Tuesday, December 05, 2006

കൊല്ലം - സാംസ്കാരികവികാസത്തിന്റെ നാള്‍വഴികളിലൂടെ


മൂന്ന്‌

കേരളത്തില്‍ അച്ചടിയുടെ ചരിത്രം ആരംഭിക്കുന്നതു തന്നെ കൊല്ലത്തുനിന്നാണ്‌. എന്നാല്‍ അതൊരു മലയാള ഗ്രന്ഥമായിരുന്നില്ല. തമിഴ്‌ ഭാഷയില്‍ പതിനെട്ട്‌ പുറങ്ങള്‍ മാത്രമുണ്ടായിരുന്ന 'ഡോക്ട്രീനാ ക്രിസ്ത' 1578-ലാണ്‌ കൊല്ലത്ത്‌ മുദ്രണം ചെയ്യപ്പെട്ടത്‌. ഇതുതന്നെയാണ്‌ ഭാരതീയഭാഷകളിലാദ്യമായി അച്ചടിക്കപ്പെട്ട പുസ്തകമെന്നും തര്‍ക്കത്തോടുകൂടിയ ഒരു വാദവും നിലനില്‍ക്കുന്നുണ്ട്‌. ചെറിയ തോതിലുള്ള അച്ചടിവേലകള്‍ നടത്തിയിരുന്ന ചില സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിപുലമായ ശ്രമങ്ങള്‍ ആ വഴിക്ക്‌ ഏറെ മുന്നേറിയിരുന്നില്ല.

ആദ്യമായി കൊല്ലത്ത്‌ ഒരു പ്രിന്റിംഗ്‌ പ്രസ്സും അനുബന്ധമായി പ്രസിദ്ധീകരണശാലയും ആരംഭിച്ചത്‌ എസ്‌. ടി. റെഡ്യാരായിരുന്നു. 1886-ല്‍ ഓഗസ്റ്റ്‌ 8-നായിരുന്നു ഇത്‌. ഭാഷാകൃതികളുടെ വിപുലമായ പ്രസിദ്ധീകരണത്തിന്റെയും അതിലൂടെ വായനാചരിത്രത്തിന്റെയും ഉദ്ഘാടനംകൂടിയായിരുന്നു ആ സംഭവം. പിന്നാലെ മനോമോഹനം പ്രസ്സ്‌, ശ്രീരാമവിലാസം പ്രസ്സ്‌ എന്നിവയും കൊല്ലത്തെ തെക്കന്‍കേരളത്തിലെ പ്രധാന അച്ചടി-പ്രസിദ്ധീകരണ കേന്ദ്രമാക്കി. പൗരപ്രമുഖനും പൊതുകാര്യപ്രസക്തനുമായിരുന്ന കെ. ജി. പരമേശ്വരന്‍പിള്ള ശ്രീരാമവിലാസം പ്രസ്സ്‌ വാങ്ങി വിപുലീകരിച്ച്‌ 'ശ്രീരാമവിലാസം പ്രസ്സ്‌ ആന്റ്‌ ബുക്ക്‌ ഡിപ്പോ'യ്ക്ക്‌ രൂപംകൊടുത്തതോടെയാണ്‌ പ്രസിദ്ധീകരണകലയുടെ ആദ്യകിരണങ്ങള്‍ തെളിഞ്ഞത്‌. എസ്‌. ടി. റെഡ്യാരുടെയും ശ്രീരാമവിലാസത്തിന്റെയും ശ്രമഫലമായിട്ടുകൂടിയാണ്‌ ഭക്തിസാഹിത്യങ്ങളുടെയും പ്രാചീന സാഹിത്യകൃതികളുടെയും ആധുനിക വൈജ്ഞാനിക സാഹിത്യത്തിന്റെയും പ്രചാരം കേരളത്തിലൊട്ടാകെ വ്യാപിച്ചതെന്ന്‌ പറയാം. (ഇതിന്‌ സമമായി അച്ചടിരംഗത്ത്‌ ചില ശ്രമങ്ങള്‍ തൃശ്‌ശൂരും കോട്ടയത്തും ഉണ്ടായിട്ടുണ്ടെന്നത്‌ വിസ്മരിക്കുന്നില്ല.)

എഴുത്തച്ചന്റെ കിളിപ്പാട്ടുകളും മറ്റു ഭക്തിസാന്ദ്രമായ കൃതികളും, ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, വേദോപനിഷത്തുകളുടെ വ്യാഖ്യാനങ്ങള്‍, ജ്യോതിഷവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, പ്രമുഖരുടെ ആട്ടക്കഥാസാഹിത്യങ്ങള്‍, കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കഥകള്‍ - മറ്റു കൃതികള്‍, വിവര്‍ത്തനം ചെയ്യപ്പെട്ട അറബിക്കഥകള്‍, ആയുര്‍വേദസംബന്ധമായ ഗ്രന്ഥങ്ങള്‍, പുതിയകാലത്തെ നോവലുകളുള്‍പ്പെടെയുള്ള സാഹിത്യ കൃതികള്‍ എന്നിങ്ങനെ അറിവും സാഹിത്യവും ജനങ്ങള്‍ക്ക്‌ കൈയെത്തുന്ന അകലത്തിലെത്തിക്കാന്‍ ആ പരിശ്രമം സഹായകമായി.

കേരളീയ രാഷ്ട്രീയ-സാംസ്കാരിക ജീവിതങ്ങളുടെ പരിണാമസന്ധികളില്‍ നേരും നെഞ്ചൂക്കും നിലനിര്‍ത്തി പോരാടിയ പ്രശസ്തരുടെ ഒരു നിര തന്നെ കൊല്ലത്തിന്റെത്തയിട്ടുണ്ട്‌. അവരില്‍ത്തന്നെ മിക്കവരും പത്രപ്രവര്‍ത്തനരംഗത്ത്‌ വഴിവിളക്കുകളായി നിലനിന്നിരുന്നു. സി. വി. കുഞ്ഞുരാമന്‍, സി. എസ്‌. സുബ്രഹ്മണ്യന്‍ പോറ്റി, ബാപ്പു റാവു, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കൈനിക്കര പദ്‌മനാഭപിള്ള, വി. ഗംഗാധരന്‍, പി. കെ. ശിവശങ്കരപ്പിള്ള, പന്തളം പി. ആര്‍. മാധവന്‍പിള്ള, എം. കെ. കുമാരന്‍, എം. എന്‍. ഗോവിന്ദന്‍ നായര്‍, എന്‍. ശ്രീകണ്‌ഠന്‍ നായര്‍, സി. എം. സ്റ്റീഫന്‍, എന്‍. ഗോപിനാഥന്‍ നായര്‍, കാമ്പിശ്‌ശേരി കരുണാകരന്‍, ബരിസ്റ്റര്‍ എ. കെ. പിള്ള, ടി, കെ. മാധവന്‍, ടി. സി. കല്യാണിക്കുട്ടിയമ്മ, വി. വി. വേലുക്കുട്ടി അരയന്‍, എം. എം. എസ്‌. മൗലവി, കുമ്പലത്ത്‌ ശങ്കുപ്പിള്ള, തങ്ങള്‍കുഞ്ഞ്‌ മുസലിയാര്‍ തുടങ്ങിയവരെല്ലാം വിവിധതലങ്ങളിലൂടെ കൊല്ലത്തിന്റെ സ്വാതന്ത്ര്യത്തിനും നാടിന്റെ പുരോഗതിക്കും ജനകീയവിമോചനത്തിനുമായി ചെയ്ത ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ മായ്‌ക്കാനാവുന്നതല്ല.

