മാബാര്‍ രാജ്യത്തു നിന്നും അഞ്ഞൂറു മൈല്‍ തെക്കു പടിഞ്ഞാറേക്ക് സഞ്ചരിച്ചാല്‍ കോയിലം രാജ്യത്തെത്താം.
ഇവിടത്തെ ജനങ്ങള്‍ ഇന്ത്യാമതക്കാരാണ്, ചില ക്രിസ്ത്യാനികളും ജൂതന്മാരും കൂടി ഇവിടെ വസിക്കുന്നുണ്ട്. സ്വന്തമായൊരു ഭാഷയും രാജാവുമുള്ള ഈ രാജ്യക്കാര്‍ ആരുടെയും സാമന്തരല്ലാത്ത സ്വതന്ത്രജനതയാണ്.
കരിന്തകരമരങ്ങള്‍ സമൃദ്ധമായി ഇവിടെ വളരുന്നു. "ബ്രസീല്‍(വുഡ്)കോയിലം" എന്നു വിളിക്കപ്പെടുന്ന ഇവ ഒന്നാന്തരം നിലവാരമുള്ള തടിയാണ്. ഇഞ്ചിയും ധാരാളമായി വളരുന്നുണ്ട്, അവയും കരിന്തകരപോലെ കോയിലം രാജ്യത്തിന്റെ പേര്‍ ചേര്‍ത്താണ് അറിയപ്പെടുന്നത്. കുരുമുളക് വളരെയധികമുണ്ട്, എങ്ങനെയെന്നറിയുമോ? മലഞ്ചരക്കായല്ല, ഇവിടെ കുരുമുളകു ചെടി കൃഷിയുണ്ട്, കൊടി നട്ട് വെള്ളമൊഴിച്ച് വളര്‍ത്തുന്ന കുരുമുളക് മേയ് ജൂണ്‍ ജൂലായ് മാസങ്ങളില്‍ വിളവെടുക്കുന്നു. വളരെ നല്ല ഗുണനിലവാരമുള്ള നീലവും ഇവിടെ കിട്ടും. ഒരു ചെടിയില്‍ നിന്നാണ് നീലം എടുക്കുന്നത്. ചെടി ശേഖരിച്ച്, വേരു കളഞ്ഞ്, കൂറ്റന്‍ പാത്രങ്ങളില്‍ ഇട്ട് വെള്ളമൊഴിച്ചു വയ്ക്കും. ചെടി വെള്ളത്തില്‍ ലയിച്ചു ചേരും വരെ കാത്തശേഷം ആ വെള്ളം വെയിലത്തു വച്ച് വറ്റിച്ചെടുക്കുമ്പോള്‍ നമ്മള്‍ കാണുന്ന രീതിയിലുള്ള നീലം കിട്ടും. വെയിലിനു വലിയ ചൂടാണ് ഈ രാജ്യത്ത്. ഇങ്ങനെ കിട്ടുന്ന നീലം നാല് ഔണ്‍സ് വീതമുള്ള കട്ടകള്‍ ആക്കിയെടുത്ത് നമ്മുടെ ദേശങ്ങളിലേക്ക് ഇവര്‍ കയറ്റുമതി ചെയ്യുന്നു.
ഇവിടത്തെ ചൂട് താങ്ങാവുന്നതിലുമപ്പുറമാണെന്ന് ഞാന്‍ ഊന്നിപ്പറയട്ടെ. ഇവിടത്തെ പുഴകളില്‍ ഒരു മുട്ടയെടുത്തിട്ടാല്‍ അത് സൂര്യതാപമേറ്റ് പുഴുങ്ങിക്കിട്ടും!
മാന്‍സിയില്‍ നിന്നും അറേബ്യയില്‍ നിന്നും ലെവന്തില്‍ നിന്നും കച്ചവടക്കാര്‍ ഇവിടേക്ക് കപ്പലില്‍ വരുന്നു. അവര്‍ ഇവിടേക്കുള്ള ഇറക്കുമതിയിലും ഇവിടെ നിന്നുള്ള കയറ്റുമതിയിലും വന്‍ ലാഭം കൊയ്യുകയാണ്.
