Saturday, January 13, 2007

തേവള്ളി കൊട്ടാരം


കൊല്ലം നഗരത്തിന്റെ വാസ്തുശില്‍പ പൈതൃകത്തിന്റെ ഉത്തമ ഉദാഹരണ ങ്ങളിലൊന്നാണ്‌ തേവള്ളികൊട്ടാരം. അഷ്ടമുടിക്കായലിന്റെ മനോഹാരിത കൊണ്ട്‌ ആകര്‍ഷകമായ തേവള്ളി പ്രദേശത്തെ, ഒന്നുകൂടി പ്രശോഭിപ്പിക്കുന്നു, തിരുവിതാംകൂറിന്റെ അധികാര പരിധിയില്‍ പെട്ട പ്രധാനസ്ഥലങ്ങളെ ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായി 1840 ല്‍ പണികഴിപ്പിക്കപ്പെട്ട ഈ കൊട്ടാരം.

അക്കാലത്ത്‌ രാജകുടുംബാംഗങ്ങള്‍ അവധിക്കാലം ചിലവഴിക്കാനും ഒപ്പം അധികാരം നടത്താനും ഉപയോഗിച്ചിരുന്ന ഈ കൊട്ടാര സമുച്ചയത്തിന്‌ ഏതാണ്ട്‌ 63800 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്‌. രാജകൊട്ടാരം, അന്തപ്പുരം, ഊട്ടുപുര, ഒപ്പം വളരെയധികം ആകര്‍ഷകവും കൊത്തുപണി കളാലംകൃതമായ കായല്‍ കടവും. കായല്‍മുഖത്തുനിന്നുമാണ്‌ പ്രധാന പ്രവേശനമാര്‍ഗമെന്നതിനാല്‍ തന്നെ അഷ്ടമുടിയെ അഭിമുഖീകരിച്ചു നില്‍ക്കും വിധമാണ്‌ പ്രധാനകെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കാണാം.

കടവില്‍ നിന്നും മുകളിലേക്ക്‌ ആനയിക്കുന്ന പടികെട്ടുകള്‍ രണ്ടായി വഴിപിരിഞ്ഞ്‌ ഇടതുഭാഗത്ത്‌ പ്രാധാനകെട്ടിടമായ കൊട്ടാരത്തിലേക്കും, വലത്‌ ഭാഗത്തുകൂടിയുള്ളത്‌ ചൈനീസ്‌ വാസ്തുശില്‍പരീതിയുടെ സ്വാധീനം നിഴലിക്കുന്ന ഒരു മണ്ഡപത്തിലേക്കുമാണ്‌. രാജാവിന്റെ വാദ്യോപകരണ സംഘം ഉപയോഗിച്ചിരുന്ന ഈ മണ്ഡപത്തിന്റെ ശില്‍പവേലകളും ശ്രദ്ധേയം. പ്രാധാനകൊട്ടാരത്തിന്റെ രാജാവുപയോഗിച്ചിരുന്ന വിശാലമായ മുറി, നൃത്ത മണ്ഡപവുമായും ബന്ധപ്പെടുത്തിയിരിക്കുന്നു. ഇതിനോട്‌ ചേര്‍ന്നുള്ള ഏകദേശം 22മീറ്ററോളം ഉയരമുള്ള വലിയ ഗോപുരം വൃത്താകൃതിയിലുള്ള മരഗോവണിയെ ഉള്‍ക്കൊള്ളുന്നു.ഈ ഗോവണിയുടെ ചെമ്പ്‌ തകിടിനാല്‍ പൊതിഞ്ഞ കൈവരികള്‍ സാധാരണ കേരളീയ വാസ്തുരീതിയില്‍ കാണാത്ത തരമാണ്‌.