കെ. ജി. ശങ്കര്‍ പത്രാധിപരായി 1929-ല്‍ തുടങ്ങിയ 'മലയാളരാജ്യം' വാരിക എടുത്തുപറയേണ്ടുന്ന ആദ്യസംരംഭമായിരുന്നു. ഇത്‌ 1930-ല്‍ ദിനപത്രമായി. കേരളത്തിലെ ആദ്യത്തേതെന്നു കരുതാവുന്ന മലയാളരാജ്യം 'ചിത്രവാരിക'യും ഇദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. ആധുനിക വേണാടിന്റെ സാമൂഹികപരിഷ്കര്‍ത്താക്കളില്‍ ഒന്നാമനും എഴുത്തുകാരനുമയ സി. വി. കുഞ്ഞുരാമന്‍, ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ 'ദുര്‍ഗ്ഗേശനന്ദിനി' ഉള്‍പ്പെടെ നിരവധി അന്യഭാഷാകൃതികള്‍ ആദ്യമായി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ പണ്ഡിതന്‍ സി. എസ്‌. സുബ്രഹ്മണ്യന്‍ പോറ്റി, സ്വാതന്ത്ര്യസമരയോദ്ധാവുകൂടിയായ ബാപ്പുറാവു, നോവലിസ്റ്റും അദ്ധ്യാപകനുമയ കൈനിക്കര പദ്‌മനാഭപിള്ള, സാമൂഹികപ്രവര്‍ത്തനത്തിനായി ജീവിതം മാറ്റിവെച്ച വി. ഗംഗാധരന്‍ എന്നിവരൊക്കെ 'മലയാളരാജ്യം' പത്രത്തിന്റെ നായകരുമായിരുന്നു.

തിരുവിതാംകൂറിന്റെ രാഷ്ട്രീയനാവായി, കത്തുന്ന ഭാഷയുമായി ആരംഭിച്ച 'മലയാളി' അധികാരികളുടെ ഭീഷണിയാല്‍ കൊല്ലം നഗരത്തില്‍ അതിന്റെ നിലനില്‍പ്പ്‌ അപകടത്തിലായപ്പോള്‍, തങ്കശ്ശേരിയിലേക്ക്‌ ഒളിച്ചുമാറുകയും, സാക്ഷാല്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കുറേക്കാലം അതിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അകാലത്തില്‍ അടിച്ചമര്‍ത്തപ്പെട്ടെങ്കിലും, കുറേക്കാലത്തിനുശേഷം 'മലയാളി' വീണ്ടും തിരുവനന്തപുരത്തു നിന്ന്‌ പ്രസിദ്ധീകരണം തുടരുകയുണ്ടായി.

കൊല്ലത്തെ പ്രമുഖമായ സാങ്കേതിക-കലാശാലകളുടെ സ്ഥാപകനായ തങ്ങള്‍കുഞ്ഞു മുസലിയാര്‍ പി. കെ. ശിവശങ്കരപ്പിള്ള പത്രാധിപരായി 'പ്രഭാതം' വാരിക 1944-ല്‍ തുടങ്ങി, വൈകാതെ ദിനപത്രമായി. അന്നത്തെ ഇടതുപക്ഷക്കാരില്‍ പ്രമുഖനായിരുന്ന പന്തളം പി. ആര്‍. മാധവന്‍ പിള്ളയുടെ പത്രാധിപത്യത്തില്‍ 'നവകേരളം', കോണ്‍ഗ്രസ്‌ പക്ഷത്തു നിന്ന്‌ സി. എം. സ്റ്റീഫന്റെ 'പൗരധ്വനി, കെ. കെ. ചെല്ലപ്പന്‍പിള്ളയുടെ 'യുവകേരളം' തുടങ്ങിയ പത്രങ്ങള്‍ അക്കാലത്ത്‌ പ്രസിദ്ധങ്ങളായിരുന്നു.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായി പില്‍ക്കാലത്‌ പ്രശസ്തമായ 'ജനയുഗം', വാരികാരൂപത്തില്‍, എന്‍. ഗോപിനാഥന്‍ നായര്‍ പത്രാധിപരായി 1948ല്‍ പുറത്തിറങ്ങി. ഇതിന്റെ പത്രാധിപരായി ദീര്‍ഘകാലം കേരളത്തിലെ രാഷ്ട്രീയവിശകലനം അസൂയാവഹമായി നിര്‍വഹിച്ച കാമ്പിശ്ശേരി കരുണാകരന്‍ പത്രാധിപസങ്കല്‍പത്തില്‍ കെ. ബാലകൃഷ്ണനോടൊപ്പം നിര്‍ത്താവുന്ന വ്യക്തിയായിരുന്നു. തീക്ഷ്ണമായ സംവാദത്തിന്റെ നിരവധി അധ്യായങ്ങള്‍ ഇവര്‍ രണ്ടുപേരും എതിര്‍പക്ഷങ്ങളില്‍ നിലയുറപ്പിച്ചുകോണ്ട്‌, വിമോചനസമര കാലഘട്ടങ്ങളില്‍ നടന്നിടുള്ളത്‌ ചരിത്രമാണ്‌. (ഇതേ കാമ്പിശ്‌ശേരിയാണ്‌ 'വരയ്ക്കുന്ന യേശുദാസന്‍' ഉള്‍പ്പെടെയുള്ള പല കാര്‍ട്ടൂണിസ്റ്റുകളെയും, 'കുഞ്ഞുണ്ണി മാഷ്‌' എന്ന കവിയെയും ഭാഷയ്ക്ക്‌ സമര്‍പ്പിച്ചത്‌. ജനയുഗം വാരികയുടെ ചീഫ്‌ എഡിറ്റര്‍ ജോലി ചെയ്ത പ്രമുഖരില്‍ നോവലിസ്റ്റ്‌ മലയാറ്റൂര്‍ രാമകൃഷ്ണനും കവി തിരുനല്ലൂര്‍ കരുണാകരനും ഉള്‍പ്പെടുന്നു.)

മയ്യനാട്ട്‌ നിന്ന് 1911-ല്‍ സി. വി. കുഞ്ഞുരാമന്‍ പത്രാധിപരായി ആരംഭിച്ച 'കേരളകൗമുദി' വാരിക ശ്രീനാരായണ ആദര്‍ശങ്ങളുടെ ചര്‍ച്ചാവേദിയും അവശജനതയുടെ നാവുമായി. ഇത്‌ പില്‍ക്കാലത്ത്‌ തലസ്ഥാനനഗരിയിലേക്ക്‌ മാറ്റിസ്ഥാപിക്കപ്പെടുകയും വിപുലമായ അര്‍ത്ഥത്തില്‍ സാംസ്കാരിക മുന്നേറ്റത്ത്ന്റെ പടക്കുതിരയായി മാറുകയും ചെയ്തു.

സ്വാതന്ത്ര്യസമരത്തിന്റെ ചൂടും അലയൊലികളും നിറഞ്ഞുനിന്ന അക്കാലത്ത്‌ ദേശീയസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി 'സ്വരാട്ട്‌' എന്ന പേരില്‍ ബാരിസ്റ്റര്‍ എ. കെ. പിള്ളയുടെ പത്രവും, 'ശ്രീവാഴുംകോട്‌' എന്ന പേരില്‍ കെ. എന്‍. ഗോവിന്ദപ്പണിക്കര്‍ നടത്തിയിരുന്ന പത്രവും പല കോളിളക്കങ്ങളുമുണ്ടാക്കി. അധികാരികളുടെ അപ്രീതിയാല്‍ 'ശ്രീവാഴുംകോടിനെ' തങ്കശ്ശേരിയിലേക്ക്‌ മാറ്റുകയുണ്ടായെങ്കിലും ഏറെക്കാലം അതിന്റെ പ്രവര്‍ത്തനം നിലനില്‍ക്കുകയുണ്ടായില്ല.