പലതരം വന്യമൃഗങ്ങള്‍ ഈ രാജ്യത്തുണ്ട്. ഇവിടെ കാണുന്ന സിംഹങ്ങള്‍ മറ്റുരാജ്യത്തെപ്പോലെയല്ല കറുത്ത നിറം ആണ് മേലാസകലം. പലതരം തത്തകളുമുണ്ട്- ചിലവ ദേഹം മുഴുവന്‍ തൂവെള്ളയും ചുണ്ടും കാലും ചുവന്നിട്ടും, ചിലത് ചുവപ്പ്, ചിലതു നീല, പച്ചത്തത്തകളുമുണ്ട്- എന്തൊരു സുന്ദരമായ കാഴ്ച്ചയാണെന്നോ. ചില തത്തകള്‍ സാധാരണയിലും വലിപ്പമുള്ളവയാണ്. ഭംഗിയും നമ്മുടേതിനെക്കാള്‍ വലിപ്പവുമുള്ള മയിലുമുണ്ട്. ഈ നാട്ടിലെ കോഴികളും നമ്മുടേതില്‍ നിന്നും വ്യത്യാസമുള്ളവയാണ്. അവര്‍ക്കുള്ളതെല്ലാം നമ്മളില്‍ നിന്നും വ്യത്യസ്ഥവും കൂടുതല്‍ സുന്ദരവും, കൂടുതല്‍ നല്ലതുമാണെന്നല്ലാതെ ഞാന്‍ എന്തു പറയേണ്ടൂ. അവരുടെ പഴങ്ങളും മൃഗങ്ങളും പക്ഷികളുമൊന്നും നമ്മുടേതുപോലെ അല്ല, ചൂടു കാലാവസ്ഥമൂലം ആണത്.
അരിയാണ് ഇവിടെയുള്ളത്, ചോളം തീരെയില്ല, അതുകൊണ്ട് അവര്‍ പനഞ്ചക്കര കൊണ്ടാണ് മുഖ്യമായും വീഞ്ഞുണ്ടാക്കുന്നത്. കുടിച്ചാല്‍ ക്ഷണം ഇത് മത്തുപിടിപ്പിക്കും. മറ്റു അവശ്യസാധനങ്ങളും അവര്‍ക്ക് ധാരാളമായുണ്ട്, വിലയും തീരെ കുറവ്.
ഇന്നാട്ടുകാര്‍ ഒന്നാന്തരം ജ്യോത്സ്യന്മാരും വൈദ്യന്മാരുമാണ്. കറുത്തനിറക്കാരായ ഇവര്‍, ആണും പെണ്ണും, അരയില്‍ ചുറ്റിയ ഒരു തുണിയൊഴിച്ചാല്‍ നഗ്നരായി നടക്കുന്നു. ലൈംഗികമായ പാപം എന്ന സങ്കല്പ്പം തന്നെ ഇല്ലാത്ത ഇവര്‍ മുറച്ചെറുക്കന്മാരെയും മുറപ്പെണ്ണുങ്ങളെയും ഇണയാക്കുന്നു. അതുപോലെ തന്നെ സഹോദരന്റെ വിധവയെ വിവാഹം കഴിക്കുകയും ചെയ്യുന്നു- ഇന്ത്യയൊട്ടാകെ ഈ വിവാഹമുറകള്‍ നടപ്പിലുണ്ട്.
ഇവിടത്തെപറ്റി കൂടുതലൊന്നും പറയാനില്ല, ഇനി നമുക്ക് കൊമരി എന്ന രാജ്യത്തേക്കു കടക്കാം.
