ് ഭഗവതിയും സഹോദരീമാരായിരുന്നു എന്ന് കരുതുന്നു. ഇവര്‍ രണ്ടും 12 വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്ന ചടങ്ങാണ് തിരുമുടി എഴുന്നുള്ളത്ത്. സ്വയംഭൂവായ കടയ്ക്കല്‍ ദേവിയുടെ ദര്‍ശനം ദേവിയുടെ കിരീടമായ തിരുമുടിയിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്നാണ് വിശ്വാസം.കടയ്ക്കല്‍ ദേവിക്ഷേത്രം, ശിവക്ഷേത്ര, തളിയില്‍ ക്ഷേത്രം എന്നിവ കടയ്ക്കല്‍ ചിറ എന്നറിയപ്പെടുന്ന ക്ഷേത്രകുളത്തില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്നു.

തിരുവാതിര

അബ്രഹ്മണരാണ് പൂജാരികള്‍ എന്നതും കടയ്ക്കല്‍ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയില്‍ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ര്‍ കുറുപ്പിന്റെ പിന്‍‌തലമുറക്കാരാണ് ശാന്തിക്കാര്‍.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലര്‍, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കള്‍. കുങ്കുമവും അറപ്പൊടിയും പ്രസാദമായി ലഭിക്കുന്നു. കുംഭമാസത്തിലെ തിരുവാതിര കടയ്ക്കല്‍ ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഏഴ് ദിവസം നീ‍ണ്ടു നില്‍ക്കുന്ന തിരുവാതിര ഉത്സവം വ്രതാനിഷ്ടികളായ ബാലന്മാരുടെ കുത്തിയോട്ടത്തോടേ ആരംഭിയ്ക്കുന്നു. മകയിരം നാളിലെ പൊങ്കാലയ്ക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന സ്ത്രീക്കള്‍ പൊങ്കാലയിട്ട് കടയ്ക്കലമ്മയുടെ അനുഗ്രഹം നേടുന്നു. കടയ്ക്കല്‍ പീടിക ക്ഷേത്രത്തിന് മുന്നില്‍ പ്രകൃതി ദത്ത നിറങ്ങള്‍ ഉപയോഗിച്ച് ഭദ്രകാളി രൂപം വരയ്ക്കുന്ന കളമെഴുത്തും ഉത്സവാഘോഷത്തില്‍ പെടുന്നു. ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ് എടുപ്പ് കുതിരകള്‍. ശില്പസുന്ദരമായ എടുപ്പു കുതിരകള്‍ക്ക് കെട്ടുകാഴ്ചളും, കതിരുകാളകളും, നാടന്‍ കലാരൂ‍പങ്ങളും അകമ്പടി സേവിക്കുന്നു.

(എടുപ്പുകുതിരയെ അനുഗമിക്കുന്ന കോലങ്ങള്‍)

40 മുതല്‍ 80 അടി വരെ ഉയരവും 10 അടി വീതിയും ഉള്ള കൂറ്റന്‍ കുതിരകളെ തോ‍ളിലേറ്റി അമ്പലം പ്രദക്ഷണവും എഴുന്നുള്ളത്തും നടത്തുന്നത് വൃതാനുഷ്ടികളായ നൂറുകണക്കിനു ഭകതന്മാര്‍ തോളില്‍ ചുമന്നാണ്.

(എടുപ്പ് കുതിരയെ തോളിലേറ്റി അമ്പലത്തിലേയ്ക്ക് കൊണ്ട് പോകുന്നു)

കടയ്ക്കല്‍ ക്ഷേത്രത്തില്‍ നിന്നും എഴുന്നുള്ളത്ത് പുറപ്പെട്ട് പീ‍ടിക ദേവി ക്ഷേത്രത്തിലെത്തി , അവിടെ നിന്നും മൂന്നാമത്തെ കുതിരയെ കെട്ടുന്ന കിളിമരം കാവിലെത്തി നാളികേരമുടച്ചതിനു ശേഷമാണ് കുതിരയെടുപ്പ് ആരംഭിക്കുന്നത്.

(എടുപ്പു കുതിരകള്‍)

പല ഭാഗങ്ങളില്‍ നിന്നും വരുന്ന കെട്ടു കാഴ്ചകള്‍ രാത്രിയോടെ അമ്പല മുറ്റത്തെത്തുന്നു.


(രാത്രിയിലെ കെട്ട് കാഴ്ച)

അവസാന ദിവസം, പണ്ട് നടന്നിരുന്ന മൃഗബലിയ്ക്ക് പ്രതീകമായി കുബളങ്ങ വെട്ടി അര്‍പ്പിക്കുന്ന ഗുരുസിയോടെ ഉത്സവം സമാ‍പിക്കുന്നു.

റെഫറന്‍സ്:
കേട്ടറിവകള്‍ക്ക് അടുക്കും ചിട്ടയും ഇല്ലാതിരുന്നതിനാല്‍ റെഫറന്‍സായി ഉപയോഗിച്ചത് ഈ സൈറ്റ്

Saturday, March 24, 2007

പുനലൂര്‍ തൂക്കുപാലം



കൊല്ലം ജില്ലയുടെ മലയോര പട്ടണപ്രദേശമായ പുനലൂരിനെ പുരാവസ്തു സ്മാരകപട്ടികയില്‍ പ്രമുഖസ്ഥാനത്തു പ്രതിഷ്ടിക്കുന്നു,ജില്ലയുടെ സുപ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം. 1871 ല്‍ ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദന്‍ ആല്‍ബെര്‍ട്‌ ഹെന്‍ട്രിയുടെ മേല്‍ നോട്ടത്തില്‍ രൂപല്‍പനയും നിര്‍മ്മാണവുമാരംഭിച്ച്‌ 1877 ല്‍ പണിപൂര്‍ത്തിയാക്കി 1880 ല്‍ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്ത തൂക്കുപാലം, തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു, ഏറെ ശ്രദ്ധേയവും.
കല്ലടയാറിന്റെ ഇരുകരകളിലുമായി വളര്‍ന്ന് വന്ന പുനലൂര്‍ പട്ടണത്തിന്റെ ചരിത്രനാള്‍വഴിയില്‍ സുപ്രധാനമായ പങ്ക്‌ വഹിക്കുന്ന തൂക്കുപാലത്തിന്റെ നിര്‍മ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിലും സഹായകരമായി. പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌, ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുന്ന കല്ലട. അതുകൊണ്ട്‌ തന്നെ നിരവധി തൂണുകളിലുറപ്പിക്കുന്ന തരം സാധാരണ പാലം കുറേയധികം ശ്രമങ്ങള്‍ക്ക്‌ ശേഷവും സാധ്യമല്ലാതായ സാഹചര്യത്തിലാണ്‌ തൂക്ക്‌ പാലമെന്ന ആശയമുടലെടുത്തത്‌. ഒപ്പം , കിഴക്കന്‍ മലനിരകളില്‍ നിന്നും പട്ടണത്തിലേക്കെത്താന്‍ സാധ്യതയുള്ള വന്യമൃഗ ഭീക്ഷണിയും ഒരു കാരണമാണന്ന് പറയപ്പെടുന്നു.



കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തില്‍ ഇരുവശത്തുമായി രണ്ട്‌ കൂറ്റന്‍ ചങ്ങലകളാല്‍ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകള്‍ പൂര്‍ണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകള്‍ക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയില്‍ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ ചട്ടകൂടുകളിലുറപ്പിച്ച തേക്ക്‌ തടി പാളങ്ങള്‍ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹനഗതാഗതമുള്‍പ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.

ദൂരെ കാണുന്നത് കൊല്ലം ചെങ്കോട്ട മീറ്റര്‍ഗേജ് റെയില്‍ പാതയുടെ പാലം

20 അടിയോളം വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ തമിഴ്‌നാട്ടില്‍ നിന്നുമുള്ള കച്ചവടസംഘങ്ങള്‍ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതല്‍ ബലപ്പെടുകയും ചെയ്തു.

കാളവണ്ടികള്‍ക്കും, കുതിരവണ്ടികള്‍ക്കും ശേഷം ബസ്സുകളും ലോറികളും നിരവധി കടന്നു പോയിട്ടും പാലം ഒരു വിസ്മയമായിതന്നെ നിലകൊണ്ടു. പിന്നീട്‌ വര്‍ദ്ധിച്ച്‌ വന്ന ഗതാഗത ആവശ്യങ്ങളും പുത്തന്‍ സാങ്കേതികവിദ്യയുടെ വികാസവും വഴി സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നത്‌ ഏറെ ഭാരം വലിച്ച മുത്തശ്ശി പാലത്തിനു ആശ്വാസമായെങ്കിലും വാഹനഗതാഗതം നിലച്ചതോടെ , വാട്ടര്‍ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാന്‍ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റന്‍ ജലനിര്‍ഗമനകുഴല്‍ കൂനിമേല്‍കുരുവെന്നപോലെയായി. കുഴലുകള്‍ യോജിപ്പിക്കുന്ന ഭാഗത്ത്‌ കൂടിയും അല്ലാതെയും പൊട്ടിയൊലിച്ച്‌ സൃഷ്ടിക്കപെട്ട സൗജന്യ ക്ലോറിന്‍ ജലധാര കാണാന്‍ കൗതുകമായിരുന്നെങ്കിലും, തേക്ക്‌ തടി തട്ടിനെയും , എന്തിനു വര്‍ഷങ്ങള്‍ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന കൂറ്റന്‍ ചങ്ങലെയെപ്പോലും സാവധാനം കാര്‍ന്നുതിന്നു. പാലം കുലുങ്ങിയാലും കുലുങ്ങാത്ത ജല അതോറിട്ടി കൈയ്യും കെട്ടി മാറിനിന്നു.

യാതൊരു പ്രയോജനവുമില്ല്ലാത്ത രീതിയില്‍ പുനലൂര്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക്‌ വര്‍ഷാവര്‍ഷം നവീകരണ കരാറുകള്‍ ഒപ്പിടാനുള്ള മാര്‍ഗ്ഗമായി നിരവധി വര്‍ഷങ്ങള്‍ പിന്നെയും. ഓരോതവണയും പുനരുദ്ധാരണം നടത്തി കാല്‍നടക്കാര്‍ക്കായി കൊട്ടിഘോഷിച്ച്‌ തന്നെ കാഴ്ചവെക്കുമ്പോള്‍ , പാലത്തിനുതന്നെയറിയാം ഏറിയാല്‍ ഒന്നോ രണ്ടോ മാസം, അതില്‍കൂടുതല്‍ പുതുതായി സ്ഥാപിക്കുന്ന തടി ഭാഗങ്ങള്‍ക്ക്‌ ഉയര്‍ന്ന മര്‍ദ്ദത്തിലൊഴുകുന്ന ക്ലോറിന്‍ കലര്‍ന്ന വെള്ളത്തിന്റെ ആഘാതം താങ്ങാനാവില്ലന്ന്.


സംസ്കാരികപ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകള്‍ക്കും നിരവധി നിവേദനങ്ങള്‍ക്കുമൊക്കെ ഒടുവില്‍ ആര്‍ക്കിയോളജി വകുപ്പ്‌ പാലത്തിന്റെ ഉടമസ്ഥതയേറ്റെടുത്തതോടെ വാട്ടര്‍ അതോറിറ്റിക്ക്‌ തൂക്ക്‌ പാലത്തിന്റെ നടുവിലൂടെ ഇട്ടിരുന്ന കുഴല്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നു. ആര്‍ക്കിയോളജിക്കാരുടെ മേല്‍നോട്ടത്തില്‍ കുറേകൂടി മെച്ചപ്പെട്ട രീതിയില്‍ നവീകരണവും ശക്തിപെടുത്തലുമൊക്കെ നടത്തിയത്‌ കാല്‍നടക്കാര്‍ക്ക്‌ ഒരനുഗ്രഹമെന്നതിലുപരി, തൂക്ക്‌ പാലം സംരക്ഷിക്കപ്പെടേണ്ട ഒരു സ്മാരകമാണെന്ന ബോധം നാട്ടുകാര്‍ക്കുമുണ്ടായി. ചങ്ങലകളില്‍ തൂക്കിയിടാറുണ്ടായിരുന്ന പരസ്യ ബാനറുകള്‍ ഇപ്പോള്‍ കാണാനില്ല, കമാന തൂണുകളിലും മറ്റും പോസ്റ്ററുകളില്ല, നിര്‍മ്മാണരഹസ്യം ഒളിച്ചുവെച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന വശങ്ങളിലെ കിണറുകളിലും പരിസരത്തും സൗകര്യപൂര്‍വ്വം നടത്തിയിരുന്ന ചവറുമാലിന്യ നിക്ഷേപം ഒരു പരിധിവരെ കുറഞ്ഞിരിക്കുന്നു.

പക്ഷേ ആര്‍ക്കിയോളജിക്കാര്‍ ഏറ്റടുത്ത പുരാവസ്തു സ്മാരകങ്ങള്‍ പലതും ആദ്യ പൊടിയടിക്കലുകള്‍ക്ക്‌ ശേഷമുള്ള അവഗണനയിലും, പരിചരണമില്ലായ്മയിലും ആയുസ്സൊടുങ്ങാറായി ചരിത്രത്തിന്റെ തിരുശേഷിപ്പുകളാകുന്ന ഗതി ഈ മുത്തശ്ശിപ്പാലത്തിനുമുണ്ടാകുമോ എന്ന സംശയത്തിനടിവരയിടുന്നു, കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോളുള്ള (2006 ഡിസംബര്‍)പാലത്തിന്റെ അവസ്ഥ.


