അതിപ്പം ബീച്ചിപ്പോവുന്നതിന്റെ വേറൊരു വല്യ അകര്‍ഷണം അമ്മ നല്ല ചൂരക്കൂട്ടാന്‍ വച്ച് തരും എന്നുള്ളതാണ്. ബീച്ചീന്ന് തിരിച്ചുവരുമ്പോള്‍ ബെന്‍സിഗറിന്റെ ഓരത്തുള്ള കുഞ്ഞു ചന്തയില്‍ പോകും.
തൂത്തുക്കുടി കടപ്പുറം, പിന്നെ കൊല്ലം കൊട്ടിയം കണ്ണനല്ലൂര്‍ കടാപ്പുറങ്ങള്‍. പിന്നെ പൊട്ടാഷും യൂറിയേമൊക്കെ ചെര്‍ത്തിട്ട് പൊടിയാത്തതായി വല്ലതുമുണ്ടേങ്കില്‍ പള്ളിയം ചന്തയില്‍ എന്ന നിലയില്‍ മീന്‍ തിന്നോണ്ടിരുന്ന എനിയ്ക്ക് വാടികടപ്പുറത്തൂന്ന് ആ അമ്മമാര്‍ കൊണ്ട് വച്ച് വില്‍ക്കുന്ന ചന്ത വലിയ ഇഷ്ടമായിരുന്നു. എന്റെ അമ്മയ്ക്കും.
“കൊണ്ടുവാ കൊണ്ടുവാ പണ്ടത്തെ ചക്കറം മുട്ടായി തന്നിട്ട് ഞാനെടുക്കാം..” മീന്‍ വില്‍ക്കുന്ന അമ്മച്ചി ഉറക്കെപ്പാടും..
“ഓ ഓ ..നിങ്ങള്‍ ചക്രമൊന്നും എടുക്കണ്ടാ..എത്ര രൂപയ്ക്ക് തരുമെന്ന് പറയിന്‍..“ അച്ഛന് പേശിത്തുടങ്ങും..
“അമ്പത് രൂപാ സാറേ..ഇനിയെന്ത് ഞാ കൊറയ്ക്കാന്‍.. ഇന്നരീന്‍..ഇതീ കുഞ്ഞിനു കൊണ്ട് പോയി കുട്ടാന്‍വച്ച് കൊടുക്കീന്‍.“.എന്നെ നോക്കി അവര്‍ പറയും..
“അഞ്ച് ആവോലിയ്ക്ക് അമ്പത് രൂപയോ..അതൊന്നും പറ്റൂല്ല...ഇരുപത്തഞ്ച് രൂപാ തരും..”
“അച്ഛാ ചൂര..“ഇതിനിടയില്‍ ഞാന്‍ ഓര്‍മ്മിപ്പിയ്ക്കും..
കുഞ്ഞിനു ചൂര മതി സാറേ..ഇതാ ഈ പത്ത് ചൂര ഇരുപത്തഞ്ചിനു എട്ത്തോളീന്‍..
“..ശ്ശേരി.. ചൂരേം ആവോലീം അമ്പത് രൂപ തരാം.“
“ങ്ങള് ഒരു പത്തൂടെ തന്നിട്ട് എട്ത്തോളീന്‍ ..“
ഇതിനിടയില്‍ അമ്മ ചില ഉണക്കയും അല്ലറ ചില്ലറ പച്ചക്കറിയും വാങ്ങിയ്ക്കും..കാര്യം കുശാല്‍...
ഞാനും അച്ചനും ബൈക്കിലങ്ങ് പോവും..അമ്മയും പിള്ളെരും ബസിലും...
ഇപ്രാവശശ്യവും അവിടെ ചന്തയില്‍ പോയി.വലിയൊരു ചൂരയിരിയ്ക്കുന്നു...
എത്ര രൂപാ?..അമ്മ ചോദിച്ചു.
നൂറ്റമ്പത് രൂപാ ..അമ്മച്ചി പറഞ്ഞു..
ഞാനാലോചിച്ചു... രണ്ട് പൌണ്ട്..ഒരഞ്ച് കിലോ വരും ചൂരയ്ക്ക്.