(മാര്‍ക്കോ പോളോയുടെ യാത്രകള്‍- സമ്പൂര്‍ണ്ണ ഗ്രന്ഥം യൂള്‍ കോര്‍ഡിയര്‍ എഡിഷന്‍, രണ്ടാം വാല്യം അദ്ധ്യായം ഇരുപത്തിരണ്ട്. ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം ഞാന്‍ ചെയ്തത്)
വിശദീകരണക്കുറിപ്പ്:
മാര്‍ക്കോ പോളോ ല്‍ ചൈനീസ് ചക്രവര്‍ത്തി കുബ്ലേ ഖാന്റെ ഔദ്യോഗിക യാത്രികനായി ഇന്ത്യയില്‍ സഞ്ചരിച്ചു വരവേ ക്രി വ. 1275ല്‍ കൊല്ലം സന്ദര്‍ശിച്ചു. അദ്ദേഹം മബാര്‍ (മലബാര്‍) രാജ്യത്തു നിന്നും കൊമരി (കന്യാകുമാരി) രാജ്യത്തേക്ക് പോകവേ ആണ് കൊല്ലത്തെത്തിയത്. അദ്ദേഹം ഉണ്ടെന്ന് പറയുന്ന കറുത്ത സിംഹം കരിമ്പുലി ആയിരിക്കാനാണു സാദ്ധ്യത. അതുപോലെ തന്നെ നീലത്തത്തകള്‍ ഒരുപക്ഷേ നീല്‍ഗിരി ഫ്ലൈ ക്യാച്ചറോ ബ്ലൂ വിങ്ഡ് പാരകീറ്റോ ആയിരിക്കണം. അദ്ദേഹം പറയുന്ന ലെവന്ത് മെസപ്പട്ടേമിയയ്ക്കടുത്തുള്ള ഒരു നാടായിരുന്നു, മാന്‍സി എവിടെയെന്ന് മനസ്സിലായില്ല, സൈബീരിയന്‍ മാന്‍സി ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം)
Wednesday, August 22, 2007
Subscribe to:
Post Comments (Atom)
17 comments:
ദേവേട്ടാ അത്ഭുദം തോന്നുന്നു നമ്മുടെ നാടിന്റെ കാര്യമാണ് ഈ എഴുതി വച്ചിരിക്കുന്നതെന്നു വിശ്വസിക്കാന്‍ പോലും പ്രയാസം:)
ആ പുസ്തകത്തിന്റെ പരിഭാഷ എങ്കില്‍ മൊത്തമായി അങ്ങ് ചെയ്തൂടേ?
ഇന്ന് ദേവേട്ടനെ അന്വേഷിച്ച് ഓരോരോ ബ്ലൊഗായി തുറന്നത് വെറുതെയായില്ല...
സ്വന്തമായ ഭാഷ..? കൊല്ലത്തിന് മലബാറിനും കുമരിയ്ക്കുമില്ലാത്ത വേറൊരു ഭാഷ സ്വന്തമായുണ്ടായിരുന്നെന്നോ?
732 വര്‍ഷത്തിനു മുന്നെ . എന്‍റെ പൊന്നെ കൊല്ലം കണ്ടവനില്ലം വേണ്ടെന്നു് അന്നു തന്നെ മാര്‍ക്കോ പോളോ മനസ്സിലെഴുതിയിരിക്കാം.
കൊല്ലത്തിനൊരു ഭാഷയുണ്ടായിരുന്നെന്നോ. ശ്രീ.ദേവന്‍പിള്ളെ വിവര്‍ത്തനങ്ങള്‍ തുടരട്ടെ.:)
വാസ്‌കൊ ഡ ഗാമ കോഴിക്കോട്ടും സാമൂതിരിയെയും സന്ദര്‍ശിച്ചതിന്റെ ഒരു വിചിത്രവിശേഷങ്ങളുള്‍ക്കൊള്ളുന്ന വിവരണം വായിച്ചിരുന്നു. അതുപോലെതന്നെ ഇതും വളരെ മനോഹരവും അറിവുപകരുന്നതും. നന്ദി!
ദേവേട്ടാ ഇറ്റാലിയന്‍ വേര്‍ഷനില്‍ (1912) ആ മാന്‍സിയെ സംബന്ദ്ധിച്ച ഭാഗം mercanti vengono da Magi e d'Arabia e Levante (merchants come from Magi and Arabia and Levante) എന്നാണ്. I guess the connection is obvious to you. Magi were the inhabitants of Persia. (Magus -pl. magii- is the Latin word for that sect; the name is unchanged in almost all the European languages) It could be thus Persia Arabia and Levante.