പുനലൂര്‍ തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ചങ്ങലകള്‍ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തില്‍ വന്യമൃഗങ്ങള്‍ കയറിയാല്‍ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ) ഇപ്പോള്‍ തീരെ ഇല്ലാതായിരിക്കുന്നു, തടി തട്ടില്‍ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റന്‍ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌, പാലത്തിലൂടെ കടന്നാല്‍ സെപ്റ്റിക്ക്‌ ആവുന്ന അവസ്ഥയാക്കിയിരിക്കുന്നു. ഉറപ്പിച്ചിരുന്ന തടിതട്ടില്‍ പലതും ഇളകി പോയതിനാല്‍ സര്‍ക്കസിലെ ട്രപ്പീസ്‌ കളിക്ക്‌ തുല്യം മെയ്‌വഴക്കമില്ലാതെ പാലത്തിലൂടെ കടന്ന് പോകണമെങ്കില്‍ ഭാഗ്യം കൂടി കനിയണം. കമാന തൂണുകളിലും ചങ്ങലകളിലുമൊക്കെ അടിച്ചിരുന്ന വിവിധവര്‍ണ്ണ ചായകൂട്ടുകള്‍ രണ്ട്‌ മഴകഴിഞ്ഞപ്പോഴേക്കും കല്ലടയാറിലൂടെ താഴോട്ട്‌ ഒഴുകിപ്പോയി. ആസിഡ്‌ പോലുള്ള ശക്തിയാര്‍ന്ന ലായനികളില്‍ കരിച്ചുകളഞ്ഞുവെന്ന് എഴുതി ടെന്‍ഡര്‍ കാശുമാറിയ കരിങ്കല്‍ തൂണുകളിലെ വിടവുകളിലുള്ള ആല്‍മരകുഞ്ഞുങ്ങള്‍, പോഷകാഹാരം കഴിച്ചമാതിരി പൂര്‍വാധികം ശക്തിയോടെ വളര്‍ന്ന് പന്തലിക്കുന്നു. വശങ്ങളില്‍ പിടിപ്പിച്ച്‌ പുല്‍തകിടിയും മറ്റ്‌ ഉദ്യാന സസ്യങ്ങളും പരിചരണമില്ലാതെ കാട്‌പിടിച്ചപോലെയായി.

പഴയപ്രതാപമില്ലെങ്കിലും , ആ വലിയ ജലനിര്‍ഗമനകുഴല്‍ എടുത്ത്‌ മാറ്റിയതോടെ ഭാരം വലിച്ച്‌ നടുവൊടിഞ്ഞ മുത്തശ്ശിപാലത്തിനു ഒരു പുതുജീവന്‍ വന്നത്‌ പോലെയുണ്ട്‌ എന്ന് പറയാതിരിക്കാനാവില്ല, അതിനു പുരാവസ്തു വകുപ്പിനോട്‌ നന്ദി രേഖപ്പെടുത്താതിരിക്കുന്നതിനുമാവില്ല.

കൃത്യമായ വാര്‍ഷികപരിചരണമില്ലെങ്കില്‍ ഈ ചരിത്ര വിസ്മയം ഒരോര്‍മ്മയായിതീരുന്ന കാലം വിദൂരമാകില്ലന്ന് തന്നെ തോന്നുന്നു.



വിക്കി പീഡിയയില്‍ ഈ ലേഖനം

Sunday, February 04, 2007

ചരിത്രത്തിന്റെ നാള്‍വഴിപ്പുസ്തകത്തില്‍ നിന്ന് - 1

അറബികളുടെയും ഈഴവരുടെയും അന്താരാഷ്ട്ര വാണിജ്യത്തിന്റെ
അന്ത്യകാലവും പോര്‍ച്ചുഗീസ്‌ ആധിപത്യവും.


അള്‍മൈദ കൊല്ലത്തേക്ക്‌ നിയോഗിച്ച ഹൊമാന്‍ കപ്പിത്താന്‍ അറവി പടകുകളുടെ പായും ചുക്കാനും എല്ലാം വാങ്ങിച്ചു പാണ്ടികശാലയില്‍ വച്ച്‌ ഓടിപ്പോയ പ്രകാരം പറഞ്ഞുവല്ലൊ ആ അപമാനം മാപ്പിള്ളമാര്‍ സഹിയാഞ്ഞു അങ്ങാടിയിലും പള്ളിയിലും ജനങ്ങളെ ഇളക്കിച്ചപ്പോള്‍, രാജാവിന്റെ മന്ത്രികളെ ചെന്നു കണ്ടു "ഇതു ഞങ്ങള്‍ക്കല്ല കുറവാകുന്നതു, വേണാട്ടടികള്‍ക്കു പരദേശികളെ രക്ഷിപ്പാന്‍ മനസ്സും പ്രാപ്തിയുമില്ലാതെ വന്നുപോയതുപ്രകാരം ലോകര്‍ പറയുമല്ലൊ എന്നാല്‍ ഇനിയു ഇവിടെ കച്ചവടം ചെയ്‌വാന്‍ ആര്‍ തുനിയും" എന്നും മറ്റും മുറയിട്ടു സങ്കടം ബോധിപ്പിച്ചു. അതുകൊണ്ട്‌ ഒരു മന്ത്രി പാണ്ടികശാലയില്‍ ചെന്ന് ദസാവെ കണ്ടു "കപ്പിത്താന്‍ എടുപ്പിച്ചത്‌ ഉടനെ ഏല്‍പ്പിക്കേണം" എന്ന രാജാവിന്‍ കല്‍പ്പന അറിയിച്ചു. ദസാ മുന്‍പെ വിനയമുള്ളവന്‍ എങ്കിലും അള്‍മൈദയുടെ വരവു വിചാരിച്ചു ഞെളിഞ്ഞു വായിഷ്ഠാനം തുടങ്ങി മന്ത്രിയോടു പിണങ്ങി അടിയും കൂടിയപ്പോള്‍, ചോനകരും നായന്മാരും വാള്‍ ഊരി വെട്ടുവാന്‍ ഒരുമ്പെട്ടു; ഉടനേ ദസാ 12 പറങ്കികളോടും കൂടെ ആയുധങ്ങളെ എടുത്തു ഭഗവതിക്ഷേത്രത്തിലേക്ക്‌ മണ്ടിക്കയറി കുറെ നേരം തടുത്തു നിന്നശേഷം കൊല്ലക്കാര്‍ വിറകു ചുറ്റും കുന്നിച്ചു തീ കൊളുത്തുകയാല്‍ 13 പോര്‍ത്തുഗീസുകാരും ദഹിച്ചു മരിക്കുകയും ചെയ്തു.

അന്ന് തുറമുഖത്ത്‌ ഒരു ചെറിയ പറങ്കിക്കപ്പല്‍ ഉണ്ടു. അതിലുള്ള കപ്പിത്താന്‍ വിവരം അറിഞ്ഞപ്പോള്‍, ചില പടകുകളെ തീ കൊടുത്തു നശിപ്പിച്ചു മടിയാതെ കൊച്ചിക്ക്‌ ഓടുകയും ചെയ്തു (1505 അക്ത. 31)

ആ തൂക്കില്‍ എത്തിയ നേരം തന്നെ കണ്ണന്നൂരില്‍ നിന്നും അള്‍മൈദ കപ്പല്‍ ബലത്തോടും കൂട വന്നു ചേര്‍ന്നു.ആയവന്‍ കൊല്ലത്തെ വൃത്താന്തം കേട്ടാറെ, താമസം കൂടാതെ പുത്രനായ ലോരഞ്ചെ നിയോഗിച്ചയച്ചു. അവന്‍ കൊല്ലത്തിന്റെ നേരേ വന്നു, അവിടെ കണ്ട 27 പടകുകളെ വെടിവച്ചു ഭസ്മമാക്കി മുഴുകിക്കയും ചെയ്തു.

അതിനു ശേഷം ലോരഞ്ചെ അള്‍മൈദ മാലിലെ ദ്വീപുകളോളം ഓടി അറവിക്കപ്പലുകളെ പിടിപ്പാന്‍ നോക്കുന്നേരം വെള്ളത്തിന്റെ വേഗതയാല്‍ സിംഹള ദ്വീപിനു അണഞ്ഞു.

നല്ല കറുപ്പ്‌ പണ്ടെ തന്നെ മുളച്ചുണ്ടാകുന്ന ഭൂമി പറങ്കികള്‍ വന്നകാലം 6 രാജാക്കന്മാരും രാജധാനികളും ഉണ്ടെന്നു കേട്ടു. കൊളമ്പിലെ രാജാവെ കണ്ടപ്പോള്‍ അവന്‍ സന്തോഷിച്ചു. "ചോനകരുടെ കപ്പലോട്ടത്തിനു ഭംഗം വരുത്തിയാല്‍ കൊള്ളാം" എന്നു പറഞ്ഞു പോര്‍ത്തുഗലെ തനിക്കു നിഴലാക്കാന്‍ ആഗ്രഹിച്ചു "ആണ്ടുതോറും 5000 കണ്ടി കറുപ്പ്‌ കപ്പം തരാം" എന്നു കയ്യേറ്റു സത്യം ചെയ്തു. അനന്തരം ആ ശീതകാലം മുഴുവന്‍ റൊന്തയായി കടല്‍ സഞ്ചരിച്ചു കൊല്ലത്തെ കലഹത്തില്‍ കൂടിയ ചോനകര്‍ പിരിഞ്ചത്തില്‍ ഉണ്ടെന്നു കേട്ടു ആ ഊരെ ഭസ്മമാക്കി കന്യാകുമാരി മുതല്‍ കണ്ണന്നൂര്‍ വരെ മലയാളത്തിലെ മാപ്പിള്ളമാര്‍ക്ക്‌ കടല്‍ക്കച്ചവടത്തെ മുടക്കിക്കൊണ്ടിരുന്നു.
(ഡാക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമ എന്ന പുസ്തകത്തിലെ ഒരദ്ധ്യായം)

Wednesday, January 24, 2007

ജനാര്‍ദ്ദനന്‍ (എന്ന മനുഷ്യന്‍) എന്ന ശില്‌പി



ഒരു ശില്‌പി എന്ന് കേള്‍ക്കുമ്പോഴുണ്ടാകുന്ന ആദ്യപ്രതീതിക്ക്‌ നേരെ വിരുദ്ധമായ ഒന്നാണ്‌ ജനാര്‍ദ്ദനനെ കണ്ടപ്പോഴുണ്ടായത്‌.

പ്രസന്നമായ മുഖം, നിഷ്കളങ്കമായ ഇടപെടല്‍, ഗൗരവത്തോടെ സംസാരിക്കുമ്പോഴും ഔദ്ധത്യത്തിന്റെ അംശം തീണ്ടാത്ത ഒരു സാധാരണ മനുഷ്യന്‍. പൊതുവേ വ്യവസ്ഥാപിത കലാകാരന്മാരില്‍ ഇപ്പറഞ്ഞതില്‍ ഏതെങ്കിലുമൊന്നിന്റെയെങ്കിലും അഭാവമുണ്ടാകാറുണ്ട്‌, വളരെ പ്രകടമായിത്തന്നെ. ജനാര്‍ദ്ദനന്‍ അങ്ങനെയല്ലാത്തതിന്‌ കാരണം അദ്ദേഹം ഒരു വ്യവസ്ഥാപിതകലാകാരനല്ല എന്നത്‌ തന്നെ.

കൊല്ലം ജില്ല ചുരുക്കം ചില ശില്‌പികള്‍ക്കും ചിത്രകാരന്മാര്‍ക്കും ജന്മം നല്‌കിയിട്ടുണ്ട്‌. അവരില്‍ പലരും പേരു കേട്ട കലാപഠനകേന്ദ്രങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരും ചോളമണ്ഡലത്തിലും വിദേശത്തുമൊക്കെയായി കലാസപര്യ തുടര്‍ന്നവരുമാണ്‌. ജനാര്‍ദ്ദനന്‍ എന്ന ശില്‌പി അക്കാദമിക്‌ കലാപഠനം നടത്തിയിട്ടില്ല. വിദ്യാഭ്യാസം തന്നെ സ്കൂള്‍ തലത്തിനപ്പുറം പോയിട്ടില്ല. ഉപജീവനത്തിനായി ചെയ്യുന്ന തൊഴിലാകട്ടെ മുടിവെട്ടലും. ഇതെല്ലാം ഒരു കലാകാരന്‌ മേന്മ ചാര്‍ത്തിക്കൊടുക്കുന്ന സംഗതികളല്ല, തീര്‍ച്ചയായും. എന്നാല്‍ ജനാര്‍ദ്ദനന്റെ കലയ്ക്ക്‌ ചില മേന്മകളുണ്ട്‌ താനും.



അസാമാന്യമായ കരവിരുതാണ്‌ അതില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത്‌. ശില്‌പകലയില്‍ (ഒരു പക്ഷേ, ഏതൊരു കലയിലും) ക്രാഫ്റ്റിനുള്ള പ്രാധാന്യം അദ്വിതീയമാണല്ലോ. ഏറെ വര്‍ഷങ്ങള്‍ സമര്‍പ്പണബുദ്ധിയോടെ നിരന്തരപരിശ്രമം നടത്തി ആര്‍ജ്ജിച്ച കൈത്തഴക്കം കൃത്യതയോടെ പ്രതിഫലിക്കുന്നു, ജനാര്‍ദ്ദനന്റെ ശില്‌പങ്ങളില്‍. രൂപങ്ങളുടെ അനുപാതങ്ങളില്‍ ആധുനികമെന്നു വിളിക്കാവുന്ന രീതിയിലുള്ള സ്ഥൂലീകരണം പല ശില്‌പങ്ങളിലും കാണാമെങ്കിലും നൂതനചിന്തകള്‍ക്കും വ്യത്യസ്തമായ ആവിഷ്കാരരീതികള്‍ക്കും വേണ്ടി നിലകൊള്ളുന്ന നവീനകലാകാരന്മാരെക്കാള്‍ ജനാര്‍ദ്ദനന്‌ സാമ്യമുള്ളത്‌ പരമ്പരകളായി ശില്‌പനിര്‍മ്മാണം നടത്തുന്നവരോടാണ്‌. ഇത്‌ ഒരു പക്ഷേ എന്റെ വ്യക്തിപരമായ ചിന്തയായിരിക്കാം. എങ്കിലും, ജനാര്‍ദ്ദനന്‍ മുളയില്‍ കൊത്തിയെടുത്ത മുഖങ്ങളിലേക്കു നോക്കി നിന്നപ്പോള്‍ ഒരു ഗോത്രകലയുടെ അനന്യതയാണ്‌ അനുഭവപ്പെട്ടത്‌; ആധുനിക വിവക്ഷകളല്ല.



