Sunday, February 04, 2007

ചരിത്രത്തിന്റെ നാള്‍വഴിപ്പുസ്തകത്തില്‍ നിന്ന് - 1

അറബികളുടെയും ഈഴവരുടെയും അന്താരാഷ്ട്ര വാണിജ്യത്തിന്റെ
അന്ത്യകാലവും പോര്‍ച്ചുഗീസ്‌ ആധിപത്യവും.


അള്‍മൈദ കൊല്ലത്തേക്ക്‌ നിയോഗിച്ച ഹൊമാന്‍ കപ്പിത്താന്‍ അറവി പടകുകളുടെ പായും ചുക്കാനും എല്ലാം വാങ്ങിച്ചു പാണ്ടികശാലയില്‍ വച്ച്‌ ഓടിപ്പോയ പ്രകാരം പറഞ്ഞുവല്ലൊ ആ അപമാനം മാപ്പിള്ളമാര്‍ സഹിയാഞ്ഞു അങ്ങാടിയിലും പള്ളിയിലും ജനങ്ങളെ ഇളക്കിച്ചപ്പോള്‍, രാജാവിന്റെ മന്ത്രികളെ ചെന്നു കണ്ടു "ഇതു ഞങ്ങള്‍ക്കല്ല കുറവാകുന്നതു, വേണാട്ടടികള്‍ക്കു പരദേശികളെ രക്ഷിപ്പാന്‍ മനസ്സും പ്രാപ്തിയുമില്ലാതെ വന്നുപോയതുപ്രകാരം ലോകര്‍ പറയുമല്ലൊ എന്നാല്‍ ഇനിയു ഇവിടെ കച്ചവടം ചെയ്‌വാന്‍ ആര്‍ തുനിയും" എന്നും മറ്റും മുറയിട്ടു സങ്കടം ബോധിപ്പിച്ചു. അതുകൊണ്ട്‌ ഒരു മന്ത്രി പാണ്ടികശാലയില്‍ ചെന്ന് ദസാവെ കണ്ടു "കപ്പിത്താന്‍ എടുപ്പിച്ചത്‌ ഉടനെ ഏല്‍പ്പിക്കേണം" എന്ന രാജാവിന്‍ കല്‍പ്പന അറിയിച്ചു. ദസാ മുന്‍പെ വിനയമുള്ളവന്‍ എങ്കിലും അള്‍മൈദയുടെ വരവു വിചാരിച്ചു ഞെളിഞ്ഞു വായിഷ്ഠാനം തുടങ്ങി മന്ത്രിയോടു പിണങ്ങി അടിയും കൂടിയപ്പോള്‍, ചോനകരും നായന്മാരും വാള്‍ ഊരി വെട്ടുവാന്‍ ഒരുമ്പെട്ടു; ഉടനേ ദസാ 12 പറങ്കികളോടും കൂടെ ആയുധങ്ങളെ എടുത്തു ഭഗവതിക്ഷേത്രത്തിലേക്ക്‌ മണ്ടിക്കയറി കുറെ നേരം തടുത്തു നിന്നശേഷം കൊല്ലക്കാര്‍ വിറകു ചുറ്റും കുന്നിച്ചു തീ കൊളുത്തുകയാല്‍ 13 പോര്‍ത്തുഗീസുകാരും ദഹിച്ചു മരിക്കുകയും ചെയ്തു.

അന്ന് തുറമുഖത്ത്‌ ഒരു ചെറിയ പറങ്കിക്കപ്പല്‍ ഉണ്ടു. അതിലുള്ള കപ്പിത്താന്‍ വിവരം അറിഞ്ഞപ്പോള്‍, ചില പടകുകളെ തീ കൊടുത്തു നശിപ്പിച്ചു മടിയാതെ കൊച്ചിക്ക്‌ ഓടുകയും ചെയ്തു (1505 അക്ത. 31)

ആ തൂക്കില്‍ എത്തിയ നേരം തന്നെ കണ്ണന്നൂരില്‍ നിന്നും അള്‍മൈദ കപ്പല്‍ ബലത്തോടും കൂട വന്നു ചേര്‍ന്നു.ആയവന്‍ കൊല്ലത്തെ വൃത്താന്തം കേട്ടാറെ, താമസം കൂടാതെ പുത്രനായ ലോരഞ്ചെ നിയോഗിച്ചയച്ചു. അവന്‍ കൊല്ലത്തിന്റെ നേരേ വന്നു, അവിടെ കണ്ട 27 പടകുകളെ വെടിവച്ചു ഭസ്മമാക്കി മുഴുകിക്കയും ചെയ്തു.