I will come back with more info. Interstingly the Italian version (original) seems to be shorter than the English translation when it comes to Pepper and all. If you permit me I can give you a full transl. of the concerned Italian text.
ഇറ്റാലിയന്‍ റ്റെക്സ്റ്റ് ഓണ്‍ലൈനില്‍ ഉണ്ട് പഴയ എഡിഷന്റെ scans.
ദേവന്‍
മാര്‍ക്കോ പോളോയെ കുറിച്ചു വിക്കിയില്‍ പറഞ്ഞിരിയ്ക്കുന്നത്.
അദ്ദേഹത്തിന്റെ ആദ്യ യാത്രാവിവരണം ആദ്യം എഴുതിയത് സ്വയം സംസാരിയ്ക്കാനറിഞ്ഞുകൂടാത്ത പഴയ ഫ്രഞ്ചില്‍. ഇതിന്റെ ആദ്യ രൂപം നഷ്ടപ്പെട്ടു,ഇപ്പോല്‍ പരസ്പര വിരുദ്ധങ്ങളായ അതിന്റെ പരിഭാഷകള്‍ പുറത്തു വരുന്നു.
യാത്രാവിവരണത്തിന്റെ രാണ്ടാം വേര്‍ഷന്‍ എഴുതി ലാറ്റിനില്‍, അതും നഷ്ടമായി. നഷ്ടമാകുന്നതിനു മുന്‍പ് ഇറ്റാലിയനിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. ഇറ്റാലിയനില്‍ നിന്നു വീണ്ടും ലാറ്റിനിലേക്കു പരിഭാഷപ്പെടുത്തി.ഈ പരിഭാഷളില്‍ പരസ്പര വിരുദ്ധങ്ങളായ വിവരങ്ങള്‍ അടങ്ങിയിരിയ്ക്കുന്നു.
'His book, Il Milione (the title comes from either "The Million", then considered an extremely big number, or from Polo's family nickname Emilione), was written in Old French, a language Polo didnt speak, and entitled Le divisament dou monde ("The description of the world"). The book was soon translated into many European languages and is known in English as The Travels of Marco Polo. The original is lost and there are now several often-conflicting versions of the translations. The book became an instant success — quite an achievement in a time when printing was not known in Europe.
Between 1310 and 1320, he wrote a new version of his book, Il Milione, in Italian. The text was lost, but not before a Franciscan friar, named Francesco Pipino, translated it into Latin. This Latin version was then translated back into the Italian, creating conflicts between different editions of the book.
ദേവേട്ടാ, കൌതുകകരം!
യ്യൊ!! ഞാന്‍ ആ ആദ്യവരിയില്‍ വേര്‍ഷനില്‍ എന്ന് എഴുതിയേക്കുന്നത് എഡിഷനില്‍ എന്ന് തിരുത്തിവായിക്കണേ. ഡാന്റെ ഒലിവിഏരി (Dante Olivieri) യുടെ എഡിഷന്‍. അതിന്റെ വര്‍ഷമാണ് കൊടുത്തേക്കുന്നത് !
എഡിഷന്റെ ചരിത്രം നോക്കുന്നുണ്ട്. വൈകാതെ ആഡാം.
1298-ല്‍ നടന്ന കൊര്‍സ്യുലാ യുദ്ധത്തിനുശേഷം തടവില്‍ കഴിയുന്ന കാലത്ത് പുരാതന ഗാളിയയിലെ ഭാഷ ആയിരുന്ന langue d'oïl( മാവേലി സൂചിപ്പിച്ചതു പോലെ ഇന്നത്തെ ഫ്രെഞ്ചിന്റെ പ്രധാന പൂര്‍വരൂപം) -ല്‍ പീസായിലെ റുസ്റ്റികെല്ലോ എന്ന പണ്ഡിതനായ സന്യാസിയെക്കൊണ്ട് പറഞ്ഞെഴുതിക്കുകയായിരുന്നു മാര്‍കോ തന്റെ യാത്രാവിവരണം. Le deuisament dou monde എന്നാണ് തലക്കെട്ടിന്റെ പൂര്‍ണരൂപം. (എ)മില്യോനെ എന്നത് പോളോ കുടുംബക്കാരെ വിളിച്ചിരുന്ന പേരാണ്. അതില്‍ നിന്നാവണം പൊതുവേ അറിയപ്പെടുന്ന തലക്കെട്ടുണ്ടായത്.