ജനാര്‍ദ്ദനന്‍ ജനിച്ചത്‌ കൊല്ലത്ത്‌ തേവള്ളിയിലാണ്‌. 1947 ആഗസ്റ്റ്‌ 15 ന്‌. ജന്മദിനത്തെപ്പറ്റി പറയുമ്പോള്‍ അത്‌ സ്വാതന്ത്ര്യദിനം തന്നെയായതിലുള്ള യാദൃശ്ചികത ജനാര്‍ദ്ദനന്റെ മുഖത്ത്‌ ഒരു നിഷ്കളങ്ക കൗതുകമായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ നീലകണ്ഠന്‌ മിലിറ്ററിയിലായിരുന്നു ജോലി. അദ്ദേഹം ജനാര്‍ദ്ദനന്റെ കുട്ടിക്കാലത്തു തന്നെ മരണമടഞ്ഞു. അതിനു ശേഷമാണ്‌ ജനാര്‍ദ്ദനന്‍ ഒരു ബാര്‍ബറുടെ സഹായിയായി കൂടിയത്‌. പതിനെട്ടാം വയസ്സില്‍ മറ്റൊരാളുടെ സഹായത്തോടു കൂടി ഒരു ബാര്‍ബര്‍ ഷോപ്പ്‌ തുടങ്ങി. അക്കാലത്ത്‌ തന്നെ കിട്ടുന്ന മരക്കഷണങ്ങളിലൊക്കെ രൂപങ്ങള്‍ കൊത്തുകയെന്ന വിനോദവുമുണ്ടായിരുന്നു.

യൗവനത്തില്‍ ശില്‌പകലയോടുള്ള ആഭിമുഖ്യത്തോടൊപ്പം തന്റെ മനസ്സില്‍ കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിയും വേരുറച്ചത്‌ തികച്ചും സ്വാഭാവികമായിരുന്നുവെന്ന് ജനാര്‍ദ്ദനന്‍ കരുതുന്നു. തീവ്ര ഇടതുപക്ഷപ്രവര്‍ത്തനത്തില്‍ ഒട്ടൊക്കെ സജീവമായിത്തന്നെ പ്രവര്‍ത്തിച്ചിരുന്ന അക്കാലത്തെപ്പറ്റി ആവേശവും ഗൃഹാതുരത്വവും നിറഞ്ഞ ഓര്‍മ്മകള്‍ മാത്രമേയുള്ളൂ, അദ്ദേഹത്തിന്‌. കോസലരാമദാസിനെപ്പോലുള്ളവരുമായുണ്ടായിരുന്ന അടുപ്പവും അവരില്‍ നിന്ന് പകര്‍ന്നു കിട്ടിയ പല തിരിച്ചറിവുകളുമൊക്കെ ജനാര്‍ദ്ദനന്റെ ഹൃദയച്ചുമരിലെ മങ്ങാത്ത ശില്‌പങ്ങളായി നിലകൊള്ളുന്നു.

ജനാര്‍ദ്ദനന്റെ കമ്മ്യൂണിസ്റ്റ്‌ അനുഭാവത്തിന്‌ കര്‍ക്കശസ്വഭാവമില്ല. വ്യക്തിസ്വാതന്ത്ര്യത്തെ താന്‍ അങ്ങേയറ്റം വിലമതിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. സംവാദങ്ങളിലും സംഭാഷണങ്ങളിലുമാണ്‌ മനുഷ്യകുലത്തിന്റെ ജീവനമന്ത്രം കുടിയിരിക്കുന്നതെന്ന് ഉറച്ചുവിശ്വസിക്കുന്നു ഈ ശില്‌പി. അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു സൗഹൃദം, ഏതെങ്കിലുമൊരു സുഹൃത്ത്‌ "ഇതൊന്നു നോക്കൂ ചേട്ടാ." എന്നു പറഞ്ഞുകൊണ്ട്‌ നല്‌കുന്ന ഒരു പുസ്തകം, ഇതൊക്കെ നല്‌കുന്ന ആനന്ദം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അളവറ്റതാണ്‌. "പൊതുവേ കലകള്‍ക്ക്‌ പ്രോത്സാഹനകരമായത്‌ നാടുവാഴിത്തവും മുതലാളിത്തവുമൊക്കെയാണല്ലോ?" എന്ന ചോദ്യത്തിന്‌ "ശരിയാണ്‌. ഒരു പക്ഷേ കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥിതിയില്‍ കലയുടെ ധര്‍മ്മം പൊലീസുകാര്‍ക്ക്‌ പ്രചോദനം നല്‌കുക എന്നത്‌ മാത്രമായേക്കാം!" എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം, ഒരു ചിരിയുടെ അകമ്പടിയോടെ.



അതേ സമയം തന്നെ കലാകാരന്‌ സമൂഹത്തോട്‌ പ്രതിബദ്ധത വേണമെന്ന് ഉറച്ചു വിശ്വസിക്കുന്നു, ജനാര്‍ദ്ദനന്‍. എന്നാല്‍ ആ പ്രതിബദ്ധത പ്രചാരണസ്വഭാവമുള്ളതായിരിക്കണമെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലോ ശില്‌പങ്ങളിലോ ഇല്ല. തന്റെ ഏതൊരു ശില്‌പവും നിര്‍ജ്ജീവത പേറുന്ന ഒരു ദാരുസാന്നിദ്ധ്യം എന്ന നിലയിലല്ല കാഴ്ചക്കാരനുമായി സംവേദിക്കുന്നതെങ്കില്‍ അതിന്റെ അര്‍ത്ഥം തന്റെ കല പ്രതിബദ്ധത എന്ന ധര്‍മ്മം നിറവേറ്റുന്നുവെന്നതാണെന്ന് അദ്ദേഹം കരുതുന്നു. പ്രതിബദ്ധത എന്ന വാക്കിനെ ഇങ്ങനെ വളരെ വിശാലമായ ഒരു ക്യാന്‍വാസില്‍ കാണുകയെന്നത്‌ മുന്‍വിധികളില്ലാത്ത കലാകാരന്മാര്‍ക്കു മാത്രം വഴങ്ങുന്ന ഒരു കലയാണ്‌. (ജനാര്‍ദ്ദനന്റെ ശില്‌പങ്ങളെല്ലാം തന്നെ മനുഷ്യരൂപങ്ങളാണ്‌. അവയില്‍ മുഖത്തിന്‌ നല്‌കുന്ന 'അമിതപ്രാധാന്യ'ത്തെക്കുറിച്ച്‌ ചോദിച്ച ചിത്രകാരനായ സുഹൃത്തിനോട്‌ 'മുഖമില്ലാതെ എന്തു മനുഷ്യന്‍?' എന്നൊരു മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.)

ജനാര്‍ദ്ദനനോട്‌ ഏറെ നേരം സംസാരിച്ചപ്പോള്‍ ബൗദ്ധികമായ കാര്‍ക്കശ്യം പേറുന്ന നിരീക്ഷണങ്ങള്‍ അദ്ദേഹത്തിന്‌ ഏറെ പരിചിതമല്ല എന്ന തോന്നലാണെനിക്കുണ്ടായത്‌. "ഇംഗ്ലീഷ്‌ വായിക്കാനറിയില്ല ," എന്ന് പറയുന്നതിന്‌ യാതൊരു ജാള്യതയുമില്ല ഈ ശില്‌പിക്ക്‌. ഏതൊരു കാര്‍ക്കശ്യത്തിനും വിജ്ഞാനത്തിനും അവഗണിക്കാന്‍ കഴിയാത്ത വിധം നൈസര്‍ഗ്ഗികമാണ്‌ തന്റെ ഉളിയുടെ ചലനങ്ങളെന്ന തിരിച്ചറിവ്‌ അദ്ദേഹത്തിന്‌ തീര്‍ച്ചയായും ഉണ്ടായിരിക്കണം.

അതുപോലെ തന്നെ, 'ബാങ്ക്‌ ബാലന്‍സ്‌' എന്ന വാക്ക്‌ ചിന്തയില്‍ പോലും വരാത്ത വിധം നിസ്വനാണ്‌ ജനാര്‍ദ്ദനന്‍. പക്ഷേ ദാരിദ്ര്യം എന്ന അവസ്ഥയെ തീരെ അപകര്‍ഷതയില്ലാതെ കാണാന്‍ സഹായിക്കുന്ന എന്തോ ഒന്നിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട്‌ അദ്ദേഹത്തിന്റെ ജീനുകളില്‍.

ജനാര്‍ദ്ദനന്റെ ശില്‌പങ്ങള്‍, ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞതു പോലെ, ആധുനിക കലാസ്വാദനത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ കാണുകയെന്നത്‌ പ്രയാസം തന്നെ. ഹെന്റി മൂറിന്റെയോ രാം കിങ്കറിന്റെയോ ശില്‌പങ്ങള്‍ക്ക്‌ വിലയിടുന്ന കണ്ണുകൊണ്ട്‌ ജനാര്‍ദ്ദനന്റെ ശില്‌പങ്ങള്‍ക്ക്‌ വിലയിടാനാവില്ല. പക്ഷേ തീര്‍ച്ചയായും അവയ്ക്കൊരു വിലയുണ്ട്‌. ശില്‌പകലയോടുള്ള സ്നേഹം രക്തത്തില്‍ പേറുന്ന, തന്നാലാവുന്ന വിധം നിഷ്കളങ്കമായി ഈ ലോകത്തെ നോക്കിക്കാണുന്ന ഒരു മനുഷ്യന്റെ ജീവിതസപര്യയുടെ വില.

Saturday, January 13, 2007

തേവള്ളി കൊട്ടാരം


കൊല്ലം നഗരത്തിന്റെ വാസ്തുശില്‍പ പൈതൃകത്തിന്റെ ഉത്തമ ഉദാഹരണ ങ്ങളിലൊന്നാണ്‌ തേവള്ളികൊട്ടാരം. അഷ്ടമുടിക്കായലിന്റെ മനോഹാരിത കൊണ്ട്‌ ആകര്‍ഷകമായ തേവള്ളി പ്രദേശത്തെ, ഒന്നുകൂടി പ്രശോഭിപ്പിക്കുന്നു, തിരുവിതാംകൂറിന്റെ അധികാര പരിധിയില്‍ പെട്ട പ്രധാനസ്ഥലങ്ങളെ ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായി 1840 ല്‍ പണികഴിപ്പിക്കപ്പെട്ട ഈ കൊട്ടാരം.

അക്കാലത്ത്‌ രാജകുടുംബാംഗങ്ങള്‍ അവധിക്കാലം ചിലവഴിക്കാനും ഒപ്പം അധികാരം നടത്താനും ഉപയോഗിച്ചിരുന്ന ഈ കൊട്ടാര സമുച്ചയത്തിന്‌ ഏതാണ്ട്‌ 63800 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്‌. രാജകൊട്ടാരം, അന്തപ്പുരം, ഊട്ടുപുര, ഒപ്പം വളരെയധികം ആകര്‍ഷകവും കൊത്തുപണി കളാലംകൃതമായ കായല്‍ കടവും. കായല്‍മുഖത്തുനിന്നുമാണ്‌ പ്രധാന പ്രവേശനമാര്‍ഗമെന്നതിനാല്‍ തന്നെ അഷ്ടമുടിയെ അഭിമുഖീകരിച്ചു നില്‍ക്കും വിധമാണ്‌ പ്രധാനകെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കാണാം.

കടവില്‍ നിന്നും മുകളിലേക്ക്‌ ആനയിക്കുന്ന പടികെട്ടുകള്‍ രണ്ടായി വഴിപിരിഞ്ഞ്‌ ഇടതുഭാഗത്ത്‌ പ്രാധാനകെട്ടിടമായ കൊട്ടാരത്തിലേക്കും, വലത്‌ ഭാഗത്തുകൂടിയുള്ളത്‌ ചൈനീസ്‌ വാസ്തുശില്‍പരീതിയുടെ സ്വാധീനം നിഴലിക്കുന്ന ഒരു മണ്ഡപത്തിലേക്കുമാണ്‌. രാജാവിന്റെ വാദ്യോപകരണ സംഘം ഉപയോഗിച്ചിരുന്ന ഈ മണ്ഡപത്തിന്റെ ശില്‍പവേലകളും ശ്രദ്ധേയം. പ്രാധാനകൊട്ടാരത്തിന്റെ രാജാവുപയോഗിച്ചിരുന്ന വിശാലമായ മുറി, നൃത്ത മണ്ഡപവുമായും ബന്ധപ്പെടുത്തിയിരിക്കുന്നു. ഇതിനോട്‌ ചേര്‍ന്നുള്ള ഏകദേശം 22മീറ്ററോളം ഉയരമുള്ള വലിയ ഗോപുരം വൃത്താകൃതിയിലുള്ള മരഗോവണിയെ ഉള്‍ക്കൊള്ളുന്നു.ഈ ഗോവണിയുടെ ചെമ്പ്‌ തകിടിനാല്‍ പൊതിഞ്ഞ കൈവരികള്‍ സാധാരണ കേരളീയ വാസ്തുരീതിയില്‍ കാണാത്ത തരമാണ്‌.