സാമൂഹികനീതി, ജാത്യാചാരങ്ങള്‍ക്കെതിരേയുള്ള പ്രചാരണം, ഗാന്ധിജിയുടെ ആദര്‍ശങ്ങളോടുള്ള പ്രതിപത്തി എന്നിവ മുഖ്യവിഷയങ്ങളാക്കി ആരംഭിച്ച ടി. കെ. മാധവന്റെ 'ദേശാഭിമാനി' ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണമായിരുന്നു. ഇതേ പേരില്‍ ഒരു വാരിക എം. കെ. കുമാരന്‍ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രസിദ്ധീകരണം നിലച്ചുപോയെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവും മികച്ച സംഘാടകനും പാര്‍ലമെന്റംഗവുമൊക്കെയായി മാറുവാന്‍ എം. കെ. കുമാരന്‌ ലഭിച്ച ജനകീയപിന്തുണയ്ക്ക്‌ ഈ പ്രസിദ്ധീകരണവും ഒരളവില്‍ സഹായകമായി.

വിവിധ കൈവഴികളായി സ്വാതന്ത്ര്യാനന്തര കാലഘട്ടത്തെ കുറിക്കാവുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍ തുടര്‍ന്നും ഉണ്ടായതില്‍... സ്ത്രീകള്‍ക്ക്‌ പ്രാമുഖ്യം നല്‍കിയ ആദ്യത്തെ പ്രസിദ്ധീകരണം ടി. സി. കല്യാണിക്കുട്ടിയമ്മ പത്രാധിപരായ 'വനിതാമിത്രം', പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ വെളിച്ചത്തിലെത്തിച്ച വി. വി. വേലുക്കുട്ടി അരയന്റെ 'അരയന്‍', ഇസ്ലാമിക സന്ദേശം കൈമാറിയ എം. എം. എസ്‌. മൗലവിയുടെ 'അന്നസീം' എന്നിവയും പ്രശസ്തമാണ്‌.

കൊല്ലത്തിന്റെ സാംസ്കാരിക നവോത്ഥാനകാലഘട്ടത്തിലും. അമിതാധികാരവിനിയോഗത്തിന്റെ ആധുനിക കാലഘട്ടത്തിലും ഒരു അച്ചുതണ്ടായി ആശയലോകത്തെ നിയന്ത്രിച്ച എസ്‌. കെ. നായരും ഉല്‍പതിഷ്‌ണുക്കളായ സുഹൃദ്‌സംഘവും 'മലയാളനാട്‌' എന്ന വാരിക കുറെയേറെക്കാലം ഭംഗിയായി നടത്തിയിരുന്നു. ഒ. വി. വിജയന്റെ 'ധര്‍മ്മപുരാണ'വും എം. കൃഷ്ണന്‍നായരുടെ 'സാഹിത്യവാരഫലവും' കേരളിയ സാഹിത്യത്തിന്റെ അതിരുകള്‍ നിര്‍ണയിച്ചത്‌ ഇക്കാലത്താണ്‌.

കുങ്കുമം വാരികയുടെ പത്രാധിപരായിരുന്നപ്പോള്‍ ദീര്‍ഘകാലം കൊല്ലത്ത്‌ നിവസിച്ച കവി എന്‍. വി.കൃഷ്ണവാരിയര്‍ ആ പ്രസിദ്ധീകരണത്തെ സാഹിത്യമൂല്യമുള്ളതാക്കി നിലനിര്‍ത്തി. നോവലിസ്റ്റും ഉജ്ജ്വല പ്രഭാഷകനുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഇതേ വാരികയുടെ എഡിറ്ററായി രണ്ടു ദശാബ്ദക്കാലം കൊല്ലത്ത്‌ നിറഞ്ഞുനിന്നു. രാജന്‍ പി. തൊടിയൂരിന്റെ ചുമതലയില്‍ മലയാളത്തിലെ ആദ്യത്തേതെന്ന്‌ പറയാവുന്ന 'കരിയര്‍ മാഗസിന്‍' പ്രസിദ്ധീകരണം ആരംഭിച്ചതും കൊല്ലത്തുനിന്നായിരുന്നു.

ഇന്ന്‌, കേരളത്തിലെ ഏറെക്കുറെ എല്ല പ്രമുഖ മലയാള ദിനപത്രങ്ങളുടെയും ഒരു എഡിഷന്‍ കൊല്ലത്തുണ്ട്‌. ഇത്‌ കൂടാതെ നിരവധി ചെറുകിട പ്രസിദ്ധീകരണങ്ങളും വിദ്യാഭ്യാസ മാസികകളും ഒക്കെയായി അക്ഷരലോകത്ത്‌ കൊല്ലം ഏറെ പിന്നിലല്ലാത്ത പ്രാധാന്യം നേടിയിട്ടുണ്ട്‌. ഈ പാതയില്‍ ഇപ്പോള്‍ നല്ലതും ചീത്തയുമായി പത്ര-വാരിക-മാസിക പ്രസിദ്ധീകരണരംഗവും പുതിയകാലത്തിന്റെ സൂചകങ്ങളായി കാണാന്‍ കഴിയുന്നുണ്ട്‌.

(തുടരും)

23 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കൊല്ലത്തിന്റെ സാംസ്കാരിക നവോത്ഥാനകാലഘട്ടത്തിലും. അമിതാധികാരവിനിയോഗത്തിന്റെ ആധുനിക കാലഘട്ടത്തിലും ഒരു അച്ചുതണ്ടായി ആശയലോകത്തെ നിയന്ത്രിച്ച എസ്‌. കെ. നായരും ഉല്‍പതിഷ്‌ണുക്കളായ സുഹൃദ്‌സംഘവും 'മലയാളനാട്‌' എന്ന വാരിക കുറെയേറെക്കാലം ഭംഗിയായി നടത്തിയിരുന്നു. ഒ. വി. വിജയന്റെ 'ധര്‍മ്മപുരാണ'വും എം. കൃഷ്ണന്‍നായരുടെ 'സാഹിത്യവാരഫലവും' കേരളിയ സാഹിത്യത്തിന്റെ അതിരുകള്‍ നിര്‍ണയിച്ചത്‌ ഇക്കാലത്താണ്‌.

കാളിയമ്പി said...

മൈനാഗന്‍ മാഷേ
പതിവു പോലെ നന്നായി.

പഴയ പല പ്രസിദ്ധീകരണങ്ങളും ചരിത്രത്തിന്റെ ഗതിവേഗത്തിന്‍ ചെറുതല്ലാത്ത ഒരു തള്ളു നല്‍കിയിട്ടുണ്ട്.കൊല്ലം ജില്ലയിലെ മയ്യനാട് പരവൂര്‍ ചാത്തന്നൂര്‍ കരുനാഗപ്പള്ളി കുണ്ടറ കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിലും ഒറ്റയ്ക്കും തെറ്റയ്ക്കും ഇങ്ങനത്തെ ചില മൂവ്മെന്റുകളും ഉണ്ടായിട്ടുണ്ട്.

മറ്റൊന്ന് കേരളശബ്ദം എന്ന രാഷ്ട്രീയ വാരികയാണ്.പലപ്പോഴും ഒരു നേരിയ മഞ്ഞനിറം കാട്ടിയിരുന്നെങ്കിലും പലപ്പോഴും പറയാനുള്ളത് പച്ചയ്ക്ക് വിളിച്ചുപറയുന്ന ഒരു സ്വഭാവം ആ വാരിക കാട്ടിയിട്ടുണ്ട്.
ഇടമറുക് ഇതിന്റെ ഡല്‍ഹി ലേഖകനായിരുന്നല്ലോ..അദ്ദേഹം പല കാര്യങ്ങളും വെളിച്ചത്തു കൊണ്ടു വന്നത് ഈ വാരികയിലൂടേയായിരുന്നു
പിന്നെ ഈ ഗ്രൂപ്പിന്റെ നാന എന്ന സിനിമാ വാരികയാണ്...സിനിമാ വാരികകളില്‍ ചെറുതല്ലാത്ത ഒരിടം അതിനുണ്ട്...