മാന്‍ജി (Mangi)എന്നാണ് (എന്റെ ആദ്യ കുറിപ്പില്‍ ഉള്ളതുപോലെ മജൈ (Magi)എന്നല്ല) ആ മാന്‍സി എന്ന വാക്ക് പോളോ ഉപയോഗിച്ചുകാണാന്‍ സാധ്യത. ഇറ്റാലിയനില്‍ ഇപ്പോളുള്ള പൊതു റ്റെക്സ്റ്റില്‍ 176 ആം അധ്യായത്തിലും 178 ആം അധ്യായത്തിലും Magi എന്നു ചേര്‍ത്തിരിക്കുന്നത് അക്ഷരത്തെറ്റായിരിക്കാനാണ് സാധ്യത. മാനുസ്ക്രിപ്റ്റ് അതുപോലെ ഒരു നോട്ട് പോലും ഇല്ലാതെ കയറ്റിവിട്ടു ദുഷ്ടന്മാര്‍.
ഈ Mangi യെക്കുറിച്ച് മില്യൊനെ 148-ആം അധ്യായത്തില്‍ പോളോ സംസാരിക്കുന്നുണ്ട്. വിശദമായി. ആ ലൊക്ക എവിടെയാണെന്ന് ഒന്നു കണ്ടു പിടിക്കാന്‍ ശ്രമിക്കൂ. എനിക്ക് മനസ്സിലാക്കാന്‍ ഒരുപാട് പ്രയാസമുള്ള പഴയ ഇറ്റാലിയനില്‍ ആണ് റ്റെക്സ്റ്റ്. ദേവേട്ടന്റെ കയ്യിലുള്ള എഡിഷ്നില്‍ നോട്ട്സ് ഉണ്ടെങ്കില്‍ 148 ആം അധ്യായം നോക്കണേ. ഞാനും ശ്രമിക്കാം.
മംഗോള്‍സ് ആണെന്നാ തോന്നുന്നത്. പക്ഷെ എന്റെ ആ ഊഹം 135-ആം അധ്യായത്തില്‍ (നംബര്‍ വ്യത്യാസമുണ്ട് എഡിഷന്‍ മാറുംതോറും) മഹാനായ ഖാന്‍ Mangi കളെ കീഴ്പെടുന്നിടത്ത് കുരുങ്ങിപ്പോകുന്നു. മുഴുവന്‍ വായിക്കാന്‍ സമയമില്ല. ഇംഗ്ലീഷ് എഡിഷന്‍ കയ്യിലുള്ളവര്‍ക്ക് മൈക്ക് കൈമാറുന്നു. ഇ-റ്റെക്സ്റ്റ് ഉണ്ടെങ്കില്‍ ലിങ്കുകൂടി തരൂ. :)
ദേവേട്ടന്‍,
മാര്‍ക്കോപ്പോളോ കേരളത്തില്‍ സഞ്ചരിക്കുംബോള്‍ കണ്ട ഒരു കഴ്ച്ച വിവരിക്കുന്നത് ഓര്‍ക്കുന്നു. എവിടെയാണെന്ന് ഓര്‍മ്മയില്ല.
വട്ടത്തിലാക്കുക എന്നൊരു പ്രയോഗമുണ്ടല്ലോ, അതിന്റെ ഉല്‍പത്തിയുള്ള ഒരു സംബ്രദായം അന്നു കേരളത്തിലുണ്ടായിരുന്നത്രെ. കടം വാങ്ങിയ ആളെ കടം തിരിച്ചടക്കാന്‍ നിര്‍ബന്ധിക്കുന്നതിനായി കടംവാങ്ങിയ ആള്‍ക്കുചുറ്റും ഒരു വൃത്തം(വട്ടം)വരക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നത്രേ. ആ വട്ടം മുറിച്ചുകടക്കാന്‍ ആരും അന്നു ദൈര്യപ്പെട്ടിരുന്നില്ലെന്നും പറയുന്നു. (ബുദ്ധധര്‍മ്മത്തിന്റെ ചിഹ്നമായിരുന്നു വട്ടം)
ഈ വസ്തുത താങ്കളുടെ പുസ്തകത്തില്‍ എവിടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ റഫറന്‍സ് പേജ് ഏതാണെന്ന് അറിയിക്കുമല്ലോ.