പ്രധാനകെട്ടിടത്തിന്റെ വരാന്തയിലുള്ള കമാനങ്ങളും ശില്‍പവേലകളും ചെങ്കല്ലില്‍ കടഞ്ഞെടുത്ത്‌ കുമ്മായചാന്തുപൂശിയ തൂണുകളും , ടെറാകോട്ടയില്‍ തീര്‍ത്ത കൈവരികളും ആകര്‍ഷകമാണ്‌. മുന്‍ഭാഗത്തുള്ള സൂചിസ്തംഭാകൃതിയിലുള്ള മേല്‍പ്പുരയുടെ കൊത്തുപണികളാലംകൃതമായ കഴുക്കോലുകള്‍, തച്ചുശാസ്ത്രവിദ്യയുടെ മഹത്വം സൂചിപ്പിക്കുമാറ്‌ ഒരൊറ്റ ബിന്ദുവിലേക്ക്‌ സംയോജിപ്പിച്ചിരിക്കുന്നു.

കൃത്യമായ അനുപാതവും, യോജിപ്പാര്‍ന്ന അളവുകളും, താളക്രമമുള്ള ഘടനയും തുലനാവസ്ഥയിലുള്ള ശൈലിയും പിന്തുടര്‍ന്നുള്ള രൂപകല്‍പ്പനയില്‍ കായലിന്റെ സാമീപ്യം വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. കായലില്‍ നിന്നുമുള്ള വീക്ഷണത്തിന്‌ മാറ്റ്‌ കൂട്ടുമാറ്‌ കായലിനഭിമുഖമായുള്ള വശങ്ങള്‍ ശില്‍പവേലയാല്‍ സമൃദ്ധമാക്കുന്നതിനും, ഒപ്പം കായലിലേക്കുള്ള നോട്ടത്തിനെന്നോണം ആ വശത്ത്‌ ജാലകങ്ങളുടെ നീണ്ടനിരയൊപ്പിക്കാനും വരാന്തകള്‍ വിന്യസിക്കുന്നതിനും ശ്രമിച്ചിരിക്കുന്നു.

പാരമ്പര്യ തച്ചുശാസ്ത്രത്തിനടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും വൈദേശിക രീതികള്‍ കടംകൊണ്ടിട്ടുമുണ്ട്‌, പക്ഷേ അവയുടെ ശരിയായ അളവിലുള്ള സമന്വയം തേവള്ളികൊട്ടാരത്തിന്‌ വ്യക്തവും വിരളവുമായ താളക്രമം പകര്‍ന്നുനല്‍കുന്നുമുണ്ട്‌.

കുറേക്കാലം ബ്രിട്ടീഷ്‌ അധികാരികളുടെ അതിഥിമന്ദിരാമായൊക്കെ ഉപയോഗിച്ചിരുന്ന കൊട്ടാരം ഇപ്പോള്‍ എന്‍.സി.സി യുടെ ഡിവിഷണല്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ ആയി ഉപയോഗിച്ച്‌ വരുന്നു. ഇതിലേക്കായി കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരകൊണ്ട്‌ ചില കൂട്ടിയോജിപ്പിക്കല്‍ ഒക്കെ നടത്തിയിരിക്കുന്നത്‌ ആകയുള്ള രൂപഭംഗിക്ക്‌ അല്‍പമെങ്കിലും കോട്ടമായിട്ടുണ്ട്‌, അതുപോലെ തന്നെ സംരക്ഷണ ത്തിനെന്നോണം വാദ്യ മണ്ഡപത്തിനുമുകളില്‍ തകര ഷീറ്റിട്ടിരിക്കുന്നത്‌ കണ്ണിലെ കരടാവുന്നു.
മറഞ്ഞ്‌ പോയൊരു കാലഘട്ടത്തിന്റെ പ്രൗഢിയുടെ അവസാന കണ്ണികളിലൊന്നായ കൊട്ടാരകെട്ടും പരിസരവും കൂടുതല്‍ സംരക്ഷണമര്‍ഹിക്കുന്നു.

ഫോട്ടോ: കണ്ണന്‍ ഷണ്മുഖം

Tuesday, December 26, 2006

ആശ്രാമം കണ്ടല്‍ക്കാടുകള്‍

കൊല്ലം ആശ്രാമം ഗസ്റ്റ്‌ ഹൗസിന്റെ പടിഞ്ഞാറുഭാഗം അഷ്ടമുടികായലിനു വശം ചേര്‍ന്ന് തെക്ക്‌ വടക്കായി കിടക്കുന്ന ഏതാണ്ട്‌ 1 കിലോമീറ്റര്‍ നീളവും 20 - 30 മീറ്റര്‍ വീതിയുമുള്ള ഇടതൂര്‍ന്നു നില്‍ക്കുന്ന അമൂല്യ സസ്യസമ്പത്താണ്‌ ആശ്രാമം കണ്ടല്‍ക്കാടുകള്‍ (mangroves) പ്രാചീനകാലം മുതല്‍ അഷ്ടമുടിയുടെ തീരത്ത്‌ നിബിഡമായി വളര്‍ന്നിരുന്ന കണ്ടല്‍ശേഖരത്തിലെ അവസാനത്തെ പച്ചതുരുത്താണീ ജൈവവൈവിധ്യം കൊണ്ട്‌ സമ്പന്നമാര്‍ന്ന പ്രദേശം. കേരളത്തിന്റെ മറ്റ്‌ കായലോരങ്ങളിലും ചതുപ്പ്‌ പ്രദേശങ്ങളിലും അങ്ങിങ്ങായി കണ്ടല്‍ക്കാടുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടങ്കിലും അവയെല്ലാം ഒറ്റപ്പെട്ട ഇനങ്ങളുടെ കൂട്ടമാണ്‌, മറിച്ച്‌ ആശ്രാമത്തിലുള്ളവയാകട്ടെ കണ്ടല്‍ക്കാട്‌ എന്ന പേരിന്‌ പൂര്‍ണ്ണ അര്‍ത്ഥം നല്‍കുമാറ്‌ നിരവധി തരം വൃക്ഷലതാദികളുടെ ഒരു വലിയ കൂട്ടമത്രേ.

കണ്ടല്‍ സസ്യങ്ങളുടെ വൈവിധ്യവും , കണ്ടല്‍ചെടികളുടെ ചുറ്റുപാടുകളില്‍ സുലഭമായി വളരുന്ന ലതകള്‍, കുറ്റിച്ചെടികള്‍, മരങ്ങള്‍, പലതരം പക്ഷികള്‍ ഉള്‍പ്പെട്ട ജന്തുജീവികളും, ജലജന്യ ജീവികളും ഉള്‍പ്പെട്ട്‌ പോരുന്ന ആവാസവ്യവസ്ഥിതിയുമാണ്‌ ഈ കണ്ടല്‍വനത്തെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത്‌. 1987 ല്‍ ഭാരതസര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യയിലെ തണ്ണീര്‍തടങ്ങളെ കുറിച്ചുള്ള പഠനറിപ്പോര്‍ട്ടിലുള്‍പ്പെട്ട, 1979ലെ ഇന്ത്യയിലെ കണ്ടല്‍ക്കാടുകളുടെ സ്ഥിതിവിവര ക്കണക്കിനൊപ്പമുള്ള ഭൂപടത്തില്‍ ആശ്രാമം കണ്ടല്‍ക്കാടുകള്‍ക്കുള്ള സ്ഥാനം ശ്രദ്ധേയമാണ്‌. ആ റിപ്പോര്‍ട്ടനുസരിച്ച്‌ 1980 കളുടെ ആരംഭത്തില്‍ കേരളത്തിലെ ഏറ്റവും പ്രധാന്യമേറിയ കണ്ടല്‍വനം ആശ്രാമത്തിലേതാണ്‌,വലിപ്പത്തിലും വൈവിധ്യത്തിലും.

ആശ്രാമത്തെ കണ്ടല്‍ക്കാടുകളുടെ ജൈവശാസ്ത്രപ്രാധാന്യം എടുത്തുകാണിക്കുന്ന രണ്ട്‌ സസ്യങ്ങളാണ്‌ ഞാറവര്‍ഗത്തില്‍പെട്ട syzygium travancoricum, ചൂരല്‍ ഇനമായ Calmus rotang എന്നതും. ഇതില്‍ ആദ്യത്തേത്‌ ഭൂവുലത്തില്‍ തന്നെ ഉന്മൂലനാശം സംഭവിച്ച്‌ കൊണ്ടിരിക്കുന്നതും, രണ്ടാമത്തേത്‌ അപൂര്‍വ്വമായികൊണ്ടിരിക്കുന്ന സസ്യജനുസ്സുമാണ്‌. പീച്ചിയിലുള്ള കേരള ഫോറെസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പഠനരേഖകള്‍ അനുസരിച്ച്‌ ഈ ചൂരല്‍ വര്‍ഗ്ഗം കേരളത്തില്‍ മറ്റ്‌ എങ്ങും വളരുന്നില്ല.

ചിലയിനം കണ്ടല്‍ സസ്യങ്ങളുടെ ശ്വാസമുകുളങ്ങള്‍ വെള്ളത്തിനടിയിലൂടെ ഉയര്‍ന്ന് ജലപ്പരപ്പില്‍ ചെറു കുറ്റികളായി പൊങ്ങിനില്‍ക്കുന്നത്‌ കാണാം. ഇവയുടെ ഇടയിലാണ്‌ മത്സ്യങ്ങള്‍, പ്രത്യേകിച്ച്‌ ചെമ്മീന്‍, മുട്ടയിട്ട്‌ വംശവര്‍ദ്ധനനടത്താന്‍ പ്രാഥമികപരിഗണന നല്‍കുന്നത്‌, കാരണം, സ്വാഭാവിക ശത്രുക്കളുടെ ആക്രമണം തീരെ പേടിക്കണ്ടാത്ത സുരക്ഷിത കവചിതമാണീ മുകുളങ്ങളുടെ വേലിക്കെട്ട്‌.

കണ്ടല്‍സസ്യങ്ങള്‍ക്ക്‌ കടലിന്റെയും കായലിന്റെയും തീരങ്ങളിലുള്ള മണ്ണൊലിപ്പ്‌ തടയുവാനുള്ള കഴിവ്‌ അപാരമാണ്‌. ഒപ്പം കടല്‍‌വെള്ളത്തിലെ ഉപ്പിന്റെ അംശം കരയിലേക്ക് എത്താത്തവണ്ണം ഒരു ‘ഫില്‍ട്ടറും’. ഇത്‌ മനസ്സിലാകിയിട്ടാവണം ബംഗ്ലാദേശ്‌, മലേഷ്യ, തായ്‌ലെണ്ട്‌ തുടങ്ങിയ രാജ്യങ്ങള്‍ കടലാക്രമണത്തിനെതിരെയും മണ്ണൊലിപ്പ്‌ തടയുവാനുമൊക്കെയായി വന്‍തുക ചെലവിട്ട്‌ കണ്ടലുകള്‍ വെച്ചുപിടിപ്പിക്കുന്നത്‌. മറിച്ച്‌ നമ്മുടെ രാജ്യത്താവട്ടെ, ഉള്ളവയെ നശിപ്പിച്ച്‌ വികസനപ്രക്രിയയില്‍ ഏര്‍പ്പെടുകയാണ്‌. ഇതിനും ഉത്തമ ഉദാഹരണമാണ്‌ ആശ്രാമം കണ്ടല്‍ക്കാടുകള്‍.

കുറച്ച്‌ കാലം മുന്‍പ്‌ ആശ്രാമം ഗസ്റ്റ്‌ ഹൗസ്‌ പരിസരത്ത്‌ നടത്തിയ ടൂറിസം വികസനപരിപാടികള്‍ കുറച്ചൊന്നുമല്ല, ഈ അമൂല്യശേഖരത്തെ ബാധിച്ചിട്ടുള്ളത്‌.സസ്യശേഖരത്തിന്റെ ഹൃദയഭാഗത്ത്‌ തന്നെ നടപ്പാക്കിയ 'അഡ്വഞ്ചര്‍ പാര്‍ക്ക്‌' പദ്ധതി യും പിന്നെ , ബോട്ടിംഗ്‌ സൗകര്യങ്ങളും കണ്ടല്‍ആവാസ വ്യവസ്ഥിതിയില്‍ തുടര്‍ച്ചയായി ആഘാതമേല്‍പ്പിച്ച്‌ കൊണ്ടിരിക്കുന്നു. കായല്‍തീരത്ത്‌ എതാണ്ട്‌ 200മീറ്ററോളം നീളത്തില്‍ സസ്യലതാദികള്‍ പാടെമുറിച്ച്‌ മാറ്റി, കല്‍മതില്‍ കെട്ടി നിയോണ്‍ വിളക്കുകള്‍ സ്ഥാപിച്ചത്‌ പരിസ്ഥിതിസ്നേഹികള്‍ എതിര്‍ത്തിരുന്നു. പക്ഷേ വികസന വിരോധമായി ആ മുറവിളിയെ മുദ്രകുത്തി ജില്ലാഭരണകൂടവും, ജില്ലാ ടൂറിസം വികസന സമിതിയും പദ്ധതികളുമായി മുന്‍പോട്ട്‌ തന്നെ പോയി, ഫലമോ, ജൈവവൈവിധ്യം കൊണ്ട്‌ ശ്രദ്ധേയമായിരുന്ന കണ്ടല്‍വനം നശിച്ച്‌ കൊണ്ടിരിക്കുന്നു, ഒപ്പം ഉദ്ദേശിച്ച ഫലം നല്‍കാത്ത അഡ്വഞ്ചര്‍ പാര്‍ക്ക്‌ സാമൂഹ്യവിരുദ്ധരുടെ താവളമായി ഭരണകൂടത്തിന്‌ തലവേദനയാകുകയും.