മക്കറില്‍ കിലോ ആറു പൌണ്ട്..സല്മണ് കിലോ അഞ്ച് പൌണ്ട്.. വൈല്‍ഡ് അലാസ്കനാണേലോ സ്കോട്ടിഷ് വൈല്‍ഡ് ആണേലോ സാല്‍മണ്‍ പത്ത് പൌണ്ടിനപ്പുറം . സാന്‍സ്ബറി ബേസിക്കാണേലും അരക്കിലോ ടൂണ നാല് പൌണ്ട്. ഇത് അപാര ലാഭമാണല്ലോ..
അതല്പ്പം ഉറക്കെയായിപ്പോയി..“ഇത് നല്ല ലാഭമാണല്ലോ”
“സാറ് പറയുന്ന കേട്ടില്ലേ..ഇതങ്ങ് വാച്ചിച്ചോളീന്‍ ..നൂറ്റൈരുപത്തഞ്ചിനു തരാം..“
അമ്മയെന്നെയൊന്നു നോക്കി..എന്തായാലും വാങ്ങിച്ചു. കാറില്‍ക്കയറിയപ്പോ കളിയായിട്ടാണേലും അമ്മ അച്ഛനൊട് പറഞ്ഞു..
“എവന്റെയൊരു കാര്യം..ലാഭമാണെന്ന് അവരുടേ മുന്നില്‍ വച്ച് വിളിച്ച് പറഞ്ഞിരിയ്ക്കുന്നു....ഒരു വലിയ ലണ്ടങ്കാറന്‍ വന്നിരിയ്ക്കുന്നു. അവരൊരു ഇരുപത്തഞ്ച് രൂപാ കൂടി കുറച്ച് തന്നിരുന്നേല്‍ രണ്ട് കിലോ അരീടെയെങ്കിലും കാശായില്ലേരുന്നോ.. പോട്ട് എന്തായാലും മീന്‍ നല്ല മീന്‍ തന്നെ..“
രണ്ട് കിലോ അരിയ്ക്ക് വലിയ വിലയുണ്ടായിരുന്ന കാലമോര്‍ത്തിട്ടാവണം..അമ്മ അങ്ങനെ പലത് കൂട്ടിവച്ചും അനിയന് ചന്തയില്‍ മലക്കറിയുമ്മായ്ക്ക് ശീമച്ചക്ക വിറ്റും കിട്ടിയ പല രണ്ട് കിലോ അരിയേയും പലചരക്കുകളെയും ഓര്‍ത്തിട്ടാവണം.....
ഒരു കിലോ അരിയുടേ വില ഞാനെന്നാണ് പൌണ്ടില്‍ കണക്കുകൂട്ടാന്‍ പഠിച്ചത്....?
കുഞ്ഞും കൊച്ചുമൊക്കെ മാറി ഞാനെന്നാണ് സാറായത്?
(ചിത്രങ്ങള്‍ ഉദാത്തവും ഉല്പതിഷ്ണകരവുമായി ആധുനിക ഛായാചിത്രകലയുടേ അന്തരാളങ്ങളുടെ അകത്തളങ്ങളിലേയ്ക്ക് ഊളിയിട്ട് തപ്പിയെടുത്ത ഫോട്ടോകളാണ്. കളിയാക്കല്ലും..മര്യാദയ്ക്ക് പടം കാണണേല് താഴെയൊണ്ട്.)കൊല്ലം നഗരത്തിന്റെ നടുക്കു തന്നെ മണ്ണെണ്ണ വിളക്കും കത്തിച്ച് വച്ച് ഉറക്കെ പാട്ടുകള്‍ പാടി വിലപേശി അന്നന്ന് പിടിച്ചുവരുന്ന മീനുകള്‍ വിഷമൊന്നും ചേര്‍ക്കാതെ നാട്ടുകാര്‍ക്ക് വില്‍ക്കുന്ന ഈ തുരുത്ത്, അനുദിനം പറന്നുകൊണ്ടിരിയ്ക്കുന്ന പുരോഗതിയുടെ തള്ളിച്ചയില്‍ അടുത്തു തന്നെ ഇല്ലാതെയാകും. അതു കഴിഞ്ഞും ..ചില്ലിട്ട കൂടുകളില്‍ ഐസുമെത്തകളില്‍ നിരത്തി വച്ചിരിയ്ക്കുന്ന ഏ സീ മീന്മാര്‍ക്കറ്റിലേയ്ക്ക് നമ്മുടെ അടുത്ത തലമുറ പോകുമ്പോഴും.. ഈ നന്മയും സ്നേഹവും അവിടെ നില നിന്നിരുന്നെങ്കിലാണ്..അത് വില്ക്കുന്നവന് അന്നേയ്ക്ക് ആരുടേയെങ്കിലും കൂലിക്കാരാവാതെ ഇന്നത്തെപ്പോലെതന്നെ സന്തോഷത്തോടെ ആ കച്ചവടം ചെയ്യുമ്പോഴാണ്...വലിയ മീനുകള്‍ക്കും ചെറിയ മീനുകള്‍ക്കും അവരവരുടേതായ സ്ഥലം സ്വന്തമായുള്ള കടല്‍.....അതിനെയാണ് പുരോഗതി എന്ന് പറയുന്നത് അല്ലേ..?