പ്രധാനകെട്ടിടത്തിന്റെ വരാന്തയിലുള്ള കമാനങ്ങളും ശില്‍പവേലകളും ചെങ്കല്ലില്‍ കടഞ്ഞെടുത്ത്‌ കുമ്മായചാന്തുപൂശിയ തൂണുകളും , ടെറാകോട്ടയില്‍ തീര്‍ത്ത കൈവരികളും ആകര്‍ഷകമാണ്‌. മുന്‍ഭാഗത്തുള്ള സൂചിസ്തംഭാകൃതിയിലുള്ള മേല്‍പ്പുരയുടെ കൊത്തുപണികളാലംകൃതമായ കഴുക്കോലുകള്‍, തച്ചുശാസ്ത്രവിദ്യയുടെ മഹത്വം സൂചിപ്പിക്കുമാറ്‌ ഒരൊറ്റ ബിന്ദുവിലേക്ക്‌ സംയോജിപ്പിച്ചിരിക്കുന്നു.

കൃത്യമായ അനുപാതവും, യോജിപ്പാര്‍ന്ന അളവുകളും, താളക്രമമുള്ള ഘടനയും തുലനാവസ്ഥയിലുള്ള ശൈലിയും പിന്തുടര്‍ന്നുള്ള രൂപകല്‍പ്പനയില്‍ കായലിന്റെ സാമീപ്യം വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. കായലില്‍ നിന്നുമുള്ള വീക്ഷണത്തിന്‌ മാറ്റ്‌ കൂട്ടുമാറ്‌ കായലിനഭിമുഖമായുള്ള വശങ്ങള്‍ ശില്‍പവേലയാല്‍ സമൃദ്ധമാക്കുന്നതിനും, ഒപ്പം കായലിലേക്കുള്ള നോട്ടത്തിനെന്നോണം ആ വശത്ത്‌ ജാലകങ്ങളുടെ നീണ്ടനിരയൊപ്പിക്കാനും വരാന്തകള്‍ വിന്യസിക്കുന്നതിനും ശ്രമിച്ചിരിക്കുന്നു.

പാരമ്പര്യ തച്ചുശാസ്ത്രത്തിനടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും വൈദേശിക രീതികള്‍ കടംകൊണ്ടിട്ടുമുണ്ട്‌, പക്ഷേ അവയുടെ ശരിയായ അളവിലുള്ള സമന്വയം തേവള്ളികൊട്ടാരത്തിന്‌ വ്യക്തവും വിരളവുമായ താളക്രമം പകര്‍ന്നുനല്‍കുന്നുമുണ്ട്‌.

കുറേക്കാലം ബ്രിട്ടീഷ്‌ അധികാരികളുടെ അതിഥിമന്ദിരാമായൊക്കെ ഉപയോഗിച്ചിരുന്ന കൊട്ടാരം ഇപ്പോള്‍ എന്‍.സി.സി യുടെ ഡിവിഷണല്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ ആയി ഉപയോഗിച്ച്‌ വരുന്നു. ഇതിലേക്കായി കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരകൊണ്ട്‌ ചില കൂട്ടിയോജിപ്പിക്കല്‍ ഒക്കെ നടത്തിയിരിക്കുന്നത്‌ ആകയുള്ള രൂപഭംഗിക്ക്‌ അല്‍പമെങ്കിലും കോട്ടമായിട്ടുണ്ട്‌, അതുപോലെ തന്നെ സംരക്ഷണ ത്തിനെന്നോണം വാദ്യ മണ്ഡപത്തിനുമുകളില്‍ തകര ഷീറ്റിട്ടിരിക്കുന്നത്‌ കണ്ണിലെ കരടാവുന്നു.
മറഞ്ഞ്‌ പോയൊരു കാലഘട്ടത്തിന്റെ പ്രൗഢിയുടെ അവസാന കണ്ണികളിലൊന്നായ കൊട്ടാരകെട്ടും പരിസരവും കൂടുതല്‍ സംരക്ഷണമര്‍ഹിക്കുന്നു.

ഫോട്ടോ: കണ്ണന്‍ ഷണ്മുഖം

7 comments:

അലിഫ് /alif said...

കൊല്ലം നഗരത്തിന്റെ വാസ്തുശില്‍പ പൈതൃകത്തിന്റെ കണ്ണികളിലൊന്നായ തേവള്ളികൊട്ടാര ത്തെ കുറിച്ചൊരു കുറിപ്പ്
-അലിഫ്

Anonymous said...