അതിനു ശേഷം ലോരഞ്ചെ അള്‍മൈദ മാലിലെ ദ്വീപുകളോളം ഓടി അറവിക്കപ്പലുകളെ പിടിപ്പാന്‍ നോക്കുന്നേരം വെള്ളത്തിന്റെ വേഗതയാല്‍ സിംഹള ദ്വീപിനു അണഞ്ഞു.

നല്ല കറുപ്പ്‌ പണ്ടെ തന്നെ മുളച്ചുണ്ടാകുന്ന ഭൂമി പറങ്കികള്‍ വന്നകാലം 6 രാജാക്കന്മാരും രാജധാനികളും ഉണ്ടെന്നു കേട്ടു. കൊളമ്പിലെ രാജാവെ കണ്ടപ്പോള്‍ അവന്‍ സന്തോഷിച്ചു. "ചോനകരുടെ കപ്പലോട്ടത്തിനു ഭംഗം വരുത്തിയാല്‍ കൊള്ളാം" എന്നു പറഞ്ഞു പോര്‍ത്തുഗലെ തനിക്കു നിഴലാക്കാന്‍ ആഗ്രഹിച്ചു "ആണ്ടുതോറും 5000 കണ്ടി കറുപ്പ്‌ കപ്പം തരാം" എന്നു കയ്യേറ്റു സത്യം ചെയ്തു. അനന്തരം ആ ശീതകാലം മുഴുവന്‍ റൊന്തയായി കടല്‍ സഞ്ചരിച്ചു കൊല്ലത്തെ കലഹത്തില്‍ കൂടിയ ചോനകര്‍ പിരിഞ്ചത്തില്‍ ഉണ്ടെന്നു കേട്ടു ആ ഊരെ ഭസ്മമാക്കി കന്യാകുമാരി മുതല്‍ കണ്ണന്നൂര്‍ വരെ മലയാളത്തിലെ മാപ്പിള്ളമാര്‍ക്ക്‌ കടല്‍ക്കച്ചവടത്തെ മുടക്കിക്കൊണ്ടിരുന്നു.
(ഡാക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമ എന്ന പുസ്തകത്തിലെ ഒരദ്ധ്യായം)

7 comments:

ദേവന്‍ said...

ആ തൂക്കില്‍ എത്തിയ നേരം തന്നെ കണ്ണന്നൂരില്‍ നിന്നും അള്‍മൈദ കപ്പല്‍ ബലത്തോടും കൂട വന്നു ചേര്‍ന്നു.ആയവന്‍ കൊല്ലത്തെ വൃത്താന്തം കേട്ടാറെ, താമസം കൂടാതെ പുത്രനായ ലോരഞ്ചെ നിയോഗിച്ചയച്ചു. അവന്‍ കൊല്ലത്തിന്റെ നേരേ വന്നു, അവിടെ കണ്ട 27 പടകുകളെ വെടിവച്ചു ഭസ്മമാക്കി മുഴുകിക്കയും ചെയ്തു.

അലിഫ് /alif said...

ചരിത്ര പുസ്തകവായന ഒരു രസം തന്നെയാണ്‌; ഒപ്പം ഭാഷയുടേയും പ്രയോഗങ്ങളുടേയും ചരിത്രം കൂടിയാവുമ്പോള്‍ പ്രത്യേകിച്ചും.

1501 ലാണെന്ന് തോന്നുന്നു പോര്‍ച്ചുഗീസുകാര്‍ ആദ്യമായി കൊല്ലത്ത്‌ എത്തുന്നത്‌. കൊല്ലം റാണിയുടെ ക്ഷണപ്രകാരമെത്തിയ നാവികന്‍ കബ്രാളും (?) സംഘവും. 1502 ല്‍ വാസ്കോഡ ഗാമ കേരളം സന്ദര്‍ശിച്ച അവസരത്തില്‍ കൊല്ലത്തേക്ക്‌ കൂടുതല്‍ കപ്പലുകള്‍ അയച്ച്‌ സൗഹൃദം പുലര്‍ത്തിയിരുന്നുവത്രേ. പിന്നീടാണ്‌, ഇവിടുത്തെ വിഭവങ്ങളിലും, കച്ചവടത്തിലും കണ്ണ്‍ വെച്ച പറങ്കികള്‍ അറബികളുടെയും ഈഴവരുടെയും കച്ചവടബന്ധങ്ങള്‍ തകര്‍ക്കുന്ന തരത്തില്‍ അക്രമം അഴിച്ച്‌ വിടുകയും ഈ കുറിപ്പിന്റെ ആദ്യഭാഗത്ത്‌ പരാമര്‍ശിക്കുന്ന സംഭവമുണ്ടാകുകയും ചെയ്തത്‌.
പറങ്കികളുടെ തേവലക്കര ക്ഷേത്രം കൊള്ളയടിയും ഇതില്‍ പറയുന്ന ഭഗവതി ക്ഷേത്ര സംഭവുമായി ബന്ധമുണ്ടോ..?