ഒരു കാലത്ത്‌ ഇവിടെ സുലഭമായി ഉണ്ടായിരുന്ന നീര്‍നായ്ക്കള്‍ ടൂറിസം വികസനത്തിന്റെ ആരംഭത്തോട്‌ കൂടിതന്നെ എന്നന്നേക്കുമായി അപ്രത്യക്ഷമായി. അടുത്തകാലം വരെ ഇവിടം താവളമാക്കിയിരുന്ന അറുപതിലേറെ ഇനങ്ങളില്‍ പെട്ട പക്ഷികളില്‍ ഒരു നല്ല വിഭാഗവും ഇപ്പോള്‍ ഇവിടെ സന്ദര്‍ശിക്കാറില്ല, ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ. സിനിമാചിത്രീകരണത്തിനും മറ്റും വിട്ട്‌ കൊടുക്കുന്നത്‌ മൂലമുള്ള പ്ലാസ്റ്റിക്‌ മലിനീകരണങ്ങള്‍ പൊന്തികിടക്കുന്ന കായലോരം മത്സ്യജീവികള്‍ പ്രജനനത്തിന്‌ ഉപയോഗിക്കുന്നുമില്ല. അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്ത്‌ കുറയാന്‍ ഒരു പ്രധാന കാരണം ഈ കണ്ടല്‍ചെടികൂട്ടത്തിനുണ്ടായ നാശം തന്നെയാണ്‌.

സവിശേഷമായ ആവാസവ്യവസ്ഥിതിയെങ്കിലും , കരയിലും ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ജീവിക്കുന്ന നിരവധി ജീവജാലങ്ങലുടെ സങ്കീര്‍ണ്ണമായ സമൂഹവുമാണ്‌ ഈ തുരുത്ത് . തികച്ചും ലോലമായ ഈ സമൂഹത്തിന് പുറത്തുനിന്നുള്ള ലഘുവായ ഇടപെടല്‍പോലും താങ്ങാനാവില്ല. മനുഷ്യരുടെ തുടര്‍ച്ചയായുള്ള ഇടപെടലും അതിനെ തുടര്‍ന്നുള്ള ശബ്ദായമാനമായ അന്തരീക്ഷവും രാത്രിയില്‍ തെളിഞ്ഞ്‌ നില്‍ക്കുന്ന നിയോണ്‍ ബള്‍ബുകളും അലറിപ്പായുന്ന ബോട്ടുകളും, അവയില്‍നിന്നിറ്റുന്ന ഡീസല്‍ മാലിന്യവും ആശ്രാമം കണ്ടല്‍ക്കാടുകള്‍ ഒരോര്‍മ്മയും മേല്‍പ്പറഞ്ഞ ഭൂപടത്തിലെ ഒരടയാളപ്പെടുത്തുലുമായവശേഷിപ്പിക്കും.

(കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജ് പഠനകാലത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്)

Saturday, December 23, 2006

കുണ്ടറ വിളംബരം

മൈനാഗന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ള, 1809 ജനുവരി 11 നു് വേലുത്തമ്പിദളവ പ്രഖ്യാപിച്ച വിളംബരം.

-------------------------------------

ശ്രീമതു തിരുവിതാകോട്ടു സംസ്ഥാനത്തു നിന്നും ഈ സമയത്തു എന്തും ചെയ്തല്ലാതെ നിലനില്‍ക്കയില്ലെന്നു കണ്ടു തുടങ്ങേണ്ടി വന്ന കാര്യത്തിന്റെ നിര്‍ണയവും അവസരവും ഈ രാജ്യത്ത് മഹത്തുക്കള്‍ മഹാബ്രാഹ്മണര്‍ ഉദ്യോഗസ്ഥന്മാര്‍ മുതല്‍ ശുദ്രര്‍വരെ കീഴപരിഷവരെയും ഉള്ള പലജാതി കുടിയാനവന്മാരു പരബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന
വിളംബരമാവിത്.


പരശുരാമപ്രതിഷ്ഠയില്‍ ഒണ്ടായ മലയാളവും ഈ സമസ്ഥാനവും തോന്നിയനാള്‍ മുതല്‍ ചേരമാന്‍ പെരുമാള്‍ വംശംവരേയും പരിപാലനം ചെയ്യും കാലത്തും അതില്‍ കീഴു തൃപ്പാദസ്വരൂപത്തലേക്ക് തിരുമൂപ്പും അടങ്ങി ബഹുതലമുറയായിട്ടു ചെങ്കോല്‍നടത്തി അനേകമായിരം സംവത്സരത്തിന് ഇടയിലും ഈ രാജ്യം ഇടപെട്ടും ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടുമില്ല. തൊള്ളായിരത്തിമുപ്പത്തി മൂന്നാമാണ്ട് നാടുനീങ്ങിയ തിരുമനസ്സുകൊണ്ട കല്പിച്ചു ദൂരദൃഷ്ടിയാല്‍ മേല്‍ക്കാലം വരവിന്റെ വിപരീതം കണ്ട് ഇനി ഈ ഭാരം നമ്മുടെ വംശത്തില്‍ ഉള്ളവര്‍ വഹിക്കയില്ലെന്നും വച്ച് നിശ്ചയിച്ച് രാജ്യത്തിന് പൂവോടും നീരോടുംകൂടെ ശ്രീപത്മനാഭസ്വാമിയുടെ തൃപ്പടിയില്‍ ദാനവും ചെയ്തു. മേല്‍പ്പട്ടും വാഴുന്ന തമ്പുരാക്കന്മാരും അവിടത്തെ ആളായിട്ടിരുന്ന കാര്യം വിചാരിക്കയും അവര്‍ക്ക് രാജ്യഭോഗഭോഗ്യങ്ങളെക്കാളും അധികം തപേനാനിഷ്ഠയായിട്ടു വ്രതനിയമങ്ങളും അനുഷ്ഠിച്ചും താന്‍ ദു:ഖിച്ചും കുട്ടികള്‍ക്ക് സുഖംവരുത്തിയും അതിന് ഒരു കുറവുവരാതെ ഇരിക്കേണ്ടുന്നതിനു മേല്‍‌രക്ഷയായിട്ട് ഈശ്വരസേവ ഭദ്രദീപം മുറജപം അന്നസത്രം ആദിയായിട്ടുള്ള സല്‍ക്കര്‍മങ്ങളെ നടത്തി കാലം കഴിച്ചു കൊള്ളുകയെന്നും വച്ചു നിശ്ചയിച്ചു ചട്ടംകെട്ടി കുട്ടികള്‍ക്കു സുഭിക്ഷമായിട്ടു കഴിഞ്ഞുവരുന്നതിനാല്‍ ഇപ്പോള്‍ ഈ കലിയുഗത്തിങ്കല്‍ ഹിമവത്സേതുപര്യന്തം ഇതുപോലെ ധര്‍മസംസ്ഥാനം ഇല്ലെന്നുള്ള കീര്‍ത്തി പൂര്‍ണ്ണമായി ഇരിക്കപ്പെട്ടതു സര്‍വപേരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമല്ലോ ആകുന്നു. മമ്മുദല്ലിഖാന്‍ ആര്‍ക്കാടുസുബദയും കെട്ടി തൃച്ചിനാപ്പള്ളിയില്‍ വന്നു ദക്ഷിണശമിയും ഒതുക്കിയതിന്റെ ശേഷം അവിടത്തേക്ക് മിത്രഭാവമായിട്ടു ചെല്ലേണമെന്നും വെച്ചു ആണ്ടൊന്നിനു ആറായിരം രൂപയും ഒരാനയും നതിയായിട്ടു കൊടുക്കത്തക്കവണ്ണം പറഞ്ഞു വെച്ചുകൊടുത്തു വന്നതല്ലാതെ ഈ രാജ്യം ഇടപെട്ടു ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടും ഇല്ല. അങ്ങനെയിരിക്കുന്ന സംഗതിയിങ്കല്‍ ഡിപ്പുസുല്‍ത്താനും ഇങ്കരേസു കുമ്പഞ്ഞിയും പ്രബലമായിട്ടു വരികകൊണ്ടും അതില്‍ രണ്ടില്‍ കൊമ്പഞ്ഞി ആളുകള്‍ക്ക് നേരും വിശ്വാസവും ഒണ്ടെന്നും അവരെ വിശ്വസിച്ചാല്‍ ചതിക്കയില്ലെന്നും നിശ്ചയിച്ചു. ആദിപൂര്‍വമായിട്ട് അഞ്ചുതെങ്ങില്‍ കോട്ടയിടുന്നതിനു സ്ഥലവും കൊടുത്തു അവരെ അവിടെ ഉറപ്പിച്ചു. നിനവിനാല്‍ ഡിപ്പുസുല്‍ത്താനോടു പകച്ചു പടയെടുത്തു ഇവരെ സ്നേഹിപ്പാന്‍
ഇടവരികയും ചെയ്തു. പിന്നത്തേതില്‍ കാര്യവശാല്‍ ഒള്ള അനുഭവത്തില്‍ ഇവരെ സ്നേഹിച്ചതു നാശത്തിനും വിശ്വസിച്ചതു നമ്മുടെ കുടുംബത്തില്‍ ഒള്ളവരും കൂടെ കൂടിയിട്ടുള്ള കാര്യസ്ഥന്മാരില്‍ ചിലരും കൊമ്പഞ്ഞി രാജ്യത്തില്‍ ചെന്നു പാര്‍ത്തുകൊള്ളണമെന്നും അവിടെചെന്നു പാര്‍ത്താല്‍ ഇവര്‍ക്കു വേണ്ടുന്ന ശമ്പളവും മാനമര്യാദയും നടത്തിക്കൊടുക്കുമന്നും അതിന്റെശേഷം രാജ്യകാര്യം ഇടപെട്ടുള്ളതൊക്കെയും റെസിഡെന്റു മക്കാളിതന്നെ പുത്തനായി ചട്ടംകെട്ടി നടത്തിക്കൊള്ളുമെന്നും ആയതിനു താമസംകാണുന്നു എങ്കില്‍ യുദ്ധത്തിന്റെ ആരംഭം ആകുന്നു എന്നും എഴുതി ഇപ്രകാരം തന്നെ തിരുമനസ്സറിയുന്നതിനും കയിതംകൊടുത്തയയ്ക്കകൊണ്ടും പ്രാണഹാനി വരയില്‍വരുമെന്നാകിലും ഇങ്ങനെയുള്ള രാജ്യദ്രോഹത്തിനും ജനദ്രോഹത്തിനും ഉള്‍പ്പെടുകയില്ലെന്നും പറഞ്ഞു തള്ളിക്കളയുകയാല്‍ രണ്ടാമതു റെസിഡെന്റു മക്കാളി ഈ രാജ്യത്തിനു ഉടതായിരിക്കുന്ന തിരുമനസ്സിലേയും ശേഷം കാര്യസ്ഥന്മാരേയും ബോധിപ്പിക്കാതെ കടലുവഴിക്കെ ഏതാനം സേള്‍ജര്‍ വെള്ളക്കാറരെയും കൊല്ലത്തു എറക്കി അവരിടെ വകയില്‍ അവിടെ ഒണ്ടായിരിക്കുന്ന സ്ത്രീജനങ്ങളെയും വസ്തുവകകളെയും മറുദിക്കിലും ഒതുക്കി അക്രമങ്ങളായിട്ടു യുദ്ധം തുടങ്ങിയിരിക്കുന്നു. ഈ സംസ്ഥാനത്തുനിന്നും ഇതിനുമുമ്പിലും ഇപ്പോഴും അവരോടു യുദ്ധം ചെയ്യണമെന്നും നിരുപിച്ചിട്ടില്ലാഴികകൊണ്ടും ഇപ്പോള്‍ ഇവര് തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്തു നിലനില്‍ക്കാതെ മുമ്പിച്ചു സംശയിച്ചാല്‍ പെന്നത്തേതില്‍ അതുകൊണ്ടുവരുന്ന വൈഷ‌മ്യങ്ങളെ ആരും സഹിക്കാനും കാലംകഴിപ്പിക്കാനും നിര്‍വഹം ഉണ്ടായി വരുന്നതുമല്ല. അതിന്റെ വിവരങ്ങള്‍ ചുരുക്കത്തില്‍ എഴുതുന്നതു എന്തെന്നാല്‍ ചതുവുമാര്‍ഗത്തില്‍ രാജ്യം അവരിടെ കൈവശത്തില്‍ ആകുന്നതു അവരിടെ വംശപാരമ്പര്യമാകകൊണ്ടും അതിന്മണ്ണം രാജ്യം അവരുടെ കൈവശത്തില്‍ ആയാല്‍ കോയിക്കല്‍ കൊട്ടാരം കോട്ടപ്പടി ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ അവരിടെ പാറാവും വരുതിയും ആക്കിത്തീര്‍ത്ത് രാജമുദ്ര പല്ലക്കു പൌരുഷം ഉള്‍പ്പെട്ട ബഹുമാനങ്ങളും ദേവാലയം ബ്രഹ്മാലയം ബന്ധിച്ചിട്ടുള്ള ശട്ടവട്ടങ്ങളും നാട്ടുക്കൂട്ടവും നിറുത്തി ഉപ്പുമുതല്‍ സര്‍വസ്വവും കുത്തകയായിട്ടു ആക്കിത്തീര്‍ത്ത് തരിശുകിടക്കുന്ന നിലവും അളന്നു കുടികുത്തകയായിട്ടുംകെട്ടി നിലവരി തെങ്ങുവരി ഉള്‍പ്പെട്ട അതികകരങ്ങളും കുടികളില്‍ കൂട്ടിവച്ചു അല്‍‌പപിഴയ്ക്കു നീചന്മാരെകൊണ്ടു ശിക്ഷയും കഴിപ്പിച്ചു ക്ഷേത്രങ്ങളില്‍ കുരിശും കൊടിയും കെട്ടി വര്‍ണഭേദമില്ലാതെ ബ്രാഹ്മണസ്ത്രീ മുതലായ സംസര്‍ഗവും ചെയ്തു യുഗഭേദം‌പോലെ അധര്‍മങ്ങളായിട്ടുള്ള വട്ടങ്ങള്‍ ആക്കിത്തീര്‍ക്കുകയും ചെയ്യും.