കൊല്ലത്തുകാരാ...ഇതുപോലുള്ള ശ്രമങ്ങള്‍ ഇനിയുമുണ്ടാകട്ടെ...നാമും ഒരു കൊല്ലത്തുകാരന്‍ തന്നെ കേട്ടോ.

വേണു venu said...

ചിത്രത്തില്‍ നോക്കിയ എനിക്കു ചുറ്റും പഴയ ഓര്‍മ്മകള്‍.ലേഖനം നന്നായി. ചുരുങ്ങിയ വാക്കുകളില്‍ കൊട്ടാരത്തിനെക്കുറിച്ചു് മനോഹരമായി എഴുതിയിരിക്കുന്നു.

ദേവന്‍ said...

അലിഫേ,
പോസ്റ്റുകള്‍ ഇരുത്തി വായിച്ച്‌ അഭിപ്രായം എഴുതാന്‍ സമയം തികയാത്തതുകാരണം ഈ പോസ്റ്റിലൂടെയും പാഞ്ഞു കടന്നു പോയതേയുള്ളു. എന്റെ അത്യാഗ്രഹം"

വെള്ളിമണ്‍ കൊട്ടാരം, ഇന്ന് റെയില്‍വേ പാണ്ടികശാലയായി ഉപയോഗിക്കുന്ന കേരളത്തില്‍ മിച്ചമുള്ള എക ചൈനീസ്‌ കെട്ടിടമെന്ന് വിശ്വസിക്കപ്പെടുന്ന ബില്‍ഡിംഗ്‌ എന്നിവയെക്കുറിച്ചും അലിഫ്‌ വഴിയേ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ കണ്ണന്‍ ഷണ്മുഖം നമ്മുടെ ഷണ്മുഖം സ്റ്റുഡിയോ നടത്തുന്ന ആളാണോ?

തേവള്ളി കൊട്ടാരം ഈ ആംഗിളില്‍ നിന്നും നോക്കുമ്പോള്‍ ഇതിനു മുന്നില്‍ ബിഗ്‌ ഷോപ്പര്‍ സഞ്ചികള്‍ നിറയേ "മിലിട്ടറി"യുമായി ബസ്സ്‌ കാത്തു നില്‍ക്കുന്ന കുറേ വിമുക്തഭടന്മാര്‍ തെളിഞ്ഞുവരുന്നു!

പരാജിതന്‍ said...

അലിഫ്‌,
ചന്തവും മിതത്വവുമുള്ള എഴുത്ത്‌. വളരെ പ്രസക്തമായ കുറിപ്പ്‌ തന്നെ.

ദേവാ, കണ്ണന്‍ താങ്കള്‍ ഉദ്ദേശിച്ച ആള്‍ തന്നെ (ഷണ്മുഖം സ്റ്റുഡിയോ). സ്റ്റുഡിയോ നടത്തുന്നത്‌ കണ്ണന്റെ അച്ഛനായ ശ്രീ. സുന്ദരമാണ്‌. കണ്ണന്‍ മാതൃഭൂമിയിലും ദേശാഭിമാനിയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്‌. ഇപ്പോള്‍ സ്കൂള്‍ അധ്യാപകനാണ്‌.

nalan::നളന്‍ said...

അലീഫെ,
വിവരങ്ങള്‍ക്കു നന്ദി.
ഒരുപാടു തവണ ആ ഗേറ്റിലൂടെ കയറിപ്പോയിട്ടുണ്ടെങ്കിലും(NCC) ഇതിന്റെ അകത്തു കയറിയിട്ടില്ല.
കൂടുതല്‍ ചരിത്രവിവരങ്ങള്‍ അറിയാവുന്ന ഇവിടിടുമെന്നു കരുതുന്നു.

Anonymous said...

kollam kandavanu illam venda
കൊല്ലം blog kandavanu onnum venda

aashaamsakalode

http://shanalpyblogspotcom.blogspot.com