ഒന്നു മനസ്സില്‍ വരുന്നു..കൊല്ലത്തെ മാധ്യമങ്ങളാണ് ചര്‍ച്ചയെങ്കിലും ഓഫ് ടോപ്പിക്കിന് മാപ്പ്..
കൊല്ലത്തെ SNDPയുടെവളര്‍ച്ചയാണത്..
ഈഴവരെ മുഖ്യധാരയിലെത്തിയ്ക്കാനും ജാതിക്കോമരങ്ങള്‍ക്ക് ചെറുതല്ലാത്ത ഒരടി നല്‍കുവാനും അതിനു സാധിച്ചു..ഒരു മുഴുവന്‍ പോസ്റ്റിന്റെ സാധ്യതയുണ്ടതിന്.അതും എഴുതുമല്ലോ..

ദേവന്‍ said...

മൈനാഗന്‍ തിരഞ്ഞെടുത്ത വിഷയവും വളരേ നീണ്ടുപോകുമായിരുന്ന ഈ അദ്ധ്യായത്തെ ചുരുക്കി കാര്യമാത്ര പ്രസക്തമാക്കിയതും ഏറെ ഇഷ്ടപ്പെട്ടു.

സങ്കടമാണ്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ കാര്യങ്ങളില്‍ നമ്മുടെ ഇന്നത്തെ അവസ്ഥ. നാട്ടില്‍ പോയപ്പോള്‍ പൂട്ടിക്കിടക്കുന്ന ജനയുഗത്തെക്കണ്ട് കാമ്പിശ്ശേരിയെക്കുറിച്ച്‌ ഒരു ചെറുകുറിപ്പ്‌ ഇവിടെ ഇട്ടിരുന്നു. മലയാളനാടിന്റെ ഓഫീസ്‌ എനിക്കോര്‍മ്മവച്ച കാലം മുതല്‍ പൂട്ടിക്കിടപ്പാണ്‌. റെഡ്ഡിയാര്‍ പ്രസ്സ്‌ & ബുക്ക്‌ ഡിപ്പോ കുങ്കുമം വാരികയെ വാര്‍ദ്ധക്യത്തിലും കേരള ശബ്ദത്തെ അമ്പി പറഞ്ഞപോലെ "തനിനിറത്തിലും" എത്തിച്ച്‌ നാനയും മഹിളാരത്നവുമൊക്കെയായി കഴിഞ്ഞു കൂടുന്നു.

പത്തുകൊല്ലം മുന്‍പ്‌ ജനയുഗത്തെ പുനരുജ്ജീവിപ്പിക്കേണ്ടത്‌ ഒരത്യാവശ്യമല്ലേ എന്നു ചോദിച്ചപ്പോള്‍ ചവറ കെ സി ചേട്ടന്‍ " മൂന്നു വന്‍ മാസികകള്‍ (മലയാളം, കലാകൌമുദി, ഭാഷാപോഷിണി എന്നാവണം ഉദ്ദേശിച്ചത്‌) മാസികകള്‍ ഇപ്പോള്‍ തന്നെ കുറച്ചുമാത്രമുള്ള കൊള്ളാവുന്ന എഴുത്തുകാരുടെയും കൊള്ളാവുന്നവായനക്കാരുടെയും പൂര്‍ണ്ണാവകാശികളായിരിക്കുകയാണ്‌, അവരില്‍ നിന്നും എന്തെങ്കിലും അടര്‍ത്തിയെടുക്കാന്‍ പോന്നതൊന്ന് നടത്താന്‍ നമുക്ക്‌ ആളില്ല, അര്‍ത്ഥമില്ല, സാഹചര്യവുമില്ല." എന്നായിരുന്നു പറഞ്ഞത്‌. ഡോ. രാജകൃഷ്ണനും അവരില്‍ നിന്നും അടര്‍ത്താനാകാതെ ബാക്കി വന്ന വായനക്കാരെയും എഴുത്തുകാരെയും കൊണ്ട് തൃപ്ത്തിപ്പെടുന്നതാണെന്ന് തോന്നുന്നു കേരള ശബ്ദത്തിന്റെയും കുങ്കുമത്തിന്റെയും ഇന്നത്തെ രീതി കണ്ടിട്ട്.

ഓഫ്‌ അടിച്ചയമ്പീ, അതിനെക്കുറിച്ച്‌ ഒരു ഒരു എപ്പിഡോസ്‌ അടിക്കമ്പീ.

വേണു venu said...

മൈനാഗന്‍, പതിവു പോലെ നന്നായിരിക്കുന്നു.
ദേവരാജിയുടെ കമന്‍റു കണ്ടപ്പോള്‍ തോന്നി ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ജനയുഗം ഒരു പഴയ ലക്കം ഇവിടെ ഇടാമെന്നു്.
1.ജനയുഗം എന്‍റെ പത്തായത്തില്‍ ഇരുന്നതു്
2.മലയാളനാടു് വി.ബി.സി.നായര്‍, തകഴി

3.ധിഷണ,കൊല്ലം
എല്ലാം പത്തായത്തില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു.
മലയാളനാടും കുങ്കുമവും കേരള ശബ്ദവും .
കാമ്പിശേരിയും,എസ്.കെ.നായരും,
വി.ബി.സി.നായരും.സാഹിത്യവാര ഫലം വായിക്കാനായി വാങ്ങിയിരുന്ന മലയാള നാട്. ഒത്തിരി സാഹിത്യ സദസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും പുതിയ എഴുത്തുകാരെ കൈപിടിച്ചുയര്‍ത്തുന്നതിലേക്കാരംഭിച്ച കൊല്ലം ധിഷണയും.
ദേവ്ജി പറഞ്ഞതു ശരിയാണു്. നല്ല ഒരു എപ്പിസോടിനുള്ള വകയ്ക്കുണ്ടു്.‍
അനുമോദനങ്ങള്‍.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കൊട്ടാരത്തില്‍ ശങ്കുണ്ണിയപ്പൂപ്പന്റെ 'വിസ്തരഭയം' ചിലപ്പോള്‍ എന്നെയും പിടികൂടാറുണ്ട്‌. (ഇത്ര വിസ്തരിച്ച്‌ നേരാം വണ്ണം ഉപന്യസിച്ചിരുന്നെങ്കില്‍ നമ്മളൊക്കെ ഈ വഴിക്കൊന്നും പരിചയപ്പെടാനുള്ള അവസരം പോലും ഉണ്ടാവത്തില്ലായിരുന്നു. ഏതെങ്കിലും വലിയ ഉദ്യോഗത്തില്‍... ങ്‌ഹാ.. ഇനിയിപ്പോ പറഞ്ഞിട്ട്‌ കാര്യമില്ലല്ലോ!) അതുകൊണ്ട്‌ പരമാവധി ചുരുക്കിപ്പറയുന്ന ശീലത്തില്‍നിന്ന്‌ എന്നെ ഇളക്കാന്‍ അംബിയല്ല അംബാനി വിചാരിച്ചാലും നടപ്പില്ല. ഓഫീസിലിരുന്ന്‌ ഇത്രയും ഒപ്പിക്കുന്നതിന്റെ തലവേദന ചില്ലറയല്ല പൊന്നനിയാ. എന്നുമാത്രമല്ല, ഞാന്‍ ഈ ഉണക്കപ്പുട്ട്‌ ഒന്ന്‌ വിളമ്പിക്കഴിഞ്ഞിട്ടുവേണ്ടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവരവരുടേ കമ്പക്കെട്ട്‌-കലാശങ്ങള്‍ തുടങ്ങാന്‍. ശരിയല്ലേ? നമ്മുടെ 'കോണ്‍ട്രിബ്യൂട്ടേര്‍സെ'ല്ലാം എന്തായലും ഒരു വെടിക്കുള്ള മരുന്നുള്ളവരാവുമല്ലോ.