Sunday, August 24, 2008
Subscribe to:
Post Comments (Atom)
6 comments:
അമ്പി,
കഴിഞ്ഞ പോസ്റ്റ് കണ്ടിരുന്നുവെങ്കിലും കമന്റ് ഇടാൻ കഴിഞ്ഞിരുന്നില്ല..എന്നാ പിന്നെ ഇതിലാവട്ട്..
കൊല്ലം ബീച്ച് ടി.കെ.എം കോളേജിൽ പഠിക്കുന്ന കാലത്തെ ഓർമ്മകളെ ഉള്ളൂ, നമ്മളങ്ങ് മലയോരത്ത് നിന്നല്ലിയോ -കാട്ട്പത്തനാപുരം..!എങ്കിലും ഏതാണ്ട് ഇതിലും കിടിലനായ ഒരു മാർക്കറ്റ് ഉണ്ടായിരുന്നു അവിടെയും- അച്ഛന്റെ ഒപ്പം വാഴക്കുല,ഇഞ്ചി,ചേമ്പ്, ചേന -അങ്ങിനെയെന്തൊക്കെ - കൊണ്ട് ചെന്ന് വിറ്റ്, തിരികെ നല്ല നെയ്മീനും ചൂരയും വാങ്ങി വന്ന നാളുകൾ ഓർമ്മിപ്പിച്ചു ഈ പോസ്റ്റ്.
അമ്പിയുടെ ആശങ്കകൾ അസ്ഥാനത്തല്ല -“ചില്ലിട്ട കൂടുകളില്‍ ഐസുമെത്തകളില്‍ നിരത്തി വച്ചിരിയ്ക്കുന്ന ഏ സീ മീന്മാര്‍ക്കറ്റിലേയ്ക്ക് നമ്മുടെ അടുത്ത തലമുറ പോകുമ്പോഴും.. ” എന്തിനു അടുത്ത തലമുറ, ഈ തലമുറ തന്നെ അവിടെയല്ലേ..!
ആശംസകളോടെ
അലിഫ്
മിസ്റ്റര്‍ പൌണ്ടന്‍,
കൊള്ളാം അംബി പോസ്റ്റ്. അംബിയുടെ ക്രൂരകൃത്യങ്ങള്‍ എന്ന പേരാണ്നല്ലത്. ആ പടങ്ങളൊക്കെ കാണുമ്പോള്‍ എന്താ ഇമ്പ്രഷന്‍.
-സുല്‍
നല്ല പോസ്റ്റ്. പണ്ട് ചന്തകളിലൂടെ, വഴിയോരത്തെ കച്ചവടങ്ങളിലൂടെ വെറുതെ നടക്കാന്‍ ഇഷ്ടമായിരുന്നു. ഇന്നും ഇടക്കുകിട്ടുന്ന ഇടവേളകളില്‍ ഈ വെറുതെ വഴിയോരത്തെ കച്ചവടങ്ങള്‍ കണ്ട് നടക്കാറുണ്ട്. കൊല്ലം ബീച്ച് കണ്ടിട്ടില്ലങ്കിലും, തെരക്കേടില്ലാത്ത ഒരു മാര്‍ക്കറ്റുണ്ട് പെരിന്തല്‍മണ്ണയില്‍.
ആശംസകള്‍
അലിഫ് മാഷേ, സുല്ലിട്ട പടമേ:) , നരിക്കുന്നാ..നന്ദി.
ആദ്യ ഫോട്ടോകള്‍ പെയിന്റിംഗ് പോലെ സുന്ദരം
എന്താ പറ്റീത്
ചിത്രങ്ങള്‍ മിക്കതും വ്യക്തമല്ലെങ്കിലും എഴുത്തില്‍ നിന്നും നല്ലൊരു ചിത്രം മനസ്സില്‍ തെളിയുന്നുണ്ട്.
:)
Post a Comment