അങ്ങനെയുള്ളതൊന്നും ഈ രാജ്യത്തില്‍ സംഭവിക്കാതെ രാജധര്‍മത്തെ നടത്തി നാട്ടില്‍ ഒള്ള മര്യാദയ്ക്കു അഴിവുവരാതെ ഇരിക്കേണ്ടുന്നതിന് മനുഷ്യയത്നത്തില്‍ ഒന്നും കുറഞ്ഞുപോയെന്നുള്ള അപഖ്യാതി ഒണ്ടാകാതെ ഇരിക്കാന്‍ ആകുന്നേടത്തോളം ഒള്ള പ്രയത്നങ്ങള്‍ ചെയ്യുകയും പിന്നത്തേതില്‍ ഈശ്വരാനുഗ്രഹം‌പോലെ വരുന്നതൊക്കെയും സഹിക്കയും യുക്തമെന്നു നിശ്ചയിച്ചു അത്രേ അവര്‍ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്യേണ്ടിവന്നു. - എന്നും 984- ാമാണ്ട് മകരമാസം 1- ാം തീയതി കുണ്ടറ.

വേലുത്തമ്പി (ഒപ്പ്)


കടപ്പാട് : കൊല്ലം ഹാന്‍‌ഡ് ബുക്ക്

Tuesday, December 05, 2006

കൊല്ലം - സാംസ്കാരികവികാസത്തിന്റെ നാള്‍വഴികളിലൂടെ


മൂന്ന്‌

കേരളത്തില്‍ അച്ചടിയുടെ ചരിത്രം ആരംഭിക്കുന്നതു തന്നെ കൊല്ലത്തുനിന്നാണ്‌. എന്നാല്‍ അതൊരു മലയാള ഗ്രന്ഥമായിരുന്നില്ല. തമിഴ്‌ ഭാഷയില്‍ പതിനെട്ട്‌ പുറങ്ങള്‍ മാത്രമുണ്ടായിരുന്ന 'ഡോക്ട്രീനാ ക്രിസ്ത' 1578-ലാണ്‌ കൊല്ലത്ത്‌ മുദ്രണം ചെയ്യപ്പെട്ടത്‌. ഇതുതന്നെയാണ്‌ ഭാരതീയഭാഷകളിലാദ്യമായി അച്ചടിക്കപ്പെട്ട പുസ്തകമെന്നും തര്‍ക്കത്തോടുകൂടിയ ഒരു വാദവും നിലനില്‍ക്കുന്നുണ്ട്‌. ചെറിയ തോതിലുള്ള അച്ചടിവേലകള്‍ നടത്തിയിരുന്ന ചില സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിപുലമായ ശ്രമങ്ങള്‍ ആ വഴിക്ക്‌ ഏറെ മുന്നേറിയിരുന്നില്ല.

ആദ്യമായി കൊല്ലത്ത്‌ ഒരു പ്രിന്റിംഗ്‌ പ്രസ്സും അനുബന്ധമായി പ്രസിദ്ധീകരണശാലയും ആരംഭിച്ചത്‌ എസ്‌. ടി. റെഡ്യാരായിരുന്നു. 1886-ല്‍ ഓഗസ്റ്റ്‌ 8-നായിരുന്നു ഇത്‌. ഭാഷാകൃതികളുടെ വിപുലമായ പ്രസിദ്ധീകരണത്തിന്റെയും അതിലൂടെ വായനാചരിത്രത്തിന്റെയും ഉദ്ഘാടനംകൂടിയായിരുന്നു ആ സംഭവം. പിന്നാലെ മനോമോഹനം പ്രസ്സ്‌, ശ്രീരാമവിലാസം പ്രസ്സ്‌ എന്നിവയും കൊല്ലത്തെ തെക്കന്‍കേരളത്തിലെ പ്രധാന അച്ചടി-പ്രസിദ്ധീകരണ കേന്ദ്രമാക്കി. പൗരപ്രമുഖനും പൊതുകാര്യപ്രസക്തനുമായിരുന്ന കെ. ജി. പരമേശ്വരന്‍പിള്ള ശ്രീരാമവിലാസം പ്രസ്സ്‌ വാങ്ങി വിപുലീകരിച്ച്‌ 'ശ്രീരാമവിലാസം പ്രസ്സ്‌ ആന്റ്‌ ബുക്ക്‌ ഡിപ്പോ'യ്ക്ക്‌ രൂപംകൊടുത്തതോടെയാണ്‌ പ്രസിദ്ധീകരണകലയുടെ ആദ്യകിരണങ്ങള്‍ തെളിഞ്ഞത്‌. എസ്‌. ടി. റെഡ്യാരുടെയും ശ്രീരാമവിലാസത്തിന്റെയും ശ്രമഫലമായിട്ടുകൂടിയാണ്‌ ഭക്തിസാഹിത്യങ്ങളുടെയും പ്രാചീന സാഹിത്യകൃതികളുടെയും ആധുനിക വൈജ്ഞാനിക സാഹിത്യത്തിന്റെയും പ്രചാരം കേരളത്തിലൊട്ടാകെ വ്യാപിച്ചതെന്ന്‌ പറയാം. (ഇതിന്‌ സമമായി അച്ചടിരംഗത്ത്‌ ചില ശ്രമങ്ങള്‍ തൃശ്‌ശൂരും കോട്ടയത്തും ഉണ്ടായിട്ടുണ്ടെന്നത്‌ വിസ്മരിക്കുന്നില്ല.)

എഴുത്തച്ചന്റെ കിളിപ്പാട്ടുകളും മറ്റു ഭക്തിസാന്ദ്രമായ കൃതികളും, ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, വേദോപനിഷത്തുകളുടെ വ്യാഖ്യാനങ്ങള്‍, ജ്യോതിഷവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, പ്രമുഖരുടെ ആട്ടക്കഥാസാഹിത്യങ്ങള്‍, കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകള്‍ - മറ്റു കൃതികള്‍, വിവര്‍ത്തനം ചെയ്യപ്പെട്ട അറബിക്കഥകള്‍, ആയുര്‍വേദസംബന്ധമായ ഗ്രന്ഥങ്ങള്‍, പുതിയകാലത്തെ നോവലുകളുള്‍പ്പെടെയുള്ള സാഹിത്യ കൃതികള്‍ എന്നിങ്ങനെ അറിവും സാഹിത്യവും ജനങ്ങള്‍ക്ക്‌ കൈയെത്തുന്ന അകലത്തിലെത്തിക്കാന്‍ ആ പരിശ്രമം സഹായകമായി.

കേരളീയ രാഷ്ട്രീയ-സാംസ്കാരിക ജീവിതങ്ങളുടെ പരിണാമസന്ധികളില്‍ നേരും നെഞ്ചൂക്കും നിലനിര്‍ത്തി പോരാടിയ പ്രശസ്തരുടെ ഒരു നിര തന്നെ കൊല്ലത്തിന്റെത്തയിട്ടുണ്ട്‌. അവരില്‍ത്തന്നെ മിക്കവരും പത്രപ്രവര്‍ത്തനരംഗത്ത്‌ വഴിവിളക്കുകളായി നിലനിന്നിരുന്നു. സി. വി. കുഞ്ഞുരാമന്‍, സി. എസ്‌. സുബ്രഹ്മണ്യന്‍ പോറ്റി, ബാപ്പു റാവു, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കൈനിക്കര പദ്‌മനാഭപിള്ള, വി. ഗംഗാധരന്‍, പി. കെ. ശിവശങ്കരപ്പിള്ള, പന്തളം പി. ആര്‍. മാധവന്‍പിള്ള, എം. കെ. കുമാരന്‍, എം. എന്‍. ഗോവിന്ദന്‍ നായര്‍, എന്‍. ശ്രീകണ്‌ഠന്‍ നായര്‍, സി. എം. സ്റ്റീഫന്‍, എന്‍. ഗോപിനാഥന്‍ നായര്‍, കാമ്പിശ്‌ശേരി കരുണാകരന്‍, ബരിസ്റ്റര്‍ എ. കെ. പിള്ള, ടി, കെ. മാധവന്‍, ടി. സി. കല്യാണിക്കുട്ടിയമ്മ, വി. വി. വേലുക്കുട്ടി അരയന്‍, എം. എം. എസ്‌. മൗലവി, കുമ്പലത്ത്‌ ശങ്കുപ്പിള്ള, തങ്ങള്‍കുഞ്ഞ്‌ മുസലിയാര്‍ തുടങ്ങിയവരെല്ലാം വിവിധതലങ്ങളിലൂടെ കൊല്ലത്തിന്റെ സ്വാതന്ത്ര്യത്തിനും നാടിന്റെ പുരോഗതിക്കും ജനകീയവിമോചനത്തിനുമായി ചെയ്ത ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ മായ്‌ക്കാനാവുന്നതല്ല.

കെ. ജി. ശങ്കര്‍ പത്രാധിപരായി 1929-ല്‍ തുടങ്ങിയ 'മലയാളരാജ്യം' വാരിക എടുത്തുപറയേണ്ടുന്ന ആദ്യസംരംഭമായിരുന്നു. ഇത്‌ 1930-ല്‍ ദിനപത്രമായി. കേരളത്തിലെ ആദ്യത്തേതെന്നു കരുതാവുന്ന മലയാളരാജ്യം 'ചിത്രവാരിക'യും ഇദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. ആധുനിക വേണാടിന്റെ സാമൂഹികപരിഷ്കര്‍ത്താക്കളില്‍ ഒന്നാമനും എഴുത്തുകാരനുമയ സി. വി. കുഞ്ഞുരാമന്‍, ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ 'ദുര്‍ഗ്ഗേശനന്ദിനി' ഉള്‍പ്പെടെ നിരവധി അന്യഭാഷാകൃതികള്‍ ആദ്യമായി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ പണ്ഡിതന്‍ സി. എസ്‌. സുബ്രഹ്മണ്യന്‍ പോറ്റി, സ്വാതന്ത്ര്യസമരയോദ്ധാവുകൂടിയായ ബാപ്പുറാവു, നോവലിസ്റ്റും അദ്ധ്യാപകനുമയ കൈനിക്കര പദ്‌മനാഭപിള്ള, സാമൂഹികപ്രവര്‍ത്തനത്തിനായി ജീവിതം മാറ്റിവെച്ച വി. ഗംഗാധരന്‍ എന്നിവരൊക്കെ 'മലയാളരാജ്യം' പത്രത്തിന്റെ നായകരുമായിരുന്നു.

തിരുവിതാംകൂറിന്റെ രാഷ്ട്രീയനാവായി, കത്തുന്ന ഭാഷയുമായി ആരംഭിച്ച 'മലയാളി' അധികാരികളുടെ ഭീഷണിയാല്‍ കൊല്ലം നഗരത്തില്‍ അതിന്റെ നിലനില്‍പ്പ്‌ അപകടത്തിലായപ്പോള്‍, തങ്കശ്ശേരിയിലേക്ക്‌ ഒളിച്ചുമാറുകയും, സാക്ഷാല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കുറേക്കാലം അതിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അകാലത്തില്‍ അടിച്ചമര്‍ത്തപ്പെട്ടെങ്കിലും, കുറേക്കാലത്തിനുശേഷം 'മലയാളി' വീണ്ടും തിരുവനന്തപുരത്തു നിന്ന്‌ പ്രസിദ്ധീകരണം തുടരുകയുണ്ടായി.

കൊല്ലത്തെ പ്രമുഖമായ സാങ്കേതിക-കലാശാലകളുടെ സ്ഥാപകനായ തങ്ങള്‍കുഞ്ഞു മുസലിയാര്‍ പി. കെ. ശിവശങ്കരപ്പിള്ള പത്രാധിപരായി 'പ്രഭാതം' വാരിക 1944-ല്‍ തുടങ്ങി, വൈകാതെ ദിനപത്രമായി. അന്നത്തെ ഇടതുപക്ഷക്കാരില്‍ പ്രമുഖനായിരുന്ന പന്തളം പി. ആര്‍. മാധവന്‍ പിള്ളയുടെ പത്രാധിപത്യത്തില്‍ 'നവകേരളം', കോണ്‍ഗ്രസ്‌ പക്ഷത്തു നിന്ന്‌ സി. എം. സ്റ്റീഫന്റെ 'പൗരധ്വനി, കെ. കെ. ചെല്ലപ്പന്‍പിള്ളയുടെ 'യുവകേരളം' തുടങ്ങിയ പത്രങ്ങള്‍ അക്കാലത്ത്‌ പ്രസിദ്ധങ്ങളായിരുന്നു.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായി പില്‍ക്കാലത്‌ പ്രശസ്തമായ 'ജനയുഗം', വാരികാരൂപത്തില്‍, എന്‍. ഗോപിനാഥന്‍ നായര്‍ പത്രാധിപരായി 1948ല്‍ പുറത്തിറങ്ങി. ഇതിന്റെ പത്രാധിപരായി ദീര്‍ഘകാലം കേരളത്തിലെ രാഷ്ട്രീയവിശകലനം അസൂയാവഹമായി നിര്‍വഹിച്ച കാമ്പിശ്ശേരി കരുണാകരന്‍ പത്രാധിപസങ്കല്‍പത്തില്‍ കെ. ബാലകൃഷ്ണനോടൊപ്പം നിര്‍ത്താവുന്ന വ്യക്തിയായിരുന്നു. തീക്ഷ്ണമായ സംവാദത്തിന്റെ നിരവധി അധ്യായങ്ങള്‍ ഇവര്‍ രണ്ടുപേരും എതിര്‍പക്ഷങ്ങളില്‍ നിലയുറപ്പിച്ചുകോണ്ട്‌, വിമോചനസമര കാലഘട്ടങ്ങളില്‍ നടന്നിടുള്ളത്‌ ചരിത്രമാണ്‌. (ഇതേ കാമ്പിശ്‌ശേരിയാണ്‌ 'വരയ്ക്കുന്ന യേശുദാസന്‍' ഉള്‍പ്പെടെയുള്ള പല കാര്‍ട്ടൂണിസ്റ്റുകളെയും, 'കുഞ്ഞുണ്ണി മാഷ്‌' എന്ന കവിയെയും ഭാഷയ്ക്ക്‌ സമര്‍പ്പിച്ചത്‌. ജനയുഗം വാരികയുടെ ചീഫ്‌ എഡിറ്റര്‍ ജോലി ചെയ്ത പ്രമുഖരില്‍ നോവലിസ്റ്റ്‌ മലയാറ്റൂര്‍ രാമകൃഷ്ണനും കവി തിരുനല്ലൂര്‍ കരുണാകരനും ഉള്‍പ്പെടുന്നു.)