ഞാന്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ സൂചിപ്പിച്ചുള്ളു. അതിനു സമാന്തരമായ നിരവധി കൈവഴികള്‍ കൊല്ലത്തിന്റെ വളര്‍ച്ചയെ, ജനമനസ്സിന്റെ അടിയൊഴുക്കുകളെ, രാഷ്ട്രീയ പരിവര്‍ത്തനങ്ങളെ ഒക്കെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്‌. അവയില്‍ എന്തെങ്കിലും ഒന്നുവീതം ഓരോരുത്തരും തെരഞ്ഞെടുത്ത്‌ എഴുതുക. അങ്ങനെ മാത്രമേ ഇത്‌ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു. പ്രത്യേകിച്ചും നാട്ടിലുള്ള കൂട്ടുകാരും, റഫറന്‍സ്‌ സൗകര്യമുള്ളവരും കാര്യമായി ശ്രമിക്കണം.

ദേവന്‍ പറഞ്ഞ ജനയുഗത്തിന്റെ കാര്യത്തില്‍ ഏറെ വേദനയുള്ള ഒരാളാണ്‌ ഞാന്‍. കാമ്പിശ്ശേരി എന്റെ കുട്ടിക്കാലത്തെ ഒരു വലിയ കൗതുകമായിരുന്നു. എട്ടാംതരത്തില്‍ പഠിക്കുമ്പോള്‍ ബാലയുഗത്തില്‍, എഴുതിത്തുടങ്ങിയ എനിക്ക്‌ ആദ്യ പ്രതിഫലം പതിനഞ്ച്‌ രൂപ മണിയോര്‍ഡര്‍ വന്നത്‌ സ്കൂളിലെ ഫ്ലാഷ്‌ ന്യൂസായിരുന്നു. (അന്നത്തെ കുട്ടിയെഴുത്തുകാരില്‍ വി. ആര്‍. സുധീഷ്‌ (വടകര) മാത്രമേ പൊതുധാരയില്‍ അത്ര ശ്രദ്ധിക്കപ്പെട്ടുള്ളൂ. ഞാനും മറ്റുപലരും യഥാര്‍ത്ഥ പേരുകളില്‍ വല്ലപ്പോഴും തല കാണിക്കുന്നവരായി ഉണ്ടെന്നു മാത്രം).

ജനയുഗത്തിന്റെ അന്നത്തെ പ്രത്യേകത, അതൊരു സാംസ്കാരിക-സാഹിത്യധാരയുള്ള രാഷ്ട്രീയത്തെയും മതേതരചിന്തയെയും കൂട്ടിയിണക്കുന്ന കേന്ദ്രബിന്ദുവായിരുന്നു എന്നതാണ്‌. കൃത്രിമ മാനേജ്‌മന്റ്‌ ചപ്പടാച്ചികളില്‍ പാര്‍ട്ടിനേതൃത്വം വിശ്വാസമര്‍പ്പിച്ചതും, കഴിവുകുറഞ്ഞ പലരെയും സംഘടനാ ബാധ്യതയാല്‍ ചുമന്നുനടന്നതുമൊക്കെയാണ്‌ അത്‌ അടച്ചുപൂട്ടാന്‍ കാരണമായതെന്ന്‌ പറയാം. കഴിഞ്ഞ രണ്ടുവര്‍ഷമായി പത്രം പുനഃപ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഒരിക്കല്‍ മുല്ലക്കര രത്നാകരന്‍ (ഇപ്പോള്‍ കൃഷിമന്ത്രി) വ്യക്തിപരമായി പറഞ്ഞിരുന്നു. ഈയിടെ ഒരു ശ്രുതിയുള്ളത്‌ തിരുവനന്തപുരത്തുനിന്ന്‌ 2007-ല്‍ പത്രമിറങ്ങും എന്നാണ്‌.

ദേവന്‍ പറയുന്ന കെ. സി. പിള്ള ('ചവറ' എന്നില്ല, അത്‌ കവി ചവറ കെ, എസ്‌, പിള്ളയല്ലേ?) -യെ പോലെയുള്ള നല്ല മനസ്സുകള്‍ കുറെയൊക്കെ അവശേഷിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍, ഇന്നത്തെ പ്രായോഗിക-രാഷ്ട്രീയ-അഭ്യാസങ്ങളില്‍ ആ പാര്‍ട്ടിക്ക്‌ എന്നും സ്വന്തമായിരുന്ന ഒരു വ്യത്യസ്ഥത ഇനി നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യവും ഒരു സാംസ്കാരിക പ്രശ്നമായി പിന്നീട്‌ ചര്‍ച്ചചെയ്യേണ്ടതാണ്‌.

കേരളശബ്ദത്തിലൂടെ ഇടമറുകും, ജനയുഗത്തിലൂടെ പവനന്‍, ബി. പ്രേമാനന്ദ്‌ തുടങ്ങിയവരും നടത്തിയ അന്ധവിശ്വാസത്തിനെതിരായ ദൗത്യം ഒരളവോളം ഏറ്റെടുത്ത സമൂഹം ഇന്ന്‌ വഴിമാറി ഏത്‌ ഗുഹയിലേക്കോ കടന്നു പോകുന്ന കാഴ്ച്ചകളും കൊല്ലത്തിന്റെ നൊമ്പരമാണ്‌. അതൊക്കെ വ്യത്യസ്ഥ അധ്യായങ്ങളായി ആര്‍ക്കും പറയാം.

വേണു ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ നന്നായി. അവയും ചരിത്രമാണ്‌. വയലാര്‍ രാമവര്‍മ്മയുടെ നിര്യാണശേഷം ഇറങ്ങിയ ജനയുഗം വാരിയകയാവണം അത്‌. 1975 ഒക്റ്റോബര്‍ 27 (അതോ 28-ഓ) -നാണല്ലോ 'കൈയിലൊരിന്ദ്രധനുസ്സുമായ്‌ കാറ്റത്ത്‌ പെയ്യുവാന്‍ വന്ന' ആ രാജഹംസത്തിന്റെ കൂട്ടുകാരന്‍ മറഞ്ഞത്‌. പില്‍ക്കാലത്ത്‌ ജനയുഗം നടത്തിയ ഒരു കവിതാ മല്‍സരത്തില്‍ 'രാധാകൃഷ്ണന്‍ വെങ്കിടങ്ങ്‌'-ന്‌ ഒന്നാം സമ്മാനം കിട്ടി. എനിക്കും കിട്ടി ഒരു പ്രോല്‍സാഹനം. കവിത ആദ്യമായി വാരികയില്‍ പ്രസിദ്ധീകരിച്ചു. അടുത്തലക്കം കലാകൗമുദിയില്‍ ദാ വരുന്നു എം. കൃഷ്ണന്‍ നായരുടെ വിമര്‍ശനം. 'ക്ലീഷേ'യായിട്ടുള്ള ചില പ്രയോഗങ്ങളെ അദ്ദേഹം നന്നായി താങ്ങിക്കിടത്തി. 'രാഘവപ്പറമ്പിലെ ചെമ്പരത്തിപ്പൂവ്‌' എന്ന കവിത അങ്ങനെ നൂറുപേര്‍ വായിച്ചു. 'വെടിയേറ്റ തെങ്ങുകള്‍ തലയിലിളവെയില്‍ക്കൊടികളുയര്‍ത്തി നില്‍ക്കുമ്പോള്‍..' എന്നൊക്കെയായിരുന്നു വരികള്‍. എന്തായാലും അതുകൊണ്ടൊരു ഗുണമുണ്ടായി, കവിയരങ്ങുകളിലേക്കുള്ള ക്ഷണങ്ങള്‍ ധാരാളം കിട്ടിത്തുടങ്ങി. (ഇങ്ങനെ പറഞ്ഞാല്‍ ഇന്നിത്‌ തീരില്ല. ഇനി ഒരു ഇടവേള).