കൊല്ലത്തെ ജനങ്ങള്‍ സായുധരായി പോര്‍ട്ട്ഗീസ്‌കാരെ ചെറുത്തതും കോട്ട ഉപരോധിച്ചതുമൊക്കെ വൈദേശികാക്രമണ സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളാണ്‌. പിന്നീട്‌ ഡച്ചുകാര്‍ കൊല്ലത്ത്‌ ആധിപത്യമുറപ്പിക്കും വരെ പോര്‍ട്ട്ഗീസുകാരുടെ അഴിഞ്ഞാട്ടമായിരുന്ന് വെന്ന് ചരിത്ര പുസ്തകങ്ങള്‍.

ചരിത്രത്തിന്റെ നാള്‍വഴിപുസ്തകങ്ങള്‍ ഇനിയും തുറക്കൂ ..

ആശംസകള്‍.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വളരെ നല്ല കാര്യം, ദേവാ.
നാട്ടിലെത്തിയതിന്റെ ഫലം ഇങ്ങനെയൊക്കെ ആവട്ടെ. ചരിത്രം പലര്‍ക്കും 'കയ്ക്കുന്ന' വസ്തുവാണെങ്കിലും നമ്മള്‍ ഇതൊക്കെ പറയാന്‍ നിയുക്തരാണ്‌. അല്ലേ?

ദേവന്‍ said...

അലീഫേ, തേവലക്കര ക്ഷേത്രം കൊള്ളയടിക്കാന്‍ പടയെടുത്തുതതും നല്ല ഉശിരുള്ള കൊല്ലക്കാരുടെ കയ്യീന്നു കുമ്മന്‍ ഇടിയും വെട്ടും കൊണ്ട് തിരിച്ചോടിയതും ഡച്ചുകാര്‍ അല്ലേ? (ഉറപ്പില്ല, ആണോ എന്നു ചോദിച്ചതാണ്)

ദേവന്‍ said...

അനിയന്‍സേ, അലീഫേ, അംബീ, ശിശുവേ, മൈനാഗാ, അപരാജിതാ, ഡാലീ, പോള്‍ & കലേ,

ഒരു നാട്ടുകാരന്‍ കൂടി ഇവിടേക്കു കയറി വരുന്നുണ്ട്‌, സാജന്‍ . കൊല്ലത്തുകാരനായ സാജന്‍ ഇപ്പോള്‍ ഭാര്യയും മക്കളുമൊത്ത്‌ സിഡ്‌നിയിലാണ്‌. നാട്ടില്‍ വീട്‌ പട്ടാഴിയിലാണ്‌, നമുക്ക്‌ പട്ടാഴി വെടിക്കെട്ട്‌ പോലത്തെ വെടിക്കെട്ട്‌ പോസ്റ്റുകള്‍ സാജനില്‍ നിന്നു പ്രതീക്ഷിക്കാം!

ദേവന്‍ said...

അയ്യോ, നേരത്തേ വിളിച്ച വിളിക്ക് പോസ്റ്റ് സ്ക്രിപ്റ്റ് ഉണ്ടേ, വേണുമാഷിനെ വിട്ടുപോയി!

കാളിയമ്പി said...

ഞാനടിച്ചുപോവാറായി..ആകെയൊരു പെരുപ്പ് ..ഇതെന്ത് സാധനമാണോ ദേവേട്ടാ..

എന്തായാലും സാജനണ്ണന്റെ സ്ഥലം വരെയൊന്ന് പോയി നോക്കട്ടേ..കായ്ഫലമുള്ള തെങ്ങുകള്‍ വല്ലോമുണ്ടേലോ..:)