മയ്യനാട്ട്‌ നിന്ന് 1911-ല്‍ സി. വി. കുഞ്ഞുരാമന്‍ പത്രാധിപരായി ആരംഭിച്ച 'കേരളകൗമുദി' വാരിക ശ്രീനാരായണ ആദര്‍ശങ്ങളുടെ ചര്‍ച്ചാവേദിയും അവശജനതയുടെ നാവുമായി. ഇത്‌ പില്‍ക്കാലത്ത്‌ തലസ്ഥാനനഗരിയിലേക്ക്‌ മാറ്റിസ്ഥാപിക്കപ്പെടുകയും വിപുലമായ അര്‍ത്ഥത്തില്‍ സാംസ്കാരിക മുന്നേറ്റത്ത്ന്റെ പടക്കുതിരയായി മാറുകയും ചെയ്തു.

സ്വാതന്ത്ര്യസമരത്തിന്റെ ചൂടും അലയൊലികളും നിറഞ്ഞുനിന്ന അക്കാലത്ത്‌ ദേശീയസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി 'സ്വരാട്ട്‌' എന്ന പേരില്‍ ബാരിസ്റ്റര്‍ എ. കെ. പിള്ളയുടെ പത്രവും, 'ശ്രീവാഴുംകോട്‌' എന്ന പേരില്‍ കെ. എന്‍. ഗോവിന്ദപ്പണിക്കര്‍ നടത്തിയിരുന്ന പത്രവും പല കോളിളക്കങ്ങളുമുണ്ടാക്കി. അധികാരികളുടെ അപ്രീതിയാല്‍ 'ശ്രീവാഴുംകോടിനെ' തങ്കശ്ശേരിയിലേക്ക്‌ മാറ്റുകയുണ്ടായെങ്കിലും ഏറെക്കാലം അതിന്റെ പ്രവര്‍ത്തനം നിലനില്‍ക്കുകയുണ്ടായില്ല.

സാമൂഹികനീതി, ജാത്യാചാരങ്ങള്‍ക്കെതിരേയുള്ള പ്രചാരണം, ഗാന്ധിജിയുടെ ആദര്‍ശങ്ങളോടുള്ള പ്രതിപത്തി എന്നിവ മുഖ്യവിഷയങ്ങളാക്കി ആരംഭിച്ച ടി. കെ. മാധവന്റെ 'ദേശാഭിമാനി' ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണമായിരുന്നു. ഇതേ പേരില്‍ ഒരു വാരിക എം. കെ. കുമാരന്‍ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രസിദ്ധീകരണം നിലച്ചുപോയെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവും മികച്ച സംഘാടകനും പാര്‍ലമെന്റംഗവുമൊക്കെയായി മാറുവാന്‍ എം. കെ. കുമാരന്‌ ലഭിച്ച ജനകീയപിന്തുണയ്ക്ക്‌ ഈ പ്രസിദ്ധീകരണവും ഒരളവില്‍ സഹായകമായി.

വിവിധ കൈവഴികളായി സ്വാതന്ത്ര്യാനന്തര കാലഘട്ടത്തെ കുറിക്കാവുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍ തുടര്‍ന്നും ഉണ്ടായതില്‍... സ്ത്രീകള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയ ആദ്യത്തെ പ്രസിദ്ധീകരണം ടി. സി. കല്യാണിക്കുട്ടിയമ്മ പത്രാധിപരായ 'വനിതാമിത്രം', പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ വെളിച്ചത്തിലെത്തിച്ച വി. വി. വേലുക്കുട്ടി അരയന്റെ 'അരയന്‍', ഇസ്ലാമിക സന്ദേശം കൈമാറിയ എം. എം. എസ്‌. മൗലവിയുടെ 'അന്നസീം' എന്നിവയും പ്രശസ്തമാണ്‌.

കൊല്ലത്തിന്റെ സാംസ്കാരിക നവോത്ഥാനകാലഘട്ടത്തിലും. അമിതാധികാരവിനിയോഗത്തിന്റെ ആധുനിക കാലഘട്ടത്തിലും ഒരു അച്ചുതണ്ടായി ആശയലോകത്തെ നിയന്ത്രിച്ച എസ്‌. കെ. നായരും ഉല്‍പതിഷ്‌ണുക്കളായ സുഹൃദ്‌സംഘവും 'മലയാളനാട്‌' എന്ന വാരിക കുറെയേറെക്കാലം ഭംഗിയായി നടത്തിയിരുന്നു. ഒ. വി. വിജയന്റെ 'ധര്‍മ്മപുരാണ'വും എം. കൃഷ്ണന്‍നായരുടെ 'സാഹിത്യവാരഫലവും' കേരളിയ സാഹിത്യത്തിന്റെ അതിരുകള്‍ നിര്‍ണയിച്ചത്‌ ഇക്കാലത്താണ്‌.

കുങ്കുമം വാരികയുടെ പത്രാധിപരായിരുന്നപ്പോള്‍ ദീര്‍ഘകാലം കൊല്ലത്ത്‌ നിവസിച്ച കവി എന്‍. വി.കൃഷ്ണവാരിയര്‍ ആ പ്രസിദ്ധീകരണത്തെ സാഹിത്യമൂല്യമുള്ളതാക്കി നിലനിര്‍ത്തി. നോവലിസ്റ്റും ഉജ്ജ്വല പ്രഭാഷകനുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഇതേ വാരികയുടെ എഡിറ്ററായി രണ്ടു ദശാബ്ദക്കാലം കൊല്ലത്ത്‌ നിറഞ്ഞുനിന്നു. രാജന്‍ പി. തൊടിയൂരിന്റെ ചുമതലയില്‍ മലയാളത്തിലെ ആദ്യത്തേതെന്ന്‌ പറയാവുന്ന 'കരിയര്‍ മാഗസിന്‍' പ്രസിദ്ധീകരണം ആരംഭിച്ചതും കൊല്ലത്തുനിന്നായിരുന്നു.

ഇന്ന്‌, കേരളത്തിലെ ഏറെക്കുറെ എല്ല പ്രമുഖ മലയാള ദിനപത്രങ്ങളുടെയും ഒരു എഡിഷന്‍ കൊല്ലത്തുണ്ട്‌. ഇത്‌ കൂടാതെ നിരവധി ചെറുകിട പ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസ മാസികകളും ഒക്കെയായി അക്ഷരലോകത്ത്‌ കൊല്ലം ഏറെ പിന്നിലല്ലാത്ത പ്രാധാന്യം നേടിയിട്ടുണ്ട്‌. ഈ പാതയില്‍ ഇപ്പോള്‍ നല്ലതും ചീത്തയുമായി പത്ര-വാരിക-മാസിക പ്രസിദ്ധീകരണരംഗവും പുതിയകാലത്തിന്റെ സൂചകങ്ങളായി കാണാന്‍ കഴിയുന്നുണ്ട്‌.

(തുടരും)

Sunday, December 03, 2006

പറയി പെറ്റ ചാത്തന്‍

പറയി പെറ്റിട്ട പന്ത്രണ്ട് പേരും കിടിലങ്ങളാരുന്നു..

അതിലീ തെക്കന്മാര്‍ക്കൊരു ചാത്തനുണ്ടാരുന്നു..അകവൂര്‍ ചാത്തന്‍
ചാത്തനെപ്പറ്റി അപ്പൂപ്പന്‍ പറഞ്ഞു തന്നൊരു കഥ.

അകവൂര്‍ മനയിലെ സേവകനായ ചാത്തന്‍..
കുട്ടിയല്ല..നല്ല വമ്പന്‍ മനുഷ്യ ചാത്തന്‍..

അകവൂര്‍ മനയോ? അതെവിടെയാ?
ആലപ്പുഴയടുത്തെങ്ങാണ്ടാണ് മാഷന്മാരേ..
പക്ഷേ..അകവൂര്‍ മനയെന്നാലകവൂര്‍ മന..
കഥയില്‍ ചോദ്യമില്ല..അഥവാ ചോദ്യമുണ്ടേല്‍
അതിലെന്തു കഥ..അല്ലേ..?
ചോദ്യം വന്നാലതു ചരിത്രം....
വേണ്ടാ വേണ്ടാ..ചരിത്രം എന്നു മാത്രമരുത്..അത് കൊലപാ....
നിര്‍ത്തപ്പാ..ആഫ് ടാപിക്കില്ല..കഥ പറ..:)

അങ്ങനെ ചാത്തന്‍ നമ്പൂരിയുടെ സേവകനായി വിരാജിയ്ക്കുന്ന സമത്വ സുന്ദര സമയം..
നമ്പൂരിയ്ക്കൊരു പതിവുണ്ട്..രാവിലേ എഴുന്നേറ്റതു മുതല്‍ തുടങ്ങും കുളി..പൂജ..തേവാരം...
ആറ്റിലിറങ്ങിനിന്ന് മുദ്ര,ഗായത്രി ജപം......
എപ്പോഴും ചാത്തന്‍ കൂടെയുണ്ടാകും..

ചാത്തനവിടെയെന്തു ചെയ്യുന്നു?
നമ്പൂരിയ്ക്കൊത്തിരി കിടുപിടികളൊക്കെയുണ്ടേ..അതൊക്കെ ആരു ചുമക്കും..
ചാത്തന്‍ ചുമക്കും..മുട്ടന്‍ സഞ്ചി
ചാത്തനാ സഞ്ചിയൊക്കെ കരയില്‍ വച്ച് കിളികളോട് വര്‍ത്തമാനം പറയും
എറുമ്പിനോട് പരദൂഷണം പറയും..
മനുഷ്യരെ കണ്ടാല്‍ ചിരിയ്ക്കും..
നീര്‍ക്കോലികളെ കണ്ണിറുക്കിക്കാണിയ്ക്കും
മൂര്‍ക്കനെ കണ്ണുരുട്ടിക്കാണിയ്ക്കും..

അങ്ങനെയങ്ങനെയൊരു ദിവസം ചാത്തനു ബോറടിച്ചു
ബോറടിയുടെ ദൈവമായി.:)

ചാത്തന്‍ നമ്പൂരിയോട് പറഞ്ഞു..
"അങ്ങത്തേ മതിയങ്ങത്തേ.എനിയ്ക്ക്.വെയക്കണ്"
"ഹൈ..ഞാന്‍ ജപിയ്ക്കുന്നത് കണ്ടുകൂടേ ..തനിയ്ക്ക്"
"എന്തു ജവിയ്ക്കണങ്ങത്തേ..വെയിലേറണ്..
നമ്പൂരിയ്ക്ക് ദേഷ്യമായി..ന്നാലും ജപിച്ച് പൂര്‍ത്തിയാക്കി ,
കുളിച്ചേറി കരയില്‍ വന്നു


സഞ്ചിയില്‍ നിന്നൊരു വെറ്റയെടുത്തൊന്ന് മുറുക്കി
"ടോ ചത്താ..ഞാന്‍ പരബ്രഹ്മോപാസന ചെയ്യുകയാണ്.."
"അതെന്തുവാസന ?"
"അതാണ് ചാത്താ ഏറ്റവും മുന്തിയ ഉപാസന..
അരൂപിയും, കാരുണ്യവാനും,
എല്ലായിടത്തും നിറഞ്ഞിരിയ്ക്കുന്നവനുമായ
പരബ്രഹ്മം.."
എന്തു ഗുണമങ്ങത്തേ?
"ടോ..ജനന മരണ ചക്രങ്ങളൊക്കെ പൊട്ടിച്ചിതറും
മോക്ഷം കിട്ടും"
സ്വര്‍ഗ്ഗം കിട്ടുവോ?

സ്വര്‍ഗ്ഗമല്ലേടോ മോക്ഷം..അതിലുമൊക്കെ വലുത്..


"അതൊക്കെപ്പോട്ട് ഈ പരബിരമമെങ്ങനെ ..കാണാന്‍ നല്ലയാണാ?
നമ്മടെ കണ്ണനെപ്പോലെ?
പഗോതിയെപ്പോലെ
ചെമ്പോക്കുട്ടിയെപ്പോലെ
നല്ല സുന്ദരനാണാ"
"ടോ ഈ പരബ്രഹ്മം സകല ലോകവും നിറഞ്ഞു
നില്‍ക്കുന്ന അരൂപിയായ ദൈവമാകുന്നു.."

"അതെന്തോന്ന് തേവര്? രൂപം പോലുമില്ലേ..

ന്നാലും ഒരു രൂപമുണ്ടല്ലാ...ങ്ങനെയിരിയ്ക്കും അങ്ങുന്നെന്നോടൊന്ന് പറ"

"ഈ മരമണ്ടനോടെന്തു പറയാന്‍?
ന്നാ..പരബ്രഹ്മം ഒരു കാളക്കൂറ്റന്‍
നല്ല കൊഴുത്ത മേനിയുള്ള
വമ്പന്‍ കൊമ്പുള്ള ഉഗ്രനൊരു
കാളക്കൂറ്റന്‍"

"അയ്യേ..

ന്നാലും കൊള്ളാം....

കാളയ്ക്കൊരു പരബിരമമുണ്ടല്ലാ"

പിറ്റേന്നു മുതല്‍ ചാത്തനും തുടങ്ങി നമ്പൂരിയോടൊത്ത് ഉപാസന..