ദേവന്‍ said...

കെ സി പിള്ളയുടെ വീട്‌ ചവറയിലായതുകൊണ്ട്‌ ഏറെപ്പേര്‍ ചവറ കെ സി (വെറുതേ കെ സി എന്നു പറഞ്ഞാല്‍ കവി കേ സി ആണെന്നല്ലേ കരുതൂ എന്നു വച്ച്‌ സ്ഥലം പിടിപ്പിച്ചതാവും) ചേട്ടനെന്നു വിളിച്ചിരുന്നു .

അടുത്തകാലത്ത്‌ കെ സി അന്തരിച്ചെന്നാണ്‌ എന്റെയോര്‍മ്മ. അവസാനം കാണുന്നതും അഞ്ചാറു കൊല്ലം മുന്നേ, അന്നേ പ്രായത്തിന്റെ പ്രശ്നങ്ങളില്‍ ആയി പാര്‍ട്ടി ജില്ലാ സെക്രെട്ടറി സ്ഥാനമൊഴിഞ്ഞു. ഇനിയിപ്പോ അത്തരം നേതാക്കളില്‍ സി പി ഐക്ക്‌ ആരുമില്ലെന്ന് തോന്നുന്നു. മാര്‍ക്സിസ്റ്റുകള്‍ക്ക്‌ പാലൊളി ബാക്കിയുണ്ട്‌.
ഓടോ.
ഡോ. രാജകൃഷ്ണന്‍, മധു ബാലകൃഷ്ണന്‍ എന്നിവരെ "ശകലം നിധി എനിക്കു തരുവോടേ?" എന്നു ചോദിക്കാന്‍ മാത്രം അടുത്തറിയുന്നവരുണ്ടെങ്കില്‍ പഴയ റെഡ്ഡിയാര്‍ പ്രസ്സിന്റെ സ്വന്തമായ ഒരുപാട്‌ പഴയ സര്‍ക്കുലേഷന്‍ പണ്ടേ നിന്ന പുസ്തകങ്ങളെ കോപ്പിയെടുക്കാനെങ്കിലും ..

[വേണുമാഷേ, ചിത്രനൊവാള്‍ജിയക്ക്‌ നന്ദി]

[വേണുമാഷേ, ചിത്രനൊവാള്‍ജിയക്ക്‌ നന്ദി]

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അയ്യോ ദേവാ... കെ. സി. പിള്ള മരിച്ചിട്ടില്ല. കഴിഞ്ഞ മേയില്‍ ഞാന്‍ അച്ഛന്റെ മരണശേഷം നാട്ടില്‍ ചെന്നപ്പോള്‍ കണ്ടിരുന്നു. അദ്ദേഹവും എന്റെ അച്ഛനും കളിക്കൂട്ടുകാരായിരുന്നു. പിന്നെ സഖാക്കളും.

ഇത്തവണ കരുനാഗപ്പള്ളിയില്‍ നിന്ന്‌ നിയമസഭയിലേക്ക്‌ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ തവണത്തെ അനുഭവം കൊണ്ടാവണം, ആദ്യമായി പാര്‍ട്ടിയെ ധിക്കരിച്ചയാളുമാണ്‌ കെ.സി. അമ്മാവന്‍. മല്‍സരിച്ച്‌ ജയിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ മന്ത്രിയാവാനുള്ള സീനിയോറിറ്റിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്‌ തേവലക്കര പഞ്ചായത്തിലെ പുത്തന്‍സങ്കേതത്തിലാണ്‌. ചവറ മണ്ഡലം ആണെന്നേയുള്ളു.

ദേവന്‍ said...

അയ്യയ്യോ സോറി. അദ്ദേഹം ദീര്‍ഘായുസ്സായിരിക്കട്ടെ. ഗുരുക്കള്‍ പറഞ്ഞപോലെ ബ്രഹ്മി സേവിക്കാന്‍ കാലമായി എനിക്ക്‌, ഓര്‍മ്മകള്‍ ചിലപ്പോ പാലം വലിക്കുന്നു, വയസ്സായില്ലേ.

അദ്ദേഹത്തിന്റെ വീട്‌ പ്രോപ്പര്‍ തേവകല്ലരയുമല്ലല്ലോ, വെട്ടുകാട്‌ കൊട്ടുകാട്‌ തട്ടാശ്ശേരി എന്നൊക്കെ എവിടെയൊക്കെയോ കൂടെ കറങ്ങിത്തിരിഞ്ഞ്‌ ഞാന്‍ ഒരിക്കല്‍ പോയിട്ടുണ്ട്‌ ആ വീട്ടില്‍. അന്ന് പുള്ളിയുടെ ഒരു മകനെയും പരിചയപ്പെട്ടു -ബികോമിനു പഠിക്കുന്ന ( ശ്യാം?) ഓഫിനു സോറി ബൂലോഗരേ, ജീവിച്ചിരിക്കുന്നയാളിനെ മരിച്ചെന്നു പറഞ്ഞ ഞാന്‍ പിന്നെന്തു ചെയ്യും ഓഫടിക്കാതെ.

ammu said...

കൃഷ്ണാ ഗുരുവായൂരപ്പാ! എഴുത്തും വായനയും വരെ വികസനം ജില്ലാടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്ക്യാച്ചാല്‍ അല്പം കടന്ന കയ്യാവില്യേ? അതും കൊല്ലംകാര്!

ഒരു പാവം തൃശ്ശൂര്‍ക്കാരിയുടെ സംശയാണേ..

അസംഘടിത

ദേവന്‍ said...

അപ്പോ ട്രാവന്‍കോര്‍ സ്റ്റേറ്റ്‌ മാന്വല്‍ എഴുതിയ അയ്യരേം മലബാറു ചരിതമെഴുതിയ ലോഗനേം തൂക്കിക്കൊല്ലാന്‍ വിധിക്കട്ടോ തൃശ്ശൂര്‍ക്കാരിയേ?

ammu said...

ഡോ മനുഷ്യ,[ദേവന്‍ ആണെന്നു ഭാവം, രൂപം ഞാന്‍ പറഞ്ഞാല്‍ ഏറിപ്പോകും,ന്നാലും ഒരു സൂചന തരാം, വാലുള്ള ഒരു ഇനം]

കൊല്ലത്തിന്റെ സാംസ്കാരിക വികാസം പറഞ്ഞു വന്നിട്ട് കേരളസംസ്ഥാനം മുഴുവന്‍ എന്നു വ്യഞ്ജിപ്പിച്ചാല്‍ ആ സൂത്രം ആര്‍ക്കും പിടികിട്ടില്ല്യാന്നു ധരിക്ക്യ! കൊല്ലം ജില്ല മുഴുവനോടെ അഷ്ടമുടിക്കായലില്‍ മുങ്ങീച്ചാലും കേരളത്തിന്റെ സംസ്കാരവും വികസനവും വിപര്യസിക്കില്യ. തന്നെയൊക്കെ മുക്കാലിയില്‍ കെട്ടി ഏതോ ഒരു ആസ്ഥാനത്ത് പച്ചീര്‍ക്കിലികൊണ്ടടിയ്ക്കണം..

അസംഘടിത

കണ്ണൂസ്‌ said...

നമസ്‌കാരം. കൃപയല്ലേയിത്‌? ഇന്നു കൂടി ഞാനും പെരിങ്ങോടനും നിങ്ങളെപ്പറ്റി സംസാരിച്ചതേയുള്ളൂ.