ദേവേട്ടാ, ഇതില്‍ ചര്‍ച്ച നടക്കുകയാണെങ്കില്‍ ഒരടിക്കുള്ള സ്കോപ്പും കൊണ്ട് ഞാന്‍ വരാം നാളെ.
ഇപ്പം പാതിരയായി ഇവിടെ! :)
മാര്‍ക്കോ പോളോയുടെ യാത്രകള്‍ വോള്യം രണ്ട് ഗുട്ടന്‍ബെര്‍ഗ് . ഓര്‍ഗില്‍ നിന്നും ഡൗണ്‍ ലോഡാം ഒന്നാമത്തെ അദ്ധ്യായവും അവിടെ തന്നെ കിടപ്പുണ്ട്.
സാജാ,
പുസ്തകത്തിന്റെ വലിപ്പം കണ്ടില്ലേ? മൊത്തമായി പരിഭാഷപ്പെടുത്തണമെങ്കില്‍ വെള്ളായണി അര്‍ജ്ജൂനനും എം എന്‍ സത്യാര്‍ത്ഥിയും ഒക്കെ അടങ്ങുന്ന ഒരു പാനല്‍ തന്നെ വേണ്ടി വരും. എന്റെ കുയില്‍ ബോഡി താങ്ങൂല്ലാ അത്രയും വെയിറ്റ് :)
അംബീ,
പുള്ളി മലയാളം ആദ്യമായി കേട്ടത് കൊല്ലത്തായിരിക്കുമെന്നേ.
വേണുമാഷേ, നുമ്മക്ക് പഴേ സുലൈമാനും മസൂദിയുമൊക്കെ വന്നു പോയപ്പോള്‍ എന്തെങ്കിലും കൊല്ലത്തെ കുറിച്ചു പറഞിട്ടുണ്ടോന്നു തപ്പാം.
ഡീപ്പ്ഡൗണ്‍,
ഞാന്‍ പണ്ട് കലാകൗമുദിയില്‍ അതിന്റെ ചിലഭാഗങ്ങള്‍ വായിച്ചിട്ടുണ്ടായിരുന്നു. ചിത്രങ്ങളും ചിലത് കണ്ടു. ഓര്‍മ്മിപ്പിച്ചതില്‍ സന്തോഷം.
മനൂ,
നോട്ട്സ് അടക്കമുള്ള ബൃഹദ്ഗ്രന്ഥമാണു ഗുട്ടന്‍ബെര്‍ഗില്‍ . ടെക്സ്റ്റിന്റെ അമ്പതിരട്ടി നോട്ട്സ് (എക്സാജെറേഷന്‍ മാപ്പ്) ഉള്ളതുകൊണ്ട് നോട്ടു വായിച്ചില്ല മൊത്തം. അങ്ങോരു manzi എന്നെഴുതിയപ്പോ പഴേ രാജ്യങ്ങളുടെ മാപ്പ് തപ്പി തപ്പി പ്രാന്തായതായിരുന്നു. സ്ഥലം കണ്ടുപിടിച്ചു തന്നതിനു നന്ദി. വിശകലനങ്ങള്‍ക്ക് അഡീഷണല്‍ നന്ദി.
മാവേലി,
വേര്‍ഷന്‍ ഡിഫറന്‍സിനെപ്പറ്റി വിക്കിയിലെ ലേഖനം ചൂണ്ടിക്കാട്ടിയതിനു നന്ദി. അതു വായിച്ചാല്‍ പക്ഷേ ഒരു കണ്‍ക്ലൂഷനില്‍ എത്താന്‍ ബുദ്ധിമുട്ടാണല്ലോ? മാര്‍ക്കോപ്പോളോയുടെ യാത്രാവിവരണങ്ങള്‍ ആദ്യ എഴുത്ത് എങ്ങനെ പുരാതന ഫ്രെഞ്ചിലായെന്ന് മനു വിശദീകരിച്ചല്ലോ. കുബ്ലേ ഖാന്റെ പ്രതിനിധി ആയി പോയ അദ്ദേഹം തിരിച്ചു വന്ന് ചക്രവര്‍ത്തിക്കു സമര്‍പ്പിച്ച ആ വേര്‍ഷന്‍ അല്ലേ ഒഫ്ഫീഷ്യല്‍ റിപ്പോര്‍ട്ട്?