ആറ്റിലിറങ്ങി..നമ്പൂരി ചെയ്യുന്ന പോലൊക്കെ ചെയ്യും..
"ടോ താനെന്തവിടെ ചെയ്യുന്നു?
"ഞാന്‍ കാളപ്പരബിരമോപാസനയിലാണെന്റെ അങ്ങുന്നേ"
ചിരിയ്ക്കാതിരിയ്ക്കാനാവുമോ
"കാളപ്പരബിരമം"

നമ്പൂരി ദേഷ്യപ്പെട്ടില്ല..അറിവില്ലാത്തവനോട് ക്ഷമിയ്ക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു

"പാവം..കാളയെങ്കില്‍ കാള..അത്രയെങ്കിലുമാവട്ട് "..എന്നു വിചാരിച്ചു..

തിരിച്ചുള്ള വഴിയില്‍ നമ്പൂരിയ്ക്കൊന്ന് മുറുക്കണം..
"ടോ ചാത്താ..എവിടെയെന്റെ സഞ്ചി.."
"അതീ കാളേടേ കൊമ്പിലാ അങ്ങത്തേ"
കാളേടേ കൊമ്പോ..എവിടെ? നമ്പൂരി തിരിഞ്ഞു നോക്കി
സഞ്ചി വായുവിലങ്ങനേയാടിയാടി..

"ഭഗവതീ..നീയുമോ ചാത്താ..:)
നിനക്ക് കുട്ടിച്ചാത്തന്‍..നീ കുട്ടിച്ചാത്തന്‍..
ഹൊ..
തനിയ്ക്ക് കുട്ടിച്ചാത്തന്‍ സേവയുണ്ടല്ലേ?"

"കുട്ടിയാ..? ഞാന്‍ വല്യ ചാത്തനെന്റങ്ങുന്നേ

ഇതു കാളപ്പരബിരമം..

ഇന്നലെ ഞാന്‍ വിളിച്ച മുതലെന്റെ കൂടെ..
നമ്മക്കെന്തെങ്കിലുമുപയോഗം വേണ്ടേ
അതുകുണ്ട് ഈ സഞ്ചിയതിന്റെ കൊമ്പില്‍ തൂക്കി.."

നമ്പൂരിയ്ക്ക് കാര്യം മനസ്സിലായി..മദമടങ്ങി..

ചാത്തനെന്തിനുപാസന..?

ചാത്താ..എനിയ്ക്കും കൂടി കാണിച്ചു തരിക..

ഭക്തികൊണ്ട് കണ്ണു നിറഞ്ഞു..രോമാഞ്ചം വന്നു..ദേഹം വിറച്ചു..

സ്നേഹം നിറഞ്ഞു..

"അത്രേയുള്ളോ..അങ്ങുന്നെന്നെയൊന്ന് തൊട്ട് നോക്കിക്കോ.."

തൊട്ടിട്ട് നോക്കി
കാളയൊന്നു ചിരിച്ചു..
നമ്പൂരി കരഞ്ഞു....

കാള ..അടുത്തുള്ളൊരു ചിറയില്‍ ചാടി..

ഓ..ചിറ.....ഓച്ചിറാ....


ഓച്ചിറ തെക്കന്‍ കാശിയെന്നറിയപ്പെടുന്നു.

മൂര്‍ത്തിയും പൂജാരിയുമൊന്നുമില്ലാത്ത ആല്‍ത്തറയില്‍ വാഴുന്ന..പരബ്രഹ്മം.
രൂപമില്ലാതെ , മായയും മായാവിയും മായാവിനോദനുമായ
സര്‍വതിന്റേയും ഉടയോനായ ഭഗവാന്‍..
ഓച്ചിറ പന്ത്രണ്ട് വിളക്ക് പ്രസിദ്ധം...
വൃശ്ചിക മാസത്തിലെ ആദ്യ പന്ത്രണ്ട് ദിവസം..

വൃതമെടുത്ത് ഓച്ചിറയില്‍ കുടിലുകെട്ടി താമസിച്ച് പന്ത്രണ്ട് ദിനം ഭജമമിരിയ്ക്കുമാള്‍ക്കാര്‍

പിന്നെ ഓച്ചിറക്കളിയും..
അമ്പലപ്പുഴ കായംകുളം രാജാക്കന്മാരുടെ പടവെട്ട് ..
ഇന്ന് ഓച്ചിറ പടനിലത്തില്‍ ഓച്ചിറക്കളിയായി കാണിയ്ക്കുന്നു...

കൊല്ലത്തുനിന്ന് നാഷണല്‍ ഹൈവേയില്‍ വടക്കോട്ട് 34കിലോമീറ്റര്‍..കായംകുളമെത്തുന്നതിന് തൊട്ടുമുന്‍പ് ഓച്ചിറ ക്ഷേത്രം കാണാം.

ഇന്നും
നടയിരുത്തിയ വമ്പന്‍ കാളക്കൂറ്റന്മാര്‍ നിര്‍ഭയരായിമേഞ്ഞു നടക്കുന്ന
ആ മതില്‍ക്കെട്ടിനകത്തെ ആല്‍ത്തറകള്‍ക്കിടയില്‍
പിച്ചക്കാര്‍ക്കിടയില്‍...ആരോടും..മിണ്ടാതെ ചില ടീമുകളിരുപ്പുണ്ട്..

പരബ്രഹ്മത്തിന് കയ്യും കാലും വച്ച്
ചിരിച്ചോ ചിരിയ്ക്കാതേയോ..കുളിച്ചോ കുളിയ്ക്കാതേയോ..

അവധൂതന്മാര്‍....

Thursday, November 30, 2006

കൊല്ലം ചരിത്ര ശേഖരങ്ങളില്‍ നിന്നു്.

കൊല്ലം

കൊല്ലം കണ്ടവനില്ലം വേണ്ട.
_____________________________________

കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികള്‍ ഇന്‍ഡ്യയില്‍ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യ സഞ്ചാരികള്‍ രേഖപ്പെടുത്തിയിരുന്നു.ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു.ചൈനയുടെ ചക്രവര്‍ത്തി കുബ്ലൈഖാനുമായി കൊല്ലത്തിനു് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു.
മനോഹാരിതയിലും പ്രശസ്തിയിലും ഉയരങ്ങളില്‍ നില നിന്ന ആ കൊല്ലം കണ്ടവര്‍ക്കു് ഇല്ലം വേണ്ടെന്നു തോന്നിയതില്‍ അത്ഭുതപ്പെടെണ്ടതില്ല.


രാജകീയ സാന്നിധ്യമെന്നോ രാജവസതിയെന്നോ അര്‍ഥം വരുന്ന കൊലു എന്ന് ശബ്ദത്തില്‍ നിന്നാണു് കൊല്ലം ഉണ്ടായതു് എന്ന അഭിപ്രായമാണു് പരക്കെ സ്വീകാര്യമായിട്ടുള്ളതു്.


കൊല്ലം നഗരത്തിനു് കൊല്ല വര്‍ഷത്തേക്കള്‍ പഴക്കമുണ്ടു്.
എ.ഡി.825 ല്‍, ഉദയ മാര്‍ത്താണ്ടവര്‍മ്മ രാജാവു് കൊല്ലത്തു താമസിക്കുമ്പോള്‍ ഒരു പുതിയ സംവത്സരം ഏര്‍പ്പെടുത്തി എന്നും അതിനെ സൗരവര്‍ഷമായി പരിഗണിച്ചു എന്നും പറയുന്നു. എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവര്‍ഷം ആരംഭിച്ചു.


ഇന്‍ഡ്യയിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു.

ഉണ്ണു നീലി സന്ദേശത്തില്‍ പറയുന്നു."കൊല്ലം തൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ."
കൊല്ലം എത്ര പഴയതായിക്കൊള്ളട്ടെ,എന്നും അതു കൊല്ലമായി തന്നെ നില നില്‍ക്കും.

Sunday, November 26, 2006

ആരാണ്‌ അയ്യപ്പന്‍?

പല കഥകളും വിവാദങ്ങളും വീരവാദങ്ങളും ബൂലോഗത്ത്‌ കറങ്ങുന്നതുകാരണം മൈനാഗന്റെ ചരിത്രം സീരീസിന്റെ ഇടയില്‍ കയറി ഇതൊന്നു പോസ്റ്റ്‌ ചെയ്യുന്നു. മാപ്പ്‌. ഇതു ചരിത്രമല്ല, വാദവുമല്ല. ആര്‍ക്കെങ്കിലും ഇക്കഥയുടെ നേരും പതിരും തിരിക്കാനാവുമോ?

പന്തളം കൊട്ടാരത്തിലെ രാജശേഖരചോളന്‍ പെരുമാള്‍ ദത്തെടുത്ത പുത്രന്‍, അയ്യന്‍ അടികള്‍ തിരുവടികള്‍ കൊല്ലം ആസ്ഥാനമാക്കി യുവ ചേര രാജാവായ്‌ സ്ഥാനമേറ്റതു മുതല്‍ പന്തളത്തു റാണിയായ പെരുമാള്‍ സ്ത്രീ ചോള പാണ്ഡ്യരോട്‌ സന്ധിയായി പശ്ചിമഘട്ടം കടന്ന് വേണാടിനെ കീശ്പ്പെടുത്തി തനിക്കു പിറന്ന രാജകുമാരനെ അധികാരിയാക്കി ചോള സാമ്രാജ്യത്തില്‍ ലയിപ്പിക്കാന്‍ ശ്രമവും തുടങ്ങി.

അയ്യനു പൊതുജന പിന്തുണ ഏതാണ്ട്‌ മുഴുവനായും ഉണ്ടായിരുന്നു. വാവരെന്ന മുസ്ലീം യോദ്ധാവും കടുത്ത സ്വാമിയെന്ന ക്രിസ്ത്യാനി കര്‍ഷകപ്രഭുവും അടക്കം വലിയൊരു സൈന്യം ചോള പാണ്ട്യ മഹാസാമ്രാജ്യങ്ങളുടെ അധിനിവേശസേനക്കെതിരേ കോട്ടപ്പുറം, ഇഞ്ചിപ്പാറ, കരിമല, ശബരി, ശരംകുത്തി, നീലിമല കാളകെട്ടി എന്നീ എഴു മലകളില്‍ യുദ്ധം നടത്തി ആസുരഭീഷണിയെ ഇല്ലാതാക്കി.

അയ്യന്‍ അങ്ങനെ ആരാദ്ധ്യനായ ഒരു പുരുഷനായി വാഴ്ത്തപ്പെട്ടു. യുദ്ധത്തിന്റെ പ്രതീകമായ ധ്യാനം, വ്രതം, പടഹം, ഭേരി, സംഘയാത്ര,
ശരം എന്നിവയടങ്ങുന്ന തീര്‍ത്ഥയാത്രയായി അയ്യനപ്പന്റെ വിജയഭൂവിലേക്ക്‌ ഗമിച്ച്‌ ജനം എന്നും ആ രാജാവിനെ ഓര്‍ത്തു പോന്നു. ആ യാത്രയില്‍ സ്വപക്ഷ വിജയത്തിന്റെ ഓര്‍മ്മകളില്‍ അവര്‍ ആനന്ദം കൊണ്ട്‌ ഉറഞ്ഞു തുള്ളിയിരുന്നു.

കഥ ഇവിടെക്കൊണ്ട്‌ തട്ടാന്‍ എന്താ കാര്യമെന്നു വച്ചാല്‍:

ടി എ സി മുതലായ ഗ്രന്ഥങ്ങള്‍ കണ്ട്‌ പരിശോധിക്കാന്‍ അവസരമുള്ള ഭാഗ്യവാന്മാരും ഭാഗ്യവതികളും അയ്യനടികള്‍ തിരുവടികള്‍ പശ്ചിമഘട്ടത്തിലെ എതുഭാഗത്തിട്ടാണ്‌ ചോള പാണ്ഡ്യ സേനയെ ഒതുക്കിയതെന്ന് എന്തെങ്കിലും വിവരമുണ്ടോ;

അയ്യന്‍ രാജശേഖരന്‍ പെരുമാളിന്റെ ദത്തു പുത്രന്‍ ആണോ അതോ സ്വന്തം പുത്രനാണോ;

കുളത്തൂപ്പുഴ, അച്ചന്‍ കോവില്‍, ആര്യങ്കാവ്‌, തകഴി, ശാസ്താംകോട്ട, ചമ്രവട്ടം, ശബരിമല എന്ന ഏഴ്‌ വേണാട്ടമ്പലങ്ങളില്‍ അല്ലാതെയുള്ള അയ്യപ്പ ക്ഷേത്രങ്ങള്‍ക്ക്‌ എത്ര പഴക്കമുണ്ട്‌;

അയ്യനെ ശരിക്കും രാജശേഖരവര്‍മ്മന്‍ പെരുമാളിന്റെ പത്നി ചതിച്ചതുകൊണ്ടാണോ പാണ്ടികള്‍ മലമ്പാത കടന്ന് പടയെടുത്ത്‌ വന്നത്‌;

അയ്യന്‍ വിവാഹിതനായിരുന്നോ അതോ പട തീര്‍ന്ന ശേഷം കെട്ടാമെന്ന് ഏതെങ്കിലും രാജകുമാരിയോട്‌ പറഞ്ഞിരുന്നോ

എന്നിവയെക്കുറിച്ച്‌ എന്തെങ്കിലും ആര്‍ക്കിയോളജിക്കല്‍ രേഖകള്‍ കിട്ടുമോ എന്ന് ദയവായി പറഞ്ഞു തരിക.

[ ഇതൊരു വാദമല്ല ലേഖനവുമല്ല. ഈ കഥയെക്കുറിച്ച്‌ എനിക്ക്‌ ഒരു പ്രത്യേക
താല്‍പ്പര്യമുള്ളതുകൊണ്ട്‌ ഇവിടെ ഇടുന്നു. എന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാന്‍ മാത്രം]