(പണ്ട്‌ ഞാനും ഒരു സുഹൃത്തും കൂടി കേരളാ എക്‍സ്പ്രസ്സില്‍ ഡല്‍ഹിക്ക്‌ പോവുന്നു. എട്ട്‌ മണിക്കൂറായി ഉറങ്ങുകയായിരുന്ന സുഹൃത്ത്‌ ഒരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ചാടിയെണീറ്റ്‌ " ഓ, നിസാമുദ്ദീന്‍ എത്തിയല്ലേ" എന്ന്. ഇത്ര നേരം ഉറങ്ങുകയായിരുന്ന നിനക്ക്‌ എങ്ങനെ മനസ്സിലായി എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു " പോര്‍ട്ടര്‍ മുതല്‍ ടി.ടി.ഇ. വരെ 'സാലാ..ബേ....." എന്ന് പറയുന്നത്‌ കേട്ടാല്‍ അറിയില്ലേ എന്ന്.)

ഞാന്‍ ഓടി. തെറി പിടിക്കാന്‍ വയ്യ. :-)

Shiju said...

പോയ വഴിയ്ക്ക് എന്റെ ഒരു കമെന്റ് ഇട്ടേക്കാം എന്ന് വിചാരിച്ച് ഇട്ടതാകാം അല്ലേ. ഇങ്ങനെത്തെ കുറച്ചു പേര്‍ ബൂലോഗത്ത് കറങ്ങി നടക്കുന്നുണ്ട്. ഇതേപ്പോOലത്തെ ബ്ലോഗുകള്‍ക്കൊക്കെ ഒരു ഉദ്ദേശം ഉണ്ട്. അത് അതിന്റെ വഴിയ്ക്ക് നടക്കുന്നുണ്ട്.

ദേവന്‍ said...

ആസ്സാം കടീ തേ,
അയ്യപ്പ ബൈജു പറഞ്ഞതുപോലെ നല്ലതുപോലെ ശ്രമിച്ചിട്ടുണ്ട്‌, പക്ഷേ തത്ര ഭവതി കുരവം മുഴക്കിയ മരം മാറിപ്പോയല്ലോ. കൊല്ലം ബ്ലോഗ്‌ എന്റേതല്ല, ഈ പോസ്റ്റ്‌ എഴുതിയത്‌ മൈനാഗനും. ഗൌരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടമായതുകൊണ്ട്‌, ഇവിടെ ആഗ്രഹ നിവര്‍ത്തി വരുത്തിത്തരാന്‍ വയ്യ.

ബൂലോഗത്ത്‌ കുട്ടികള്‍ ഒരുപാടുള്ളതിനാല്‍ എന്റെ ബ്ലോഗിലും സുഭാഷിതം ഇടാന്‍ വയ്യ, റെക്കോര്‍ഡ്‌ ചെയ്ത്‌ ഒരു mp3 ഫയലാക്കി അയച്ചു തരട്ടേ സഹസ്രനാമങ്ങള്‍? ഭൂപാളത്തില്‍ തുടങ്ങി നീലാംബരിയില്‍ നിറുത്തുന്ന എന്റെ അക്ഷരലക്ഷം ഉദയാസ്തമനം കേട്ട്‌ ആഗ്രഹനിവര്‍ത്തി വരുത്തുക.

ദേവനോട്‌ മേടിക്കുന്നതൊരു പുണ്യമാ,തേയില സഞ്ചി കൊണ്ട്‌ തലോടുന്നതിനെക്കാള്‍ ആഞ്ഞിലിപ്പഴം കൊണ്ട്‌ തല്ലുന്നതാ നല്ലതെന്ന് ഒരു ശ്ലോകമില്ലേ ഗുരുക്കളേ?

കുടുംബടക്കം എല്ലാര്‍ക്കും സുഖമല്ലേ. കണ്ണൂസ്‌ പറഞ്ഞതുപോലെ ഇന്നലെ രാത്രി ഗന്ധര്‍വ്വരോട്‌ നിങ്ങളുടെ കാര്യത്തെക്കുറിച്ച്‌ പറഞ്ഞതേയുള്ളു. ഞെളിയണ്ടാ, ചിക്കുന്‍ഗുന്യയെക്കുറിച്ചും jack the ripperനെ കുറിച്ചും കൂടി സംസാരിച്ചിരുന്നു ഞങ്ങളിന്നലെ :)

[മൈനാഗാ ഒരു ലക്ഷം ഓഫ്‌ ഒഴിവാക്കാനായടിച്ച ഈ ഓഫ്‌ ടോപ്പിക്കിനു മാപ്പ്‌]

Unknown said...

അസംഘടിതാ മാഡത്തിന്റെ സംസാരത്തിന്റെ ടോണ്‍ ശരിയല്ലല്ലോ. ഹെഡ് ക്ലീന്‍ ചെയ്യേണ്ടി വരുമോ? :-)

Anonymous said...

മൈനാഗന്‍, ദേവന്‍,
അസംഘടീതായുടെ പ്രൊഫൈലില്‍ തന്നെയുണ്ടല്ലോ ഉത്തരം!!
(സുന്ദരിയും സുശീലയും സുഭാംഗിയും തന്റേതല്ലാത്ത, മറ്റു ചിലരുടെ കുഴപ്പങ്ങള്‍ കൊണ്ട് വിവാഹമോചിതയുമൊക്കെ ആയ ഒരു നിഷ്കളങ്ക).
അതിനാല്‍ വിടൂക.എന്തിനു നാമാതിനു പുറകേ പോകണം?. ഇവര്‍തന്നെയാണ് നേരത്തെ ഈ
http://paanchalli.blogspot.com/2006/10/blog-post_07.html
ബ്ലോഗിട്ടതും എന്നു ഞാന്‍ സംശയിക്കുന്നു. അതിനാല്‍ വിട്ടേയ്ക്കുക.
-നന്ദു.

nalan::നളന്‍ said...

ഹ ഹ അസംഘടിതയെത്തിയല്ലേ..ഹാവൂ. ഇനി സമാധാനമായിത്തിരി തല്ലു കാണാമല്ലോ.
കാടടച്ചു കീച്ചാതെ, നിര്‍ത്തി നിര്‍ത്തി പറ...

പിന്നെ പണ്ടെങ്ങാണ്ടോ കൊല്ലത്തുവന്നു തല്ലു മേടിച്ചത് ചുമ്മാ കൊല്ലക്കാരു തല്ലി എന്നൊക്കെ പറഞ്ഞാലാരും വിശ്വസിക്കുമെന്നു തോന്നുന്നില്ല.

nalan::നളന്‍ said...

പറയാന്‍ വന്ന കാര്യം വിട്ടു പോയി.
ഓര്‍മ്മ ശരിയാണെങ്കില്‍ പാക്കനാര്‍ വിനോദ മാസിക (കേരളശബ്ദം ഗ്രൂപ്പ് ?) ഇറങ്ങിയതും ഇവിടുന്നായിരുന്നു. കാര്‍ട്ടൂണുകളെയും കാര്‍ട്ടൂണിസ്റ്റുകളേയും പ്രോത്സാഹിപ്പിക്കുന്നതില്‍ നല്ലോരു ഉദ്യമമായിരുന്നു. സുകുമാറിന്റെ നേതൃത്വത്തിലാണെന്നു തോന്നുന്നു. കാര്‍ട്ടൂണുകള്‍ കൂടാതെ ഹാസ്യരചനകളും ഉള്‍പ്പെടുത്തിയിരുന്നു.

ഇപ്പോഴത് ഇറങ്ങുന്നുണ്ടോന്നറിയില്ല.

പരാജിതന്‍ said...

പ്രൊ. കല്ലട രാമചന്ദ്രന്‍ സാറിന്റെ 'കാഴ്ചപ്പാട്‌' (ത്രൈമാസികമായിരുന്നു?) ശ്രദ്ധേയമായ ഒരു പരിശ്രമമായിരുന്നു. മൂന്നോ നാലോ ലക്കങ്ങളെ ഇറക്കാന്‍ കഴിഞ്ഞുള്ളു എന്ന് തോന്നുന്നു.

നളാ, പാക്കനാര്‍ കേരളശബ്ദം ഗ്രൂപിന്റേത്‌ തന്നെ. നിന്നിട്ട്‌ അഞ്ചാറു കൊല്ലമായി.