വേര്‍ഷന്‍ പ്രശ്നത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഇവിടെയുണ്ട്
എണ്‍പത്തഞ്ചു തരം മാനുസ്ക്രിപ്റ്റ് കണ്ടെത്തിയിട്ടുണ്ട് ഈ സംഭവത്തിന്റെ എന്ന് ഇവിടെ പറയുന്നു. തിരിച്ചു നാട്ടില്‍ വന്ന ശേഷം മാര്‍ക്കോ ലത്തീനില്‍ എഴുതി തുടങ്ങിയത് മാത്രമല്ല പ്രശ്നം, പലരും ചുരുക്കുകയും ഒക്കെ ചെയ്ത് "പത്രം മൂന്നു പകര്‍ത്തിയപ്പോള്‍ മുഹൂര്‍ത്തം മൂത്രമായിട്ടുമുണ്ട് " ഞാന്‍ മാന്‍സി തിരക്കി പോയതും മനു ഇറ്റാലിയന്‍ വേര്‍ഷനില്‍ കണ്ടെത്തിയതും കണ്ടില്ലേ?
അവസാനം ഇറങ്ങിയതും എല്ലാ വേര്‍ഷനുകളും തമ്മില്‍ നോട്ട്‌സ് വഴി ബ്രിഡ്ജ് ചെയ്യപ്പെട്ടതും, ഓരോ വേര്‍ഷനും തമ്മില്‍ എങ്ങനെ വത്യാസമുണ്ടായി എന്നത് വിശകലനം ചെയ്യുന്നതും ഏറ്റവും കൂടുതല്‍ പഠനത്തിനു ശേഷം പുറത്തിറങ്ങിയതും ഏറ്റവും പ്രചാരത്തിലുള്ളതും ആധികാരികമെന്ന് എനിക്കു തോന്നിയതും സര്‍ യൂള്‍ ആന്‍ഡ് കോര്‍ഡിയര്‍ എഡിഷന്‍ ആയതുകൊണ്ടാണ് അതില്‍ നിന്നും വിവര്‍ത്തനം ചെയ്തതു. ഒന്നാം വോളിയം മുഖവുരയില്‍ (http://www.gutenberg.org/files/10636/10636-8.txt) യൂള്‍ ഇങ്ങനെ പറയുന്നു " വേര്‍ഷനുകളെ പ്രധാനമായും ഇങ്ങനെ തിരിച്ച് വിശലനം ചെയ്യാം, (പല രാജ്യങ്ങളില്‍ നിന്നും കിട്ടിയ പുരാതന പരിഭാഷകള്‍, മൂലരചന എന്നവകാശപ്പെടുന്ന പോത്തിയേറുടെ ഫ്രെഞ്ച് സ്ക്രിപ്റ്റ്, പിപിനോയുടെ കൈവശമുള്ള ലത്തീന്‍ ടെക്സ്റ്റ്, റാമുസ്സിയോ (അങ്ങനെ തന്നെ?) ഇറക്കിയ ഇറ്റാലിയന്‍ ടെക്സ്റ്റ്, ... ഇവ ഓരോന്നും എന്തുദ്ദേശത്തില്‍ എഴുതി അല്ലെങ്കില്‍ വിവര്‍ത്തനം ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ വിശകലം ചെയ്ത് കൂട്ടിച്ചേര്‍ത്തിരിക്കുന്നു...."
കലേഷേ, നന്ദി.