മൈനാഗാ, കൊല്ലത്തെ പുസ്തകപ്രസാധകരെപ്പറ്റിയും എഴുതുമല്ലോ? ഇമ്പ്രിന്റ്‌, സങ്കീത്തനം.. അങ്ങനെ കുറെയുണ്ടല്ലോ.

ഓ.ടോ.: ദേവനെപ്പോലെയൊരാളിന്റെ മേല്‍ യാതൊരു കാരണവുമില്ലാതെ കുതിര കയറാന്‍ നോക്കുന്നന്നയാളോട്‌ ഈ കമന്റ്‌ പേജിലൂടെ എന്തു പറയാന്‍?

ammu said...

‘ദേവനെപ്പോലൊരാള്‍‘ കുതിരകേറാന്‍ പാടില്യ എന്നു അറിയിച്ചതുനന്നായി. കുതിരകയറാന്‍ പറ്റിയ കുറച്ചാളുകളെ പരിചയപ്പെടുത്തി തരിക. കൊല്ലം എന്ന ഈ ചരിത്ര ഗവേഷണത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പെട്ടെന്നു മനസ്സിലായ്യില്യ. കൊല്ലം മഹാരാജ്യത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് ജനിച്ചു പോയതുകൊണ്ടാവാം. അതുപോലെ നന്ദു എന്താ ഉദ്ദേശിച്ചതെന്നും മനസ്സിലായില്യ. ഞാന്‍ നിഷ്കളങ്ക ആയിപ്പോയത് എന്റെ കുറ്റമാണോ! കണ്ണൂസേ ഞാന്‍ എന്നെങ്കിലും അസഭ്യം പറയുന്നത് കേട്ടിട്ടുണ്ടോ?
ഇനിയെല്ലാം അസംഘടിതയില്‍ പറയുന്നുള്ളൂ, മഹത്തായ ലക്ഷ്യങ്ങളുള്ള ഈ ബ്ലോഗ് ഞാന്‍ കയറി അശുദ്ധമാക്കുന്നില്യ. മൈനാഗന്‍ ക്ഷമിക്കണം.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയപ്പെട്ട അസംഘടിത,
കൊല്ലം ബ്ലോഗില്‍ പരിമിതമായ അറിവ്‌ വെച്ചുകൊണ്ട്‌ ഒരു പരമ്പര എഴുതിപ്പോയതുകൊണ്ട്‌ ഇങ്ങനെ ഒരു വിശദീകരണം തരുകയാണ്‌.

മറ്റേതൊരു ജില്ലയെപ്പോലെയോ, നഗരത്തെപ്പോലെയോ മാത്രമാണ്‌ കൊല്ലം. ഒരോ പ്രദേശത്തുകാര്‍ക്കും അവരുടെ ദേശത്തെക്കുറിച്ചുള്ള/ജില്ലയെക്കുറിച്ചുള്ള അറിവ്‌ ലളിതമായ ഒരു പരീക്ഷണത്തിലൂടെ വിലയിരുത്തിയപ്പോള്‍ രസകരമായ ചില സത്യങ്ങള്‍ മനസ്സിലായി. കൊല്ലക്കാര്‍ക്കും തൃശ്ശൂരുകാര്‍ക്കും അവരുടെ നാടിന്റെ ചരിത്രം/സാംസ്കാരിക ഭൂമികകള്‍ എന്നിവയെക്കാളേറെ അറിയാവുന്നത്‌ മറ്റു ദേശങ്ങളെക്കുറിച്ചും വിദേശങ്ങളെക്കുറിച്ചുമാണ്‌. പിന്മൊഴിയിലൂടെ പരിചയപ്പെട്ട പലരും സ്വന്തം പ്രദേശത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്തകൂട്ടത്തില്‍, 'ഓരോ ജില്ലയുടെയും ചരിത്ര-സാംസ്കാരിക-സാഹിത്യ-വൈജ്ഞാനിക മേഖലയെക്കുറിച്ച്‌ എഴുതുന്നത്‌ എല്ലാവര്‍ക്കും അറിവ്‌ പകരുന്ന ഒരു ശ്രമമാണ്‌' എന്ന വിലയിരുത്തലില്‍ നിന്നാണ്‌ 'കൊല്ലം' ബ്ലോഗ്‌ പിറന്നത്‌. ഈ ബ്ലോഗില്‍ സത്യസന്ധമായ വിവരങ്ങളാണ്‌ ചരിത്രസ്വഭാവത്തില്‍ പറഞ്ഞിട്ടുള്ളത്‌. അനുബന്ധമായി പലവകകള്‍ മെല്ലെ ഇതിന്റെ പുറങ്ങളെ അലങ്കരിക്കും. ഒപ്പം ഇത്‌ ഞങ്ങളുടെ സ്വയംവിമര്‍ശനത്തിന്റെയും വിലയിരുത്തലിന്റെയും കൂടി വേദിയാണ്‌. ആര്‍ക്കും വായിക്കാം, അഭിപ്രായം പറയാം. ഓരോ ജില്ലക്കാരും അവരവരുടെ കഴിവിന്‍പടി ഇതേ ശ്രമം നടത്തുന്നത്‌ കേരളത്തിന്റെ ഭാവിയെ അപകടത്തിലാക്കാനൊന്നും പോകുന്നില്ല എന്നുമാത്രമല്ല എല്ലാം ചേര്‍ന്ന്‌ മറ്റൊരു വിജ്ഞാങ്കോശമായി അത്‌ മാറുകയും ചെയ്തേക്കും.

ഇത്തരമൊരു ശ്രമത്തിനുപിന്നില്‍, ഏതെങ്കിലും പ്രദേശത്തുകാരെ (പ്രത്യേകിച്ചും തൃശ്ശൂരുകാരെ) അധിക്ഷേപിക്കാനുള്ള ലക്ഷ്യവുമില്ല. പിന്നെ, ആര്‍ക്കും തോന്നാത്ത ഒരു തെക്കന്‍/കൊല്ലംവിരോധം താങ്കള്‍ക്കുമാത്രം തോന്നുന്നത്‌ അസ്വാഭാവികമായി ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ? ആയതിനാല്‍, പ്രാദേശികവാദാദി സില്ലിമില്ലി കാര്യങ്ങള്‍ മാറ്റിവെച്ച്‌ നമുക്ക്‌ ബ്ലോഗാം. അതല്ലേ നല്ലത്‌?

ഇവിടെ ബ്ലോഗിടത്തിലെ എത്രയെത്ര വിഷയങ്ങള്‍ നമുക്ക്‌ ചര്‍ച്ചചെയ്യാന്‍ കിടക്കുന്നു? കൊല്ലക്കാരുടെ ശ്രമം മാത്രം എന്തിന്റെയോ ദുസ്സൂചനയാണെന്ന മുന്‍വിധി എന്തിനാണാവോ? നമസ്കാരം.

ammu said...

ഒ.വി. വിജയനും സാഹിത്യവാരഫലത്തിനുമൊക്കെ മുന്‍പ്, ഉള്ളൂര്‍ വള്ളത്തോള്‍ എന്നിങ്ങനെ ചിലരുടെയൊക്കെ അക്ഷരങ്ങള്‍ അച്ചടിച്ചിരുന്ന “സേവിനി വിലാസം” എന്നൊരു വിലാസം കേട്ടിട്ടുണ്ടോ. കേട്ടുകേള്‍വിയാണേ. കൊല്ലംകാര്‍ക്ക് അറിയാണ്ടെ വരൊ. ചെറിയ സംരംഭങ്ങളെ , തുടക്കങ്ങളെ പ്രബരരല്ലെങ്കില്‍ ചരിത്രവും ഗവേഷകരും വിഴുങ്ങും.

Unknown said...

വിജ്ഞാനപ്രദം