മുത്തപ്പാ, പുസ്തകം നോട്സ് അടക്കം മുകളില്‍ ലിങ്ക് ചെയ്തിട്ടുണ്ടേ, ബുദ്ധമതാചാരങ്ങളെ കുറിച്ച് പല സ്ഥലങ്ങളില്‍ പരാമര്‍ശമുണ്ട്, ഒന്നു നോക്കിക്കോളൂ, ഞാനും നോക്കാം, എന്തെങ്കിലും കണ്ടാല്‍ ഒരു കമന്റായി ഇവിടെയിടണേ, ഞാന്‍ കണ്ടാല്‍ ഞാനും ഇടാം.
സതീഷേ,
പിന്നില്ലേ. മൊത്തത്തില്‍ ഈ പുസ്തകം വിവാദമാണ്. തലക്കെട്ടില്‍ തന്നെ പ്രശ്നം "മാര്‍ക്കോ പോളോ ചെയ്ത യാത്രകള്‍" അതായത് മാര്‍ക്ക് ആണോ അതോ പോള്‍ ആണോ യാത്ര ചെയ്തതെന്നു പോലും നിശ്ചയമില്ല!!
ദേവേട്ടാ മുഴുവന്‍ വേണ്ട. ഇന്ത്യയുമായി നേരിട്ടു ബന്ധമുള്ള ഭാഗം ഒന്നു പയറ്റി നോക്കിയാലോ. പുതിയൊരു പേജ് തുടങ്ങുക. ഏറിയാ സജെസ്റ്റ് ചെയ്ത് ഗ്രൂപ്പായിട്ട് വര്‍ക്കുക. ഒരങ്കത്തിനു ഞാന്‍ തയ്യാര്‍: ഫ്രെഞ്ച് ഒന്നു പയറ്റിനോക്കാതയ്യാറുള്ളവര്‍ ഉണ്ടെങ്കില്‍ കുശാല്‍. ഇറ്റാലിയനുമായി ഒത്തുനോക്കി കൊളമാക്കുന്ന കാര്യം ഞാന്‍ ഏറ്റു. നമുക്ക് എന്നിട്ട് വിക്കി പേജിലേക്ക് സംഗതി മാറ്റാം. എപ്പടി ?
ദേവേട്ടന്‍ തന്ന് ലിങ്ക് തുറന്ന് ചാപ്റ്റര്‍ XVII (cont. on Maabar) വായിച്ചാല്‍ മുത്തപ്പന്റെ മുത്ത് കിട്ടും. ഇങ്ങനെ :
“[They have the following rule about debts. If a debtor shall have been
several times asked by his creditor for payment, and shall have put him
off from day to day with promises, then if the creditor can once meet the
debtor and succeed in drawing a circle round him, the latter must not pass
out of this circle until he shall have satisfied the claim, or given
security for its discharge. If he in any other case presume to pass the
circle he is punished with death as a transgressor against right and
justice. And the said Messer Marco, when in this kingdom on his return
home, did himself witness a case of this. It was the King, who owed a
foreign merchant a certain sum of money, and though the claim had often
been presented, he always put it off with promises. Now, one day when the
King was riding through the city, the merchant found his opportunity, and
drew a circle round both King and horse. The King, on seeing this, halted,
and would ride no further; nor did he stir from the spot until the
merchant was satisfied. And when the bystanders saw this they marvelled
greatly, saying that the King was a most just King indeed, having thus
submitted to justice.”
ദേവേട്ടാ കൊല്ലം കാരുടെ എണ്ണം കുറയുന്നോ...
ലിസ്റ്റില്‍ ഇപ്പോള്‍ കുറെപ്പേരെ കാണാനില്ലാ....
ദയവായി ഈ പോസ്റ്റിന്റെ ഉള്ളടക്കം സ്വതന്ത്രമാക്കാമോ? മലയാളം വിക്കിപീഡിയയിൽ കൊല്ലത്തെപ്പറ്റിയുള്ള ലേഖനത്തിൽ താങ്കൾ പരിഭാഷപ്പെടുത്തിയ മാർക്കോ പോളോയുടെ ഈ വിവരണം ചേർക്കുന്നതിൽ വിരോധമില്ലെന്ന് കരുതിക്കോട്ടെ.
സസ്നേഹം,
അഖിൽ
Post a Comment